UPDATES

സദാചാര കേരള പോലീസ്

സാജു കൊമ്പന്‍

തൃശ്ശൂര്‍ വിബ്ജ്യോര്‍ ചലച്ചിത്രമേളയില്‍ ബിലാല്‍ എ ജാന്‍ സംവിധാനം ചെയ്ത ഓഷ്യന്‍ ഓഫ് ടിയേഴ്സ് എന്ന കാശ്മീരി ഡോക്കുമെന്‍ററിയുടെ പ്രദര്‍ശനം അലങ്കോലമാക്കാന്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തിന് പിന്നാലെ ചലച്ചിത്രവിദ്യാര്‍ത്ഥികളായ അഞ്ചു യുവാക്കള്‍ക്കും സിനിമാറ്റോഗ്രാഫറായ പെണ്‍കുട്ടിക്കും നേരെ പോലീസ് അതിക്രമം.ശനിയാഴ്ച രാത്രി തൃശൂര്‍ യാത്രിനിവാസിനു മുന്‍പില്‍ സംഗീതനാടക അക്കാദമിയില്‍ നടന്ന സംഗീതസന്ധ്യയില്‍ പങ്കെടുത്തതിനുശേഷം ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന സംഘത്തെയാണ് പോലീസ് മര്‍ദിക്കുകയും ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോവുകയും ചെയ്തത്.

സംഘം ആവിശ്യപ്പെട്ടതിനനുസരിച്ച് നിയമസഹായത്തിനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയായ അഡ്വ. ആശയെയും കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മകളേയും പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും മകളുടെ ചെകിട്ടത്തടിക്കുകയും ചെയ്തു.ഇവരെ നിയമപ്രകാരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന അഡ്വ.ആശയോടൊപ്പം പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിനിമാറ്റോഗ്രാഫറായ നീതുവിനെ അറസ്റ്റു ചെയ്തു വിട്ടയക്കുന്നു എന്ന റസീതില്‍ ഒപ്പുവെപ്പിച്ചതിനുശേഷം പറഞ്ഞുവിടുകയായിരുന്നു.
 


യുവാക്കള്‍ക്കും യുവതികള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസിന്‍റെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി നടപടികള്‍ എടുക്കുന്നത് തൃശൂര്‍ നഗരത്തില്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ആണ്‍-പെണ്‍ സുഹൃത്തുക്കളെ സദാചാരത്തിന്റെ പേരുപറഞ്ഞ് പൊതുയിടങ്ങളില്‍നിന്ന്  കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിക്കുകയാണ് സ്ഥിരം രീതി.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ പിണിയാളായി പ്രവര്‍ത്തിച്ച്, കാഷ്മീര്‍ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം വിബ്ജിയോര്‍ മേളയില്‍ തടയാന്‍ പോലീസ് ശ്രമിച്ചിരുന്നു. ചലച്ചിത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മുന്‍പാകെ പരാതിപ്പെടുകയും സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കാര്യം വിശദീകരിക്കുകയും ചെയതതിനുശേഷമാണ് പ്രദര്‍ശനം തടയുന്നതില്‍നിന്ന് പിന്‍വാങ്ങിയത്.
 


നിയമപ്രകാരം ചലച്ചിത്രമേളയ്ക്ക് പോലീസ് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുകയും ബി.ജെ.പി.-ആര്‍.എസ്.എസ്. വര്‍ഗ്ഗീയശക്തികള്‍ക്ക് ചലച്ചിത്രമേളയില്‍ അക്രമണം അഴിച്ചുവിടാന്‍ അവസരമൊരുക്കുകയും ചെയ്യുകയാണുണ്ടായത്. അക്രമണം നടത്തിയ മുഴുവന്‍ പ്രതികളെയും കേസ് ചാര്‍ജ് ചെയ്യുകയോ കസ്റ്റഡിയില്‍ വെക്കുകയോ ചെയ്യാതെ വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. ഇതുവരെ ഈ അക്രമികള്‍ക്കെതിരെ യാതൊരുതരത്തിലുള്ള നിയമനടപടികളും  കൈകൊണ്ടിട്ടില്ല.

ഈവ് എന്‍സലര്‍ എന്ന് സ്ത്രീവാദ പ്രവര്‍ത്തകയുടെ ലോകപ്രശസ്തമായ 'വജൈന മൊണോലോഗ്' എന്ന നാടകം അവതരിപ്പിച്ച സ്ത്രീനാടകപ്രവര്‍ത്തകരെ അശ്ലീലത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യാനും പോലീസ് ശ്രമിക്കുകയുണ്ടായിട്ടുണ്ട്. കഞ്ചാവുവേട്ടയുടെ മറവില്‍ ലോക പ്രശസ്ത സംഗീതജ്ഞനായ ബോബ്മാര്‍ലിയുടെ ചിത്രമുള്ള ഷര്‍ട്ടുകളും, ലോക്കറ്റുകള്‍ പോലും പിടിച്ചെടുത്ത് കേസ് ചാര്‍ജ് ചെയ്യുന്നതും പോലീസ് പതിവാക്കിയിരിക്കുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍