UPDATES

കേരളം

ചലച്ചിത്രോത്സവം നമ്മളെ എത്ര റാഡിക്കലാക്കും?

ഒഡേസ സത്യന്‍

പതിനെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള പതിവു പോലെ വിവാദങ്ങളുയര്‍ത്തിക്കൊണ്ടു തന്നെ സമാപിച്ചു. മേളയുടെ സമാപനത്തിന് മുന്‍പ് തന്നെ നടത്തിപ്പിലെ അഴിമതിയും സംഘാടനത്തിലെ കെടുകാര്യസ്ഥതയും ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. 18 വര്‍ഷം പൂര്‍ത്തിയായ ചലച്ചിത്രമേള മലയാളിക്ക് നല്‍കിയ അനുഭവപരിസരമെന്തായിരുന്നു എന്ന ചോദ്യമാണ് ഇപ്പോഴും പ്രസക്തമായിരിക്കുന്നത്.

ഫിലിം സൊസൈറ്റി പ്രസ്ഥാനം വളര്‍ത്തിയെടുത്ത നല്ല ചിത്രങ്ങള്‍ കാണാനുള്ള ആസ്വാദനതലത്തിന്റെ പരിസരത്തില്‍ നിന്നാണ് ചലച്ചിത്ര അക്കാദമി രൂപം കൊണ്ടത്. തുടക്കത്തിലുണ്ടായ സംഘാടക മികവും സിനിമകളുടെ തെരഞ്ഞെടുക്കലിലുണ്ടായ സുതാര്യതയും പിന്നീട് അപ്രത്യക്ഷമാവുകയും മേളയെ ആഘോഷമാക്കി മാറ്റുന്ന പ്രക്രിയയിലേക്ക് അത് പരിവര്‍ത്തനപ്പെടുകയും ചെയ്തു. പ്രേക്ഷകര്‍ കാശ് കൊടുത്ത് സിനിമ കാണണമെന്ന കര്‍ശന നിയമം കൊണ്ടുവന്ന് സര്‍ക്കാര്‍ സൗജന്യമായി തുടരേണ്ട കര്‍മപദ്ധതി ഇതോടുകൂടി കച്ചവടവത്ക്കരണത്തിന് അടിത്തറ പാകി. 100 രൂപയില്‍ നിന്നും 400 രൂപയിലേക്ക് ഫീസ് കുത്തനെ ഉയര്‍ത്തി. താമസിക്കാനുള്ള സ്ഥലവും നിത്യചെലവും ഉള്‍പ്പെടെ വലിയൊരു സാമ്പത്തിക ബാധ്യതയിലാണ് പ്രേക്ഷകര്‍ തിരുവനന്തപുരത്ത് സിനിമ കാണാനെത്തുന്നത്. സര്‍ക്കാരിന്റെ സൗജന്യമൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.
 

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് താത്പര്യമുള്ളവരെ ചലച്ചിത്ര അക്കാദമി ഭരണ ഉത്തരവാദിത്തമേല്‍പ്പിച്ച് കക്ഷിരാഷ്ട്രീയ പാര്‍ടികളുടെ നിയന്ത്രണത്തില്‍ ചലച്ചിത്ര അക്കാദമിയുടെ സുതാര്യതയ്ക്ക് മങ്ങലേല്‍ക്കുന്ന ചരിത്രമാണ് നാം പിന്നീട് കാണുന്നത്. മേളയിലെത്തുന്ന പ്രേക്ഷകര്‍ സംഘാകരുമായി ഓപണ്‍ ഫോറത്തില്‍ തുറന്ന ചര്‍ച്ചകളും വാക്‌പോരുകളുമുണ്ടായിരുന്നു നേരത്തെ. ക്രമേണ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇതില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. പിന്നീട് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഓപണ്‍ ഫോറം പൂര്‍ണമായി അവസാനിപ്പിച്ചു. മേളയുടെ നിയന്ത്രണം തന്നെ കമ്പോള സിനിമാ മേഖലയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിയന്ത്രിച്ചു തുടങ്ങി. നല്ല ചിത്രങ്ങള്‍, ചീത്ത ചിത്രങ്ങള്‍ എന്ന വകതിരിവില്ലാതെ എല്ലാ മസാല ചിത്രങ്ങള്‍ക്കും വേദിയൊരുക്കുന്ന ചലച്ചിത്ര ആഘോഷമാക്കി മേളയെ മാറ്റിയെടുത്തു. കൂട്ടത്തില്‍ കുറച്ച് നല്ല ചിത്രങ്ങളും ചേര്‍ത്തുവയ്ക്കും.

ആഗോളവത്ക്കരണം സൃഷ്ടിച്ച മാറ്റങ്ങള്‍ നമ്മുടെ സര്‍ക്കാരുകളെ കൊണ്ടെത്തിച്ചത് സാംസ്‌കാരിക രംഗത്തെ പുതിയ നയം നടപ്പിലാക്കുന്നതിലേക്കാണ്. സാംസ്‌കാരിക വ്യവസായമെന്ന തലത്തിലേക്ക് മേളയുടെ ഉള്ളടക്കം പരിവര്‍ത്തനം ചെയ്തു. ഇതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്ന വിഷയം. ചലച്ചിത്ര പ്രേക്ഷകനെ പോലും പ്രൊഫഷണല്‍ ആസ്വാദകരാക്കി മാറ്റിയെടുത്ത് ആഗോളവത്ക്കരണത്തിന്റെ സാംസ്‌കാരിക ഉപഭോക്താക്കളാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് വേഗം കൂട്ടി.
 

ചലച്ചിത്ര മേളയിലെത്തുന്ന പ്രേക്ഷകരിലധികവും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വരുമ്പോഴുണ്ടായിരുന്ന ബോധമെന്തായിരുന്നോ അതേ യാഥാസ്ഥിതിക മനോഭാവമായി തന്നെയൊണ് തിരിച്ചു വരുന്നത്. നല്ല ചിത്രങ്ങള്‍ കണ്ട് സ്വയം മാറാന്‍ മടിക്കുന്ന ആസ്വാദക കൂട്ടമാണ് മേളയിലെ ജനക്കൂട്ടം. ഇവരുടെ പൊതുബോധം കപടമായ ഇടതുപക്ഷ ബോധമാണ്. ഗോദാര്‍ദിന്റെയും ബുനുവലിന്റേയും പസോളിനിയുടേയും ചിത്രങ്ങള്‍ കണ്ട് നാട്ടിലെത്തിയാല്‍ വര്‍ഗീയവാദിയും അഴിമതിക്കാരും ജാതിബോധമുള്ളവരുമായി ജീവിതം തുടരുന്ന കാഴ്ചകളാണ് കാണുന്നത്. അപ്പോള്‍ മേളയിലെത്തുന്ന ചലച്ചിത്ര ആസ്വാദകരുടെ എണ്ണത്തിലുള്ള വര്‍ധനവ് കണ്ട് കൊട്ടിഘോഷിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. മറ്റൊരു അര്‍ഥത്തില്‍ ഭരണകൂടം ഈ ആള്‍ക്കൂട്ടത്ത റാഡിക്കലായ ആസ്വാദകരായി വളര്‍ത്തിയെടുക്കുമെന്ന വ്യാമോഹം നാം വച്ചു പുലര്‍ത്തേണ്ടതുണ്ടോ? മനുഷ്യാവകാശ ലംഘനങ്ങളൂം പരിസ്ഥിതി പ്രത്യാഘാതങ്ങളും സ്ത്രീവിരുദ്ധ നിലപാടുകളും അഴിമതിയും നിറഞ്ഞ ഒരു ഭരണകൂടം അതിന്റെ സാംസ്‌കാരിക നയത്തില്‍ സര്‍ഗാത്മകമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന അരാഷ്ട്രീയ വിശകലനത്തില്‍ നാം എത്തിച്ചേരുന്നതില്‍ വല്ല കഴമ്പുമുണ്ടോ?

ഒരു ചെറുന്യൂനപക്ഷം പ്രേക്ഷകര്‍ മേളയിലെത്തുന്നത് ലോകസിനിമകളിലൂടെ ആ രാജ്യങ്ങളിലെ രാഷ്ട്രീയ ഭൂപടം നിരീക്ഷിക്കാനും സ്വയം വിജ്ഞാനപരമായ ആഴം വര്‍ധിപ്പിക്കാനുമാണ്. ഈ അവസരവും അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ലോകസിനിമാ വിഭാഗത്തില്‍ വയലന്‍സും രതിയും കുടുംബ കഥകളുമടങ്ങിയ പാക്കേജുകളോടൊപ്പം കുറച്ച് ക്ലാസിക്കല്‍ ചിത്രങ്ങളും ചേര്‍ത്തുവയ്ക്കുന്ന മേളയുടെ ആകര്‍ഷണവും കെട്ടടങ്ങി. പൊതുഫണ്ട് ഉപയോഗിച്ച് നടത്തുന്ന മേളയുടെ നടത്തിപ്പിലെ പിടിപ്പുകേട് അന്വേഷിച്ചാല്‍ ചിത്രങ്ങളുടെ എണ്ണവും പ്രേക്ഷകരുടെ വര്‍ധനവും ചൂണ്ടിക്കാട്ടി സംഘാടകര്‍ ഒഴിഞ്ഞുമാറും.
 

ഫിലിം സൊസൈറ്റി പ്രസ്ഥാനം വളര്‍ത്തിയെടുത്ത ചലച്ചിത്ര സംസ്‌കാരത്തിന്റെ ഇടത്തിലേക്ക് സര്‍ക്കാര്‍ ജനപ്രിയ സിനിമകളുടേയും രതിയും വയലന്‍സും നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളുടേയും സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ്. ഇത് ഗുരുതരമായ ആപത്തുകളിലേക്കാണ് മലയാളി പ്രേക്ഷകരെ കൊണ്ടെത്തിക്കുക. ഇത് അനുവദിച്ചു കൊടുക്കുക സാധ്യമല്ല. ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ചോദ്യം ചെയ്യലുകള്‍ നിരന്തരം ഉയരുന്നില്ലെങ്കില്‍ കമ്പോള ചലച്ചിത്ര സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്ന ദൃശ്യമലിനീകരണ സ്ഥാപനമായി ചലച്ചിത്ര അക്കാദമി അധ:പതിക്കും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍