UPDATES

ഓഫ് ബീറ്റ്

ഫേസ്ബുക്കിലെ അമ്മമാര്‍ ശല്യക്കാരോ?

ആന്ദ്രിയ ആപ്പിള്‍ട്ടന്‍ (സ്ലേറ്റ്)

കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ കണ്ടുമടുത്ത ആളുകള്‍ രണ്ടായിരത്തിപന്ത്രണ്ടില്‍ ഒരു മാര്‍ഗം കണ്ടെത്തി. ഗൂഗിള്‍ ക്രോം ബ്രൌസറിന്‍റെ ഒരു എക്സ്റ്റെന്‍ഷന്‍ ആണ് സംഭവം. പേര് unbaby.me. ഒരു കുട്ടിയുടെ ഫോട്ടോയോട് ചേര്‍ന്നുവരാന്‍ സാധ്യതയുള്ള വാക്കുകള്‍ നോക്കി ന്യൂസ്ഫീഡില്‍ നിന്ന് അവ ഒഴിവാക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുക. അതുകഴിഞ്ഞാല്‍ “എന്‍റെ കുട്ടി പംപ്കിന്‍റെ ആദ്യപിറന്നാള്‍” എന്നൊക്കെയുള്ള തരം ഫോട്ടോകള്‍ നിങ്ങള്‍ കാണേണ്ടിവരില്ല. പകരം ബെനഡിക്റ്റ് കമ്പര്‍ബാക്കോ ഉടുപ്പിട്ട പട്ടിക്കുട്ടികളോ ജസ്റ്റിന്‍ ബീബറോ ഒക്കെ നിങ്ങള്‍ക്കു മുന്നില്‍ വരും.

2013 ആയപ്പോള്‍ അവാര്‍ഡുകള്‍ നേടിയ ഈ സാങ്കേതികവിദ്യക്ക് രണ്ടുലക്ഷത്തോളം ഉപയോക്താക്കളുണ്ട്. അണ്‍ബേബിക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റില്‍ ഒരു ബ്ലോഗര്‍ പറയുന്നത് അയാളുടെ ഏക സങ്കടം കുട്ടികളുടെ ചിത്രങ്ങള്‍ക്ക് പകരം അശ്ലീല ചിത്രങ്ങള്‍ വരുന്നില്ല എന്നതാണ്.
 

സ്വന്തം ഫെസ്ബുക്ക് ഫീഡില്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഒരുപാട് എത്തിയപ്പോഴാണ് ഈ ആശയം ഉണ്ടായതെന്ന് അണ്‍ബേബി സൃഷ്ടാവ് ക്രിസ് ബേക്കര്‍ പറയുന്നു. മറ്റുചില ബ്ലോഗുകളും മറ്റും ഈ പല്ലവി ആവര്‍ത്തിച്ചു: പുതുതായി മാതാപിതാക്കളാകുന്നവര്‍ സോഷ്യല്‍മീഡിയ മുഴുവന്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍കൊണ്ടു നിറയ്ക്കുകയാണ്, കുട്ടികളില്ലാത്ത അവരുടെ സുഹൃത്തുക്കള്‍ക്ക്‌ ഇത് കണ്ടുമടുത്തിരിക്കുന്നു.

എന്നാല്‍ പുതിയ ഒരു പഠനം പറയുന്നത് പ്രശ്നം ഈ മാതാപിതാക്കളുടെയല്ല, ഫെസ്ബുക്കിന്‍റെ അല്‍ഗോരിതത്തിന്‍റെയാണ് എന്നാണ്. നാനൂറിലേറെ അമ്മമാരുടെയിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം. ചെറിയ കുട്ടികളുടെ അമ്മമാര്‍ തങ്ങള്‍ക്ക് കുട്ടിയുണ്ടാകുന്നതിനുമുന്‍പ് പോസ്റ്റ്‌ ചെയ്തിരുന്നതിനേക്കാള്‍ കുറവ് ചിത്രങ്ങളാണ് ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യുന്നതെന്നും അതില്‍ തന്നെ പല പോസ്റ്റുകളും കുട്ടിയെപ്പറ്റിയല്ലെന്നുമാണ് പഠനം പറയുന്നത്. മാത്രമല്ല കുട്ടി ജനിച്ച് ആദ്യമാസം കഴിയുമ്പോള്‍ മുതല്‍ കുട്ടിയെപ്പറ്റിയുള്ള പോസ്റ്റുകള്‍ കുറയുകയും ചെയ്യുന്നു.
 

രണ്ടുചെറിയ കുട്ടികളുടെ അമ്മയും പഠനം നടത്തിയയാളുമായ കമ്പ്യൂട്ടര്‍ സയന്‍റ്സ്റ്റ് മേരെടിത്ത് റിങ്ങല്‍ മോറിസ് പറയുന്നത് “പോപ്പുലര്‍ മീഡിയ മുഴുവന്‍ കുട്ടികളെപ്പറ്റിയാണ്‌ എന്നൊരു ധാരണയുണ്ടെന്നും എന്നാല്‍ അമ്മമാര്‍ ചെയ്യുന്നതിന്‍റെ ചെറിയ ഒരു ശതമാനം മാത്രമാണ് കുട്ടികളെ പറ്റിയുള്ളത് എന്നുമാണ്.”

മറ്റു പോസ്റ്റുകളെയപേക്ഷിച്ച് അമ്മമാര്‍ പോസ്റ്റ്‌ ചെയ്യുന്ന കുട്ടി പോസ്റ്റുകള്‍ക്ക് കൂടുതല്‍ ലൈക്കുകളും കമന്‍റ്കളും കിട്ടുന്നുണ്ടെന്നും മോറിസിന്‍റെ പഠനം സൂചിപ്പിക്കുന്നു. ഒരു പോസ്റ്റിന് കൂടുതല്‍ ദൃശ്യത കിട്ടുന്നതിന്‍റെ ഒരു കാരണം അതിന്‍റെ പോപ്പുലാരിറ്റിയാണെന്നും അങ്ങനെയാണ് ഫേസ്ബുക്ക് അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ലൈക്കുകളും കമന്‍റ്കളും കിട്ടുന്നതോടെ ആ പോസ്റ്റ്‌ മറ്റുള്ളവരുടെ ഫീഡുകളില്‍ കടന്നുചെല്ലുന്നു. അതുകൊണ്ട് പോട്ടി ട്രെയിനിങ്ങിനെപ്പറ്റി അറിയാന്‍ താല്പ്പര്യമില്ലാത്തവര്‍ക്കും അത് കാണേണ്ടിവരുന്നു.
 

പഠനത്തിനു അതിന്‍റേതായ പ്രശ്നങ്ങളുമുണ്ട്. അച്ചന്മാര്‍ പഠനവിഷയമായിട്ടില്ല. കൂടുതല്‍ സ്ത്രീകളും വെളുത്ത ഉപരിവര്‍ഗസ്ത്രീകളാണ്. എങ്കിലും കുഞ്ഞുങ്ങളുള്ള അമ്മമാരുടെ ഫേസ്ബുക്ക് ഉപയോഗത്തെപ്പറ്റിയുള്ള ആദ്യ പഠനമാവണം ഇത്. ഇതില്‍ പ്രശ്നങ്ങലുണ്ടെങ്കിലും പോപ്പുലര്‍ സംസ്കാര വിശ്വാസം പോലെ അമ്മമാര്‍ (ഫേസ്ബുക്കില്‍ എങ്കിലും) അത്ര ശല്യക്കാരല്ല എന്നാണ് പഠനം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍