UPDATES

ഇന്ത്യ

മഹത്തായ ഭരണഘടനയുടെ അധാര്‍മിക സൂക്ഷിപ്പുകാര്‍

ടീം അഴിമുഖം

 

കേന്ദ്ര നിയമമന്ത്രി അശ്വനികുമാര്‍ പത്രപ്രസ്‌താവനകളും തന്റെ ലേഖനങ്ങളുമായി ഡല്‍ഹിയിലെ പ്രധാന പത്രഓഫീസുകളുടെ കോണിപ്പടികള്‍ കയറി ഇറങ്ങിയിരുന്നത്‌ ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌വരെ പതിവ്‌ കാഴ്‌ചയായിരുന്നു. ടു ജി സ്‌പെക്‌ട്രം വിതരണത്തിലുണ്ടായ പാളിച്ച സര്‍ക്കാരിനെ വെട്ടിലാക്കിയ കാലത്ത്‌ പത്രങ്ങളില്‍ സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ വരുത്തിക്കുകയും ഈ പത്രക്കട്ടിംഗുകള്‍ തന്റെ മികവായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഗുഡ്‌ബുക്കില്‍ കയറിപ്പറ്റാനുമാണ്‌ അശ്വനികുമാര്‍ ശ്രമിച്ചത്‌. ഇക്കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയില്‍ സുപ്രധാന വകുപ്പായ നിയമം ലഭിക്കുന്നതില്‍ വരെ ഈ ശ്രമംം അദ്ദേഹത്തെ സഹായിച്ചു. പത്രഓഫീസുകളില്‍ പോകുന്നതോ വാര്‍ത്ത നല്‍കുന്നതോ ഒരു തെറ്റല്ല, എന്നാല്‍ തെറ്റായ കാര്യങ്ങളെ ന്യായീകരിക്കുകയും അതു വഴി സ്വന്തം ഭാവി കരുപ്പിടിപ്പിക്കുകയും ചെയ്യുന്നത്‌ വളഞ്ഞ വഴി തന്നെയാണ്‌.

പ്രധാനമന്ത്രിയുടെ പ്രീതി സമ്പാദിക്കുന്നതിന്‌ വേണ്ടി അശ്വനികുമാര്‍ ചെയ്‌ത്‌ കൂട്ടിയ കുതന്ത്രങ്ങള്‍ അഴിഞ്ഞ്‌ വീണത്‌ വിവരാവകാശനിയമ പ്രകാരം ലഭിച്ച ഉത്തരത്തിലൂടെ ആയിരുന്നു. ഡോ.മന്‍മോഹന്‍സിംഗിന്റെ ക്ളീന്‍ ഇമേജിനെക്കുറിച്ച്‌ വാനോളം പുകഴ്‌ത്തിയ അശ്വനികുമാറിന്റെ പത്രകട്ടിംഗ്‌ ലഭിച്ചത്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു. ഓരോ വാര്‍ത്തയും പ്രസിദ്ധീകരിക്കുമ്പോള്‍ രാവിലെ തന്നെ വെട്ടിയടുത്ത്‌ കവറിംഗ്‌ ലെറ്ററും വച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ അയക്കുകയായിരുന്നു ഒരു കാലത്ത്‌ ടിയാന്റെ സ്‌ഥിരം പരിപാടി. ബഹുമാനപ്പെട്ട ഡോക്‌ടര്‍ സാഹിബ്‌ എന്ന്‌ ആരംഭിക്കുന്ന എല്ലാ കവറിംഗ്‌ ലെറ്ററുകളുടേയും ഉള്ളടക്കം താന്‍ പ്രധാനമന്ത്രിക്ക്‌ വേണ്ടി എഴുതിക്കൂട്ടുന്ന വീരശൂര പരാക്രമങ്ങളെക്കുറിച്ചായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ കടലാസ്‌ പുലിയാണെങ്കിലും പ്രധാനമന്ത്രിയുടെ കിച്ചന്‍ കാബിനറ്റില്‍ പ്രധാനപ്പെട്ട സ്‌ഥാനമായിരുന്നു കുറച്ചു ദിവസം മുമ്പ് വരെ ഇദ്ദേഹത്തിനുണ്ടായിരുന്നത്.

രാജ്യത്തെ ഏറ്റവും ഉന്നത നിയമ ഉദ്യോഗസ്‌ഥനായ അറ്റോര്‍ണി ജനറല്‍ ജി. ഇ. വാഹന്‍വതിയുടെ കാര്യവും വ്യത്യസ്‌ഥമല്ല. മുംബൈ ഹൈക്കോടതിയില്‍ നിന്ന്‌ പാരച്യൂട്ട്‌ വഴി അദ്ദേഹം പറന്നിറങ്ങിയത്‌ സോളിസിറ്റര്‍ ജനറല്‍ കസേരയിലേക്കായിരുന്നു. അറ്റോര്‍ണി ജനറലായുള്ള വളര്‍ച്ചയും അതിവേഗത്തിലായിരുന്നു. തലനാരിഴ കീറി നിയമം വ്യാഖ്യാനിക്കുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ തലയ്‌ക്ക്‌ മേലേ ആയിരുന്നു ഇദ്ദേഹത്തിന്റെ വളര്‍ച്ച. ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ തന്നെ തന്റെ അടുത്ത സുഹൃത്തായ അനില്‍ അംബാനിക്ക്‌ താല്‍പര്യമുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിയമോപദേശം നല്‍കാന്‍ മടി കാണിച്ചില്ല. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച വാഹന്‍വാദിയെ തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടി ഇത് വരെ സ്വീകരിച്ചിട്ടുള്ള കാര്യങ്ങള്‍ അവസരവാദപരമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവ് കൂടിയാണ്. 

 

സുപ്രീംകോടതിക്ക്‌ മുമ്പാകെ സമര്‍പ്പിക്കേണ്ടിയിരുന്ന സ്‌റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ അശ്വനികുമാറിനും വാഹന്‍വതിക്കും മറ്റ്‌ ഉദ്യോഗസ്‌ഥര്‍ക്കുമായി തുറന്നിട്ടത്‌ വഴി സ്‌ഥാനത്തിന്‌ അര്‍ഹനല്ലെന്ന്‌ സി.ബി.ഐ. ഡയറക്‌ടര്‍ രഞ്‌ജിത്‌ സിന്‍ഹ സ്വയം വിളിച്ചു പറയുകയായിരുന്നു. അടച്ചിട്ട മുറിക്കുള്ളില്‍ നടന്ന ചര്‍ച്ചയില്‍ രഞ്‌ജിത്‌ സിന്‍ഹയോട്‌ അശ്വനികുമാര്‍ കയര്‍ത്ത്‌ സംസാരിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്റെ സ്‌റ്റാറ്റസ്‌ തകര്‍ത്ത്‌ കളയില്ലായിരുന്നു എന്നും പറയാം.

നിയമന്ത്രിയുടെ അനധികൃത ഇടപെടലിനെതിരേ ചൊവ്വാഴ്‌ച സുപ്രീംകോടതി പൊട്ടിത്തെറിച്ചതോടെ ഒരു കാര്യം കൂടുതല്‍ വ്യക്‌തമായി. സര്‍ക്കാരിന്റെ ഇംഗിതത്തിന്‌ അനുസരിച്ച്‌ സി.ബി.ഐ.യുടെ കടിഞ്ഞാന്‍ പിടിക്കല്‍ ഇനി ബുദ്ധിമുട്ടാകും. കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ കൂടുതല്‍ സ്വയംഭരണം ഏജന്‍സിക്ക്‌ നല്‍കിയേ തീരൂ. ഹവാലാ കുംഭകോണത്തിന്‌ ശേഷം വിനീത്‌ നാരായണ്‍ കേസില്‍ സുപ്രീംകോടതി നല്‍കിയ സി.ബി.ഐ.യുടെ സ്വയംഭരണം തികച്ചും അപര്യാപതമാണെന്നാണ്‌ പുതിയ സംഭവ വികാസം തെളിയിക്കുന്നത്‌.

പവന്‍ കുമാര്‍ ബന്‍സാലോ? അധികാരമെന്നത് കുടുംബക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സ്വത്ത് സമ്പാദിക്കാനുള്ള ഒരുപാധിയാണെന്നുള്ള ഇന്ത്യന്‍ രാഷ്ട്രീയ വര്‍ഗത്തിന്റെ ഉത്തമ ഉദാഹരണമാണ് ചണ്ഡീഗഡില്‍ നിന്നുള്ള ഈ ലോക് സഭാംഗം. പുറമെ മികച്ച പ്രതിച്ഛായ ബന്‍സാല്‍ കാത്തു സൂക്ഷിച്ചെങ്കിലും അദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ബന്ധുക്കളും ഓഫീസ് സ്റ്റാഫും ചേര്‍ന്ന് ഒരു കവര്‍ച്ചാ സംഘത്തെ പോലെ പ്രവര്‍ത്തിക്കുകയായിരുന്നു. ബന്‍സാലിന്റെ കാര്യം അബദ്ധവശാല്‍ എങ്കിലും പുറത്തു വന്നു. എന്നാല്‍ പുറത്തറിയാത്ത എത്രയോ കൊള്ള സംഘങ്ങളുടെ താവളമായിരിക്കാം നമ്മുടെ സര്‍ക്കാരുകള്‍? 

അടിവരയിട്ട്‌ പറയേണ്ട ഒരു കാര്യമുണ്ട്‌. ശക്‌തമായ ഭരണഘടനയാണെങ്കിലും അതിന്റെ നടത്തിപ്പുകാര്‍ കെല്‍പ്പില്ലാത്തവരാണെങ്കില്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ സങ്കല്‍പമായി തുടരും. നാടകത്തില്‍ കഥാപാത്രങ്ങളായ എല്ലാവരും തങ്ങളുടെ കസേരക്ക്‌ അര്‍ഹരല്ലെന്ന്‌ ഒറ്റയടിക്ക്‌ തെളിയിച്ചിരിക്കുകയാണ്‌. ഇക്കൂട്ടരുടെ സ്‌ഥാനമാനങ്ങള്‍ പിടിച്ചുവാങ്ങി അര്‍ഹരായവരെ ഏല്‍പ്പിക്കുക എന്നത്‌ പൊതു തെരഞ്ഞെടുപ്പിന്‌ മുമ്പായി ഭരണഘടനയോട്‌ കൂറ്‌ തെളിയിക്കാന്‍ പ്രധാനമന്ത്രിക്ക്‌ ലഭിക്കുന്ന അവസാന അവസരം കൂടിയായിരിക്കും. അതിന്റെ ആദ്യ പടിയായി അശ്വിനി കുമാറിന്‍റെയും പവന്‍ കുമാര്‍ ബന്‍സാലിന്‍റെയും രാജി മാറുമോ എന്നാണ് ഇനി അറിയേണ്ടത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍