UPDATES

സിനിമ

ഒരു പൈങ്കിളി പ്രണയത്തിന്‍റെ കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രം

സഫിയ

“ജീവിതം കോഞ്ഞാട്ടയായപ്പോള്‍ കൂടെ കട്ടക്ക് നിന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ചും എബ്രഹാം മാമന്‍ നിനക്കും, കൃത്യ സമയത്ത് ഇട്ടേച്ചു പോയ പൂര്‍വ കാമുകി, നിനക്കും”, എന്നാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസെഫിന്‍റേതായി സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കുന്ന നന്ദി വാചകം. അതോടൊപ്പം ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യത്തിന്‍റെ ഹാസ്യാനുകരണവും പ്രത്യക്ഷപ്പെടുന്നു. ഇത്രയും കൊണ്ടുതന്നെ കാണാന്‍ പോകുന്ന പൂരത്തിന്‍റെ സൂചനകള്‍ തരുന്നുണ്ട് ഓമ ശാന്തി ഓശാനയുടെ അണിയറക്കാര്‍.

1980കളില്‍ തുടങ്ങി സാറ്റലൈറ്റ് ചാനലുകളുടെയും ഓര്‍ക്കുട്ടിന്റെയും കാലം വരെ നീളുന്ന പ്രണയ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഓം ശാന്തി ഓശാന ആണ്‍ നോട്ട പ്രണയത്തെ പെണ്ണിന്‍റെ കണ്‍കോണിലൂടെ നോക്കാനുള്ള ശ്രമമെന്നതിനപ്പുറം ജനപ്രിയ ആഖ്യാനങ്ങളുടെ തന്നെ പാരഡിയായി മാറുന്നുണ്ട്. ഇത് തന്നെയാണ് അടുത്ത കാലത്തിറങ്ങിയ പല ന്യൂ ജനറേഷനും അല്ലാത്തതുമായ സിനിമകളില്‍ നിന്ന് ഓശാനയെ വ്യത്യസ്ഥമാക്കുന്നത്.

ഈ ചലച്ചിത്രത്തെ ആസ്വാദ്യമാക്കാന്‍ സംവിധായകനും കൂട്ടരും പ്രധാനമായും രണ്ട് കാര്യങ്ങളാണ് പ്രയോഗിക്കുന്നത്. ആദ്യത്തേത് ആണ് പെണ്ണിന്‍റെ പിന്നാലേ നടക്കുന്ന സ്ഥിരം പ്രണയ ചിത്ര ഫോര്‍മുലയില്‍ നിന്നുമുള്ള ഒരു വഴിമാറി നടത്തം. രണ്ടാമതായി നമ്മള്‍ കണ്ടു മറന്ന പക്ഷേ സമൂഹത്തിന്റെ ഓര്‍മ്മയില്‍ ഇപ്പൊഴും പച്ചപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളെയും സിനിമകളെയും സംഭവങ്ങളെയും ഒരു സമാന്തര ആഖ്യാനമായി കഥയില്‍ ഉല്‍ച്ചേര്‍ക്കുക. ഇത് മുന്പ് ചരിത്ര സംഭവങ്ങളുടെ അടയാളപ്പെടുലിലൂടെ ഡാനി എന്ന സധാരണക്കാരന്‍റെ ജീവിതം പറഞ്ഞ ടി വി ചന്ദ്രന്‍റെ ഡാനി എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുകയോ അതിന്‍റെ പാരഡിയായി മാറുകയോ ചെയ്യുന്നുണ്ട്.
 

പെണ്‍കുട്ടി പാടി നടക്കുന്ന നഴ്സറി റൈമുകള്‍, കുഞ്ചാക്കോ ബോബന്‍, അയാളുടെ നിറം എന്ന ചിത്രം, ഹൃത്വിക് റോഷന്‍ സിനിമയിലേക്ക് വന്നത്, മോഹന്‍ലാലിന്‍റെ സ്ഫടികം, അതിലെ നീലമല പൂഞ്ചോല എന്ന സില്‍ക് സ്മിതയുമൊത്തുള്ള പാട്ട്, മധുമോഹന്‍ സീരിയല്‍ പിടുത്തം നിര്‍ത്തിയത്, ദൂരദര്‍ശനിലെ പ്രതികരണം പരിപാടിയും ചിത്രഗീതവും, ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ റിലീസ്, കൊച്ചൌസേപ് ചിറ്റിലപ്പിള്ളി വീഗാലാന്‍ഡ് തുടങ്ങിയത്, ഇന്‍റര്‍നെറ്റ് കഫേകള്‍, ഓര്‍ക്കുട്ട്  എന്നിങ്ങനെ നിരവധി സംഭവങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും പൂജ മാത്യൂസ് എന്ന നായികയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെ ചരിത്രവത്ക്കരിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ഒരു തരത്തില്‍ നമ്മള്‍ പൈങ്കിളി എന്നു പലപ്പോഴും തള്ളിക്കളയുന്ന ഒരു ശരാശരി മലയാളി പെണ്‍കുട്ടിയുടെ (ആണ്‍കുട്ടിയുടെയും) ആന്തരിക പ്രണയ ജീവിതത്തിന് പുറംലോകവുമായുള്ള സമാന്തരം സൃഷ്ടിക്കാനുള്ള ശ്രമം തന്നെയായി ഇതിനെ കാണാം.
 

ഇതിലെ നായിക ആണ്‍കുട്ടികളുടെ പെരുമാറ്റങ്ങളും ശീലങ്ങളും കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയാണ്. കൂട്ടുകാരെല്ലാം നിറത്തിലെ കുഞ്ചാക്കോ ബോബന്‍റെ സൌന്ദര്യത്തില്‍ മയങ്ങി വീണപ്പോള്‍ നായികയുടെ മനസുടക്കിയത് കുഞ്ചാക്കോ ഓടിച്ച ഹീറോ ഹോണ്ട ബൈക്കിലാണ്. ടി വി കാണുമ്പോള്‍ കലടുപ്പിച്ചിരിക്കാന്‍ അമ്മ പറഞ്ഞപ്പോള്‍ കുറച്ചുകൂടി അകത്തിവെച്ചിരിക്കുകയാണ് അവള്‍ ചെയ്തത്. അവള്‍ ചൂളമടിക്കുമ്പോഴും ഇതേ പോലെ അമ്മ ഇടപെടുന്നുണ്ട്. ഇങ്ങനെ ആണ് പെണ്‍ വേര്‍തിരിവിനെ പൊളിക്കാനുള്ള പൂജയുടെ ശ്രമം അതിന്‍റെ വേറൊരു തലത്തിലേക്ക് എത്തുന്നത് അവള്‍ തനിക്ക് അനുയോജ്യനായ ഇണയെ അന്വേഷിക്കുന്നിടത്താണ്. തന്നോട് പ്രണയാഭ്യര്‍ഥന നടത്തുന്ന സിക്സ് പാക് കാമുകനെ അവള്‍ കളിയാക്കി വിടുന്നുണ്ട്. അനീതിക്കെതിരെ കയ്യുയര്‍ത്തുന്ന (വീഗാലാന്‍ഡില്‍ വെച്ച് പെണ്‍കുട്ടികളെ തൊണ്ടിയ ഞരമ്പ് രോഗിയെ നായകന്‍ കൈകാര്യം ചെയ്യുന്നുണ്ട്), മറ്റ് യുവാക്കളില്‍ നിന്നും വ്യത്യസ്തനായി കാര്‍ഷിക ജോലി ചെയ്യുന്ന, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഗ്രാമത്തിലെ നായകനെ അവള്‍ ആരാധിക്കാന്‍ തുടങ്ങുന്നു. തന്‍റെ പ്രണയം അയാളെ അറിയിക്കാനുള്ള ശ്രമവും പിന്നീട് നാലഞ്ചു വര്‍ഷക്കാലം ആ പ്രണയം ഉള്ളില്‍ കൊണ്ട് നടക്കുന്നതിലെ വൈകാരിക തീവ്രതയും സിനിമയെ ആസ്വാദ്യകരമാക്കുന്നു.
 

കച്ചവട സിനിമയില്‍ സ്ത്രീ കഥാപാത്രത്തിന് പ്രധാന്യം കൊടുത്തുള്ള സിനിമകള്‍ അധികം ഇറങ്ങാറില്ല. ഈ സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നായികയുടെ സാന്നിധ്യം കാണാം. താനോ തന്‍റെ ശബ്ദമോ ഇല്ലാത്ത ഒരു സീന് പോലും ഈ ചിത്രത്തിലില്ല എന്നാണ് നസ്റിയ ഈ സിനിമയെക്കുറിച്ച് പറഞ്ഞത്. നായകന്‍ ചിലപ്പോഴൊക്കെ നിഴല്‍ മാത്രമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ധീരമായ ശ്രമമാണ് ഓം ശാന്തി ഓശാന.

അടിമുടി പ്രണയ ചിത്രമാണെങ്കിലും ഒരു വലന്‍റൈന്‍സ് ഡേ സമ്മാനമോ പറക്കുന്ന ചുംബനമോ ഓം ശാന്തി ഓശാനയില്‍ ഇല്ല. എന്നിരുന്നാലും വിപണിയും മാധ്യമങ്ങളും കൊണ്ടുപിടിച്ചാഘോഷിക്കുന്ന ഈ ആഘോഷ ദിനത്തില്‍ തീര്‍ച്ചയായും മലയാളി പ്രേക്ഷകന് കിട്ടിയ പ്രണയ സമ്മാനമാണ് ഓം ശാന്തി ഓശാന.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍