UPDATES

സയന്‍സ്/ടെക്നോളജി

കൗമാരക്കാരുടെ മേല്‍ ചാരപ്പണി നടത്തണോ?

എമിലി ബാസെലോണ്‍ (സ്ലേറ്റ്)

കൌമാരക്കാരെയും ടെക്നോളജിയെയും പറ്റി സംസാരിക്കാന്‍ എനിക്കിഷ്ടമുള്ള ഒരാള്‍ മീഡിയ ആന്‍ഡ്‌ കള്‍ച്ചര്‍ പ്രൊഫസറായ ഡാന ബോയിഡാണ്. അവരുടെ പുതിയ പുസ്തകമായ “ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്: ദി സോഷ്യല്‍ ലൈവ്സ്‌ ഓഫ് നെറ്റ്വര്‍ക്ക്ട് ടീന്‍സ്” കൗമാരക്കാരുമായുള്ള നിരവധി അഭിമുഖങ്ങളാണ്. ഡാനയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍.

എമിലി ബാസെലോണ്‍: നിങ്ങളുടെ പുസ്തകത്തില്‍ കൌമാരക്കാര്‍ അവരുടെ തന്നെ ശബ്ദത്തില്‍ സംസാരിക്കുന്നു. അവരോടു സംസാരിച്ചതില്‍ നിന്ന് നിങ്ങള്‍ മനസിലാക്കിയതെന്താണ്?

ഡാന ബോയിഡ്: ടെക്നോളജിയുടെ കാര്യം വരുമ്പോള്‍ മാതാപിതാക്കളുടെ ആശങ്കകള്‍ അവിശ്വസനീയമാം വിധം അപകടകരമാണ്. ഇത്തരം ആശങ്കകള്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയില്‍ ഒരു മതില്‍ തീര്‍ക്കുന്നു. ഈ പുസ്തകം എഴുതുന്നതിനും അത് പ്രസിദ്ധീകരിക്കുന്നതിനും ഇടയിലാണ് ഞാന്‍ ഒരു അമ്മയായത്. കുഞ്ഞുങ്ങളെപ്പറ്റിയും അവരെ വളര്‍ത്തുന്നതിനെപ്പറ്റിയും ഞാന്‍ ഒരുപാട് വായിക്കാന്‍ തുടങ്ങി. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം സ്ട്രെസ് ആണ്. ഉറക്കം- അത് കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടതാണ്. ഇതേ പോലെ തന്നെയാണ് കൗമാരക്കാരുടെയും കാര്യം. വീടിന്റെ അന്തരീക്ഷം എത്രത്തോളം സമാധാനപരമാക്കാനാകുമോ അത്രത്തോളം നല്ലതാണ്. അതിന് മാറിനിന്നു നോക്കുകയും ശാന്തരാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. ഇത് മാതാപിതാക്കള്‍ ചെയ്യേണ്ടതാണ്. ടെക്നോളജി പേടിക്കേണ്ട ഒരു സംഗതിയായല്ല ഒരു ഗുണകരമായ കാര്യമായി വേണം കാണേണ്ടത്.
 

എമിലി: മാതാപിതാക്കള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?

ഡാന: കുട്ടികള്‍ക്ക് ചുറ്റും ഒരു നെറ്റ്വര്‍ക്ക് ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. മുതിര്‍ന്ന കസിന്‍, രസികയായ ആന്റി, മിടുക്കനായ അദ്ധ്യാപകന്‍, അങ്ങനെയുള്ള ആളുകള്‍. അങ്ങനെവരുമ്പോള്‍ അവര്‍ക്കൊരു ഉപദേശം വേണമെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ മാത്രമല്ല ഉണ്ടാവുക. മറ്റുള്ള ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കണം. അതിനായി അവര്‍ സോഷ്യല്‍ മീഡിയയൊ മെസ്സേജുകളോ ഉപയോഗിക്കട്ടെ. ചിലപ്പോള്‍ കുട്ടിക്ക് മാതാപിതാക്കളോട് സംസാരിക്കാന്‍ തോന്നണമെന്നില്ല. നിങ്ങള്‍ മാത്രമല്ലാത്ത മറ്റുള്ളവരും അവരുടെ സപ്പോര്‍ട്ട് നെറ്റ്വര്‍ക്കില്‍ ഉണ്ടെങ്കില്‍ ഒരാവശ്യം വരുമ്പോള്‍ അവര്‍ക്ക് സഹായത്തിന് ആളുകള്‍ ഉണ്ടാകും. പലപ്പോഴും ഇത് നടക്കുന്നത് ഓണ്‍ലൈനായാണ്‌. നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് സൌഹൃദമാവാം, ആ കുട്ടികള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ അവര്‍ നിങ്ങളോടാവും സംസാരിക്കുക ചിലപ്പോള്‍.

എമിലി: അപ്പോള്‍ ടീച്ചര്‍മാരും സ്കൂള്‍ അധികൃതരും എന്തുചെയ്യണം?

ഡാന: കുട്ടികളോട് സംസാരിക്കാന്‍ അധ്യാപകര്‍ ടെക്നോളജി ഉപയോഗിക്കുകതന്നെ ചെയ്യണം. ഒരിക്കലും കുട്ടികളെ അങ്ങോട്ടുപോയി ഫ്രെണ്ട് ആക്കണമെന്നില്ല. എന്നാല്‍ ഒരു വിദ്യാര്‍ഥി ഫ്രെണ്ട്റിക്വസ്റ്റ് അയച്ചാല്‍ അത് സ്വീകരിക്കുക. കുട്ടി നിങ്ങളോട് സംസാരിച്ചാല്‍ മറുപടി പറയുക. ഏതെങ്കിലും കുട്ടിയുടെ സോഷ്യല്‍മീഡിയാഅക്കൌണ്ടില്‍ എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ കുട്ടിയോട് നേരിട്ട് സംസാരിക്കുക. കുട്ടികള്‍ക്കുവേണ്ടി ഉണ്ടായിരിക്കുക. പല അധ്യാപകരും പറയുന്നത് ക്ലാസിനുവെളിയില്‍ കുട്ടികളോട് സംസാരിക്കേണ്ടകാര്യമില്ല എന്നാണ്. ശരിയാണ്, നിങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും കുട്ടികളോട് ഇടപെടാന്‍ പറ്റില്ല. എന്നാല്‍ സാധിക്കുമ്പോള്‍ അത് ചെയ്യുക.
 

എമിലി: തങ്ങള്‍ക്ക് പരിചയമില്ലാത്ത ആളുകളോട് കുട്ടികള്‍ സംസാരിച്ചുതുടങ്ങിയാലോ?

ഡാന: മാതാപിതാക്കളുടെ ഏറ്റവും വലിയ പേടിയാണിത്. കുട്ടികള്‍ അപരിചിതരുമായി സംവദിക്കുമ്പോള്‍ അതിലുള്ള ലൈംഗികഅപകടങ്ങളല്ല എന്നെ പേടിപ്പിക്കുന്നത്. അവരുടെ അടുത്തുനില്‍ക്കേണ്ടവരില്‍ നിന്ന് വൈകാരികമായ പിന്തുണ കിട്ടാത്തതാവില്ലേ ഇതിന്റെ കാരണം? ചിലപ്പോഴൊക്കെ ഈ അപരിചിതരുമായുള്ള സൗഹൃദം നല്ലതുമാവാം. ഉദാഹരണത്തിന് നിങ്ങളുടെ കുട്ടിക്ക് അവളുടെ കൂട്ടുകാര്‍ക്കില്ലാത്ത ഒരു താല്‍പ്പര്യം ഏതെങ്കിലും വിഷയത്തോട് ഉണ്ടെന്ന് കരുതുക. അവള്‍ ആ വിഷയത്തിലെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചേരുന്നതിലും ആളുകളോട് സംസാരിക്കുന്നതിലും എന്താണ് തെറ്റ്? ചോദ്യം ആരോട് സംസാരിക്കുന്നു എന്നും എന്തിന് സംസാരിക്കുന്നു എന്നതുമാണ്. 

എമിലി: കുട്ടികളോട് ഓണ്‍ലൈനില്‍ എങ്ങനെ പെരുമാറണം എന്ന് പറയുകയാണോ അതോ അവര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ നമ്മളും ഫോളോ ചെയ്യുകയാണോ ചെയ്യേണ്ടത്?

ഡാന: പല തരം കാര്യങ്ങളാണ് വേണ്ടത്. പതിമൂന്നുവയസില്‍ നിങ്ങള്‍ പതിനെഴിനെക്കാള്‍ ശ്രദ്ധ കൊടുക്കണം. എങ്കിലും അവരെ പിന്തുടരുന്നതിനേക്കാള്‍ നല്ലത് അവരോടു നന്നായി സംസാരിക്കുകയാണ്. മാതാപിതാക്കള്‍ കുട്ടികളുടെ പാസ്വേര്‍ഡ് ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല. കുട്ടികള്‍ക്ക് നിങ്ങളുടെ മേലുള്ള വിശ്വാസമാണ് അപ്പോള്‍ ഇല്ലാതാകുന്നത്.

എമിലി: അപ്പോള്‍ കുട്ടികള്‍ എഴുതുന്നതൊന്നും ശ്രദ്ധിക്കേണ്ട എന്നാണോ?

ഡാന: അതെ. അതൊരു തരത്തിലും കുട്ടികളെ സഹായിക്കില്ല. നിങ്ങള്‍ ആ മുറിയില്‍ ഉണ്ടായിരിക്കുക, ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുകയൊക്കെയാണ് ചെയ്യേണ്ടത്. അല്ലാതെ ഓരോ മിനുട്ടിലും അവര്‍ ചെയ്യുന്നതെല്ലാം പരിശോധിക്കാന്‍ പാടില്ല.
 

എമിലി: ടീച്ചര്‍മാരോട് കുട്ടികള്‍ ഓണ്‍ലൈനില്‍ ചെയ്യുന്നതൊക്കെ നിരീക്ഷിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പറയുന്നത് കുറച്ച് കൂടുതലല്ലേ? അവര്‍ സ്കൂളിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ.

ഡാന: എന്നാല്‍ ഓണ്‍ലൈന്‍ നാടകങ്ങള്‍ സ്കൂളിലും എത്തും. ഫേസ്ബുക്കില്‍ ബഹളങ്ങള്‍ കാണുമ്പോള്‍ ക്ലാസിലെ വഴക്കുകളുടെ ശരിയായ കാരണം ടീച്ചര്‍മാര്‍ക്ക് മനസിലാകും. കുട്ടികള്‍ വീടുകളില്‍ ഇരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യുന്നതിനെക്കാള്‍ നന്നായി ഒരു ക്ലാസ്മുറിയില്‍ ടീച്ചര്‍ക്ക് പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയും. ടീച്ചര്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം വെണമെന്നും അവര്‍ കൂടുതല്‍ സമഗ്രമായി കാര്യങ്ങളെ മനസിലാക്കുകയും വേണം.

എമിലി: കൌമാരക്കാര്‍ക്ക് ഏറ്റവും ആവശ്യമെന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?

ഡാന: സ്വാതന്ത്ര്യം. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി സദാ സംസാരിക്കുന്നു. എന്നാല്‍ അവര്‍ക്ക് നമ്മള്‍ അത് കൊടുക്കുന്നില്ല. നമ്മള്‍ അവരുടെ സാങ്കേതിക വിദ്യയുടെ ഉപയോഗം മാത്രം കാണുന്നു. എന്നാല്‍ തങ്ങളുടേതായ ഒരു ഇടം ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.
 

എമിലി: അപ്പോള്‍ ടെക്നോളജി കൊണ്ട് മാത്രമാണ് കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവുക എന്നാണോ താങ്കള്‍ പറയുന്നത്?

ഡാന: കാഷ്വലായ, ചട്ടക്കൂടുകള്‍ക്ക് വെളിയിലുള്ള ഇടങ്ങള്‍ കൌമാരക്കാര്‍ക്ക് വേറെ ഉണ്ടാകുന്നത് നന്നായിരിക്കും. എന്നാല്‍ ടെക്നോളജി മാത്രമാണ് അത് ഇപ്പോള്‍ സാധ്യമാക്കുന്നത് എന്നതാണ് സത്യം. മറ്റുവഴികള്‍ കഴിഞ്ഞ ഇരുപതു വര്ഷം കൊണ്ട് ഇല്ലാതായിട്ടുണ്ട്. കുട്ടികള്‍ക്ക് വെറുതെ സൈക്കിള്‍ എടുത്തുപോയാല്‍ കാണാവുന്ന ദൂരത്തല്ല ഇന്ന് അവരുടെ സ്കൂളിലെ കൂട്ടുകാര്‍ ജീവിക്കുന്നത്. കുട്ടികള്‍ തങ്ങളുടെ സമപ്രായക്കാരോട് ഇടപെടുന്ന ഒരു പ്രധാന ഇടമായി ടെക്നോളജി മാറിയിട്ടുണ്ട്. കൂട്ടുകാര്‍ എല്ലാവരും അവിടെയുള്ളതുകൊണ്ടാണ് കുട്ടികള്‍ ഈ സൈറ്റുകള്‍ ഉപയോഗിക്കുന്നത്. അതാണ്‌ പ്രധാനകാര്യം.

This interview has been lightly edited and condensed.
This article is part of Future Tense, a collaboration among Arizona State University, the New America Foundation, and Slate. Future Tense explores the ways emerging technologies affect society, policy, and culture. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍