UPDATES

കേരളം

സ്വാമി അസീമാനന്ദ് സി.കെ.ജാനുവിനെ സന്ദര്‍ശിച്ചതെന്തിന്?

ടീം അഴിമുഖം

2006 മുതല്‍ രാജ്യത്തിന്‍റെ പല പ്രദേശത്തും ഭീകരാക്രമണം നടത്തിയ ഹിന്ദുതീവ്രവാദഗ്രൂപ്പിന്‍റെ ആസൂത്രകനായ സ്വാമി അസീമാനന്ദയ്ക്ക് കേരളത്തില്‍ വ്യാപകമായ ബന്ധം. കാരവന്‍ മാസികയുടെ പുതിയ ലക്കത്തിലാണ് മലയാളികളുമായുള്ള ബന്ധം അസീമാനന്ദ് വെളിപ്പെടുത്തിയിരിക്കുന്നത്.

കാരവന്‍റെ ഫെബ്രുവരി മാസത്തെ ലക്കത്തില്‍ സ്വാമി അസീമാനന്ദയുടെ പത്തുമണിക്കൂറോളം നീണ്ട് നില്‍ക്കുന്ന റെക്കോഡ് ചെയ്യപ്പെട്ട അഭിമുഖത്തില്‍ പത്രപ്രവര്‍ത്തകയായ ലീന ഗീതാ രഘുനാഥ് എഴുതിയിരിക്കുന്ന ലേഖനം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. 2006 നും 2008 നും ഇടയ്ക്കായി മലേഗാവ് സംജോതാ എക്‌സപ്രസ്, ഹൈദരാബാദ്-മെക്കാ മസ്ജിദ് തുടങ്ങിയ ഇടങ്ങളില്‍ ഹിന്ദുതീവ്രവാദഗ്രൂപ്പ് നടത്തിയ ആക്രമണങ്ങള്‍ക്ക് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്‍റെ അംഗീകാരവും ആശിര്‍വാദവും ഉണ്ടായിരുന്നെന്ന് അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ സംഘപരിവാറിനെ പരുങ്ങലിലാക്കിയിരിക്കുകയാണ്.
 

2012 ജനുവരി പത്തിന് അംബാലാ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ ആദ്യ അഭിമുഖത്തില്‍ സ്വാമി അസീമാനന്ദ് കേരള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സി പി എംകാരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്   ജയിലില്‍ കഴിഞ്ഞിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരെ കാണാന്‍ ആര്‍ എസ് എസ് പ്രതിനിധിയായി അസീമാനന്ദ് കണ്ണൂര്‍ ജയിലില്‍ എത്തുകയായിരുന്നു. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ.ജാനുവുമായി കൂടിക്കാഴ്ച നടത്തിയതായും മറ്റൊരിടത്ത് പറയുന്നുണ്ട്. അത് കൂടാതെ മാതാ അമൃതാനന്ദമയി മഠം, വര്‍ക്കല എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചതായും പറയുന്നുണ്ട്.

ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് പോഷകസംഘടനയായ വനവാസി കല്യാണ ആശ്രമത്തിനായി ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറയുമ്പോള്‍ മലയാളിയായ സംഘടനാ സെക്രട്ടറി കെ.ഭാസ്‌ക്കരന്‍റെ പേരും അഭിമുഖത്തില്‍ പറയുന്നുണ്ട്. കേരളത്തില്‍ സംഘടനയെ വേരുപിടിപ്പിച്ചവരില്‍ മുഖ്യപങ്ക് വഹിച്ച ആളാണ് നിര്യാതനായ ഭാസ്‌ക്കരനെന്ന് അസീമാനന്ദ് വ്യക്തമാക്കുന്നു.
 

2005 ജൂലൈയില്‍ സൂറത്തില്‍ നടന്ന ആര്‍ എസ് എസ് യോഗത്തിന് ശേഷം മുതിര്‍ന്ന നേതാക്കളായ മോഹന്‍ ഭഗവത്, ഇന്ദിരേഷ് കുമാര്‍ എന്നിവര്‍ ഗുജറാത്തിലെ ആദിവാസി മേഖലയായ ഡാങ്ക്‌സില്‍ അസീമാനന്ദ താമസിച്ച ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. അമ്പലത്തില്‍ നിന്ന് കുറച്ച് ദൂരെ നദിക്കരയില്‍ ഉറപ്പിച്ച ടെന്‍റില്‍ വച്ചാണ് ഇരു നേതാക്കളും അസീമാനന്ദയും അദ്ദേഹത്തിന്‍റെ വലംകൈയായ സുനില്‍ജോഷിയും കണ്ടുമുട്ടിയത്.

പല മുസ്ലീം കേന്ദ്രങ്ങളും ആക്രമിക്കാന്‍ പദ്ധതിയിട്ട വിവരം അറിയിച്ചപ്പോള്‍ ഭഗവത് പറഞ്ഞത് ഞങ്ങള്‍ ഇതില്‍ നേരിട്ട് ഇടപെടില്ല, പക്ഷെ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ കൂടെയുണ്ടെന്ന് നിങ്ങള്‍ക്ക് കരുതാം എന്നാണ്. 2007 ഡിസംബര്‍ 29 ന് സുനില്‍ ജോഷിയെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ തന്നെ വകവരുത്തുകയായിരുന്നു. മലേഗാവില്‍ 2006 സെപ്തംബറില്‍ നടന്ന ബോംബ് ആക്രമണത്തില്‍ പങ്കെടുത്തിരുന്ന സുനില്‍ജോഷി, വിവരങ്ങള്‍ പുറത്താക്കുമെന്ന പേടിയിലാണ് കൊലപാതകം നടത്തിയത്.
 

അസീമാനന്ദയുടെ നേതൃത്വത്തിലുള്ള ഹിന്ദു തീവ്രവാദഗ്രൂപ്പ്, മലേഗാവില്‍ രണ്ട് ബോംബാക്രമണങ്ങളും(2006,2008) പാകിസ്ഥാനിലേയ്ക്ക് പോകുന്ന സംജോതാ എക്‌സപ്രസിലും(2007) ഹൈദരാബാദിലെ മെക്കാ മസ്ജിദിലും (2007) അജ്മീര്‍ ദര്‍ഗ(2007)യിലും ബോംബാംക്രമണങ്ങള്‍ നടത്തിയിരുന്നു. 2010 ല്‍ അസീമാനന്ദയും കൂട്ടാളികളിലും പിടിയിലാകുന്നത് വരെ നടത്തിയ ആക്രമണങ്ങളില്‍ നൂറ്റി ഇരുപതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍