UPDATES

ഇന്ത്യ

രക്തരൂക്ഷിതമായി തുടരുമോ തെലങ്കാനയുടെ മണ്ണ്?

ടീം അഴിമുഖം

ഹൈദരാബാദില്‍നിന്നുള്ള ലോക്സഭാ അംഗവും ഓള്‍ ഇന്‍ഡ്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമിന്‍റെ (എഐഎംഐഎം) അധ്യക്ഷനുമാണ് അസാദുദ്ദീന്‍ ഒവൈസി. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഹൈദരബാദിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഒവൈസിക്കും കുടുംബത്തിനുമുള്ളത്. ആറ് തവണ ലോക്സഭാ അംഗമായിട്ടുള്ള പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയുടെ കാലത്ത് തുടങ്ങിയതാണ് ഈ രാഷ്ട്രീയ സ്വാധീനം. സംസ്ഥാന അസംബ്ലിയില്‍ അര ഡസനിലധികം എം എല്‍ എമാര്‍ ഈ കുടുംബ പാര്‍ട്ടിക്കുണ്ട്.

അസാദുദ്ദീന്‍റെ ഇളയ സഹോദരന്‍ അക്ബറുദ്ദീന്‍ ആന്ധ്ര നിയമ സഭയില്‍ അംഗമാണ്. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനാണ് അക്ബറുദ്ദീന്‍. യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രീയമാണ് ഒവൈസി കുടുംബത്തിന്‍റെ തുറുപ്പ് ചീട്ട്. എന്നിരുന്നാലും ലോക്സഭയിലെ ചുറുചുറുക്കുള്ള അംഗങ്ങളില്‍ ഒരാളായ അസാദുദ്ദീന്‍ തന്റെ പാര്‍ടിയെ പ്രായോഗിക വഴിയിലൂടെ കൊണ്ടുപോകുന്നതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ രാഷ്ട്രീയ നേതാവായിരുന്നു.

കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇതെല്ലാം ചരിത്രമായി മാറും. തെലങ്കാന രാഷ്ട്രീയത്തിന്റെ പ്രധാന ഭാഗമായതുകൊണ്ടു തന്നെ ഒവൈസിസ് തന്‍റെ വര്‍ഗീയ രാഷ്ട്രീയം മൂര്‍ച്ച കൂട്ടുമെന്ന് പ്രതീക്ഷിക്കാം. പുതിയ സംസ്ഥാനമെന്ന ചരിത്ര യാഥാര്‍ഥ്യവും വളര്‍ന്ന് കൊണ്ടിരിക്കുന്ന വലതുപക്ഷ ഹൈന്ദവ രാഷ്ട്രീയവും അതിന് ആക്കം കൂട്ടുക്കയും ചെയ്യും.

വടക്ക് കിഴക്കന്‍ മേഖലയില്‍ മഹാരാഷ്ട്രയും പടിഞ്ഞാറു കര്‍ണ്ണാടകയും അതിരായ തെലങ്കാന മേഖല എല്ലാ കാലത്തും കടുത്ത സാമുദായിക വേര്‍തിരിവുകള്‍ക്ക് കുപ്രസിദ്ധമായ പ്രദേശമായിരുന്നു. ആര്‍ എസ് എസും മുസ്ലീം വര്‍ഗീയ രാഷ്ട്രീയവും തങ്ങള്‍ക്ക് വളരാന്‍ പറ്റിയ ഏറ്റവും പറ്റിയ വളക്കൂറുള്ള മണ്ണായി തെലങ്കാനയെ കാണാനുമുള്ള കാരണവും ഇത് തന്നെയാണ്.

ഐക്യ ആന്ധ്ര രൂപീകരിക്കപ്പെട്ടതോടെ ബിസിനസ് തത്പരരായ സീമാന്ധ്രയിലെയും റായലസീമയിലെയും ആയിരക്കണക്കിന് ആന്ധ്രാക്കാര്‍ ഹൈദരബാദിലേക്ക് വരികയും അതോടെ നഗരത്തിലെ സമുദായിക വേര്‍തിരിവ് മയപ്പെടുകയും ചെയ്തു. തെലങ്കാനയിലെ രാഷ്ട്രീയ നേതാക്കള്‍ രക്തം കൊണ്ടുള്ള കളി അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മയപ്പെട്ട സാമുദായിക അന്തരീക്ഷം അപ്രത്യക്ഷമാവും എന്ന കാര്യത്തില്‍ സംശയമില്ല.

 

114,840 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 3.5 കോടി ജനസംഖ്യയുമാണ് തെലങ്കാനയ്ക്കുള്ളത്. 10 ജില്ലകള്‍ അടങ്ങിയതാണ് ഈ പ്രദേശം.  ഹൈദരബാദ്, ആദിലാബാദ്, ഖമ്മം, കരീംനഗര്‍, മഹുബൂബ്നഗര്‍, മേധക്, നാല്‍ഗോണ്ട, നിസാമബാദ്, രംഗറെഡ്ഡി, വാറങ്കല്‍ എന്നിവയാണവ. ഹൈദരബാദ്, വാറങ്കല്‍, നിസാമബാദ്, കരീംനഗര്‍, എന്നിവയാണ് തെലങ്കാനയിലെ ഏറ്റവും വലിയ നഗരങ്ങള്‍. 84% ഹിന്ദുക്കളും 12.4% മുസ്ലിംങ്ങളും വളരെ ചെറിയ ശതമാനം ക്രിസ്ത്യന്‍, സിഖ് മത വിഭാഗങ്ങളും അടങ്ങിയതാണ് ഇവിടത്തെ ജനസംഖ്യ.

നൈസാം ഭരിച്ചിരുന്ന പഴയ  ഹൈദരബാദ് സംസ്ഥാനത്തിന്‍റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ തെലങ്കാന.  നൈസാമിന്‍റെ ഭരണ കാലം മുതല്‍  നൂറ്റാണ്ടുകളായി ന്യൂനപക്ഷമായ മുസ്ലീം ഉന്നത വിഭാഗമാണ് അധികാരം നിയന്ത്രിച്ചിരുന്നത്. ഈ വിവേചനത്തിനെതിരായി ഭൂരിപക്ഷക്കാരായ ഹിന്ദുക്കള്‍ എന്നും രോഷം കൊണ്ടിരുന്നു. ന്യൂനപക്ഷ വിഭാഗമായ മുസ്ലീം വിഭാഗക്കാരും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും തമ്മിലുള്ള ഈ വിദ്വേഷമെന്ന യാഥാര്‍ഥ്യമായിരിക്കും പുതിയ സംസ്ഥാനത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന്.

ഹൈദെരാബാദിന്റെയും തെലങ്കാനയുടെയും ചരിത്രത്തിലുടനീളം സാമുദായിക വേര്‍തിരിവ് എന്നും ദൃശ്യമായിരുന്നു. നൈസാം ഭരണത്തിന്‍ കീഴില്‍ ഹിന്ദുക്കള്‍ അനുഭവിച്ച വേര്‍തിരിവിനെതിരെ 1923ല്‍ ആര്യ സമാജം പാര്‍ടി രൂപീകരിക്കപ്പെട്ടതോടെ സമുദായിക സംഘര്‍ഷം ഒരു സ്വാഭാവിക തുടര്‍ച്ചയായി മാറി.

1938ല്‍ പഴയ ഹൈദരാബാദ് നഗരം ആദ്യത്തെ ഏറ്റവും വലിയ വര്‍ഗീയ ലഹളയ്ക്ക് സാക്ഷ്യം വഹിച്ചു. അതിനെത്തുടര്‍ന്നു 1939, 1947, 1948 എന്നീ വര്‍ഷങ്ങളില്‍ ഇവിടെ സാമുദായിക ലഹളകള്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 1947-48 കാലത്ത് നൈസാമിന്‍റെ പിന്തുണയോടെ റസാക്കര്‍ എന്ന സ്വകാര്യ സേന ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തുകയുണ്ടായി. പിന്നീട് ഇന്ത്യന്‍ സൈന്യം ഹൈദെരബാദ് ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള സൈനിക നീക്കം നടത്തുന്ന കാലത്തും ഇത് തന്നെ സംഭവിച്ചു. കൃത്യമായി എണ്ണമില്ലെങ്കിലും പതിനായിരക്കണക്കിന്, ചിലപ്പോള്‍ ഒരു ലക്ഷം വരെ നീളും ആ കാലം കൊല്ലപ്പെട്ടവരുടെ സംഖ്യ. 1969ല്‍ തെലങ്കാന പ്രക്ഷോഭം ഹിന്ദു മുസ്ലീം കലാപമായി മാറി.

ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലും അത് പോലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുമുള്ള സംഘര്‍ഷം തെലങ്കാന മേഖലയില്‍ ചൂടുപിടിക്കുമെന്നാണ് അടുതകാലത്തുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞത് നാലു പാസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്ക്.

ചരിത്രപരമായ കാരണങ്ങളാല്‍ ഇപ്പൊഴും ഉര്‍ദു തന്നെയാണ് ഈ പ്രദേശത്തെ പ്രധാന ഭാഷ. 1948നു മുന്പ് ഹൈദെരാബാദ് സംസ്ഥനത്തിന്റെ ഔദ്യോഗിക ഭാഷയും ഉന്നത വിഭാഗക്കാരുടെ വിദ്യാഭ്യാസ ഭാഷയും ഉര്‍ദു ആയിരുന്നു. ഹൈദെരാബാദ് ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതോടെ മുസ്ലിംങ്ങലല്ലാത്തവര്‍ തെലുഗു മാധ്യമായ വിദ്യാഭ്യാസ രീതിയിലേക്ക് മാറി.  അതേ സമയം ഒരു നല്ല വിഭാഗം മുസ്ലിംങ്ങളും ഉര്‍ദു തന്നെ തങ്ങളുടെ മുഖ്യ ഭാഷയായി തുടര്‍ന്നു.

ബി ജെ പി യോ അതുപോലുള്ള വലതുപക്ഷ പാര്‍ട്ടികളോ സംസ്ഥാനത്ത് വലിയ ശക്തിയായി തീരുമെന്നാണ് പുതിയ സൂചനകള്‍ കാണിക്കുന്നത്. കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി, ഒവൈസിസിന്‍റെ എഐഎംഐഎം എന്നിവര്‍ മുഖ്യ ശക്തികളുമായിരിക്കും. എന്നാല്‍ ഈ മൂന്നു പേര്‍ മാത്രമായിരിക്കില്ല പ്രധാന കക്ഷികള്‍. ന്യൂനപക്ഷ വിഭാഗം ആശങ്കാകുലരാണെന്ന സൂചനകളാണ് ഈ അടുത്തു നടന്ന്‍ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു വിഭാഗം ക്രിസ്ത്യന്‍ സമുദായക്കാര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെകുലര്‍ പാര്‍ടി എന്നൊരു സംഘടന രൂപീകരിക്കുകയുണ്ടായി. സ്വത്വ രാഷ്ട്രീയം തെലങ്കാനയില്‍ ശക്തിപ്പെടുകയാണ്. ഇത് രക്തരൂക്ഷിതമാകുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയരുന്ന പ്രധാന ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍