UPDATES

ഓഫ് ബീറ്റ്

സ്തനാര്‍ബുദത്തെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ?

ക്രിസ്റ്റി ആഷ്വാന്‍ഡന്‍ (സ്ലേറ്റ്)

ഏറ്റവും കൂടുതല്‍ സ്ത്രീകളെ കൊല്ലുന്നതെന്താണ്? ലിസ റോസന്‍ബോം ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ ഓരോ പുതിയ രോഗിയോടും ചോദിച്ചിരുന്ന ചോദ്യമാണിത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഒരു സ്ത്രീ പറഞ്ഞ മറുപടി ലിസയ്ക്ക് മറക്കാനാകില്ല. “ശരിയായ ഉത്തരം ഹൃദ്രോഗമാണെന്ന് എനിക്കറിയാം, എങ്കിലും ഞാന്‍ സ്തനാര്‍ബുദം എന്നാണ് പറയുക”

അടിസ്ഥാനരഹിതമായി പേടിക്കാനുള്ള മനുഷ്യസ്വഭാവത്തെയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. റോസന്‍ബോമിന്റെ രോഗിയുടെ ആദ്യ ഉത്തരം ശരിയാണ്. എല്ലാ കാന്‍സറുകളും ഒരുമിച്ചുചേര്‍ന്ന് കൊല്ലുന്നതിനെക്കാള്‍ കൂടുതല്‍ സ്ത്രീകളെ ഹൃദ്രോഗം കൊല്ലുന്നു. എങ്കിലും സ്ത്രീകളുടെയിടയില്‍ ഏറ്റവുമധികം പേടിയുണര്‍ത്തുന്ന രോഗം സ്തനാര്‍ബുദമാണ്. “എന്തുകൊണ്ടാണ് ഹൃദ്രോഗത്തെ സ്ത്രീകള്‍ ഇത്ര വൈകാരികമായി കാണാത്തത്? ഹൃദ്രോഗത്തെ നമ്മള്‍ ചെയ്ത എന്തങ്കിലും പ്രവര്‍ത്തിയുടെ ദോഷഫലമായും സ്തനാര്‍ബുദത്തെ നമുക്കു സംഭവിക്കുന്ന ദുര്‍വിധിയായുമാണോ മനസിലാക്കുന്നത്?” റോസന്‍ബോം ചോദിക്കുന്നു.

ഇതിനുത്തരം എനിക്കറിയില്ല. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്ത്രീകളും ഡോക്ടര്‍മാരും സ്തനാര്‍ബുദം ബാധിക്കാനും അതുമൂലം മരിക്കാനുമുള്ള സാധ്യതകളെ വല്ലാതെ പെരുപ്പിച്ചു കാണിക്കുന്നുണ്ടെന്നാണ്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലില്‍ വന്ന ഒരു പഠനം പറയുന്നത് നാല്‍പ്പതുകഴിഞ്ഞ സ്ത്രീകള്‍ ഇരുപതുശതമാനമെങ്കിലും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തങ്ങള്‍ സ്തനാര്‍ബുദം വന്നുമരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് എന്നാണ്. മാധ്യമങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം.
 

ഏഴുശതമാനം സ്തനാര്‍ബുദവും കണ്ടെത്തുന്നത് നാല്‍പ്പതുവയസില്‍ താഴെയുള്ള സ്ത്രീകളിലാണ് (രോഗത്തിന്റെ ശരാശരി പ്രായം 61 ആണ്). എന്നാല്‍ രോഗം ചെറുപ്പക്കാരികളില്‍ വരുമ്പോള്‍ മുതിര്‍ന്നസ്ത്രീകളിലെക്കാള്‍ പതിയെമാത്രമാണ് ചികിത്സകളോട് പ്രതികരിക്കുക. ചെറുപ്പത്തില്‍ സ്തനാര്‍ബുദം വന്നുമരിച്ചവരുടെ കഥകള്‍ ആളുകളില്‍ വല്ലാത്ത പേടികള്‍ നിറയ്ക്കും. ഒക്ടോബര്‍ മാസത്തില്‍ സ്ഥാനാര്‍ബുദ ബോധവത്ക്കരണം പ്രമാണിച്ച് വനിതാ മാസികകളില്‍ വരുന്ന കഥകളിലും ചെറുപ്രായത്തില്‍ കാന്‍സര്‍ വന്ന സുന്ദരികളായ സ്ത്രീകളുടെ കഥകള്‍ വായിക്കാം. ഇത്തരം ഒരു ദുരവസ്ഥ ഒഴിവാക്കാനായി ചെയ്യാവുന്ന കാര്യമായി ഈ കഥകള്‍ എല്ലാം പറയുന്നത് ഒരേ കാര്യമാണ്- നേരത്തെ പരിശോധിക്കുക, സ്ഥിരമായി പരിശോധിക്കുക.

സമയത്ത് നീക്കം ചെയ്തില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ഒരു രോഗമായത് കൊണ്ട് നിങ്ങള്‍ക്ക് ചിന്തിക്കനാവുക ഈ ഒരു ഓപ്ഷന്‍ മാത്രമാണ്. ഈ കഥകളില്‍ ഒരു ആശ്വാസവും ഉണ്ട്- നേരത്തെ കണ്ടുപിടിച്ചാല്‍ ഏത് കാന്‍സറും ഭേദമാക്കാവുന്നതാണ് എന്ന ആശ്വാസം.

എന്നാല്‍ ഇതിലുള്ള ഒരു പ്രശ്നം സ്തനാര്‍ബുദം എന്നത് ഒരു ഒറ്റ രോഗം മാത്രമല്ല എന്നതാണ്. ട്യൂമര്‍ ബയോളജിയിലെ ഗവേഷണങ്ങള്‍ നമുക്ക് മനസിലാക്കിത്തരുന്നത് എല്ലാ സ്തനാര്‍ബുദ കോശങ്ങളും ഹാനികരമായി വളരുന്നതല്ല എന്നാണ്. മെറ്റാസ്റ്റാസിസ് എന്ന പ്രക്രിയയിലൂടെ കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് പടര്‍ന്നാല്‍ മാത്രമേ അത് മരണകാരണമാകൂ. എല്ലാ സ്തനാര്‍ബുദവും സ്തനങ്ങള്‍ക്ക് വെളിയിലേയ്ക്ക് പോകുന്നവയല്ല എന്നിപ്പോള്‍ പഠനങ്ങളിലൂടെ അറിയാനായിട്ടുണ്ട്. അപകടകരമല്ലാത്ത ഒരു കാന്‍സര്‍ നേരത്തെ കണ്ടുപിടിച്ചതുകൊണ്ടും ജീവന്‍ രക്ഷിക്കാനാവണമെന്നില്ല.

ആരോഗ്യമുള്ള മനുഷ്യരെ രോഗികളും എന്നാല്‍ നന്ദിയുള്ള കാന്‍സര്‍ അതിജീവിച്ചവരുമാക്കി മാറ്റുകയാണ് മാമോഗ്രാഫി ചെയ്തത് എന്ന് പുതിയ ബിഎംജെ പഠനം പറയുന്നത്. പല ദശാബ്ദങ്ങളിലായി മാമോഗ്രാമുകള്‍ ചെയ്ത തൊണ്ണൂറായിരത്തിലധികം സ്ത്രീകളുടെയിടയില്‍ ഒരു പഠനം നടത്തി. എന്നാല്‍ ഈ ടെസ്റ്റുകള്‍ നടത്താത്തവരെക്കാള്‍ മരണസാധ്യത കുറയുകയൊന്നും ചെയ്തിട്ടില്ല. (ഇപ്പോഴും അപകടകരമായ കാന്‍സറുകളെയും അല്ലാത്തവയെയും തരംതിരിക്കാന്‍ ഇതുവരെ നമുക്ക് പറ്റിയിട്ടില്ല എന്നതാണ് ഒരു പ്രശ്നം. അതുകൊണ്ട് ഒരു കാന്‍സര്‍ കണ്ടെത്തിയാല്‍ അത് ഏറ്റവും അപകടകരമാണെന്ന് അനുമാനിച്ച് ചികിത്സിക്കുക മാത്രമേ നമുക്ക് ചെയ്യാനാകൂ.)
 

ഈ പഠനപ്രകാരം മാമോഗ്രാമുകള്‍ വഴി കണ്ടെത്തുന്ന കാന്‍സറുകളില്‍ അഞ്ചില്‍ ഒന്നുവീതം അനാവശ്യമായ ചികിത്സയാണ്. ചികിത്സയുടെ ആവശ്യമേ ഇല്ലായിരുന്ന സ്തനാര്‍ബുദങ്ങളാണിവ. എന്നാല്‍ ഈ സ്ത്രീകളെല്ലാം ചികിത്സ സ്വീകരിക്കുകയും അവരുടെ ഹൃദയങ്ങള്‍ തകരാറിലാവുകയോ എന്‍ഡോമെട്രിക്കല്‍ കാന്‍സറാവുകയോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന വേദനയും നീരും ഉണ്ടാവുക തുടങ്ങിയ റിസ്ക്കുകള്‍ ഏറ്റെടുക്കുകയും ചെയ്തു.

അമിതരോഗ നിര്‍ണ്ണയത്തിന്റെ തോത് സത്യത്തില്‍ ഇതിലും കൂടുതലാണ്. ഡക്റ്റല്‍ കാര്‍സിനോമ എന്ന കാന്‍സറിനു മുന്‍പുണ്ടാകുന്ന ഒരവസ്ഥയെയും കാന്‍സറായി മനസിലാക്കി കൂടുതല്‍ തീവ്രചികിത്സകള്‍ തേടുന്ന സ്വഭാവം രോഗികള്‍ക്കുണ്ട്.

കാഴ്ചപ്പാടുകള്‍ മാറേണ്ട സമയമായിരിക്കുന്നു. മാസികത്താളുകളിലും ബോധവല്‍ക്കരണ ബ്രോഷറുകളിലും മാമോഗ്രാഫി പരസ്യങ്ങളിലുമെല്ലാം വരുന്ന ലക്ഷ്യങ്ങള്‍ സത്യത്തില്‍ തെറ്റാണ്. അമേരിക്കന്‍ കോളേജ് ഓഫ് റേഡിയോളജി ബിഎംജെയുടെ പഠനത്തെ വിമര്‍ശിക്കുന്നതും ഈ ലക്ഷ്യത്തിന്റെ പേരിലാണ്. എത്ര കാന്‍സറുകള്‍ കണ്ടെത്താനായി എന്നതാണ് പ്രധാനലക്ഷ്യമായതായി ബിഎംജെ കരുതുന്നത്. എന്നാല്‍ കൂടുതല്‍ കാന്‍സര്‍ രോഗികളെ സൃഷ്ടിക്കാനല്ല, ജീവനുകള്‍ രക്ഷിക്കാനാവണം നമ്മള്‍ ലക്ഷ്യമിടേണ്ടത്.
 

കാന്‍സര്‍ ബാധിതരാകുന്നത് ആര്‍ക്കും ഇഷ്ടമല്ല. ഒരു കാന്‍സര്‍ മരണകാരണമായിരിക്കുകയും അത് നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ  നിങ്ങള്‍ അസുഖാവസ്ഥയിലേയ്ക്ക് പോകുന്നതും മരിക്കുന്നതും തടയാനാകുകയാണെങ്കിലാണ് കാന്‍സര്‍ രോഗനിര്‍ണ്ണയം കൊണ്ട് നിങ്ങള്‍ക്ക് പ്രയോജനം കിട്ടുക. ഇവിടെയാണ്‌ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നത്. കാന്‍സര്‍ ചികത്സ ആളുകളെ തകര്‍ത്തുകളയുന്നതാണ്. അത് ജീവിതങ്ങളെ വല്ലാത്ത രീതിയില്‍ കുഴച്ചുമറിക്കും. ഏറ്റവും ആദ്യസ്റ്റേജിലുള്ള സ്തനാര്‍ബുദത്തിനുള്ള ചികിത്സയിലൂടെ പോലും നിങ്ങള്‍ക്ക് തലമുടി നഷ്ടപ്പെടാം, സ്തനങ്ങള്‍ ഭാഗികമായോ മുഴുവനായോ നഷ്ടപ്പെടാം. മാസങ്ങളോളം നീണ്ട ചികിത്സ നിങ്ങളെ തളര്‍ത്തിക്കളയും. കാന്‍സര്‍ ബാധിച്ചുള്ള മരണത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപെടുകയാണെങ്കില്‍ ഈ ചികിത്സയില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ ഒരിക്കലും മാരകമാകില്ലായിരുന്ന ഒരു കാന്‍സറായിരുന്നു നിങ്ങളുടേതെങ്കില്‍ ആകെ ഈ നേരത്തെയുള്ള രോഗനിര്‍ണ്ണയം ചെയ്യുന്നത് ആരോഗ്യമുള്ള ഒരാളെ രോഗിയാക്കുക എന്നത് മാത്രമാണ്. അത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് തോന്നുന്നില്ല.

സ്തനാര്‍ബുദം ചികിത്സിക്കാനാകുന്നത് നല്ലത് തന്നെ. എന്നാല്‍ ഇപ്പോഴുള്ള മാമോഗ്രാഫി മാര്‍ഗരേഖകള്‍ പറയുന്നത് ഇത് ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുക എന്നാണ്. മാമോഗ്രഫി നടത്തുന്നത് ജീവിതങ്ങള്‍ രക്ഷിക്കും എന്ന കാഴ്ചപ്പാടില്‍ ഭേദഗതികള്‍ വരുത്തേണ്ടിയിരിക്കുന്നു. ഏറ്റവും അപകടകാരി ഹൃദ്രോഗമാണെന്നിരിക്കിലും ആളുകളുടെ ഉള്ളിലുള്ള പേടിയുടെ കണക്കുകളെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്.

മാമോഗ്രാഫി ചില ജീവിതങ്ങള്‍ രക്ഷപെടുത്താന്‍ സഹായിച്ചിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവര്‍ അപകടപ്പെടുത്തിയ സ്ത്രീകളുടെ എണ്ണമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ അതേ എന്ന് പറയേണ്ടിവരും. 

Christie Aschwanden is an award-winning writer whose work has appeared in the New York Times, Mother Jones, Reader’s Digest, Men’s Journal, and Bicycling. She’s a contributing editor for Runner’s World and blogs about science at Last Word On Nothing. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍