UPDATES

നാറിയത് ‘സുകു’ മാത്രമല്ല,​ സുധീരനും

ടീം അഴിമുഖം

നാം ജീവിക്കുന്നത് 1957ൽ അല്ല,​ 2014ലാണ്. പക്ഷേ പല നേതാക്കളുടെ പെരുമാറ്റം കണ്ടാൽ അങ്ങനെ ചില സംശയങ്ങൾ ഉയർന്നുവരും. ഇന്നലെ  വളരെ സമാധാനത്തോടെയാണ് കേരളം ഉണർന്നത്. ഞായറാഴ്ച കേരളത്തെ കിടിലം കൊള്ളിക്കാനും രോമാഞ്ചത്തിൽ മുക്കിക്കൊല്ലാനുമായി സരിതയുടെ തിരുവായിൽ നിന്ന് ചിലത് വീഴും എന്ന് കരുതി കാത്തിരിക്കുന്ന മാദ്ധ്യമങ്ങളെയും ജനങ്ങളെയും അവർ അക്ഷരാർത്ഥത്തിൽ പറ്റിച്ചു. അതിന്റെ ഹാംഗ്ഓവറിലാണ് ഇന്നലെ കേരളം ഉണർന്നത്. എങ്കിലും ജനം കാത്തിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടമല്ലേ. എന്തെങ്കിലുമൊക്കെ ഉണ്ടാകും. അവരുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞില്ല. ആദർശ പുരുഷനായ സാക്ഷാൽ വി.എം. സുധീരൻ തന്നെ അതിനുള്ള പോംവഴി കണ്ടെത്തി. ചെറിയൊരു വിവാദം. അല്ലെങ്കിൽ സൗന്ദര്യ പിണക്കം. അത് കേരളത്തെ മുൽമുനയിൽ നിറുത്തിയെന്ന് മാദ്ധ്യമങ്ങളും അതിന്മേൽ ചർച്ചകളും രാവിലെ മുതൽ സജീവമായി. ചാനലുകളിൽ മുഖം കാണിച്ച് സദാ ജീവിക്കുന്ന നേതാക്കൾക്ക് കുശാലായി. പ്രതികരണങ്ങളോട് പ്രതികരണങ്ങൾ. സുധീരന് വേണ്ടി കവചവുമായി നിരവധി പേർ രംഗത്ത്. മറ്റ് ചിലർ സമുദായ നേതാവിന് വേണ്ടി രംഗത്ത്. സമുദായ നേതാവ് തന്നെ അദ്ദേഹത്തിന് വേണ്ടി രംഗത്തു വരേണ്ട കാഴ്ചയും കാണാമായിരുന്നു. എങ്കിലും ചില സംശയങ്ങൾ ഉയരുന്നു. സ്വാഭാവികമായ സംശയങ്ങൾ. അതേക്കുറിച്ച് ചർച്ച ചെയ്യാം.

സുധീരൻ ദൈവവിശ്വാസിയാണെന്നാണ് തോന്നുന്നത്. കാരണം,​ പ്രാർത്ഥിക്കുന്നു എന്ന വാക്ക് മാത്രം സുധീരൻ പലകുറി ഇന്നലെ ഉരിയാടുന്നത് കേൾക്കേണ്ടിവന്നു. എങ്കിൽ ഇങ്ങനെയൊരു ദൈവവിശ്വാസി എന്തിനായിരിക്കാം കോട്ടയത്തേക്കുള്ള യാത്രാമദ്ധ്യേ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ചെന്നിറങ്ങിയത്. രണ്ടു തലമുറകൾക്ക് മുൻപ് ജീവിച്ച് മരിച്ചുപോയ മന്നത്ത് പദ്മനാഭൻ എന്ന എൻ.എൻ.എസിന്റെ മുൻ നേതാവിന്റെ ശവകുടീരത്തിൽ പ്രാർത്ഥന നടത്താനോ?​.. സംശയിക്കേണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലമല്ലേ. എവിടെ തൊഴുത് പ്രാർത്ഥിച്ചാലാണ് മോക്ഷം കിട്ടുകയെന്ന പറയാനാകില്ല. അതുകൊണ്ടായിക്കാം.
 


സാക്ഷര കേരളത്തിലെ നേതാക്കൾ പലരും ഉറക്കെ പറയുന്ന ഒരു കാര്യമുണ്ട്. അങ്ങ് ഉത്തരേന്ത്യയിലെ പോലെ അല്ല ഇവിടെ കാര്യങ്ങൾ. അവിടെ ജാതിസമവാക്യങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുക,​ എന്നാൽ ഇവിടെ സാക്ഷര ജനങ്ങൾ പാർട്ടി നോക്കിയും നേതാവിന്റെ വ്യക്തിത്വം നോക്കിയുമൊക്കെയാണ് വോട്ട് കുത്തുന്നതെന്നാണ്. എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ ഇത്രയേറെ സമുദായങ്ങളെ പ്രീതിപ്പെടുത്താൻ അവരുടെ കാല് നക്കുന്ന നാട് നമ്മുടെത് തന്നെയാണ്. നമ്മുടെ നേതാക്കൾ തന്നെയാണ് അക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. അപ്പോൾ പിന്നെയും സംശയങ്ങൾ ഉയരുന്നു. സുധീരൻ രാഷ്ട്രീയ ചർച്ചയ്‌ക്കല്ല,​ മറിച്ച് മുൻ സമുദായ നേതാവിന്റെ കുടീരത്തിൽ പ്രാർത്ഥിക്കാനാണ് പോയതെന്നാണ് പറയുന്നത്. അപ്പോൾ,​ ഈ പിന്നാക്ക കാരനായ നേതാവിന് മുന്നാക്കക്കാരനായ ഒരാളുടെ ശവകുടീരത്തിൽ പോയി തൊട്ടു നമസ്‌കരിച്ചില്ലെങ്കിൽ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് തോന്നിക്കാണുമോ. അതോ അദ്ദേഹം വഹിക്കുന്ന പദവിയുടെ കീഴ്‌വഴക്കമാണോ അത്. കെ.പി.സി.സി പ്രസിഡന്റ് ആയി കഴിഞ്ഞാൽ പെരുന്നയിലും അങ്ങ് കണിച്ചുകളങ്ങരയിലും പോയി തൊട്ടു നമസ്‌ക്കരിക്കണമെന്ന നിയമം വല്ലതുമുണ്ടോ. അതും ജനം അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ്.
 


ഇതൊക്കെയാണെങ്കിലും ഇന്നലെ നടന്നത് വളരെ രസാവഹമായ ഒന്നാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരൻ പെരുന്നയിൽ ചെല്ലുന്നു. അതിന്റെ മേൽനോട്ടക്കാരന് ഇദ്ദേഹം ചെല്ലുന്നത് അറിവുണ്ടായിരുന്നു. എന്നാൽ നേതാവും പരിവാരങ്ങളും അവിടെ കയറി ചെന്നപ്പോഴേക്കും അദ്ദേഹം തൊട്ടുടത്തുള്ള തന്റെ ഓഫീസിലേക്ക് കയറി പോന്നു. ചെന്ന ആൾ അങ്ങോട്ട് ചെന്ന് തന്റെ മുറിയുടെ മുൻപിൽ അൽപ്പ നേരം കാത്തുനിൽക്കട്ടെ എന്ന് മനസിൽ കരുതി. അത് മരാദ്യയുടെ ഭാഗമാണോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്.  ഈ സമുദായ നേതാവിന്റെ മുൻഗാമി ഒരിക്കൽ ഒരു മുൻ കെ.പി.സി.സി പ്രസിഡന്‍റിനെ മണിക്കൂറുകളോളം ശിക്ഷയെന്ന നിലയ്ക്ക് തന്റെ മുറിയുടെ മുൻപിൽ നിറുത്തിയിട്ടുണ്ട്. ഒരു പ്രധാനമന്ത്രി സന്ദർശനത്തിന് മുന്നോടിയായി മന്നം ശവകൂടിരത്തിൽ പൊലീസ് നായയെ പരിശോധനയ്‌ക്ക് കൊണ്ടുവന്നതിനായിരുന്നു മുൻ ജനറൽ സെക്രട്ടറിയുടെ വക നേതാവിനുള്ള ശിക്ഷ. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഇന്ന് തിരുവനന്തപുരത്ത് ഒരു പ്രമുഖ ഇംഗ്ളീഷ് പത്രത്തിലെ പത്രപ്രവർത്തകനെ സമുദായ നേതാവ് കുറച്ച് നേരം കൂടി തന്റെ മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. തന്റെ പണി കഴിഞ്ഞതുകൊണ്ട് തിരിച്ചുപോകാമെന്ന് കരുതിയെങ്കിലും നേതാവ് സമ്മതിച്ചില്ല. കാരണം ആരാഞ്ഞപ്പോൾ,​ പുറത്ത് നിൽക്കുന്നവൻ കുറച്ച് നേരം കൂടി നിൽക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊക്കെ നേരിട്ട് കണ്ടിട്ടുള്ള ഇന്നത്തെ സമുദായ നേതാവ് വീണ്ടും അത്തരത്തിലൊരു ക്ളൈമാക്സ് ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ അത് സംഭവിച്ചില്ല. എന്ത് ചെയ്യാൻ. വന്നത് സുധീരൻ ആയിപ്പോയില്ലേ.

എന്നാൽ,​ സുധീരനും പറ്റി ഇന്നലെ വലിയൊരു അമളി. സ്വീകരണം പ്രതീക്ഷിച്ച് എത്തിയ തനിക്ക് പറ്റിയ അമളി മനസിലായത് അവിടെയെത്തിയപ്പോഴാണ്. ഒട്ടും വൈകിയില്ല. നേരെ ശവകുടീരത്തിലേക്ക് നീങ്ങി. അവിടെ പതിനഞ്ച് മിനിറ്റോളം ഇരുന്ന് പ്രാർത്ഥിച്ചു. എന്തായിരിക്കാം പ്രാർത്ഥിച്ചതെന്ന് ഓരോർത്തർക്കും സ്വന്തം ഇഷ്ടം പോലെ പൂരിപ്പിക്കാവുന്നതാണ്. ഒടുവിൽ നേരെ കാറിലേക്ക് കയറി അങ്ങ് കോട്ടയത്തേക്ക് വിട്ടു.
 

സംഭവം,​ അത്ര വലിയ കാര്യമാവില്ലായിരുന്നു. എന്നാൽ മണ്ടൻ സമുദായ നേതാവുണ്ടോ അത് മനസിലാക്കുന്നു. അദ്ദേഹം പത്രക്കാരെ വിളിച്ച് തന്നെ അപമാനിച്ചുവെന്ന് കാച്ചി. തന്നെ മാത്രം അല്ല,​ 44 വർഷം മുൻപ് മരണപ്പെട്ട തന്റെ സമുദായ നേതാവിനെയും അപമാനിച്ചുവെന്ന് തട്ടിവിട്ടു. എന്തായിരിക്കും ഈ അപമാനം. അതും നമുക്ക് ഇഷ്ടം പൂരിപ്പിക്കാം. കാര്യം അദ്ദേഹത്തിന് മാത്രമല്ലേ അറിയുകയുള്ളു.


രണ്ടു പേരും പരസ്‌പരം പണി കൊടുത്തുവെന്നതാണ് കൂട്ടിവായിക്കുമ്പോൾ മനസിലാകുന്നത്. പക്ഷേ അവിടെയും തീർന്നില്ല,​ പുകില്. സുധീരൻ തന്റെ മനസിലെ നിഷ്കളങ്കത തുറന്നുകാണിച്ചു. താൻ പ്രാർത്ഥനയ്‌ക്കാണ് പോയതെന്നും അല്ലാതെ രാഷ്ട്രീയം ചർച്ച ചെയ്യാനല്ലെന്നുമൊക്കെ വീമ്പിളക്കിക്കി. അവിടെയും ശക്തമായ ഭാഷ ഉപയോഗിക്കാൻ താരതമ്യേന യുവനേതാവും സമുദായ നേതാവിന്റെ സമുദായത്തിൽ മുന്നാക്കകാരനാണ് കുറച്ചുകൂടി ധൈര്യം കാണിച്ചതെന്ന് എടുത്തുപറയേണ്ടിവരും. സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന രാഷ്ട്രീയ നേതാക്കളാണ് ഉള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല,​ ഇങ്ങനെ അവരുടെ ശാസനകൾ കേൾക്കാനാണെങ്കിൽ പാർട്ടി പിരിച്ചുവിടുന്നതായിരിക്കും നല്ലതെന്നും യുവനേതാവായ സതീശൻ പറഞ്ഞു. അതിന് കുറിച്ചുകൂടി അന്തസുണ്ടായിരുന്നുവെന്നാണ് കരുതാം. കാരണം അതിൽ അവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയുണ്ടായിരുന്നു.
 


മറ്റൊരു കാര്യം കൂടി. പലരും ഇന്ന് ദൈവതുല്യനാണ് ആചാര്യനാണ് എന്നൊക്കെ ഘോരഘോരം പറയുന്ന മന്നത്ത് പദ്മനാഭനെക്കുറിച്ച് ഇവരൊക്കെ തന്നെ പണ്ട് പറഞ്ഞതും ചരിത്രത്തിൽ അതേപടി രേഖപ്പെടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാൻ തന്റെ ആവനാഴിയിലെ എല്ലാ കളികളും ആടിതകർത്ത മന്നത്തിന് 66ൽ പത്മഭൂഷൻ നൽകി രാജ്യം അഥവാ കോൺഗ്രസ് സ്നേഹം ചൊരിഞ്ഞു. അതുകൊണ്ട് അദ്ദേഹം കൂടി വാത്സല്യം ചൊരിഞ്ഞ കേരളാ കോൺഗ്രസിനെ അദ്ദേഹം തള്ളി. അതോടെ വീണ്ടും കമ്മ്യൂണിസ്റ്റ് സർക്കാരിന് വഴിയൊരുങ്ങി. തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും ഭരണക്കാലത്ത് മന്നം രാഷ്ട്രീയ നേതാക്കളെ അവരോധിക്കാനും മറ്റുമായി എന്നും സജീവമായി രംഗത്തുണ്ടായിരുന്നു. ചുരുക്കിപറഞ്ഞാൽ മറ്റ് ഏതൊരു സാധാരണ സമുദായ നേതാവിനെ പോലെയാണ് അദ്ദേഹവും പ്രവർത്തിച്ചത്. മറ്റൊന്നും അതിൽ കാണാനാവില്ല. ഇനി മഹത്വവത്കരിക്കാനാണെങ്കിൽ അങ്ങനെയുമാകാം.

ഇനിയെങ്കിലും ഒരു കാര്യം നേതാക്കൾ മനസിലാക്കിയാൽ നല്ലത്. കേരളം ഇന്നലെ നടന്ന സംഭവം വണ്‍ സൈഡഡ് ആയിട്ടല്ല വായിച്ചതും വിലയിരുത്തിയതും. സുകുമാരൻ നായർക്കൊപ്പം താഴ്ന്നത് സുധീരന്റെ കൂടി തലയാണ്. നായരും ഈഴവനും മുസ്ലിമും ക്രിസ്ത്യനും പറയനും പുലയനും കുറവനും നാടാരും ആശാരിയും കൊല്ലനും തട്ടാനും അങ്ങനെ എല്ലാ വിഭാഗത്തിലെയും ആളുകൾ ഭാഗമായുള്ള പാർട്ടിയുടെ സംസ്ഥാന നേതാവ് ഇങ്ങനെ സമുദായ നേതാക്കന്മാരുടെ വീടുകളിലെ തിണ്ണ കയറി ഇറങ്ങി നിരങ്ങേണ്ടവരല്ലെന്ന് ഓർത്താൽ നല്ലത്. അതിന് ചങ്കൂറ്റം വേണം. ആളുകൾ വോട്ട് ചെയ്യാനെത്തുന്നത് വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും മെത്രാന്മാരുടെയും ടി.വി. ബാബുവിന്റെയും ഒന്നും വാക്ക് കേട്ടിട്ടല്ല. പെരുന്നയിലും കണിച്ചുകുളങ്ങരയിലും ബിഷപ്പ് ഹൗസുകളിലുമല്ല ഓരോ സമ്മതിദായകന്റെയും വോട്ടുകൾ ഇരിക്കുന്നത്. അത് അവനവന്റെ വിരൽ തുമ്പിൽ തന്നെയാണ്. അത് തിരിച്ചറിയാൻ ഇനിയും വൈകരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍