UPDATES

ഇന്ത്യ

രാഷ്ട്രീയ സമൂഹത്തിന്‍റെ നിശബ്ദത നമ്മെ നയിക്കുന്നതെങ്ങോട്ട്?

ടീം അഴിമുഖം

റിപ്പോര്‍ട് ചെയ്യാന്‍ മാത്രം പ്രാധാന്യമുള്ള എന്തെങ്കിലും പ്രതിഷേധം ഏതെങ്കിലും പ്രധാന രാഷ്ട്രീയ പാര്‍ടികള്‍ ഇതിനെതിരെ നടത്തിയതായി നിങ്ങള്‍ കേട്ടിരിക്കാന്‍ ഇടയില്ല. പെന്‍ഗ്വിന്‍ റാന്‍ഡം ഹൌസിന്‍റെ യൂണിറ്റായ പെന്‍ഗ്വിന്‍ ബുക്സ് ഇന്‍ഡ്യ ഷിക്കാഗോ സര്‍വകലാശാല മത പഠന വിഭാഗം പ്രൊഫസറായ വെന്‍ഡി ഡോണിഗേറിന്‍റെ ‘ദ ഹിന്ദുസ്: ആന്‍ ആള്‍ടെര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന 2009ല്‍ ഇറങ്ങിയ പുസ്തകം പിന്‍വലിക്കാനും, അവശേഷിക്കുന്ന കോപ്പികള്‍ ആറു മാസത്തിനുള്ളില്‍ നശിപ്പിക്കാനും എടുത്ത തീരുമാനത്തിനെതിരെ ഉദാര കോണ്‍ഗ്രസ് മുതല്‍ മതേതര ഇടതുപക്ഷം വരെ ആരും തന്നെ ഉച്ചത്തിലൊരു അനിഷ്ട ശബ്ദം പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഇത് ഒരേസമയം അസ്വസ്ഥപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണ്. പുസ്തകത്തില്‍ അവതരിപ്പിക്കുന്ന ഹിന്ദുയിസത്തിന്‍റെ ബഹുത്വ പ്രതിനിധാനത്തെയും ഹൈന്ദവ പാരമ്പര്യത്തെ സൃഷ്ടിക്കുന്നതായി പറയുന്ന നിഗൂഡവും നിലവിലുള്ള വിശ്വാസങ്ങള്‍ക്ക് വിരുദ്ധവുമായ ആചാരങ്ങളെക്കുറിച്ചുള്ള പരമര്‍ശങ്ങളെയും എതിര്‍ത്തുകൊണ്ട് ശിക്ഷ ബച്ചോ ആന്ദോളന്‍റെ നേതാവ് ദിന നാഥ് ബത്രയാണ് പെന്‍ഗ്വിന്‍ ഇന്ത്യക്ക് എതിരെ കേസ് നല്കിയിരിക്കുന്നത്. വിദ്യാഭ്യാസവും പാഠപുസ്തകങ്ങളുമായും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തീവ്ര വലതു പക്ഷ ഹിന്ദു സംഘടനയാണ് ശിക്ഷ ബച്ചോ ആന്ദോളന്‍.
 

മത വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുതാന്‍ ബോധ പൂര്‍വവും വിദ്വേഷ പൂര്‍ണവുമായ ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷ നല്‍കുന്ന ഇന്‍ഡ്യന്‍ പീനല്‍ കോഡിന്‍റെ സെക്ഷന്‍ 295എ പ്രകാരം 2011ല്‍ നല്‍കപ്പെട്ട ഈ അന്യായത്തില്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യാക്കാരെ പ്രത്യേകിച്ചും ഹിന്ദുക്കളെ ഈ പുസ്തകം അപമാനിച്ചു എന്നാണ് സംഘടന ആരോപിക്കുന്നത്.  പുസ്തകം തെറ്റായ വിവരങ്ങള്‍ അടങ്ങിയതും കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ ഉപരിപ്ലവവും വളച്ചൊടിക്കപ്പെട്ടതും ഒട്ടും ഗൌരവമില്ലാത്തതുമായ രീതിയില്‍ ഹിന്ദുയിസത്തെ അവതരിപ്പിക്കുന്നതും ആണെന്ന് ഇവര്‍ വാദിക്കുന്നു. “കാമാര്‍ത്തി പൂണ്ട ഒരു സ്ത്രീയുടെ” ആഖ്യാനമായി ഹിന്ദു മത ദര്‍ശനത്തെ വിലകുറച്ചുകാണിക്കുന്ന ഈ പുസ്തകം ഒരു നിരൂപകന്‍ വിലയിരുത്തിയതുപോലെ മതത്തെ “അമിതമായ രീതിയില്‍ ലൈംഗികത”യുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതായും അവര്‍ ആരോപിക്കുന്നുണ്ട്. 
 

കോടതിയില്‍ നടന്ന ഒത്തുതീര്‍പ്പിനെക്കുറിച്ച് വെന്‍ഡി ഡോണിഗെര്‍ പറഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തിന്‍റെ അപകട മണിയാണ് ഇതെന്നാണ്. ഒരു ഹിന്ദുവല്ലാത്തതും അത് പോലെ തന്നെ ഒരു പുരുഷനല്ലാത്തതും രണ്ടു തരത്തിലുള്ള പ്രതികൂല അവസ്ഥയില്‍ തന്നെ കൊണ്ടെത്തിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.  ലിംഗ പദവി, ലൈംഗികത, മതം എന്നിവയെ മനോവിശകലന സിദ്ധാന്തത്തിലൂടെ സമീപിക്കുന്ന ഡോണിഗെര്‍ തന്‍റെ പ്രകോപനപരമായ വ്യാഖ്യാനങ്ങളിലൂടെ തന്‍റേതായ ഇടം കണ്ടെത്തിയ ദാര്‍ശനികയാണ്.  ഹിന്ദു ദേശീയ വാദികള്‍ക്കും മത ഭ്രാന്തന്‍മാര്‍ക്കും എന്നും ഒരു മിന്നല്‍ ചാലകം തന്നെയായിരുന്നു ഇവരുടെ എഴുത്തുകള്‍. ഹിന്ദുയിസത്തെ ഏകതാനവും ഏകശിലാരൂപവുമായ പാരമ്പര്യമായി അവതരിപ്പിക്കുന്നതിനെ തകിടം മറിക്കുന്ന നിരവധി പ്രബന്ധങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്.  തന്‍റെ ആദ്യകാല പുസ്തകമായ വിമന്‍, ആന്‍ഡ്രോജീന്‍സ്, ആന്‍ഡ് അദര്‍ മിഥിക്കല്‍ ബീസ്റ്റ്സില്‍ (1980) ഒരു സംസ്കൃത പണ്ഡിത എന്ന നിലയിലുള്ള തന്‍റെ വിശ്വാസ്യത ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. കൂടാതെ സംസ്കൃത ശ്ലോകങ്ങളുടെ അര്‍ത്ഥം  വ്യാഖ്യാനിക്കാനുള്ള തന്‍റെ അഗാധമായ പാണ്ഡിത്യം വെല്ലുവിളിയോടെയും സര്‍ഗ്ഗാത്മകമായും ഈ പുസ്തകത്തില്‍ ഉപയോഗിക്കുന്നുണ്ട്. വിവിധ മത ചിന്തകളില്‍ നിന്നു സത്യത്തെ കണ്ടെത്തുന്ന തന്‍റെ വിശകലന രീതി സംസ്കാരത്തിന്‍റെ വാതിലുകള്‍ തുറന്നു വിടുമെന്നും, അത് ചലനാത്മകവും എല്ലായ്പ്പോഴും രൂപം മാറിക്കൊണ്ടിരിക്കുന്നതുമാണെന്നും ഡോണിഗെര്‍ വാദിക്കുന്നു. 

സംസ്കാരത്തെ ഒരു സങ്കരമായി സമീപിച്ച ഈ അടുത്തു അന്തരിച്ച സംസ്കാര പഠനത്തിലെ അതികായനും കറുത്ത വര്‍ഗക്കാരനുമായ ബ്രിട്ടീഷ് സൈദ്ധാന്തികന്‍ സ്റ്റുവര്‍ട്ട് ഹാളിന്‍റെ അസാധാരണവും ശക്തവുമായ സൈദ്ധാന്തിക സമീപനങ്ങളുടെ തുടര്‍ച്ചയാണ് ഡോണിഗെറിന്റെ ചിന്ത പദ്ധതികള്‍.
 

“സത്യ”ത്തെക്കുറിച്ചുള്ള തങ്ങളുടെ വ്യാഖ്യാനം മാത്രം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അധിനിവേശ ഫാസിസ്റ്റ് ശക്തികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് സംസ്കാരത്തിന്‍റെ ചലനാത്മകതയെയും സങ്കരത്വത്തെയും കള്ളികളിലൊതുക്കാനുള്ള യാഥാസ്ഥിക വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ശ്രമം. ശാരീകമായി ഉന്മൂലനം ചെയ്യുന്നതിലൂടെ മാത്രമല്ല ഈ ശ്രമം ഫലവത്താക്കാന്‍ ശ്രമിക്കുന്നത്, ചരിത്രത്തെ മായ്ച്ചുകളഞ്ഞും എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കിയും കൂടിയാണ്.

ഈ ഒത്തു തീര്‍പ്പ് ജനാധിപത്യത്തിലെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമായി മാത്രം ബന്ധപ്പെട്ട് വിലയിരുത്തപ്പെടേണ്ട ഒന്നല്ല.  2002ലെ ഗുജറാത്ത് കലാപത്തിന്‍റെ ഇരുണ്ട വശങ്ങളുടെ ശേഷിപ്പു കൂടിയാണ് ഇത്. മുസ്ലീം സമുദായത്തിനും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെയുണ്ടായിട്ടുള്ള അതിതീവ്രമായ ആക്രമണങ്ങള്‍ ഒരു സമുദായത്തെയോ അല്ലെങ്കില്‍ സ്ത്രീകളെയോ വസ്തുവത്ക്കരിക്കുകയോ ഇരവത്ക്കരിക്കുകയോ ചെയ്യുന്നതിന്‍റെ വെറും ഉദാഹരണമല്ല. ആ ആക്രമണങ്ങള്‍ നഷ്ടപരിഹാരങ്ങളിലൂടെ ഭേദമാക്കാവുന്ന മുറിവുകളും കൂടിയാണ്. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും ആത്മനിഷ്ടാപരതയെ രൂപപ്പെടുത്തുന്ന വലതുപക്ഷ ഹൈന്ദവ പദ്ധതിയിലും വിശാലമായ പ്രത്യയശാസ്ത്ര അജണ്ടയിലും ഇഴുകി കിടക്കുന്ന ഒന്നാണ് ഈ ഹിംസാത്മകത. ഒറ്റ രാത്രികൊണ്ടു മുസ്ലിം സംഘടനകള്‍, വീടുകള്‍, പള്ളികള്‍ എന്നിവ പരിപൂര്‍ണ്ണമായും തുടച്ചുനീക്കി അതിന് പകരം റോഡുകളും ഹൈന്ദവ ക്ഷേത്രങ്ങളും സ്ഥാപിച്ചതിന് പിന്നില്‍ ഇന്ത്യന്‍ (ഹിന്ദു എന്നു വായിക്കുക) സാമൂഹിക ഘടനയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും മുസ്ലിംങ്ങളെ തുടച്ചു നിക്കാനുള്ള ശ്രമം തന്നെയാണ്. 
 

മുസ്ലീമിനെ വിദേശിയും അന്യനുമായി ഉയര്‍ത്തിക്കാണിക്കുകയും അതുകൊണ്ടു തന്നെ തുടച്ചുനീക്കേണ്ട ഭീഷണിയായി കാണുകയും ചെയ്യുന്ന ഹൈന്ദവ ദേശീയത പദ്ധതി എന്ന വിശാലമായ വ്യാവഹാരികവും ഭൌതികവുമായ യാഥാര്‍ത്യത്തില്‍ നിന്നുകൊണ്ടു വേണം ഈ ഒത്തുതീര്‍പ്പിനെ കാണേണ്ടത്. ഭ്രാന്തവും തടയാനാവാത്തതുമായ നിശ്ചയദാര്‍ഡ്യത്തോടെ നരേന്ദ്ര മോഡിയും വലതുപക്ഷ ഹൈന്ദവ സംഘടനകളും ഈ ദിശയിലേക്ക് നടത്തുന്ന നീക്കത്തില്‍ വിദ്യാഭ്യാസവും സാംസ്കാരിക സ്ഥാപനങ്ങളും മാധ്യമങ്ങളുമെല്ലാം ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുകയാണ്. ദ ഹിന്ദു: ആന്‍ ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററിയുടെ നഷ്ടം പ്രസിദ്ധീകരണ ലോകത്തിന്‍റെ തോല്‍വി മാത്രമല്ല. അരാജകവും വൈവിധ്യപൂര്‍ണവും വിപ്ലവകരവും പ്രകോപനപരവുമായ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടിസ്ഥാന ശിലകളുടെ തകര്‍ച്ച തന്നെയാണ്. ഒരു എഴുത്തുകാരിയുടെ സൃഷ്ടിക്കു ഏല്‍ക്കുന്ന മുറിവ് എന്നതിനേക്കാളുപരി ഇത് വിമര്‍ശനത്തിനും വിമത ശബ്ദ ഉയര്‍ത്താനുമുള്ള സാമൂഹ്യ അന്തരീക്ഷത്തിനേല്‍ക്കുന്ന  പരുക്ക് തന്നെയാണ്. വലതുപക്ഷ ഹിന്ദുത്വത്തിന്‍റെ സമഗ്രാധിപത്യ അജണ്ടയോടൊന്നിച്ചു പോകാത്ത ജീവിതങ്ങളുടെയും ചരിത്രത്തിന്റെയും നിലനില്‍പ്പിന് നേരെയുള്ള ഭീഷണിയിലേക്ക് കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍