UPDATES

സിനിമ

ഉത്പത്തിക്കഥ ക്രൂരമാകുന്നതെങ്ങനെ?

മാര്‍ക്ക് ജോസഫ് സ്റ്റേന്‍ (സ്ലേറ്റ്)

ബൌദ്ധിക സ്വാതന്ത്ര്യം മനുഷ്യവര്‍ഗ്ഗത്തിന് ഒരു സമ്മാനവും അതേസമയം തന്നെ ഭാരവുമാണ്. ചോദ്യങ്ങള്‍ ചോദിക്കാനും പരീക്ഷിക്കാനും സംശയിക്കാനുമുള്ള കഴിവാണ് നമ്മെ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. എന്നാല്‍ സംശയം നമ്മെ സ്വതന്ത്രരാക്കുന്നതു പോലെതന്നെ പേടിപ്പിക്കുന്നതുമാണ്. സംശയിക്കുന്നതിനോടുള്ള പേടിയാണ് ഉത്പത്തിയില്‍ വിശ്വസിക്കുന്നവരുടെ ആധാരം.

എച്ച് ബി ഓയുടെ പുതിയ ഡോക്യുമെന്‍ററിയായ “ക്വെസ്റ്റ്യനിംഗ് ഡാര്‍വി”നില്‍ ഈ ഭയം നന്നായി കാണാം. ബിബ്ലിക്കല്‍ തീവ്രവാദികളുമായുള്ള അഭിമുഖങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം. ഉത്പത്തിവാദം അത്ര അപകടരഹിതമായ ഒരു കെട്ടുകഥയല്ല എന്നാണ് ഡോക്യുമെന്‍ററി വാദിക്കുന്നത്. വിശ്വാസികള്‍ യാഥാര്‍ത്ഥ്യം അറിയുന്നത് ഈ ശ്വാസംമുട്ടിക്കുന്ന ജീവിത വീക്ഷണത്തിലൂടെയാണ്. ഇതിന്‍റെ പ്രധാനലക്ഷ്യമാവട്ടെ കുട്ടികളും. ഉത്പത്തിവാദികള്‍ക്ക് ബൌദ്ധിക അന്വേഷണങ്ങള്‍ ഒരു പാപമാണ്. സംശയിക്കുന്നവര്‍ക്ക് നരകമാണ് ലഭിക്കുക എന്ന് അവര്‍ കരുതുന്നു. അതാണ്‌ ഉത്പത്തിവാദത്തിന്‍റെ ബുദ്ധിയും. ആദ്യം കുട്ടികളെ അവര്‍ അറിവില്ലായ്മയുടെയും കണിശമായ നിയമങ്ങളുടെയും കോട്ടയില്‍ പൂട്ടിയിടും. അതിനുശേഷം താക്കോല്‍ എറിഞ്ഞുകളയും.

നമ്മള്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ ഇരുണ്ടതാണ് ഈ കോട്ട. മരണം, പീഡകള്‍, വേദന, ദുഃഖം, രോഗം എന്നിവയാണ് സംശയിക്കുന്നവര്‍ക്കും ദൈവവചനത്തെ ചോദ്യം ചെയ്യുന്നവര്‍ക്കും ലഭിക്കുക എന്ന് ഉത്പത്തി വാദികള്‍ പറയുന്നു. പാസ്റ്റര്‍ ജോ കോഫി പറയുന്നത് ഇങ്ങനെയാണ്: “നമ്മള്‍ റാന്‍റം മ്യൂട്ടേഷനിലൂടെയാണുണ്ടായതെങ്കില്‍ പിന്നെ മരണം എങ്ങനെ ഉണ്ടാകുന്നു? എവിടെയാണ് പ്രതീക്ഷയുള്ളത്? എവിടെയാണ് സ്നേഹം ഉള്ളത്? എവിടെയാണ് നമ്മെ മനുഷ്യനാക്കുന്ന എന്തും ഉണ്ടാകുന്നത്?”
 

ഉത്പത്തി വാദികള്‍ക്കുള്ള മറുപടി ലളിതമാണ്: പരിണാമം സംഭവിക്കുന്ന ഒരു ലോകത്തില്‍ സ്നേഹമോ മനുഷ്യത്വമോ ഇല്ല. മനുഷ്യരെ മെനഞ്ഞെടുത്തത് ദൈവമായിരിക്കാം; അങ്ങനെയല്ലെങ്കില്‍ നമ്മള്‍ വെറും മൃഗങ്ങളായിരിക്കും, നമുക്ക് അന്തസ്സോ സദാചാരമോ ഉണ്ടാകില്ല. ഒരു വിശ്വാസി പറയുന്നത് ബിബ്ലിക്കല്‍ ക്രൈസ്തവതയുമായി പരിണാമം ചേര്‍ന്നുപോകാത്തത് പരിണാമം മരണത്തെ ഉറപ്പിക്കുകയും ഒരു രണ്ടാംവരവിന്‍റെ സാധ്യത തള്ളിക്കളയുകയും ചെയ്യുന്നതുകൊണ്ടാണ് എന്നാണ്. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ആളുകളെ സഹായിക്കുന്ന അസ്തിത്വവാദ വേവലാതികളെ ഉത്പത്തിവാദികള്‍ തള്ളിക്കളയുന്നു. ആ പേടിയെ അഭിമുഖീകരിക്കുന്നതിനുപകരം അവര്‍ ഒരു വലിയ ഫാന്‍റസിയില്‍ വിശ്വസിക്കുന്നു.

“സത്യം എന്നാല്‍ പലതരം അറിവുകള്‍ ചേര്‍ത്തുവയ്ക്കലല്ല”, പുതിയ തെളിവുകള്‍ എത്രവന്നാലും താന്‍ പരിണാമത്തില്‍ വിശ്വസിക്കാതിരിക്കുന്നതിന്‍റെ കാരണം ഒരു വിശ്വാസി പറഞ്ഞു. “ആകെ ഒരു സത്യമേ ഉള്ളൂ, അത് ബൈബിളിലാണുള്ളത്.” ബൈബിളിലെ ഉത്തരം കിട്ടാത്ത ചില സമസ്യകള്‍ക്ക് വിശദീകരണം കൊടുക്കാനായി ഏതറ്റംവരെയും മനസിനെ വളയ്ക്കുന്ന ഒരു പാസ്റ്ററെയും ഇതില്‍ കാണാം.

ഉത്പത്തിവാദികള്‍ സ്വന്തം കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുകയും അവരെ എല്ലായിടത്തുമുള്ള പബ്ലിക് സ്കൂളുകളില്‍ ചേര്‍ക്കുകയും ചെയ്യുന്നു.
 

ഒരു പാസ്റ്റര്‍ വളച്ചുകെട്ടില്ലാതെ പറയുന്നു, “ബൈബിളില്‍ എവിടെയെങ്കിലും രണ്ടും രണ്ടും അഞ്ചാണെന്ന് കണ്ടാല്‍ ഞാന്‍ അത് ചോദ്യം ചെയ്യില്ല. ഞാന്‍ അത് വിശ്വസിക്കുകയും അത് സത്യമായി അന്ഗീകരിക്കുകയും അതിനെ അങ്ങനെ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും.”

വിശ്വസിക്കുന്നവരെ മാത്രമേ ഉത്പത്തിവാദം ബാധിക്കൂ എന്നാണ് ധാരണ. എന്നാല്‍ ഇവിടെയാണ്‌ അപകടം. തന്നില്‍ത്തന്നെ സ്വന്തം വിശ്വാസങ്ങളെ നിറുത്തുന്നതില്‍ ഒരു ഉത്പത്തിവാദിയും തൃപ്തനല്ല. അവര്‍ വെറുതെ വിശ്വസിക്കുകയല്ല ചെയ്യുക, അവര്‍ സ്വന്തം മക്കളെ പരിണാമം പിശാചാണെന്നു പഠിപ്പിക്കുന്നു. പരിണാമസിദ്ധാന്തം പഠിക്കുന്നതും അതിനെപ്പറ്റി ചിന്തിക്കുന്നത് പോലും പാപമാണെന്നും നരകത്തിന് അര്‍ഹരാകുമെന്നും അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു.

“ഡാര്‍വിന്‍ ചെയ്തത് കൊലപാതകത്തെക്കാള്‍ കഷ്ടമാണ്.”, ഒരാള്‍ പറയുന്നു. “നമ്മള്‍ കാണുന്ന മരണങ്ങളും ദുരിതങ്ങളും ദൈവം ഉണ്ടാക്കിയതല്ല. പരിണാമം വിശ്വസിക്കുന്നത് പോലുള്ള പാപങ്ങളാണ് ഇതിന്റെ കാരണം.” (1859ല്‍ പരിണാമസിദ്ധാന്തം ഉണ്ടാകുന്നതിനു മുന്‍പുണ്ടായ മരണങ്ങളെപ്പറ്റി ഇദ്ദേഹം പറയുന്നില്ല.) ശാസ്ത്രജ്ഞരും ജീവശാസ്ത്ര അധ്യാപകരും സാത്താന്‍റെ നുണകള്‍ പ്രചരിപ്പിക്കുന്നവരാണെന്നു ഇവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. രക്ഷപെടാനാകാത്ത ഒരു മാനസിക തടവറയാണ് ഇത്. ബൌദ്ധിക അന്വേഷണങ്ങള്‍ മാത്രമാണ് രക്ഷപെടാനുള്ള ഏകമാര്‍ഗം.
 

വിശ്വാസികള്‍ പറയുന്നത് ഉത്പത്തിയും പരിണാമവും തമ്മിലുള്ള സംഘര്‍ഷം ദൈവവചനവും മനുഷ്യപാപവും തമ്മിലുള്ളതാണെന്നാണ്. അതുകൊണ്ടാണ് മാതാപിതാക്കള്‍ മക്കളെ യുദ്ധത്തിനൊരുക്കുന്നത്. സെക്കുലര്‍ ആക്രമണങ്ങളില്‍ നിന്ന് മക്കളെ രക്ഷിക്കാനായി ഹോം സ്കൂളിംഗ് നടത്തുന്ന ഒരമ്മയെയും ഇതില്‍ കാണാം. ഡാര്‍വിനിയന്‍ ജീവിതവീക്ഷണത്തില്‍ പെട്ടുപോകുന്നവരുടെ മേല്‍ വീഴാന്‍ പോകുന്ന നരകത്തെപ്പറ്റി പാസ്റ്റര്‍മാര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പരിണാമത്തെപ്പറ്റി പേടിയോടെയും ദേഷ്യത്തോടെയുമാണ്‌ ഇവര്‍ സംസാരിക്കുക. നാച്ചുറല്‍ സെലക്ഷന്‍ ഭ്രാന്താണെന്ന് പറയുന്ന ഇവര്‍ ആദവും ഹവ്വയും ഏദനില്‍ വെജിറ്റേറിയന്‍ ദിനോസറുകളുടെ കൂടെ ജീവിച്ചുവെന്നാണ് പറയുന്നത്. ഹിറ്റ്‌ലര്‍ ഉണ്ടാകാനും കാരണം ഡാര്‍വിന്‍ ആണെന്നാണ്‌ പറയുന്നത്. മയക്കുമരുന്നുകള്‍ക്കും കൊലപാതകങ്ങള്‍ക്കും മറ്റനേകം പ്രശ്നങ്ങള്‍ക്കും കാരണം ഡാര്‍വിന്‍ തന്നെ. ബൈബിളിനെ ചോദ്യം ചെയ്താല്‍ വൈകാതെ നിങ്ങള്‍ കാടന്മാരാകും എന്നാണ് ഇവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്.

ഇത് പ്രാചീനവും വിഷം നിറഞ്ഞതുമായ ഒരു ജീവിതവീക്ഷണമാണ്. ഉത്പത്തിവാദികള്‍ പരിണാമത്തെ മാത്രമല്ല എതിര്‍ക്കുന്നത്. അവര്‍ നവോഥാനത്തെയും അതിനുശേഷമുണ്ടായിട്ടുള്ള സകല ബൌദ്ധിക മുന്നേറ്റങ്ങളെയുമാണ്‌ തള്ളിക്കളയുന്നത്. മനുഷ്യമനസിന്‍റെ ഗുണം ആഘോഷിക്കുന്നതിനുപകരം ചിന്തിക്കുന്നത് പാപമാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ക്രിയാത്മകതയുടെയും ഭാവനയുടെയും ഗുണങ്ങള്‍ ആസ്വദിക്കുന്നതിനുപകരം അവര്‍ പുരാതനമല്ലാത്ത എല്ലാ ആശയങ്ങളെയും തെറ്റായി കരുതുന്നു. പരിണാമം മനുഷ്യത്വത്തെ ഇല്ലാതാക്കുന്നുവെന്ന് പറയുമെങ്കിലും സത്യത്തില്‍ ഉത്പത്തിവാദമാണ് മനുഷ്യത്വരഹിതം. നമ്മുടെ ബുദ്ധിയെ മൂവായിരം കൊല്ലം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി പിറകോട്ടുകൊണ്ടുപോവുകയാണ് ഇവര്‍. ചോദ്യങ്ങള്‍ ചോദിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മുടെ ശത്രുവാക്കി ചിത്രീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഉത്പത്തിവാദമനുസരിച്ച് ബുദ്ധിയുപയോഗിക്കുന്നത് പാപത്തിലേയ്ക്ക് നയിക്കും. സഹനം മാത്രമാണ് മോക്ഷമാര്‍ഗം എന്നാണ് അവര്‍ കരുതുന്നത്.
 

ഇതൊക്കെ അവഗണിച്ച് ഉത്പത്തിവാദികള്‍ വെറുമൊരു ചെറിയ സമൂഹം മാത്രമാണെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ നാല്‍പ്പതുശതമാനം അമേരിക്കക്കാര്‍ പരിണാമത്തില്‍ വിശ്വസിക്കുന്നില്ല എന്നോര്‍ക്കുക. പതിനായിരക്കണക്കിന് കുട്ടികള്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നു. ഇതൊന്നും തമാശയല്ല. യഥാര്‍ത്ഥ വിശ്വാസികള്‍ മറ്റുള്ളവരെയും ഈ മാനസികതടവറയില്‍ അടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. പരിണാമം നമ്മുടെ മനുഷ്യത്വത്തെ എടുത്തുകളഞ്ഞു എന്നവര്‍ വാശിപിടിക്കുന്നു. എന്നാല്‍ സത്യത്തില്‍ അവരുടെ വാദങ്ങളാണ് നമ്മെ മനുഷ്യരാക്കുന്ന എല്ലാത്തിനെയും ഇല്ലാതാക്കുന്നത്. 

Mark Joseph Stern is a Slate contributor. He writes about science, the law, and LGBTQ issues.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍