UPDATES

ഓഫ് ബീറ്റ്

അറപ്പും കറുപ്പും

മേഴ്സി മരിയാല, കേക്കോ ഫാർമസ്യൂട്ടികൽസിന്‍റെ മാനേജിംഗ് ഡയറക്ടർ, സ്വന്തമായി ബിസിനസ്‌ സാമ്രാജ്യമുള്ള വളരെ ശക്തയായ ഒരു സ്ത്രീ. റെസ്റ്റൊറന്‍റിൽ വെച്ച് അവിചാരിതമയാണ് ഞാൻ കണ്ടതും പരിചയപെട്ടതും. ഈ നാട്ടിൽ അധികാരവും അംഗീകാരവും ഇല്ലെങ്കിൽ പോലും സ്ത്രീകൾ പൊതുവെ ആത്മ വിശ്വാസവും ധൈര്യവും ഉള്ളവരാണ്. വിധേയത്വത്തിന്‍റെ ശരീരഭാഷ ഞാനവരിൽ കണ്ടിട്ടേ ഇല്ല. അമേരിക്കയിലും ബ്രിട്ടനിലും പഠനം പൂർത്തിയാക്കി ലോകം മുഴുവൻ സഞ്ചരിക്കാറുള്ള അവർ ഇന്ത്യയിൽ ഡെൽഹിയിലും മുംബയിലും ഹൈദരാബാദിലും ഗോവയിലും കൽക്കട്ടയിലും ഒക്കെ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഇന്ത്യയിലെ അനുഭവം കേൾക്കാൻ ആകാംക്ഷയായി.

ഒരുപാടു ഇന്ത്യൻ സുഹൃത്തുക്കൾ എനിയ്ക്കുണ്ട്. ഇന്ത്യ എനിക്കൊരുപാടിഷ്ടമാണ്. പക്ഷെ ഇന്ത്യക്കാരുടെ മനസു പോലെയാണ് അവിടുത്തെ നഗരങ്ങളും. എന്ത് ഇടുങ്ങിയതാണ്. എങ്ങും മാലിന്യകൂമ്പാരങ്ങൾ, തുറന്ന ഓടകൾ. എങ്ങനെയാണു ഈ മനുഷ്യർ തുറന്ന സ്ഥലത്ത് മലമുത്ര വിസര്‍ജ്ജനം നടത്തുന്നത്.
 

ആഫ്രിക്കൻ രാജ്യങ്ങളിൽ ഒരുപാടു ഇന്ത്യക്കാരുണ്ടല്ലോ ടാൻസാനിയിലും ഇന്ത്യൻ വംശജർ അനേകം എന്താണ് അവരെ കുറിച്ച് അഭിപ്രായം എന്ന എന്‍റെ ചോദ്യത്തിനു. മരിയ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. നിങ്ങൾ ഇന്ത്യക്കാർ എന്താണ് ആഫ്രിക്കക്കാരെ കല്യാണം കഴിക്കാത്തത്. ദാർ സലമിൽ നോക്കൂ.. വെളുത്ത വർഗക്കാരും ആഫ്രിക്കൻ വംശജരും പ്രണയിക്കുന്നത് കാണാം. അവരുടെ കുടുംബങ്ങളേയും കുഞ്ഞുങ്ങളെയും കാണാം. പക്ഷെ ഇന്ത്യൻ ആഫ്രിക്കൻ കുടുംബങ്ങൾ എത്ര എണ്ണമുണ്ട്. പക്ഷെ ഇവിടുത്തെ ആശുപത്രികളിൽ അന്വേഷിക്കൂ. ഏറ്റവും കുടുതൽ അബോർഷൻ നടക്കുന്നത് ഇന്ത്യൻ വീടുകളിൽ ജോലിക്ക് നില്കുന്ന അഫ്രിക്കൻ വംശജരായ വീട്ടുജോലിക്കാരികളിൽ ആണ്. അതും പലപ്പോഴും ഭാര്യമാർ തന്നെ വീട്ടുജോലിക്കാരെ കൊണ്ട് വരുന്ന കേസുകളും ഉണ്ടായിട്ടുണ്ട്. വിവാഹേതര ബന്ധങ്ങളെ എതിർക്കുന്നത് മനസിലാക്കാം പക്ഷെ പക്ഷെ പ്രസവിക്കാനും കുഞ്ഞിനെ വളർത്താനും സമ്മതമുള്ളവരെ അബോർഷനു നിർബന്ധിക്കുന്നതാണ് മനസിലാകാത്തത്‌. ആഫ്രിക്കയിലെ സ്ത്രീകള്ക്ക് സ്വന്തം കുഞ്ഞിനെ വളർത്താൻ ആരുടെയും സഹായം വേണ്ട. അപ്പൻ വേണമെന്ന് അവർ നിർബന്ധിക്കാറുമില്ല പിന്നെയും എന്തിനാണീ മനുഷ്യർ ഇങ്ങനെ ചെയ്യുന്നത്. എനിക്ക് ഇന്ത്യൻ മനശാസ്ത്രം മനസിലാവുന്നില്ല.

ഇവിടുത്തെ ഇന്ത്യക്കാരായ പുരുഷന്മാരെ നോക്ക് അവരുടെ ഭാര്യമാർ പ്രസവത്തിനയും മറ്റും നാട്ടിൽ പോകുമ്പോള്‍ എത്രെയോ പേരാണ് ആഫ്രിക്കൻ വംശജരായ സ്ത്രീകളെ അന്വേഷിച്ചു വരുന്നത് . ഇരുട്ടിന്‍റെ മറവിൽ എന്താണ് ചെയ്തു കൂട്ടുന്നത്‌. അവർക്ക് പൊതു സമുഹത്തിൽ ആഫ്രിക്കൻ സ്ത്രീകളെ അംഗീകരിക്കാൻ കഴിയില്ല. സഹതാപം തോന്നുന്നു ഈ കാപട്യം കാണുമ്പോ…
 

മരിയക്കു പോകാൻ ധൃതി ഉണ്ടായിരുന്നതിനാൽ സംസാരം അവിടെ തീർന്നു. ചോദ്യങ്ങൾ തീർന്നിടത്ത് നിന്ന് എനിക്കുത്തരങ്ങൾ കിട്ടി തുടങ്ങുകയായിരുന്നു. ഡൽഹിയിലെ ആഫ്രിക്കൻ വംശജരോടുള്ള നമ്മുടെ വംശീയ അധിക്ഷേപം എന്തു കൊണ്ട് എന്നതിന്‍റെ ഉത്തരം.

കറുപ്പ് പിശാചാണ്, അസുരനാണ്, വില്ലനാണ്, ദുഷ്ടനാണ്. കറുത്ത നിറമുള്ള സാത്താനാണു നരകം ഭരിക്കുന്നത്‌. സ്വർഗത്തിലെ ദൈവം വെളുത്തവനാണ്. വെളുത്ത നിറവും വെള്ള ഉടുപ്പും വെള്ള നിറവുമുള്ള വെള്ള ദൈവം. സത്യം വെളുത്തിരിക്കും കള്ളം കറുത്തിരിക്കും. പിന്നെ ദുഷ്ടന്മാരും ക്രൂരന്മരും കറുത്തിട്ടാണ്. സിനിമയിൽ കണ്ടിട്ടില്ലേ കറുത്ത് തടിച്ചു പൊക്കമുള്ള ഒരു മനുഷ്യൻ അയാളുടെ കൈയ്യിൽ ചങ്ങല. അങ്ങനെ കറുത്ത നിറത്തിന് അറപ്പും വെറുപ്പും ഭയവും അടിച്ചേൽപ്പിക്കുന്നതിൽ ചൂഷകവർഗം വിജയിച്ചിരിക്കുന്നു.

കറുപ്പിന് അറപ്പിന്‍റെയും നിസ്സഹായതയുടെയും ഭയത്തിന്‍റെയും മുഖം നല്കിയത് ജാതി വ്യവസ്ഥയാണ്. നമ്മുടെ മലയാളത്തിലെ അസഭ്യ വാക്കുകൾ പോലും ജാതി വ്യവസ്ഥയുടെ ബാക്കി പത്രങ്ങളാണ്. കറുപ്പിന് നീചത്വവും മ്ലേച്ചതയും ആരോപിച്ചു നല്കിയ അതേ ജാതി വ്യവസ്ഥയാണ്‌ വെളുപ്പിന് സൌന്ദര്യത്തിന്‍റെ കിരീടം നല്കിയത്.

ഓരോ ഇന്ത്യക്കാരന്‍റെയും മനസിൽ അടിസ്ഥാനപരമായി മയങ്ങി കിടക്കുന്ന ഈ ജാതി വ്യവസ്ഥയാണ്‌ വെളുത്ത വർഗക്കാരെ കാണുമ്പൊഴും കറുത്ത വർഗക്കാരെ കാണുമ്പോഴും പ്രതിഫലിക്കുന്നത്. ഇതേ ജാതി വ്യവസ്ഥയാണ്‌ വെളുത്തവന്‍റെ നാട്ടിൽ ചെന്ന് അവിടെ അവരെ കല്യാണം കഴിച്ച് അവിടെ ജീവിക്കാനും കറുത്തവന്‍റെ നാട്ടിൽ അവരെ ചൂഷണo ചെയ്തുപേക്ഷിക്കാനും കാരണമാകുന്നത്.
 

വെളുത്ത മുണ്ടിനു തടുക്കിടുന്ന സ്വഭാവം നമുക്ക് പണ്ടേ ഉണ്ട് വെളുത്ത തൊലി കാണുമ്പോൾ മുട്ട് വളയ്ക്കേണ്ടിടത്തു നടു വളയ്ക്കും. പാശ്ചാത്യ കുത്തകകൾ ഇവിടെ വന്നു നല്ല വിളവെടുക്കുന്നത് നമ്മുടെ വളയുന്ന നട്ടെല്ലിന്റെ അയവു അറിയാവുന്നത് കൊണ്ടാണ്. കറുത്ത നിറമുള്ളവർ എത്ര ഉയർന്ന നിലയിൽ ആയാലും അംഗീകരിക്കാൻ മടിയാകുന്നതും ജാതി  വ്യവസ്ഥയുടെ വേരുകൾ  ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ്. 

ലോകത്തിന്‍റെ എല്ലാ ഭാഗത്തും കൊലപാതകവും മനുഷ്യക്കടത്തും മയക്കുമരുന്നു കടത്തും നടക്കുന്നുണ്ട്. അത് അമേരിക്കയിലായാലും അഫ്ഗാനിസ്ഥാനിലായാലും അംഗോളയിലായാലും അക്രമങ്ങൾക്കും, കുറ്റകൃത്യങ്ങൾക്കും, ചൂഷണങ്ങൾക്കും ജാതി മത വർണ വർഗ വ്യത്യാസമില്ല. അധികാരത്തിന്‍റെയും ചൂഷണത്തിന്‍റെയും മുഖം മാത്രമേയുള്ളൂ.

ഉത്തരേന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും നിഷ്കരുണം പിച്ചിച്ചീന്തി എറിയപ്പെട്ടുകൊണ്ടിക്കുന്ന  ആദിവാസി -ദളിത്‌ പെണ്‍കുട്ടികളുണ്ട്. പല പോലീസ് സ്റ്റേഷനുകളും  മാംസ ചന്തകളായി മാറി കൊണ്ടിരിക്കുന്ന രാജ്യമാണ് നമ്മുടേത്‌. നിസ്സഹായരായ പെണ്‍കുട്ടികളുടെ യോനിയിൽ കല്ല്‌ കേറ്റുമ്പോൾ പോലീസ് സ്റ്റേഷന്‍റെ ചുവരുകൾ പോലുമതറിയില്ല. ചുമരുകള്‍ക്കപ്പുറത്തു തെരുവിൽ സ്ത്രീയുടെ സുരക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ അവളുടെ കറുത്ത, രക്തം പുരണ്ട ശരീരം കാണാതെ പോകുന്നു.

സ്വന്തം പൌരന്‍റെ നീതിയ്ക്ക് പോലും  പല തട്ടുകളുള്ള നമ്മുടെ നാട്ടിൽ അഭയാർഥികൾക്ക് എന്ത് സ്വാതന്ത്ര്യം എന്ത് സുരക്ഷ എന്ത് നീതി..?


 

അറുപത്തിയൊന്ന് രാജ്യങ്ങളുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. വികസ്വര രാജ്യങ്ങളും അവികസിത രാജ്യങ്ങളും ഉൾപെട്ട ഭൂഖണ്ഡം. പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹിക്കപെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഈ നാടിൻറെ ശാപം. നുറ്റാണ്ടുകളായി ചൂഷണത്തിനു വിധേയരായി കൊണ്ടിരിക്കുന്ന മനുഷ്യരാണിവിടെ ഉള്ളത്. ചൂഷണത്തിന്‍റെ ബാക്കി പാത്രമായി ദാരിദ്ര്യത്തിന്‍റെ നെല്ലിപലക കണ്ട പല രാജ്യങ്ങളിലും അക്രമികളുടെ കയ്യിൽ അത്യാധുനിക ആയുധങ്ങളാണ്. ഈ ആയുധങ്ങൾ തന്നെ പരസ്പരം തല്ലികൊല്ലുന്ന ഗോത്രങ്ങളായി തീരാൻ വേണ്ടി മുൻപേ രചിക്കപെട്ട തിരക്കഥ നമുക്ക് വ്യകതമാക്കി തരുന്നുണ്ട്.

കലാപകലുഷിതമായ അന്തരീക്ഷത്തിൽ നിന്നും മെച്ചപെട്ട ജീവിതമാർഗം തേടിയാണ് ആഫ്രിക്കൻ വംശജരായ പലരും ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വന്നിരിക്കുന്ന്വരും ഉണ്ട്. സാമ്പത്തികമായി മുന്നില് നില്ക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന ഇവരെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാണാൻ സാധിക്കും. പക്ഷെ ഇന്ത്യൻ മനസ്സിലെ ഉറങ്ങിക്കിടക്കുന്ന ജാതി വ്യവസ്ഥ പുളിച്ചു തികട്ടി വരുന്നത് കൊണ്ട് കറുത്ത നിറമുള്ളവനെ കൊള്ളക്കരനായി കാണും ഏഴു വയസുള്ള കുഞ്ഞിനെ പോലും കറുത്തതൊലി കാരണം കല്ലെറിയും . ഇന്ത്യയിൽ മയക്കു മരുന്ന് വ്യാപാരത്തിന്‍റെയും മനുഷ്യക്കടത്തിന്‍റെയും കുറ്റകൃത്യങ്ങളുടെയും മൊത്തമായി ആഫ്രിക്കൻ വംശജരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ ഉള്ളിലുള്ള ജാതി വ്യവസ്ഥ പുറത്തേക്ക് തികട്ടി വരുകയാണ് ചെയ്യുന്നത്.
 

 

ഒച്ചയില്ലാത്തവന്‍റെ നേർക്കാണ് പലപ്പോഴും നമ്മുടെ നാവുയരുന്നത്. ആഫ്രിക്കൻ വംശജർ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌തതല്ല മനുഷ്യക്കടത്തും മയക്കുമരുന്നും ഇന്ത്യയിൽ നിലനില്കുന്ന ഒരു വലിയ ചങ്ങലയിലെ കണ്ണികൾ മാത്രമാണവർ. കുറ്റകൃത്യങ്ങൾക്കു വംശീയ നിറം നല്കരുത്. കള്ളക്കടത്തിനും കൊലപതക്തിനും മനുഷ്യക്കടത്തിനും കുറ്റകൃത്യത്തിന്റെ മുഖമേ ഉള്ളു വെളുത്ത മുഖവും കറുത്ത മുഖവുമില്ല. 

പൊതുവികാരം മാനിച്ചു മനുഷ്യനെ തൂക്കി കൊല്ലുന്ന നാട്ടിൽ നീതി എങ്ങനെ നേടിയെടുക്കുമെന്നു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യനെ നിറത്തിന്‍റെയും ജാതിയുടെയും മതത്തിന്‍റെയും അളക്കുന്ന മനോഭാവം നാം എന്നാകും ഉപേക്ഷിക്കുക. ആഫ്രിക്കയിൽ ആയാലും ഇന്ത്യയിൽ ആയാലും കറുത്ത നിറത്തോടുള്ള നമ്മുടെ അറപ്പ് എന്നു മാറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍