UPDATES

ഗാന്ധി യുഗത്തിന്‍റെ അന്ത്യം

ജയിംസ് ട്രോബ്

 

 

2013 ജനുവരി 19-നാണ് 42-കാരനായ രാഹുല്‍ ഗാന്ധി അഖിലേന്ത്യാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി സ്ഥാനമേറ്റത്. സ്വാതന്ത്ര്യത്തിനുശേഷമുള്ള 66 വര്‍ഷങ്ങളില്‍ 37 വര്‍ഷവും ഇന്ത്യാ രാജ്യം ഭരിച്ച, ഗാന്ധി-നെഹ്രു കുടുബത്തിലെ പുതിയ അവകാശി. ഇന്ത്യ ഭരിച്ചതിനേക്കാളേറെക്കാലം ആ പാര്‍ട്ടിയെ ഗാന്ധി കുടുംബം നിയന്ത്രിച്ചിട്ടുണ്ട്. ഏറെക്കാലമായി അദ്ദേഹത്തിനു വേണ്ടി ഒഴിച്ചിട്ടിരുന്ന പ്രധാന പദവി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മുറവിളികള്‍ക്കൊടുവില്‍ രാഹുല്‍ ഏറ്റെടുത്തു എന്നു പറയാം.

 

ആ സ്ഥാനമേല്‍ക്കലിന്റെ സന്ദേശങ്ങള്‍ പലതാണ്. സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിലാകുമ്പോള്‍,  അഴിമതി സാര്‍വത്രികമാകുമ്പോള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരായി മധ്യവര്‍ഗം തെരുവിലിറങ്ങുമ്പോള്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം ദിശാബോധമില്ലാതെ പതറുന്നു എന്നു തോന്നുമ്പോള്‍ പാര്‍ട്ടിയുടെ ഭാവിയും രാജ്യത്തിന്‍റെ ഭാവി പ്രധാനമന്ത്രിയും താനാണെന്ന് അദ്ദേഹം പറയാതെ പറയുകയാണ്. പൊതുതെരെഞ്ഞെടുപ്പ് 2014-ല്‍ നടക്കും. സമ്മതിദായകര്‍ എന്നത്തേക്കളുമെറെ കോണ്‍ഗ്രസ്സിനെ വെറുക്കുന്നു എങ്കിലും, ഗാന്ധി എന്ന പേരിന് രാജ്യത്തിപ്പോഴും ചലനങ്ങളുണ്ടാക്കാനാകും. പക്ഷേ, രാഹുല്‍ പ്രധാനമന്ത്രിയാകുമോ അഥവാ പ്രധാനമന്ത്രിയായാല്‍ എന്താണ് ചെയ്യുക എന്നതിനെപ്പറ്റി അദ്ധേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍പ്പെട്ടവര്‍ക്കുപോലും ധാരണയില്ല. ജനാധിപത്യലോകം കണ്ട ഏറ്റവും ദീര്‍ഘവും സജീവവുമായ ഈ കുടുംബവാഴ്ചയെ രാഹുല്‍ പുനരുജ്ജീവിപ്പിച്ചേക്കാം-അല്ലെങ്കില്‍ ചിലപ്പോള്‍ അതിന്‍റെ ഉദകക്രിയ നടത്തിയേക്കാം.

 

നിഗൂഢതയില്‍ പൊതിഞ്ഞ്, സ്വകാര്യതയുടെ ഒരു ഗുഹയില്‍ കഴിയുന്ന ആളാണ് രാഹുല്‍. അദ്ദേഹം വല്ലപ്പോഴും മാത്രം പ്രസംഗിക്കുന്നു; 2004 മുതല്‍ താന്‍ അംഗമായ ലോക് സഭയില്‍ അപൂര്‍വമായി മാത്രം എഴുന്നേല്‍ക്കുന്നു; മാധ്യമ പ്രവര്‍ത്തകരെ അവിശ്വസിക്കുന്നു, അവരുമായി അഭിമുഖങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. രാഹുലിന്‍റെ സ്ഥാനലബ്ധിക്കു ശേഷം അനുയായികളുടെ ആവേശം ആകാശത്ത് വെടിപ്പടക്കങ്ങളായി തിളങ്ങിയെങ്കിലും രാഹുല്‍ തന്‍റെ ഏറ്റവും അടുത്ത ഉപചാരകരെപ്പോലും നിരാശപ്പെടുത്തിക്കളഞ്ഞു. താന്‍ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുമോ എന്നതുതന്നെ ഒരു തെറ്റായ ചോദ്യമാണെന്ന് അദ്ദേഹം ഈയിടെ പറഞ്ഞു. രാഹുലിന്‍റെ പുതിയ അധികാരമേറ്റെടുക്കലിന് ശേഷം അധികം വൈകാതെ ഒരഭിമുഖത്തിനായി ഞാന്‍ അദ്ദേഹത്തിന്റെ പ്രധാന ഉപദേശകനായ മുന്‍ ലസാര്‍ഡ് ബാങ്കര്‍ കനിഷ്ക സിങിനെ സമീപിച്ചു. ഒരു ഉറപ്പ് നല്‍കാന്‍ സിങ് തയ്യാറായില്ല. “ഞങ്ങള്‍ സ്വയം പുകഴ്ത്താന്‍ ആഗ്രഹിക്കുന്നില്ല, കാരണം രാഹുല്‍ അത്തരമൊരാളല്ല.”സിങ് പറഞ്ഞു.

 

എന്തായാലും, ഒടുവില്‍ അഭിമുഖം അനുവദിക്കപ്പെട്ടു; എന്നാല്‍ അത് റിക്കോര്‍ഡ് ചെയ്യാന്‍ അനുവാദമില്ലായിരുന്നു. ന്യൂഡല്‍ഹിയിലെ ഒരു കൊളോണിയല്‍ ബംഗ്ളാവിലെ രാഹുലിന്‍റെ സ്വകാര്യ ഓഫീസിലുള്ള ഒരു ചെറിയ സ്വീകരണമുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. പെട്ടന്ന് രാഹുല്‍ വന്നു. വിലകുറഞ്ഞെതെന്ന് തോന്നിച്ച ഒരു അയഞ്ഞ കുര്‍ത്ത പൈജാമയും, ചെരുപ്പുമിട്ട് ചെഗുവേരയുടേതു പോലൊരു കുറ്റിത്താടിയുമായി ഞാന്‍ സംസാരിക്കുന്നതിനു വേണ്ടി ഒരു വെളുത്ത ചാരുകസേരയില്‍ ഒരു ഗാന്ധിയന്‍ വിപ്ലവകാരിയെപ്പോലെ അദ്ദേഹം കാത്തിരുന്നു: ആദര്‍ശവാന്‍, കളങ്കമില്ലാത്തവന്‍, അല്‍പ്പം പോര്‍വീര്യവും. ഞങ്ങള്‍ സംസാരിച്ചത് നയങ്ങളെക്കുറിച്ചോ വ്യക്തിപരമായ ആഗ്രഹങ്ങളെക്കുറിച്ചോ അല്ല, മറിച്ച് കോണ്‍ഗ്രസ്സിനെ പരിഷ്ക്കരിക്കാനുള്ള രാഹുലിന്‍റെ പദ്ധതിയെക്കുറിച്ചായിരുന്നു. അതിനെക്കുറിച്ചദ്ദേഹം ഏറെക്കുറെ ആവേശഭരിതനാണ്. ലജ്ജാലുവും സംശയാലുവുമായ ഒരാളെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ പരുക്കനായ, ചിരിക്കാത്ത, ഒരു വെല്ലുവിളി സൂചിപ്പിക്കുന്ന മുഖ ഭാവത്തോടെ, ഒരു തര്‍ക്കം പ്രതീക്ഷിച്ചെന്നപോലെയാണ് രാഹുല്‍ പെരുമാറിയത്. മഹാത്മാ ഗാന്ധിയുടെ ദൌത്യം സ്വയം ഏറ്റെടുക്കുകയും എന്നാല്‍ ക്ഷമയുടെ ഗാന്ധി പാഠങ്ങള്‍ ഒരു തരിപോലും സ്വായത്തമാക്കാതിരിക്കുകയും ചെയ്യുന്ന ഒരാള്‍. ഇന്ത്യന്‍ രാഷ്ട്രീയമെന്ന ഒരു ഭ്രാന്തമായ ഉത്സവത്തില്‍  ഇത്രയും സംശയാലുവായ ഒരാള്‍ എങ്ങനെ യോജിക്കും എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

 

 

അതൊരു കാതലായ ചോദ്യമാണ്. കഴിഞ്ഞ 9 വര്‍ഷമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍റെ നേതൃത്വത്തില്‍ അധികാരത്തിലുള്ള യു‌പി‌എ ഭരണസഖ്യം ഒന്നിന് പുറകെ ഒന്നായി വമ്പന്‍ അഴിമതിയാരോപണങ്ങളുടെ നടുവിലാണ്. 2-ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് 1,75000 കോടി രൂപയുടെ തീവെട്ടിക്കൊള്ളയും ഇതിലുള്‍പ്പെടും. അധികാരത്തിന്‍റെ സുഖശാലകളിലെ ദശാബ്ദങ്ങള്‍ നീണ്ട ആവാസം പാര്‍ട്ടിയുടെ രാഷ്ട്രീയ സഹജാവബോധത്തെ ഇല്ലാതാക്കിയിരിക്കുന്നു. മന്‍മോഹന്‍സിങ്ങിന്‍റെ കൊടിയടയാളമായിരുന്ന സാമ്പത്തികവളര്‍ച്ച 5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു; ചൈനയുമായുള്ള കിടമത്സരത്തെക്കുറിച്ച് ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. കുടുംബവാഴ്ച സൃഷ്ടിച്ച ആശ്രിതത്വത്തിന്‍റെ ദൌര്‍ബല്ല്യം മുതലെടുത്ത് ഇത് മറികടക്കാനാണ് ഒരുപക്ഷേ, പുതിയ ഗാന്ധി ശ്രമിക്കുന്നത്.

 

ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള സഫ്ദര്‍ജംഗ് റോഡിലെ ഇന്ദിരാഗാന്ധി സ്മൃതിശാലയില്‍ രാഹുലും പ്രിയങ്കയും തങ്ങളുടെ കുട്ടിക്കാലം ചെലവഴിച്ചതിന്‍റെ നിരവധി ചിത്രങ്ങളുണ്ട്. ഇവിടെയാണ് 1966-1977 കാലഘട്ടത്തിലും 1980 മുതല്‍ 1984 വരെയും അവരുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി താമസിച്ചത്. സുവര്‍ണക്ഷേത്രത്തിന് നേരെയുള്ള സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഇന്ദിരാ ഗാന്ധിയെ 1984-ല്‍ അവരുടെ സിഖ് അംഗരക്ഷകര്‍ ഇവിടെവെച്ചാണ് വെടിവെച്ചുകൊന്നത്. അന്ന്, ഇന്ദിരയുടെ ചിതക്കരികെ അച്ഛന്‍ രാജീവ് ഗാന്ധിയുടെ മാറില്‍ മുഖം പൂഴ്ത്തിനിന്ന രാഹുലിന് 12 വയസ്സായിരുന്നു പ്രായം. 1991-ല്‍ തമിഴ്‌ പുലികള്‍ രാജീവ്ഗാന്ധിയെ വധിച്ചപ്പോള്‍ ചിതയ്ക്ക് രാഹുല്‍ തീകൊളുത്തുന്ന ചിത്രവും ഇവിടെയുണ്ട്. അച്ഛന്‍റെ ചിതാഭസ്മം അലഹാബാദിലേക്ക് കൊണ്ടുപോകുമ്പോള്‍ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ടപ്പോളാണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ തീരുമാനിച്ചതെന്ന് രാഹുല്‍ പറഞ്ഞു. അത്തരമൊരു കുടുംബത്തില്‍, അത്തരമൊരു നിശ്ചയത്തിന് വിധിയുടെ അതിസ്വരങ്ങളുണ്ട്.

 

കുടുംബവാഴ്ചാ രാഷ്ട്രീയത്തിന്‍റെ ഭീതിദമായ പിടിമുറുക്കലും ഒരു അകാല മരണവുമാണ് രാഹുലിനെ ( രാജീവ്ഗാന്ധിയെപ്പോലെ) ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ നടുത്തളത്തിലേക്കെത്തിച്ചത്. സഹോദരന്‍ സഞ്ജയ്ഗാന്ധി 1980-ല്‍ ഒരു വിമാനാപകടത്തില്‍ മരിച്ചപ്പോളാണ് രാജീവ് രാഷ്ട്രീയത്തിലിറങ്ങാന്‍  നിര്‍ബന്ധിതനായത്. പിന്നീട് ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രാജീവ് അവരുടെ പിന്‍ഗാമിയായി വാഴിക്കപ്പെട്ടു. ഇന്ത്യ ഒരു പാര്‍ലമെന്‍ററി ജനാധിപത്യ രാജ്യത്തിനുപരി ഒരു ഭരണഘടനാ രാജവാഴ്ചയിലാണെന്ന് തോന്നിപ്പോകും. 1989-ല്‍ അധികാരം നഷ്ടപ്പെട്ട രാജീവ്ഗാന്ധി 1991-ല്‍ വധിക്കപ്പെട്ടു. അധികാരവും അനന്തരാവകാശികളുമില്ലാതെ ഗാന്ധികുടുംബം നിശ്ശബ്ദരായി. 1991-1996-ല്‍ ഗാന്ധി സാന്നിധ്യമില്ലാത്ത ആദ്യ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭരണം നടത്തി. എന്നാല്‍ തുടര്‍ന്നുള്ള തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതോടെ വീണ്ടും കുടുംബവാഴ്ചതന്നെ ശരണമെന്ന് ഏറ്റുവിളിച്ച് ഒരു കൊട്ടാരവിപ്ലവത്തിന്‍റെ വിദൂരച്ഛായയുണര്‍ത്തി കോണ്‍ഗ്രസ്സുകാര്‍ രാജീവിന്‍റെ ഇറ്റലിക്കാരിയായ വിധവ സോണിയക്ക് പിന്നില്‍ അണിനിരന്നു. 1998-ല്‍ സോണിയ കോണ്‍ഗ്രസ്സ് പ്രസിഡന്‍റായി അവരോധിക്കപ്പെട്ടു. 2004-ല്‍ 8 വര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം കോണ്‍ഗ്രസ്സ് വീണ്ടും കേന്ദ്രഭരണത്തില്‍ തിരിച്ചെത്തി. പ്രധാനമന്ത്രി പദവി നിരസിച്ചുകൊണ്ട് പാര്‍ട്ടിയേയും രാജ്യത്തെയും ഞെട്ടിച്ച സോണിയ തന്‍റെ വിശ്വസ്തനായ പ്രധാനമന്ത്രിയാകാന്‍ സാമ്പത്തികവിദഗ്ദ്ധനും മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിലെ ധനമന്ത്രിയുമായിരുന്ന മന്‍മോഹന്‍സിങ്ങിനെ തെരഞ്ഞെടുത്തു.

 

രാഹുല്‍ ഈ സമയത്ത് വിദേശത്തായിരുന്നു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള റോളിന്‍സ് കോളേജില്‍നിന്നും ബിരുദമെടുത്ത ശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ട്രിനിറ്റി കോളേജില്‍നിന്നും എംഫില്‍ പൂര്‍ത്തിയാക്കി. ലണ്ടനിലെ ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ ജോലിചെയ്യവേ 2002-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. എക്കാലത്തും രാഹുല്‍ കിരീടാവകാശിയായിരുന്നു. കഴിഞ്ഞ 15 വര്‍ഷവും അദ്ദേഹത്തിന്റെ അമ്മ പാര്‍ട്ടിയെ നിയന്ത്രിച്ചത് ഒരുനാള്‍ മകനെ അധികാരമേല്‍പ്പിക്കാനാണ് എന്നുതന്നെ ഏറെപ്പേരും വിശ്വസിക്കുന്നു.

 

 

ദുരന്തങ്ങളും ഏകാന്തതയും രാഹുലിന്‍റെ ജീവിതത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകളുണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടിക്കാലം മുതല്‍ക്കേ അംഗരക്ഷകരുടെ വലയത്തിനകത്തായിരുന്നു; ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോഴും കരിമ്പൂച്ചകളുടെ കാവല്‍ കനത്തു നിന്നു. അയാളുടെ അവിവാഹിതജീവിതം നിരവധി അഭ്യൂഹങ്ങള്‍ക്കിടയാക്കി. “വിവാഹിതനും, പിതാവുമായാല്‍ മക്കള്‍ക്ക് സ്ഥാനം കൈമാറാനാകും എന്‍റെ വ്യഗ്രത,”രാഹുല്‍ ഈയിടെ വിശദീകരിച്ചു. കുടുംബ പരമ്പര അവസാനിപ്പിക്കാതെ തനിക്ക് കുടുംബവാഴ്ച അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറയാതെ പറഞ്ഞപോലെ. അതെങ്ങനെയായാലും രാഹുലിന്‍റെ അന്തര്‍മുഖത്വം ഒരുതരം അസ്തിത്വ പ്രതിസന്ധിയാണ്. ചുറ്റുമുള്ളവരില്‍നിന്നും, സ്വന്തം പാര്‍ട്ടിയില്‍നിന്നുപോലും രാഹുല്‍ വേറിട്ടു നില്ക്കുന്നു. “അദ്ദേഹം എപ്പോഴും ഞങ്ങള്‍ക്കിടയിലില്ല. ഏതു സമയവും ഞങ്ങളെ കാണാറുമില്ല. ഞങ്ങളുടെ ഭാവനകള്‍ക്ക് അദ്ദേഹം വഴിപ്പെടുന്നുമില്ല,” കോണ്‍ഗ്രസ്സിന്‍റെ പാര്‍ലമെന്‍റംഗവും പാര്‍ട്ടി വക്താവുമായ സന്ദീപ് ദീക്ഷിത് പറയുന്നു.

 

പ്രതിപക്ഷത്തുള്ള മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് കുടുംബവാഴ്ചയെ കാണുന്നത് വേറൊരു തരത്തിലാണ്. “ഇതെന്നെ മുഗള്‍ കാലഘട്ടത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.’’ ശത്രുക്കളാല്‍ അപമാനിതനായ, ബ്രിട്ടീഷുകാരാല്‍ നിഷ്ക്കാസിതനായ, നിസ്സഹായനും ദുര്‍ബ്ബലനുമായ ഷാഹ് ആലം രണ്ടാമനെ ഓര്‍മ്മപ്പെടുത്തുന്നു തലമുറകള്‍ നീണ്ട കുടുംബവാഴ്ച. “നമ്മളൊരു ജനാധിപത്യത്തിന് പാകമാണോ” – സിംഗ് പതുക്കെ പറഞ്ഞു.

 

പുതിയ ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായ ഇന്ത്യയെ സംബന്ധിച്ച് ഈ താരതമ്യം അല്പം ക്രൂരമാണ്. ആധുനികതയ്ക്കു മുമ്പുള്ള യൂറോപ്പിനെ അനുസ്മരിപ്പിക്കുന്നത്ര വൈവിധ്യമുള്ള ഒരു ഉപഭൂഖണ്ഡത്തെ ഒരൊറ്റ ചരടില്‍ ഒരു രാഷ്ട്രമായി കോര്‍ത്തിണക്കി എന്നതാണ് രാഹുലിന്‍റെ മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ചരിത്രപ്രധാനമായ നേട്ടം. അന്നു മുതല്‍ക്ക് രാജ്യം ഈ കുടുംബത്തെ ഇന്ത്യയുടെ മഹത്തായൊരു മതേതരസ്ഥാപനമായി കാണുന്നു. “ഗാന്ധി കുടുംബത്തിന് മത, പ്രാദേശിക, വര്‍ഗ വ്യത്യാസങ്ങളില്ല. അവര്‍ ഇന്ത്യാ രാജ്യത്തിന്‍റെ പ്രതീകമാണ്,’ രാഹുലിന്‍റെ ഏറ്റവും അടുത്ത വൃത്തത്തിലുള്ള, യു‌പി‌എ സര്‍ക്കാരിലെ മന്ത്രികൂടിയായ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

 

 

പക്ഷേ അതുതന്നെയാണ് ഗാന്ധികുടുംബത്തിന്‍റെ വൈരുദ്ധ്യം നിറഞ്ഞ പ്രതിസന്ധിയും. അംഗീകാരവും, അധികാരവും പാരമ്പര്യത്തിന്‍റെ ബലത്തില്‍ പരമ്പരകളായി കൈമാറുന്ന ഒരു രാജ്യത്ത് അത് ജനാധിപത്യ സ്ഥാപനങ്ങളെ അപ്രസക്തമാക്കും. ഏതാണ്ട് അരനൂറ്റാണ്ടു മുമ്പ് നെഹ്രു മരിച്ചതില്‍പ്പിന്നെ കുടുംബമഹിമ അത്ര പ്രകാശമാനമല്ല. ശക്തിപ്രാപിച്ചുവന്ന പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ദിരാഗാന്ധി 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിതാവിന്‍റെ പ്രതിപക്ഷ ബഹുമാനം ഉള്‍ക്കൊണ്ടില്ലെങ്കിലും, സോഷ്യലിസത്തിലും, ആസൂത്രിത സമ്പദ്വസ്ഥയിലുമുള്ള വിശ്വാസം ഇന്ദിരയും കാത്തുസൂക്ഷിച്ചു. ‘ഗരീബി ഹഠാവോ’ (പട്ടിണി ഇല്ലാതാക്കൂ) എന്നു മുദ്രാവാക്യം മുഴക്കിയെങ്കിലും ഇന്ത്യയിലെ ദരിദ്രകര്‍ഷകരുടെ പട്ടിണി മാറ്റാന്‍ അവര്‍ക്കായില്ല. തന്‍റെ കുടുംബത്തിന്‍റെ പരമ്പരാഗത അധികാര വ്യാപാരത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് രാജീവ് ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഒരു വൈമാനികനായിരുന്നു. അമ്മയുടെ അധികാര പ്രമത്തതയോ, പാര്‍ട്ടിയുടെ ആദര്‍ശങ്ങളോ ഇല്ലാതെ സാങ്കേതിക-ആധുനികതയില്‍ അഭിരമിച്ച ഒരാളായിരുന്നു രാജീവ്. അതിവേഗ പാതകളും, വിമാനത്താവളങ്ങളും, അതിവേഗ തീവണ്ടികളും, ഷോപ്പിങ് മാളുകളും സ്വപ്നം കണ്ട രാജീവിന് അതെല്ലാം നിര്‍മ്മിക്കും മുമ്പേ അധികാരം നഷ്ടമായി.

 

നമ്മള്‍ ഇന്നറിയുന്ന ഇന്ത്യ, വെള്ളത്തില്‍ വെയില്‍കായുന്ന എരുമകളുടെയും കോലാഹലം നിറഞ്ഞ അമ്പലങ്ങളുടെയും ശബ്ദം കേള്‍ക്കാത്ത ടെലഫോണുകളുടെയും ഇന്ത്യയല്ല. നൂതന സ്ഥാപനങ്ങളുടെയും, വ്യവസായികളുടെയും, സമതലങ്ങളില്‍നിന്നും പൊങ്ങിവന്ന പുത്തന്‍ നഗരങ്ങളുടെയും ഇന്ത്യ ഉയര്‍ന്നുവന്നത് ഗാന്ധിമാരില്ലാത്ത ഭരണകാലത്താണ്. മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായിരുന്ന 1991 മുതല്‍ക്കാണ് വിദേശ നാണ്യശേഖരം തീര്‍ന്നുതുടങ്ങിയ ഇന്ത്യ, അന്താരാഷ്ട്ര നാണയ നിധിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ക്ഷേമപരിപാടികളും, ഇളവുകളും വെട്ടിക്കുറച്ച് സമ്പദ്വ്യവസ്ഥ തുറന്നിട്ടത്. അതില്‍പ്പിന്നെ പ്രതിവര്‍ഷ വളര്‍ച്ച 10 ശതമാനമായി. എന്നാല്‍ നിയന്ത്രണമില്ലാത്ത സമ്പദ് വ്യവസ്ഥയെ കോണ്‍ഗ്രസ്സ് നേതാക്കള്‍ സംശയത്തോടെയാണ് കണ്ടത്. വാസ്തവത്തില്‍ സോണിയ പാര്‍ട്ടിയുടെ നിയന്ത്രണമേറ്റെടുത്തതു മുതല്‍ ഇടതുപക്ഷാഭിമുഖ്യം പുനരുജ്ജീവിക്കാന്‍ തുടങ്ങി.

 

എന്നാല്‍ അവരുടെ ലക്ഷ്യം ആശയപരമല്ല, കുടുംബപരമായിരുന്നു എന്നു പലരും കരുതുന്നു. അവര്‍ പാര്‍ട്ടിയുടെ നിയന്ത്രണമേറ്റെടുത്തതുതന്നെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഇന്ദര്‍ മല്‍ഹോത്രയുടെ വാക്കുകളില്‍ “പിതാവില്‍നിന്നും പുത്രനിലേക്കുള്ള അധികാര കൈമാറ്റമെന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു’’. 2004-ല്‍ ആദ്യം ചെറിയച്ഛനും,പിന്നെ അച്ഛനും, പിന്നീട് അമ്മയും പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തില്‍നിന്നും രാഹുല്‍ പാര്‍ലമെന്‍റംഗമായി. ഭാരതീയ രീതിയനുസരിച്ച് അയാള്‍ തന്‍റെ വിധി ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സ് പാര്‍ട്ടി അടുത്ത പ്രധാനമന്ത്രിയെ സ്വപ്നം കാണാനും തുടങ്ങി.

 

രാഹുല്‍ കോണ്‍ഗ്രസ്സിന്‍റെ പാരമ്പര്യത്തെ അച്ഛനെക്കാളേറെ ഉള്‍ക്കൊണ്ടു. അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ത്ത രാഹുല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പിന്തുണച്ചു. പുതിയ മധ്യവര്‍ഗത്തിന്‍റെ ഉയര്‍ച്ചയും, മധ്യവര്‍ഗത്തിലേക്ക് കടക്കാന്‍ വെമ്പുന്ന കോടിക്കണക്കിനു മനുഷ്യരുമുള്ള ഇന്നത്തെ ഇന്ത്യയില്‍ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന്‍റെ സാമ്പത്തിക ശാസ്ത്രം മാത്രമല്ല, രാഷ്ട്രീയവും അപ്രസക്തമായിത്തോന്നാം. പക്ഷേ രാഹുല്‍ ആ സംവാദത്തില്‍ ശ്രദ്ധിക്കുന്നേയില്ല. തനിക്ക് നേരിട്ടു ബന്ധുത്വമില്ലാത്ത മറ്റൊരു ഗാന്ധിയാണ് അയാളുടെ മാതൃക. ഡല്‍ഹിയിലെ മന്ത്രിമന്ദിരങ്ങളില്‍നിന്നും മാറ്റങ്ങളുണ്ടാക്കാനാകില്ലെന്ന് രാഹുല്‍ കരുതുന്നു. “തന്‍റെ വീട്ടിലെ കിണറ്റില്‍നിന്നും അഴുക്കുവെള്ളം കുടിച്ച് ഒരു മന്ത്രി രോഗബാധിതനാകും വരെ അയാള്‍ക്ക് പട്ടിണി എന്താണെന്ന് മനസ്സിലാകില്ല,” രാഹുല്‍ ഒരിക്കല്‍ പറഞ്ഞു.

 

 

എന്നാല്‍ സാധാരണക്കാരെപ്പറ്റി യഥാര്‍ത്ഥത്തില്‍ ആകുലതയൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ പുതുമുഖമായും രാഹുല്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. 2009-ലെ ലോക് സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ സജീവമായി പങ്കെടുത്തു. കോണ്‍ഗ്രസ്സ് അധികാരത്തിലെത്തി. നേതാവിനെ കണ്ടെത്തി എന്ന് പാര്‍ട്ടി ആശ്വസിച്ചു. എന്നാല്‍, 2010-ല്‍ ബിഹാറിലും, കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലും രാഹുല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും രണ്ടിടത്തും കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടു. ഗാന്ധി കുടുംബത്തിനു വേണ്ടി പാര്‍ട്ടിക്കാര്‍ ചാവേറുകളായി.

 

സത്യത്തില്‍, രാഹുലിനെ എങ്ങിനെ വ്യാഖ്യാനിക്കണമെന്ന സന്ദേഹത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍. “അയാള്‍ അസാധാരണമാം വിധത്തില്‍ മിതഭാഷിയാണ്,” ഔട്ട് ലുക്ക് വാരികയുടെ മുന്‍പത്രാധിപര്‍ വിനോദ് മേത്ത പറയുന്നു. “ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാതായപ്പോള്‍ ഞാന്‍ അയാളോട് സംസാരിക്കുന്നതു നിര്‍ത്തി. അദ്ദേഹമെന്നെ വിശ്വാസത്തില്‍ എടുത്തതേയില്ല.” എന്നാല്‍ അദ്ദേഹം തന്‍റെ മാതാപിതാക്കളെപ്പോലെയല്ലെന്നും വാസ്തവത്തില്‍ ബൌദ്ധികമായ താത്പര്യങ്ങള്‍ ഉള്ളയാളാണെന്നും രാഹുലിനെ അടുത്തറിയുന്നവര്‍ പറയുന്നു.

 

എന്തായാലും വിനയം കൊണ്ടല്ല രാഹുല്‍ രാഷ്ട്രീയത്തില്‍ ഒതുങ്ങിനില്‍ക്കുന്നത്; അതൊരുതരം ആദര്‍ശത്തിന്‍റെ പ്രകടനമാകാം. “തങ്ങളെ ശാക്തീകരിക്കുന്നതിന് പകരം അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ഒരു സംവിധാനമാണ്” ഇന്ത്യയിലുള്ളതെന്ന് ജയ്പൂരില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷസ്ഥാനം ഏറ്റെടുത്തു സംസാരിക്കവേ രാഹുല്‍ പറഞ്ഞു. രാഹുലിന് ഇന്ത്യയെ മാറ്റണമെന്നുണ്ട്. സ്തുതിപാഠകരുടെയും, സ്വജനപക്ഷപാതിത്വത്തിന്‍റെയും, സംസ്കാരം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു- ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്‍റെയും, ഇന്ത്യാ രാജ്യത്തിന്‍റെയും മധ്യത്തില്‍ പ്രതിഷ്ഠിച്ച അതേ സംസ്കാരത്തെ അവസാനിപ്പിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. “ഇതേ കുടുംബ വാഴ്ചയുടെ ഭാഗമാണ് ഞാനും. അത് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” 2008-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഗാന്ധി കുടുംബത്തിന്‍റെ ആകര്‍ഷണീയത ഉപയോഗിച്ച് ഗാന്ധി കുടുംബത്തെ അപ്രസക്തമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

 

മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്‍റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനും, രാഹുലിന്‍റെ ദുര്‍ബ്ബലമായ, അനാകര്‍ഷക നേതൃത്വത്തിനും ഇടയില്‍ 2014-ലെ പൊതുതെരെഞ്ഞെടുപ്പിനുള്ള ശകുനങ്ങള്‍ കോണ്‍ഗ്രസിന് ഒട്ടും ശുഭസൂചകമല്ല. ‘ഇപ്പോഴത്തെ അവസ്ഥയില്‍ കാര്യങ്ങള്‍ തീരെ മോശമാണ്. ബി‌ജെ‌പി-യിലും കാര്യങ്ങള്‍ പന്തിയല്ല എന്നതാണ് ഞങ്ങളുടെ ഏക ആശ്വാസം,” മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറയുന്നു. ബി‌ജെ‌പിയും സഖ്യകക്ഷികളും ആഭ്യന്തര വഴക്കുകളാല്‍ വലയുകയാണ്. എന്നാല്‍ കോണ്‍ഗ്രസ്സിനെ അപേക്ഷിച്ച് ബി‌ജെ‌പി-യുടെ നില കുറച്ചുകൂടി ഭദ്രമാണ്. 1998 മുതല്‍ 2004 വരെ ആധുനികതയുടെയും, മധ്യവര്‍ഗത്തിന്‍റെയും പാര്‍ട്ടി എന്ന നിലയിലാണ് ബി‌ജെ‌പി ഇന്ത്യ ഭരിച്ചത്. അവരുടെ മുദ്രാവാക്യം ‘ഇന്ത്യ തിളങ്ങുന്നു’ എന്നായിരുന്നു. എന്നാല്‍ തങ്ങളുടെ ഇന്ത്യ ഒട്ടും തിളങ്ങുന്നില്ലെന്ന് കണ്ട ദരിദ്രരും, പാര്‍ട്ടിയുടെ ഹിന്ദു മതമൌലികവാദമുഖം വീണ്ടും വെളിച്ചത്തുകൊണ്ടുവന്ന 2002-ലെ മുസ്ലീം വിരുദ്ധ ഗുജറാത്ത് കലാപവും ബി‌ജെ‌പി-യെ അധികാരത്തില്‍നിന്നും താഴെയിറക്കി.

 

 

ബി‌ജെ‌പിയുടെ ഇപ്പോഴത്തെ തര്‍ക്കാതീതനായ നേതാവ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, വിപണിയോടും, ഹിന്ദു വര്‍ഗീയതയോടുമുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്. വിദേശി, സ്വദേശി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ആകര്‍ഷിച്ച മോദി ഗുജറാത്തിനെ ഇന്ത്യയിലെ ഏറ്റവും വ്യാപാര സൌഹൃദ സംസ്ഥാനമാക്കി മാറ്റി. ബി‌ജെ‌പി-യുടെ മാതൃസംഘടനയായ ആര്‍‌എസ്‌എസ്-ലൂടെ വളര്‍ന്നുവന്ന മോദി ഗുജറാത്ത് കലാപത്തിന് തൊട്ടുമുമ്പായാണ് അധികാരമേറ്റത്. 900-ത്തോളം മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ട കലാപത്തില്‍, പോലീസിനോട് നിഷ്ക്രിയരായിരിക്കാന്‍ ആവശ്യപ്പെട്ടതിന് മോദി പരക്കെ പഴികേള്‍ക്കപ്പെട്ടു. ‘മതസ്വാതന്ത്ര്യത്തെ എപ്പോഴെങ്കിലും ഗുരുതരമായി നേരിട്ടു ഹനിച്ച’ വിദേശ സര്‍ക്കാര്‍ തലവന്‍മാരുടെ സന്ദര്‍ശനം തടയാനുള്ള വകുപ്പുപയോഗിച്ച് അമേരിക്കന്‍ ഐക്യനാടുകള്‍ മോദിക്ക് വിസ നിഷേധിച്ചു. ഡല്‍ഹിയിലെ ബുദ്ധിജീവികള്‍ക്കിടയിലെ അപൂര്‍വ്വം ബി‌ജെ‌പി അനുകൂലികളിലൊരാളായ പത്രപ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത "വ്ളാദിമിര്‍ പുട്ടിന്റെയും (റഷ്യന്‍ പ്രസിഡന്‍റ്) ലീ ക്വാന്‍ യൂവിന്‍റേയും (മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി) മിശ്രിതം പോലെയാണ് മോദി" എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലും അല്പം ഉദാരമാണ്. പാര്‍ട്ടിക്കകത്ത് കയ്യൂക്കുകാരനും, തന്‍പ്രമാണിയും ആയിട്ടാണ് മോദിയെ കാണുന്നത്. ജനാധിപത്യവാദികളാകട്ടെ മോദിയുടെ വരവ് ഭീതിയോടെയാണ് വീക്ഷിക്കുന്നത്. പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ ആശിഷ് നന്ദി “സര്‍വ്വസമ്മതവും ശാസ്ത്രീയവുമായ ലക്ഷണങ്ങളോടു കൂടിയ ഒരു ഫാസിസ്റ്റ്”എന്നാണ് 1980-കളുടെ ഒടുവില്‍ നടന്ന തന്‍റെ ആദ്യ മോദി കൂടിക്കാഴ്ചയെ ഓര്‍ത്തെടുക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും അപകട സാധ്യതയുള്ള ചില ജാഗ്രതാ രേഖകളെ മറികടക്കാനോ, തന്ത്രപരമായി സമീപിക്കാനോ മോദി തയ്യാറായേക്കും. ഈ കാരണം കൊണ്ട് മാത്രമാണ് മോദിക്കെതിരെ രാഹുല്‍ നില്‍ക്കണമെന്ന് മതേതര, ജനാധിപത്യ ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നത്. ഇരുവരും തമ്മിലുള്ള ഒരു മുഖാമുഖം സാമ്പത്തിക നയങ്ങളിലെ ഇടത്-വലത് സമീപനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യ എന്ന ആശയത്തെ കുറിച്ചുള്ള ഒരു ഹിതപരിശോധനയാകും.

 

മോദി അസാമാന്യനായൊരു സ്ഥാനാര്‍ത്ഥിയാകും. വീറുപിടിപ്പിക്കുന്ന ഒരു വാഗ്മിയായ മോദിക്ക് രാഹുലിനെപ്പോലെ അധികാരത്തെക്കുറിച്ച് ശങ്കയും ആശങ്കയും ഒന്നുമില്ലതാനും. തന്‍റെ സാധ്യതാ എതിരാളിയെ തീരെ പുച്ഛത്തോടെയാണ് മോദി കാണുന്നത്. ‘കൂറ്റന്‍ തിരകളെ’ നേരിടാന്‍ തയ്യാറായ ഒരു ‘കടല്‍ മത്സ്യമായി’ സ്വയം വിശേഷിപ്പിച്ച മോദി, രാഹുലിനെ 'അക്വേറിയത്തിലെ അലങ്കാര മത്സ്യമായാണ്' വിശേഷിപ്പിച്ചത്. ഒരു അഭിപ്രായ കണക്കെടുപ്പ് കാണിക്കുന്നത് മോദിക്ക് 36 ശതമാനവും രാഹുലിന് 22 ശതമാനവും സമ്മതിദായകരുടെ പിന്തുണയുണ്ടെന്നാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ നേതാവിനെ നേരിട്ടു തെരെഞ്ഞെടുക്കുകയല്ല, മറിച്ച് പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ സ്വാധീനശക്തികളായ പ്രാദേശിക കക്ഷികളാണ് പലപ്പോഴും നിര്‍ണായക ഘടകങ്ങളാകുന്നത്. ഇതൊക്കെയാണെങ്കിലും, ഉറപ്പിക്കാനാകില്ലെങ്കിലും ബി‌ജെ‌പി, മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.

 

ഇത് പാര്‍ട്ടിയുടെ നായകത്വം ഏറ്റെടുക്കാന്‍ രാഹുലിനു മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. കോണ്‍ഗ്രസ്സുകാര്‍ അതിനായി പ്രാര്‍ത്ഥിക്കുകയാണ്, പലര്‍ക്കും ഉറപ്പില്ലെങ്കിലും. കോണ്‍ഗ്രസ്സ് ഒന്നിന്നുപിറകെ ഒന്നായി നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ തോറ്റുകൊണ്ടിരിക്കുകയാണ് (കോണ്‍ഗ്രസ് വിജയം നേടിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തയാറാക്കിയതാണ് ലേഖനം-എഡിറ്റര്‍). ഇത് ദേശീയ തെരെഞ്ഞെടുപ്പിനെ പ്രത്യക്ഷത്തില്‍ സ്വാധീനിക്കില്ലെങ്കിലും, പാര്‍ട്ടി തളരുന്നതിന്റെ സൂചനകളാണ്. സമ്പദ് രംഗവും സര്‍ക്കാരിന്‍റെ രക്ഷക്കെത്താന്‍ സാധ്യതയില്ല. ‘സാധാരണക്കാര്‍ക്കായി’ ആസൂത്രണം ചെയ്യുന്ന ചില പദ്ധതികള്‍ ദരിദ്രരായ സമ്മതിദായകരെ പിടിച്ചുനിര്‍ത്തിയേക്കാം. കോണ്‍ഗ്രസ്സ് തിരിച്ചുവന്നേക്കാം; പക്ഷേ അത് ദാരുണമായി തകര്‍ന്നും പോയേക്കാം. വിനോദ് മേത്ത പ്രവചിക്കുന്നത് കോണ്‍ഗ്രസ്സിന് 100-ല്‍ താഴെ സീറ്റുകള്‍ മാത്രമേ കിട്ടുകയുള്ളൂ എന്നാണ്. അങ്ങനെ സംഭവിച്ചാല്‍ അത് പാര്‍ട്ടിയെ തകര്‍ത്തു കളഞ്ഞേക്കും. ഇതിനുമുമ്പ് അത്തരമൊരു പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടി രക്ഷക്കോടിയെത്തിയത് സോണിയക്കരികിലായിരുന്നു. ഇത്തവണ പാര്‍ട്ടി കര്‍ശനമായ ആത്മപരിശോധന നടത്തേണ്ടിവരും. ‘ഗാന്ധി’ഭാരം ഇല്ലാതിരിക്കുകയാണ് നല്ലതെന്ന തീരുമാനത്തില്‍ ചില അംഗങ്ങളെങ്കിലും എത്തിയേക്കും. തന്നെയും തന്‍റെ കുടുംബത്തെയും അപ്രസക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് രാഹുല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കരുതുന്നതിലും വേഗത്തില്‍ ചിലപ്പോള്‍ അത് നടന്നേക്കും. 

(ഫോറിന്‍ പോളിസി)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍