UPDATES

ഓഫ് ബീറ്റ്

ആ ഗ്ലാസ് വൈന്‍ ഭൂതകാലത്തിലേയ്ക്കുള്ള വാതിലോ?

സേത്ത് നൂക്കിന്‍ (സ്ലേറ്റ്)

ഫിലിപ്പ് സേമൂര്‍ ഹോഫ്മാന്റെ മരണം കേട്ട് ഞാന്‍ കരഞ്ഞു. ആ വാര്‍ത്ത‍ എന്നെ പേടിപ്പിച്ചു. ഇരുപത്തിരണ്ടാം വയസില്‍ മദ്യവും മയക്കുമരുന്നും ഉപേക്ഷിച്ച് അടുത്ത ഇരുപത്തിമൂന്നു വര്‍ഷം അതൊന്നും തൊടാതെ ജീവിച്ചയാളാണ് ഫിലിപ്പ്. അക്കാലത്ത് ഒരു അക്കാദമി അവാര്‍ഡ്, മൂന്നു നോമിനേഷന്‍, അയാളുടെ തലമുറയിലെ മികച്ച അഭിനേതാക്കളില്‍ ഒരാള്‍. അങ്ങനെ ഒരുദിവസം രണ്ടായിരത്തിപന്ത്രണ്ടില്‍ അയാള്‍ പെയിന്‍കില്ലറുകള്‍ എടുത്തുതുടങ്ങി. പിന്നെ അയാള്‍ മരിച്ചു.

ഇത്തരം മദ്യ-മയക്കുമരുന്ന് അടിമപ്പെടലിന് പല കാരണങ്ങള്‍ ഉണ്ടാകാം. സാഹചര്യങ്ങളും ജനിതകഘടനയും കാരണമാകാം. ചില കുടുംബങ്ങളില്‍ ഇത്തരം ആസക്തികള്‍ ഉണ്ടാകാം. എന്നാല്‍ അത്തരം കുടുംബചരിത്രങ്ങള്‍ ഇല്ലാത്തവരും അടിപ്പെടാം. മദ്യ-മയക്കുമരുന്നുകളുടെ ലഭ്യതയും ഒരു കാരണമാണ്. ഇതില്‍ നിന്ന് മുക്തി നേടുന്നതിന്റെ ശാസ്ത്രവും അത്ര വ്യക്തമല്ല.

മദ്യപാനമോ മയക്കുമരുന്ന് ഉപയോഗമോ നിരുതിയവര്‍ തിരികെപ്പോകുന്നതിന്റെ ശാസ്ത്രം അതിലും അവ്യക്തമാണ്. നാഷണല്‍ ഡ്രഗ് അബ്യൂസ് പറയുന്നത് അഞ്ചുവര്ഷം മാറിനില്‍ക്കാന്‍ പറ്റിയാല്‍ അങ്ങനെ തുടരാന്‍ കഴിയും എന്നാണ്. എന്നാല്‍ ഹോഫ്മാന്‍ അതിന് അപമാനമാകുമ്പോള്‍ എന്ത് മനസിലാക്കണം?
 

ഞാന്‍ ആദ്യമായി മദ്യപാനം നിറുത്തിയത് എന്റെ പത്തൊന്‍പതാംവയസിലാണ്. കൃത്യം രണ്ടുവര്ഷം കഴിഞ്ഞ് ഞാന്‍ ഒരു ഡ്രിങ്ക് എടുത്തു. രണ്ടുവര്ഷം കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ ഹെറോയിന്‍ അഡിക്റ്റ് ആയിമാറിയിരുന്നു. ഇത്തരം ആസക്തികളെപ്പറ്റി നമുക്ക് അറിയാത്ത പലതുമുണ്ട്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. എത്രനാള്‍ വിട്ടുനിന്നാലും തിരികെപ്പോവുക കൈവായില്‍ എത്തിക്കുന്നത്ര എളുപ്പമാണ്.

2011ല്‍ ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്ന് ബോസ്റ്റണില്‍ എത്തി. അവിടെയാണ് ഞാന്‍ വളര്‍ന്നതും പഠിച്ചതും. എനിക്ക് 39 വയസ്, വിവാഹിതന്‍. ഒന്നരവയസുള്ള മകന്‍, രണ്ടാമത്തെ കുട്ടി ഗര്‍ഭത്തില്‍. ഞാന്‍ മൂന്നുപുസ്തകങ്ങള്‍ എഴുതി, കുറച്ച് അവാര്‍ഡുകള്‍ നേടി, എം ഐറ്റിയില്‍ പഠിപ്പിക്കാന്‍ ഒരുങ്ങുന്നു.

ഒരു ഡ്രിങ്ക് എടുക്കുന്നതും ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരുന്ന് ഒരു സൂചി കൈത്തണ്ടയോട് ചേര്‍ക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല.
 

ബോസ്റ്റണില്‍ തിരിച്ചുവന്നത് എന്റെ ഭൂതകാലത്തിലെ ചില ഓര്‍മ്മകളിലേയ്ക്ക് കൂടി പോകുന്നത് പോലെയായിരുന്നു. അവസാനം അവിടെ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ഒരു മയക്കുമരുന്ന് അടിമയായിരുന്നു. ഇവിടെ വീണ്ടും തിരിച്ചുവന്നത് എന്റെ ഭൂതകാലത്തെ സ്ഥിരം കാണുന്നത് പോലെയായിരുന്നു. എന്റെ മകനെ പ്രീസ്കൂളില്‍ വിടാന്‍ പോകുന്ന വഴിയിലാണ് ഞാന്‍ മുന്‍പ് താമസിച്ചിരുന്ന വീട്. അവന്റെ സ്കൂളില്‍ നിന്ന് എന്റെ ഓഫീസില്‍ പോകുന്ന വഴിയിലാണ് ഞാന്‍ ചികിത്സ തേടിയ സ്ഥലം. ഒരു ദിവസം വണ്ടിയോടിക്കുന്നതിനിടെ തലയുയാര്ത്തിയപ്പോള്‍ ഓവര്‍ഡോസ് മരുന്നെടുത്ത് എന്നെ കൊണ്ടെത്തിച്ച ആശുപത്രിയുടെ അടുത്തായിരുന്നു. ഞാന്‍ ഭാര്യയെ നോക്കി. പക്ഷെ ഞങ്ങള്‍ പങ്കിടാത്ത ഒരോര്‍മ്മയായിരുന്നു അത്. ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ ഞാന്‍ ഇതൊക്കെ നിറുത്തിയിട്ടു ആറുവര്ഷം കഴിഞ്ഞിരുന്നു.

അഡിക്ഷന്‍ സയന്‍സിന്റെ ഒരു സത്യം ഇതാണ്. ഒരുപാട് നാളത്തെ ഉപയോഗം നിങ്ങളുടെ ബുദ്ധിയെ മാറ്റിമറിക്കുകയും അതിന്റെ കെമിസ്ട്രി മാറ്റിക്കളയുകയും ചെയ്യും. അതുകൊണ്ടാണ് ചില ചെറിയ പ്രചോദനങ്ങള്‍ കൊണ്ടുതന്നെ തിരിച്ചുപോകാന്‍ കഴിയുന്നത്. എന്നാല്‍ ഈ മാറ്റങ്ങളെ സമയമെടുത്ത് പരിഹരിക്കാനും കഴിയും. എന്റെ ഡീലര്‍ താമസിച്ചുകൊണ്ടിരുന്ന വീടിനുമുന്നിലൂടെ പോയപ്പോള്‍ എനിക്ക് തിരിച്ചുപോകാന്‍ തോന്നിയില്ല. രണ്ടുലോകങ്ങള്‍ പരിചയമുള്ള ഒരാളെപ്പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. എന്നാല്‍ ഞാന്‍ മാത്രമാണ് ഈ രണ്ടുലോകവും കണ്ടിരുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ക്കോ എന്റെ പുസ്തകങ്ങളുമായി സഹകരിച്ചവര്‍ക്കോ ആര്‍ക്കും ഞാന്‍ വഴുതിവീഴാവുന്ന ഈ രണ്ടാംലോകം അറിയില്ല.

അതൊരു വല്ലാത്ത തിരിച്ചറിവായിരുന്നു. രണ്ടുലോകങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസത്തെ ഞാന്‍ പേടിക്കുന്നു. പല ആളുകള്‍ക്കും ജോലികളും ലോണുകളും ഭാര്യമാരും കുട്ടികളും ഉണ്ട്. അവര്‍ക്കൊക്കെ തിരിച്ചുവന്ന് ഒരുഗ്ലാസ് വൈന്‍ കുടിക്കാം. പക്ഷെ എനിക്ക് ആ ഗ്ലാസ് വൈന്‍ എന്റെ ഭൂതകാലത്തിലേയ്ക്കുള്ള വാതിലാണ്. ഒരു ഗ്ലാസ് വൈനും ഒരു സൂചിയും തമ്മില്‍ എനിക്ക് വലിയ ദൂരമുണ്ടാകില്ല.
 


 

കഴിഞ്ഞ രണ്ടരവര്‍ഷത്തില്‍ ജീവിതത്തില്‍ ഒരുപാട് സംഭവിച്ചു. ഞങ്ങളുടെ മകള്‍ ഉണ്ടായി. ഞങ്ങള്‍ ഒരു വീടു വാങ്ങി. എന്റെ ജോലി സ്ഥിരമായി. എന്റെ ജോലിസ്ഥലത്തെയ്ക്കുള്ള യാത്രകള്‍ എന്റെ അഡിക്ഷന്‍റെ ഓര്‍മ്മകള്‍ അല്ലാതായി. ചിലപ്പോള്‍ ഞാന്‍ എന്റെ കൈത്തണ്ടയിലെ മുറിപ്പാടുകള്‍ നോക്കും. ചിലപ്പോള്‍ വീണ്ടും അടിപ്പെട്ട് തിരികെപ്പോകാന്‍ കഷ്ടപ്പെടുന്ന സുഹൃത്തുക്കളുടെ വിവരം കേള്‍ക്കും. ആരുടെയെങ്കിലും മരണവാര്‍ത്ത വരും. ഞാന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. ഇനി ഞാന്‍ ഇല്ല.

ഇത്ര വര്‍ഷങ്ങള്‍ മാറിനിന്ന ശേഷം ഹോഫ്മാന്‍ എന്തിന് തിരിച്ചുപോയി എന്ന് അറിയുക വയ്യ. ആ കെമിക്കല്‍ ആശ്വാസത്തിലേക്കുള്ള വാതില്‍ അയാള്‍ തുറന്നുകഴിഞ്ഞപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സമയം കിട്ടിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല.

Seth Mnookin is the associate director of MIT’s Graduate Program in Science Writing

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍