UPDATES

കൈകെട്ടി നോക്കിനില്‍ക്കാന്‍ ഇനി കോയമോനെ കിട്ടില്ല

കെ.പി.എസ്.കല്ലേരി 

കോയമോന്‍ ഇപ്പോള്‍ കോഴിക്കോട്ടുകാരുടെ സുകൃതമാണ്. ചെങ്കുത്തായ കയറ്റങ്ങളിലൂടെ സ്വന്തമായി ലോറി ഓടിച്ച് പാത്രവുമായി കാത്തിരുക്കുന്ന വീട്ടമ്മമാര്‍ക്ക് മുമ്പില്‍ കുടിവെള്ളവുമായി എത്തുന്ന കോയമോനെക്കുറിച്ച് അവര്‍ പറയുന്നത് ദൈവ ദൂതന്‍ എന്ന്. പ്രായമായ ചിലര്‍ പറയുന്നു  ഞങ്ങളുടെ മോനാണെന്ന്. കാര്യങ്ങള്‍ നേരില്‍ കണ്ടപ്പോള്‍ ബോധ്യമായി ഏതുവിശേഷണവും ചേരും 34കാരന്‍ കോയമോന്.

കോഴിക്കോട് നഗരത്തില്‍ എറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പെരുമണ്ണപഞ്ചായത്തിലെ  ആയിരങ്ങള്‍ക്കാണ് കോയമോന്‍ എന്ന ഉസ്മാന്‍കോയ കുടിവെള്ളം വീട്ടിലെത്തിച്ചുകൊടുക്കുന്നത്. രണ്ടുകൈയ്യുള്ളവര്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കുമ്പോള്‍ ഒറ്റക്കയ്യനായ കോയമോന്‍ സ്വന്തമായി ലോറി ഓടിച്ച് ദിവസം രണ്ടായിരത്തോളം രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിച്ച്  നാട്ടുകാര്‍ക്ക് തൊണ്ട നനയ്ക്കാന്‍ കുടിവെള്ളം നല്‍കുന്നിടത്താണ് അത്ഭുതം പതിയിരിക്കുന്നത്.
 


പെരുമണ്ണ പഞ്ചായത്തിന്റെ എണ്‍പതുശതമാനം ഭാഗവും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഒരിറ്റു കുടിവെള്ളം കിട്ടാനായി നെട്ടോട്ടമോടുന്നത്. ഇവര്‍ക്കിടയിലേക്കാണ് ചെങ്കുത്തായ കയറ്റങ്ങള്‍ കയറി സ്വന്തം ലോറിയില്‍ ഒറ്റകൈയ്യുമായി കോയമോന്‍ കുടിവെള്ളമെത്തിക്കുന്നത്. രാവിലെ ആറിന് ഇറങ്ങി നേരമിരുട്ടുമ്പഴേക്കും 15 ഭാഗങ്ങളിലേക്കെങ്കിലും കോയമോന്റെ വണ്ടി കുടിവെള്ളവുമായി ഓടുന്നുണ്ട്.

പെരുമണ്ണ പുളിക്കൂല്‍ താഴം താഴെകുനി പുറത്ത് കോയമോന് ഇടതു കൈ നഷ്ടമാവുന്നത് പതിനാലാം വയസിലാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടതുകൈയ്യുടെ തോളില്‍ കാന്‍സര്‍ പിടികൂടി. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഡോക്ടര്‍മാരുട വിദഗ്ധ സംഘം  ഇടതുകൈ തോളില്‍ നിന്ന് മുറിച്ചുനീക്കി. നാലുമാസം നീണ്ട ആശുപത്രി വാസം. ആശുപത്രി വിടുമ്പോള്‍ ചികിത്സിച്ച ഡോക്ടര്‍ ഉപ്പ കുഞ്ഞിമൊയ്തീനോടും ഉമ്മ സൈനബയോടും സ്വകാര്യമായി പറഞ്ഞു. മോനെ നല്ലോണം നോക്കണം. ഏറിയാല്‍ ഒരു മൂന്നുവര്‍ഷം ജീവിക്കും. ഇപ്പോള്‍ ഇരുപത് വര്‍ഷം കഴിഞ്ഞു. കാന്‍സര്‍ കോയമോനെ പേടിച്ച് നാടുവിട്ടെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ കോയമോന്‍ ചിരിക്കും.
 


രോഗമുക്തി നേടിയ ശേഷം കോയമോന്‍ പിന്നെ പഠിക്കാനൊന്നും പോയില്ല. തുടര്‍ന്നുള്ള കാലം ജീവിതത്തോടുള്ള സമരമായിരുന്നു. വീടിനടുത്തു തന്നെ ചെറിയൊരു വാടക സ്റ്റോര്‍ തുറന്നു. നാട്ടിലെ വിവാഹങ്ങള്‍ ലക്ഷ്യം വെച്ചുള്ള കോയമോന്റെ വാടകസ്റ്റോര്‍ ഇപ്പോള്‍ അത്യവശ്യം. 

വളര്‍ന്ന് നാട്ടുകരുടെ സ്വന്തം ഉദുമ ലൈറ്റ് ആന്റ് സൗണ്ടായിരിക്കുന്നു. ഇവിടുന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്കുപയോഗിച്ചാണിപ്പോള്‍ കോയമോന്‍ കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ക്ക് വെള്ളവുമായിറങ്ങിയിരിക്കുന്നത്.

വാടകസ്റ്റോറിനുവേണ്ടി എടുത്ത മിനിലോറി കഴിഞ്ഞ  രണ്ടുമാസമായി നിര്‍ത്താതെ ഓടുന്നത് നാട്ടുകാര്‍ക്കുള്ള കുടിവെള്ളവുമായാണ്. ഒരുടാങ്കും പൈപ്പും മോട്ടോറുമടക്കം വെള്ളമെടുക്കാനുള്ള സംവിധാനങ്ങള്‍ക്ക് മാത്രമായി അമ്പതിനായിരം രൂപ ചെലവുവന്നു. സമീപത്തെ പള്ളിയുടെ കിണറില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. പെട്ടന്ന് കറന്റ് പോയാല്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം മുടങ്ങരുതെന്ന് കരുതി കോയമോന്‍ പള്ളിയില്‍ ഒരു ജനറേറ്ററും വാങ്ങിവെച്ചിരിക്കുന്നു. കോയമോന്റെ സല്‍പ്രവൃത്തിക്ക് ഭാര്യ ബുഷറയുടേയും മക്കളായ ജുനൈദ്, ജാസിം എന്നിവരുടെ സഹായവുമുണ്ട്. പ്രിയസുഹൃത്ത് ശ്രീധരന്റെ മകന്‍ ആദര്‍ശാണ് കുടിവെള്ള വിതരണത്തില്‍ കോയമോന്റെ ഇടംകൈ.
 

കോയമോന്റെ വണ്ടി കുടിവെള്ളവുമായി ഒരു കുന്നില്‍ നിന്ന് മറ്റൊരു കുന്നിലേക്ക് നീങ്ങുമ്പോള്‍ ലോറിയിലെഴുതി വെച്ചിരിക്കുന്ന ബാനറിലെ വാചകം ഒരിക്കലെങ്കിലും വായിച്ചവര്‍ പിന്നീട് മറക്കില്ല. 'തീ നമുക്ക് നിര്‍മിക്കാം. ജലം നമുക്ക് ഉണ്ടാക്കാനാവില്ല. ഉണ്ടാക്കാനാവാത്തത് സൂക്ഷിച്ച് ഉപയോഗിക്കുക. വെള്ളം തരുന്ന സൃഷ്ടാവിനെ മറക്കാതിരിക്കുക.'

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍