UPDATES

ഓഫ് ബീറ്റ്

വൂഡി അലന്‍ വളര്‍ത്തുമകളോട് ചെയ്തത്

റഫായേല്‍ ഇഗ്ലെസിയാസ് (സ്ലേറ്റ്)

ഒരു പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത ഒരാള്‍ക്കുവേണ്ടി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അയാള്‍ അവളെ ബലാല്‍സംഗം ചെയ്തുവെന്ന് എനിക്കറിയാമായിരുന്നു, എല്ലാവര്‍ക്കും അറിയാമായിരുന്നു, എന്നാല്‍ എനിക്കാ ജോലി വേണമായിരുന്നു. എട്ടാംവയസില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും ആ ജോലി സ്വീകരിക്കാന്‍ ഞാന്‍ മടിച്ചുനിന്നില്ല. മുപ്പതു വര്‍ഷം കഴിഞ്ഞും ആ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ കഷ്ടപ്പെടുകയായിരുന്നു.

കലാമൂല്യമുള്ള സിനിമകള്‍ എന്ന് വിളിക്കാവുന്ന ചിത്രങ്ങളെടുത്ത ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് റോമാന്‍ പോളാന്‍സ്കി. 1992ല്‍ വാര്‍ണര്‍ ബ്രദേര്‍സ് എന്നോട് ഏരിയല്‍ ഡോര്‍ഫ്മാന്‍റെ നാടകമായ ഡെത്ത് ആന്‍ഡ് ദി മേയ്ടെന്‍ പോളാന്‍സ്കിക്ക് സംവിധാനം ചെയ്യാനായി തിരക്കഥഎഴുതാന്‍ പറഞ്ഞു. ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകുന്ന ഒരു സ്ത്രീയുടെ കഥയാണിത്‌. പൌലീന എന്ന നായിക തന്നെ പീഡിപ്പിച്ച മനുഷ്യനെ തടങ്കലില്‍ വെയ്ക്കുന്നു. താനല്ല അത് ചെയ്തത് എന്ന് അയാള്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്. അവര്‍ അയാളെ വിശ്വസിക്കുമോ അതോ അയാളെ കൊല്ലുമോ എന്നതാണ് കഥയിലെ നാടകീയത. പോളാന്‍സ്കിക്കുവേണ്ടി ജോലിചെയ്യാന്‍ വേണ്ടി ഞാന്‍ സാധാരണയിലും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ സമ്മതിച്ചു. ഒരു എഴുത്തുകാരന്‍ എന്ന നിലയിലുള്ള എന്‍റെ സ്വപ്നങ്ങളെ സംബന്ധിച്ച് ഇത് നല്ല ഒരവസരമായിരുന്നു. ഒരു റേപ്പിസ്റ്റിന്‍റെ കൂടെ ജോലി ചെയ്യുക എന്നാല്‍ അയാളുടെ കുറ്റം ക്ഷമിക്കുക എന്നല്ല.

പീഡനം എന്നുള്ള വാക്കാണ്‌ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ ഏറെ വിഷമിപ്പിക്കുന്നത്. പീഡനം എന്ന വാക്കില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാകുന്നില്ല. എന്‍റെ ചെറുപ്പത്തില്‍ എനിക്ക് സംഭവിച്ചതില്‍ എനിക്ക് ലജ്ജയുണ്ട്, അയാള്‍ എന്നെ പീഡിപ്പിച്ചുവെന്നാണ് ഞാന്‍ പറയുക. എന്‍റെ എട്ടുവയസുള്ള ലിംഗം വായില്‍ വയ്ക്കുകയും എന്‍റെ ചുണ്ടില്‍ ഉമ്മ വയ്ക്കുകയും എന്‍റെ വായിലേയ്ക്ക് അയാളുടെ നാക്ക് ഇറക്കുകയുമാണ് ചെയ്തത്, ബലമായി ഗുദരതി നടത്തിയില്ല. എന്നാല്‍ എന്നെ ബലാല്‍സംഗം ചെയ്തു എന്ന് ഞാന്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ഉടന്‍ തന്നെ ബലമായ ഗുദരതി നടന്നുവെന്ന് തീരുമാനിക്കും. അയാള്‍ എന്തുചെയ്തു എന്ന് വിശദമാക്കുന്നതിനുപകരം ഞാന്‍ പീഡനം എന്ന വാക്കാണ്‌ ഉപയോഗിക്കാറ്.
 

എങ്കിലും എന്താണ് നടന്നതെന്ന് ആളുകള്‍ക്ക് മനസിലാകണമെങ്കില്‍ കൃത്യമായി എന്തുനടന്നുവെന്ന് ഞാന്‍ പറയണമായിരുന്നു. എന്നെ ആരും ബലമായി പിടിച്ചു ക്രൂരമായി ബലാല്‍സംഗം ചെയ്തില്ല. എനിക്ക് ഏറ്റവും നാണക്കെടുണ്ടായ കാര്യം എന്‍റെ ലിംഗം ഒരാള്‍ താലോലിച്ചപ്പോള്‍ പ്രതികരിച്ചുവന്നതാണ്. ആദ്യമായി സ്പര്‍ശത്തോട് ലിംഗം പ്രതികരിക്കുന്നത് അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്. എന്നാല്‍ ഇരുപതു വര്‍ഷം കഴിഞ്ഞാണ് അയാള്‍ ചെയ്തത് എന്താണ് എന്നെനിക്ക് പൂര്‍ണ്ണമായി മനസിലാകുന്നത്. ലൈംഗികാനന്ദത്തെപ്പറ്റിയുള്ള എന്‍റെ ആദ്യാനുഭവത്തില്‍ എനിക്ക് യാതൊരുപങ്കും തരാതിരിക്കുകയാണ് അയാള്‍ ചെയ്തത്. ബലാല്‍സംഗം എന്ന് മനുഷ്യര്‍ പറയുന്നതിന്‍റെ ശരിയായ അര്‍ഥം അത് തന്നെയാണ്.

സ്വാഭാവികമായി തന്നെ ഡിലന്‍ ഫാരോ എഴുതിയ കത്തും വൂഡി അലന്‍ പീഡിപ്പിച്ചു എന്ന ആരോപണവും കണ്ടപ്പോള്‍ എന്താണ് അയാള്‍ ചെയ്തത് എന്ന് കൃത്യമായി പറയാത്തത് ഒരു പിശകാണെന്ന് എനിക്ക് തോന്നി. ഒരു ലൈംഗിക പീഡനം നടന്നുവെന്നതിനു തെളിവുകളൊന്നും ഇല്ലെന്ന് ആളുകള്‍ക്ക് പറയാന്‍ കഴിഞ്ഞേക്കും. ഞാന്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും തെളിവുകള്‍ ഒന്നും കാണിക്കാന്‍ ഉണ്ടായിരുന്നില്ല.

വൂഡി അലന്‍ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ്. എന്‍റെ തലമുറ അഭിമാനത്തോടെയാണ് വൂഡി അലനെ കാണുന്നത്. കുട്ടികകാലത്ത് ലൈംഗികപീഡനത്തിന് ഇരകളായവര്‍ക്ക് മാത്രം മനസിലാകുന്ന ഒരു കാര്യമുണ്ട്. എല്ലാവരും സ്നേഹിക്കുന്ന ഒരു കലാകാരന്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു എന്ന് പറയുന്നതും അയാള്‍ ആ കുട്ടിയുടെ രഹസ്യഭാഗങ്ങള്‍ ഓമനിച്ചു എന്നുപറയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഡിലന്‍ ഫാരോ എന്താണ് നേരിട്ടത് എന്ന് വിശദീകരിക്കേണ്ടത് പ്രധാനമാണ്. പീഡിപ്പിക്കപ്പെട്ടിട്ടുള്ള കുട്ടികള്‍ക്ക് മനസിലാകുന്ന കാര്യമാണിത്. അധികാരസ്ഥാനത്തുള്ള ഒരു മനുഷ്യന്‍ തന്‍റെ കെട്ടിപ്പിടിക്കലുകളെ രഹസ്യഭാഗങ്ങളില്‍ തൊട്ടുരുമ്മുന്നതാക്കി മാറ്റുന്നത് ഒരു സൈക്യാട്രിസ്റ്റിനോ പോലീസിനോ സിനിമാനിരൂപകണോ മനസിലാകുന്നതുപോലെതന്നെയാണ് ഒരു ഏഴുവയസുള്ള കുട്ടിക്കും മനസിലാകുക. കുട്ടികളുടെ മേല്‍ മുതിര്‍ന്നവര്‍ക്കുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന ക്രൂരബലാത്സംഗങ്ങള്‍ പോലും പീഡനം എന്ന വാക്കുകൊണ്ട് വിവരിക്കപ്പെടാറുണ്ട്.
 

ഏഴാം വയസില്‍ ഡിലനോട് ഒരുപാട് ചോദിച്ചുകഴിഞ്ഞാണ് അവള്‍ ഈ പീഡനവിവരം പുറത്തുപറഞ്ഞത് എന്ന് കുട്ടിയുടെ അന്നത്തെ ഒരു ആയ പറയുന്നുണ്ട്. ഞാന്‍ പീടിപ്പിക്കപ്പെടുമ്പോള്‍ എനിക്ക് ഒരു വയസുകൂടി കൂടുതലുണ്ടായിരുന്നു. ഞാന്‍ സംഭവിച്ചതൊന്നും ആരോടും പറഞ്ഞില്ല. എന്താണ് സംഭവിച്ചത് എന്ന് ആരെങ്കിലും എന്നോട് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നാണംകെട്ട് മരിച്ചുപോകുമായിരുന്നു. അത് വിവരിക്കാനുള്ള വാക്കുകള്‍ പോലും എനിക്കറിയില്ലായിരുന്നു അന്ന്. ആദ്യമായി പീഡിപ്പിക്കപ്പെട്ടുകഴിഞ്ഞ് കുറച്ചാഴ്ചകള്‍ കഴിഞ്ഞ് ഇതേ ആള്‍ തന്നെ എന്‍റെ സാന്നിധ്യത്തില്‍ എന്‍റെ സുഹൃത്തിനെയും അവന്‍ കാണ്‍കെ എന്നെയും വീണ്ടും പീഡിപ്പിച്ചു. ഞങ്ങള്‍ക്ക് സംഭവിച്ചതിനെപ്പറ്റി ഞങ്ങള്‍ ഒരിക്കലും ചര്‍ച്ച ചെയ്തില്ല. ഞങ്ങളെ പീഡിപ്പിച്ചയാള്‍ ഒരു ബന്ധുവോ രണ്ടാനച്ഛനോ വളര്‍ത്തച്ഛനോ അച്ഛനോ അധ്യാപകനോ അല്ല. എന്‍റെ മേല്‍ അയാള്‍ക്ക് യാതൊരുതരം അധികാരവും ഉണ്ടായിരുന്നില്ല. എന്‍റെ സുഹൃത്തും എന്‍റെ ഒപ്പം നില്‍ക്കുമായിരുന്നിരിക്കണം. എങ്കിലും ഒരിക്കലും ഇതാരോടും പറയാന്‍ ഞാന്‍ തുനിഞ്ഞില്ല, പ്രത്യേകിച്ച് എന്‍റെ അച്ഛനമ്മമാരോട്. അവര്‍ ഇത് മനസിലാക്കി എന്നോട് ചോദിച്ചിരുന്നെങ്കില്‍ പോലും കുറ്റം ചെയ്തയാളെപ്പോലെ ഞാന്‍ ഒഴിഞ്ഞുമാറിയേനെ. എനിക്ക് ഈ മനുഷ്യനെ പരിചയമുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ ഒരു മുതിര്‍ന്നയാളായിരുന്നു. അയാള്‍ ചെയ്യുന്നത് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഞാന്‍ അയാളെ വിളിച്ചുവരുത്തിയതാണെന്നും ഒക്കെ അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചു.

ഡിലന്‍ ആ സമയത്തു അസ്വസ്ഥയായിരുന്നു എന്ന് ഡോക്ടര്‍മാരും കേസ് അന്വേഷിക്കുന്നവരും പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട് കുറച്ചുമാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ എന്‍റെ മുറി തീയിടുകയാണ്‌ ചെയ്തത്. തീ കെടുത്താന്‍ വന്നവര്‍ ഞങ്ങളുടെ വീട് നാശമാക്കി. ഈ സംഭവം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനും എന്‍റെ സുഹൃത്തും സംസാരിക്കാതെയായി. പതിനാലുവയസില്‍ ഞാന്‍ മദ്യപാനവും മയക്കുമരുന്നുപയോഗവും തുടങ്ങി. എട്ടാം ക്ലാസില്‍ പകുതി ക്ലാസ്സുകളില്‍ കയറിയില്ല. പതിനഞ്ചുവയസില്‍ സ്കൂള്‍ ഉപേക്ഷിച്ചു വീട്ടില്‍ നിന്നും ഓടിപ്പോയി. ഇതൊക്കെ ആ സംഭവം മൂലമാണോ എന്ന് അന്ന് നിങ്ങള്‍ എന്നോട് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ ദേഷ്യപ്പെട്ടേനെ. എന്നെ അറിയാവുന്ന ആര്‍ക്കും മനസിലാകുമായിരുന്നു ഞാന്‍ അസ്വസ്ഥനായിരുന്നുവെന്ന്. ഞാന്‍ അസ്വസ്ഥനായിരുന്നു. എന്‍റെ സ്വന്തം ആഗ്രഹങ്ങള്‍ അറിയാനുള്ള കഴിവു എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നോട് സ്നേഹം കാണിക്കുന്ന ആളുകളോട് എനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എനിക്ക് പോകാന്‍ ആഗ്രഹമില്ലാത്ത ഒരിടത്തേയ്ക്കാണ് എന്നെ അവര്‍ കൂട്ടിക്കൊണ്ടുപോവുക എന്ന് ഞാന്‍ കരുതാന്‍ തുടങ്ങി. മറ്റാരും അറിയാന്‍ പാടില്ലാത്ത ഒരു രഹസ്യത്തിന്‍റെ ഭാരം എന്നെ അസ്വസ്ഥനാക്കി.
 

പ്രതികാരബുദ്ധിയുള്ള മിയ ഫാരോ മകളെക്കൊണ്ട് ഇങ്ങനെ പറയിച്ചുവെന്ന് വൂഡി അലന്‍ പറയുന്നത് നേരാകുമോ? അതുമാകാം. കുട്ടിയോടുള്ള സ്നേഹം അയാള്‍ ലൈംഗികമായി പ്രകടിപ്പിച്ചതുമാകാം. ലക്ഷക്കണക്കിന്‌ ആരാധകരാല്‍ സ്നേഹിക്കപ്പെടുന്ന ഒരാള്‍ക്കെതിരെയാണ് ഇന്ന് മുതിര്‍ന്നയാളായ ഡിലന്‍ ഇത്തരമൊരാരോപണം കൊണ്ടുവരുന്നത്. വിവാഹമോചനം നേടിയ അമ്മയുടെ സന്തോഷത്തിനു വേണ്ടിയാവില്ല ഡിലാന്‍ ഇത് പറയുന്നത്. ഇപ്പോഴും നുണ പറയണമെങ്കില്‍ അവള്‍ക്ക് യഥാര്‍ത്ഥലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കണം.

ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ട് ഇരുപതു വര്‍ഷം കഴിഞ്ഞു. എനിക്ക് ഇരുപത്തിയെട്ട് വയസാണ്, ഡിലാന്‍റെ അതെ പ്രായം. എന്‍റെ ജീവിതം ഒരു തരത്തില്‍ നേരെയായി. എനിക്ക് നല്ലൊരു ജോലിയുണ്ട്, ഞാന്‍ വിവാഹിതനാണ്, അച്ഛനാണ്. സന്തോഷിക്കാനുള്ള എല്ലാ കാരണങ്ങളും എനിക്കുണ്ട്. എന്നാല്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല. എന്‍റെ ഭാര്യയോടു ഞാന്‍ എനിക്ക് സംഭവിച്ചത് പറഞ്ഞു. എന്റെ കുറച്ച് അടുത്തസുഹൃത്തുക്കളോട് പറഞ്ഞു. എന്നെ പീഡിപ്പിച്ചയാല്‍ എവിടെയാണെന്ന് എനിക്കറിയില്ല, അറിയാന്‍ ഞാന്‍ ശ്രമിച്ചുമില്ല. എന്നെ പീഡിപ്പിച്ചയാള്‍l പ്രശസ്തനല്ല. അയാളുടെ വിജയങ്ങളെപ്പറ്റി എന്നും വായിക്കേണ്ട അവസ്ഥ എനിക്കില്ല. അയാളെ ആദരിക്കുന്ന ചടങ്ങുകള്‍ എനിക്ക് ടിവിയില്‍ കാണേണ്ടിവന്നിട്ടില്ല. എങ്കിലും ഇരുപതു വര്‍ഷം കഴിഞ്ഞും ആ ഓര്‍മ്മകള്‍ സദാ തികട്ടിവരുന്നു. ആരെങ്കിലും എന്നെ പറഞ്ഞുപഠിപ്പിച്ച കഥയാണിത് എന്ന് പറയാന്‍ കഴിയില്ല.
 

ഒടുവില്‍ ഞാന്‍ ഡോക്ടറെ കണ്ടു ഈ വിവരം പറഞ്ഞപ്പോള്‍ അവര്‍ ഞാന്‍ ഈ സംഭവം വിവരിക്കുന്നതൊന്നും കേള്‍ക്കാന്‍ മിനക്കെട്ടില്ല. ഒരു മുതിര്‍ന്നയാള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏല്‍ക്കേണ്ട കാര്യം ഒരു എട്ടുവയസുകാരനില്ല എന്ന് അവര്‍ പറഞ്ഞു. എന്‍റെ നാല്‍പ്പതുകളില്‍ ഞാന്‍ ഇത് എന്‍റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവരും എന്നോട് വിശദവിവരങ്ങള്‍ തെരക്കിയില്ല. എന്‍റെ ഭാര്യയും സുഹൃത്തുക്കളും അത് അന്വേഷിച്ചില്ല. ആളുകള്‍ക്ക് എന്നെയോര്‍ത്ത് വിഷമം തോന്നി, എന്‍റെ പ്രശ്നങ്ങള്‍ മാറണമെന്ന് അവര്‍ ആഗ്രഹിച്ചു. അയാളെപ്പറ്റി പറയാന്‍ അവര്‍ “വൃത്തികെട്ടവന്‍” തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു. അവരുടെ പ്രിയപ്പെട്ട സിനിമകള്‍ സംവിധാനം ചെയ്ത ഒരാളായിരുന്നു അയാളെങ്കില്‍ ഇത്രവേഗം അവര്‍ എന്നോട് സഹതപിക്കുകയും അയാളെ വില്ലനാക്കുകയും ചെയ്യുമോ എന്നെനിക്ക് സംശയമുണ്ട്‌. 

ബാലലൈംഗിക പീഡനങ്ങളില്‍ ഞാന്‍ ഒരു വിദഗ്ധനൊന്നുമല്ല. ഞാന്‍ ഒരു വക്കീലല്ല. ഈ വിധി പറയാന്‍ വേണ്ട തെളിവുകള്‍ എല്ലാം ഞാന്‍ പരിശോധിച്ചിട്ടില്ല. എങ്കിലും വൂഡി അലന്‍ ഡിലന്‍ ഫാരോയെ ലൈംഗികമായ പ്രേരണകളിലൂടെ വശത്താക്കുകയും പീഡനം എന്ന് ഞാന്‍ കരുതുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ എനിക്കെന്തുതോന്നുന്നു എന്നത് ആരെങ്കിലും ശ്രദ്ധിക്കുമോ? അങ്ങനെ തന്നെയാവുകയും വേണം കാര്യങ്ങള്‍. വൂഡി അലന്‍ നിയമപരമോ സാമ്പത്തികമോ ആയ പ്രതിസന്ധികള്‍ നേരിടുന്നില്ല. അയാളുടെ സിനിമകള്‍ ആളുകള്‍ കാണുകയും ആസ്വദിക്കുകയും ആദരിക്കപ്പെടുകയും ചെയ്യും. എങ്കിലും ഞാന്‍ ഡിലന്‍ ഫാരോയെ വിശ്വസിക്കുന്നു.

എന്നാല്‍ അതുകൊണ്ട് വൂഡി അലന്‍ എന്ന സിനിമാപ്രവര്‍ത്തകനെ ഉപരോധിക്കേണ്ട കാര്യമില്ല. നടന്മാരോ എഴുത്തുകാരോ നിര്‍മ്മാതാക്കളോ പോലീസുകാരും ജഡ്ജിമാരുമല്ല. അവര്‍ ചെയ്യുന്ന ജോലിയില്‍ അവരുടെ ആശയങ്ങളുടെ ഗുണമേന്മയ്ക്ക് മാത്രമാണ് പ്രാധാന്യം.
 


 

ഡെത്ത് ആന്‍ഡ് ദി മെയ്ഡന്‍ എന്ന നാടകത്തിന്‍റെ സിനിമാവിഷ്ക്കാരത്തിനുവേണ്ടി ഞാന്‍ ആദ്യമായി റോമാന്‍ പോളാന്‍സ്കിയോട് സംസാരിച്ചപ്പോള്‍ രണ്ടുപ്രധാന മാറ്റങ്ങള്‍ കഥയില്‍ വരുത്തിയാല്‍ മാത്രമേ ഞാന്‍ ജോലി ചെയ്യൂ എന്ന് പറഞ്ഞു. നാടകത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്ന് പൌളീന ഒരിക്കലും പറയുന്നില്ല. തന്നെ പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് അവളുടെ ഭര്‍ത്താവിനോട് തെളിയിക്കാന്‍ അവള്‍ക്ക് ആകുന്നില്ല. അവളുടെ പീഡനകഥയും തനിക്ക് എന്താണ് സംഭവിച്ചതെന്നും പൌളീന കൃത്യമായി ഭര്‍ത്താവിനോട് വിവരിക്കുന്ന രംഗം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തീര്‍ച്ചയായും, അവള്‍ക്ക് സംഭവിച്ചതെന്തെന്ന് അവള്‍ പറയണം, പോളാന്‍സ്കി പറഞ്ഞു. പീഡിപ്പിച്ചയാള്‍ താന്‍ ചെയ്ത തെറ്റ് ഏറ്റുപറയണം എന്നതായിരുന്നു ഞാന്‍ ആവശ്യപ്പെട്ട രണ്ടാമത്തെ മാറ്റം. പൌളീന തിരിച്ചറിഞ്ഞയാള്‍ തന്നെയാണ് ശരിയായ പീഡകന്‍ എന്ന് പറയുകയാണ്‌ ഇതിന്‍റെ ലക്‌ഷ്യം. ഈ നാടകം അതിന്‍റെ അവ്യക്തത മൂലം പ്രശസ്തമായതാണ്‌. നായിക ഒടുവില്‍ തന്നെ പീഡിപ്പിച്ചയാളിനോട് ക്ഷമിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഇത് തന്നെയാണ് കുറ്റക്കാരന്‍ എന്ന ഉറപ്പ് വരുന്നില്ലെങ്കില്‍ അവളുടെ ക്ഷമകൊടുക്കലിന് വില കുറയുന്നുവെന്ന് ഞാന്‍ പോളാന്‍സ്കിയോട് പറഞ്ഞു. മാത്രമല്ല അത്തരം അവ്യക്തത ഒരു തട്ടിപ്പുമാണ്. പൌളീനയ്ക്കും പീഡിപ്പിച്ചയാളിനും അറിയാം എന്താണ് സത്യമെന്ന്, പിന്നെ നമ്മില്‍ നിന്നുമാത്രം എന്തിനത് മറച്ചുവയ്ക്കണം. തീര്‍ച്ചയായും, അയാള്‍ തെറ്റുകാരനാണോ അല്ലയോ എന്ന് കാണികളോട് പറയാതിരിക്കുന്നത് ശരിയല്ല, പൊളാന്‍സ്കി പറഞ്ഞു. ഒരു റേപ്പിസ്റ്റിന്‍റെയൊപ്പം ജോലി ചെയ്യുക എന്നാല്‍ അയാളുടെ കുറ്റം മറക്കുക എന്നല്ല.

ഒരാളുടെ സിനിമകള്‍ ആസ്വദിക്കുന്നതുകൊണ്ട് അയാളുടെ ജീവിതം മഹത്തരമാണെന്നു കരുതണമെന്നില്ല. വൂഡി അലന്‍ തന്നെ പറയുന്നത് തന്‍റെ ജീവിതം മഹത്തരമായ ഒന്നിന് ഉദാഹരണമല്ല എന്നാണ്. “ഹൃദയത്തിനുവേണ്ടത് അതിനുവേണം”, വൂഡി അലന്‍ സ്ഥിരമായി പറയുന്ന ഒരു വാചകമാണിത്. എന്തായാലും പീഡിപ്പിക്കപ്പെട്ടിട്ടും ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുമുള്ളവര്‍ക്കും അറിയാം ഹൃദയത്തിന്‍റെ ആഗ്രഹങ്ങള്‍ അത്ര അഭികാമ്യമല്ലെന്ന്.

Rafael Yglesias is a novelist and screenwriter.  His latest novel is A Happy Marriage.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍