UPDATES

നിങ്ങളുടെ വൃത്തികെട്ട ഷൂസ് വാങ്ങിക്കാനുള്ളതല്ല ഈ മാസം

ഐഷ ഹാരിസ് (സ്ലേറ്റ്)

കറുത്തവരുടെ ചരിത്രത്തിനായി അമേരിക്ക ഒരു മാസം നീക്കിവയ്ക്കുന്നുണ്ട്‌. എന്നാല്‍ ഓരോ വര്‍ഷവും അതോടൊപ്പം പുതിയ ചോദ്യങ്ങളും ഉയരും. ശരിക്കും കറുത്തവരുടെ ചരിത്രത്തിനായി ഒരു മാസം വയ്ക്കേണ്ട കാര്യമുണ്ടോ? വേണ്ട എന്നാണ് മോര്‍ഗന്‍ ഫ്രീമാന്‍ പറയുന്നത്. നേരാണെന്ന് എനിക്കും തോന്നുന്നുണ്ട്. എന്നാല്‍ ഈ കറുത്തവര്‍ഗ്ഗചരിത്രമാസം നിലനില്ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 1926ല്‍ ഒരു നീഗ്രോ ഹിസ്റ്ററി ആഴ്ച ആഘോഷിച്ചുകൊണ്ടാണ് ഇതിന്റെ തുടക്കം. എന്നാല്‍ ബിയറുകള്‍ വില്‍പ്പനയ്ക്കുള്ളിടത്തോളം, കോര്‍പ്പറേറ്റ് മുഖങ്ങള്‍ രക്ഷിക്കേണ്ടിടത്തോളം ഇത് നിലനില്‍ക്കും. അപ്പോള്‍ പിന്നെ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതിലും നല്ലത് ഇതിലെ പ്രശ്നങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും ചെറിയതും ഏറ്റവും വിവാദം നിറഞ്ഞതുമായ മാസം ശരിയാക്കാന്‍ നേരെചൊവ്വേയുള്ള അഞ്ച് പൊടിക്കൈകള്‍ ഇതാ.

1.ഹാരിയറ്റ് ജേക്കബ്സ്, ബില്‍ പിക്കെറ്റ്, ജോയ്സ് ബ്രയന്‍റ്റ് തുടങ്ങിയ ചരിത്രത്തില്‍ ഇടം നേടാത്ത ചരിത്രവ്യക്തിത്വങ്ങളുടെ ജീവിതങ്ങളും കൃതികളും പ്രചരിപ്പിക്കുക.
ഈ പേരുകളും ഇതുപോലെയുള്ള പല പേരുകളും നിങ്ങള്‍ കേട്ടിട്ടുണ്ടാകാന്‍ സാധ്യതയില്ല. ഫെബ്രുവരി വരുമ്പോള്‍ എല്ലാ സ്കൂളുകളും കോര്‍പ്പറേറ്റുകളും മീഡിയകളും പറയുന്നതുമുഴുവന്‍ പ്രശസ്തരായ കറുത്തവര്‍ഗ്ഗക്കാരെപ്പറ്റി മാത്രമാണ്- മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌, മാല്‍ക്കം എക്സ്, ഹാരിയറ്റ് ടബ്മാന്‍, ഫ്രെഡറിക്ക് ഡഗ്ലസ് എന്നിവര്‍. ക്ലിന്റന്‍ യേറ്റ്സ് ഒരിക്കല്‍ ഇതേപ്പറ്റി പറഞ്ഞത് “ഫെബ്രുവരിയെ പുരാതന കറുത്തവര്‍ഗ സിവില്‍ റൈറ്റ്സ് ചരിതം”എന്ന് വിളിച്ചാല്‍ മതിയല്ലോ എന്നാണ്.
 


എന്നാല്‍ ലോകത്തില്‍ മാറ്റങ്ങളുണ്ടാകാനായി പ്രവര്‍ത്തിച്ച വേറെയും മനുഷ്യരുണ്ട്‌. ഇവരെപ്പറ്റി ഒരു സ്കൂള്‍പുസ്തകത്തിലും ചര്‍ച്ചകള്‍ ഉണ്ടാകില്ല. കോളേജില്‍ ചേര്‍ന്ന് സ്വന്തം താല്‍പ്പര്യം കൊണ്ട് ഇതൊന്നും അന്വേഷിച്ച് എടുത്തില്ലെങ്കില്‍ ഇവരെ നിങ്ങള്‍ ഒരിക്കലും അറിയില്ല. കറുത്തവര്‍ഗ്ഗചരിത്രത്തിനുവേണ്ടി ഒരു മാസമൊക്കെ മാറ്റിവയ്ക്കുന്നുണ്ടെങ്കില്‍ ആ സമയത്ത് മറന്നുപോയ ആളുകളെ ഓര്‍ക്കാന്‍ ഉപയോഗിച്ചുകൂടെ?

(അറിയാന്‍ കൌതുകമുള്ളവര്‍ക്കായി: ഹാരിയറ്റ് ജേക്കബ്സ് എഴുതിയ ആത്മകഥയാണ് “Incidents in the life of a Slave Girl”. ബില്‍ പിക്കറ്റ് കറുത്തവര്‍ഗക്കാരനായ ഒരു കൌബോയിയും റോഡിയോ പെര്‍ഫോമറുമായിരുന്നു. ജോയ്സ് ബ്രയന്‍റ്റ് ഒരു ജാസ് ഗായകനും.)
 


2.വെറുതെ കറുത്തവര്‍ഗ ചരിത്രമാസം ആഘോഷിക്കുന്നതിനുപകരം ഭൂതകാലത്തിലെയും ഇപ്പോഴത്തെയും അനീതികളെ നേരിടുക.
കറുത്തവര്‍ഗ ചരിത്രമാസം ആഘോഷിക്കപ്പെടുന്നതിന്റെ പ്രധാനകാരണം നാളുകളായി കറുത്തവര്‍ഗ്ഗക്കാര്‍ അനുഭവിച്ചിരുന്ന സാമൂഹികവേര്‍തിരിവുകളാണ്. കറുത്തവര്‍ഗ്ഗക്കാരുടെ സംഭാവനകളെപ്പറ്റിയൊക്കെ കുട്ടികളെ പഠിപ്പിക്കുന്നത് നല്ലത് തന്നെ. എന്നാല്‍ അതേ കുട്ടികളെയും ഒപ്പം മുതിര്‍ന്നവരെയും ഇന്നും നിലനില്‍ക്കുന്ന എന്നാല്‍ ചര്‍ച്ച ചെയ്യപ്പെടാത്ത അനീതികളെപ്പറ്റികൂടി ബോധവല്‍ക്കരിക്കുന്നത് നല്ലതായിരിക്കും.

കറുത്തവര്‍ഗക്കാര്‍ക്ക് ചികിത്സ നിഷേധിച്ച ടാസ്ക്ജീ പരീക്ഷണങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ. 1921ല്‍ നടന്ന ടുല്സ വംശീയകലാപത്തില്‍ അമേരിക്കയിലെ ഒരു പ്രമുഖകറുത്തവര്‍ഗ്ഗസമൂഹം ഒന്നടങ്കം തുടച്ചുനീക്കപ്പെട്ടതിനെപ്പറ്റിയും നമുക്ക് സംസാരിക്കാം. ഒരു ഭൂതകാലത്തെ ആഘോഷിക്കുന്നത്തിനൊപ്പം അതിനെ ചോദ്യം ചെയ്യുകയും ചെയ്യണം. എവിടെയാണ് ഈ രാജ്യത്തിനു തെറ്റിയത് എന്ന് മനസിലാക്കാന്‍ ശ്രമിച്ചാല്‍ അതുകൊണ്ടു എല്ലാവര്ക്കും പ്രയോജനം ഉണ്ടാകും. എന്ജല ഡേവീസ് പറയുന്നത് പോലെ “സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ മനസിലാക്കാന്‍” കറുത്തവര്‍ഗചരിത്രമാസം ഉപയോഗിക്കാം.
 


3.കറുത്തവര്‍ഗചരിത്രമാസത്തെ നിങ്ങള്‍ക്ക് വാണിജ്യവല്‍ക്കരിക്കണമെങ്കില്‍ ആയിക്കോളൂ, പക്ഷെ കുറച്ചു ബഹുമാനവും കാണിക്കുക.
2005ല്‍ വാഷിംഗ്‌ടണ്‍ പോസ്റ്റില്‍ വന്ന ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത് പോലെ ഈ പരിപാടി ആഘോഷിക്കുന്നതിനിടെ ബോധമില്ലാത്ത വാണിജ്യവല്‍ക്കരണവും നടക്കാറുണ്ട്. കറുത്തവര്‍ഗ്ഗചരിത്രത്തിന്റെ പ്രധാനസംഭവങ്ങള്‍ വര്‍ണ്ണിക്കുന്നതിനിടെ മലശോധന എളുപ്പമാക്കുന്നതിനുള്ള മരുന്നുകളുടെ മുഴുപ്പേജ് പരസ്യങ്ങള്‍ ഇടുന്നത് പോലെ.

ഒന്നുശ്രദ്ധിച്ചാല്‍ ഈ വര്‍ഷവും ഇവ കാണാം. കറുത്തവര്‍ഗ്ഗത്തിന്‍റെ മുന്നേറ്റത്തെ കോക്ക് ലോഗോയുടെ പരിണാമത്തോട് ചേര്‍ത്തുവെച്ചാണ് കൊക്കകോളയുടെ പരസ്യം. ചില പരസ്യക്കാര്‍ക്ക് ഇത് ഏത് മാസമാണ് ആഘോഷിക്കുന്നത് എന്നും സംശയമുണ്ട്‌. അവരുടെ സ്പെഷ്യല്‍ ഓഫറുകള്‍ മാര്‍ച്ചിലാണ് വരിക.

നിങ്ങള്‍ക്ക് ഈ മാസത്തെ വാണിജ്യവല്‍ക്കരിക്കണമേന്നുണ്ടെങ്കില്‍ അത് നന്നായി ചെയ്യുക. അല്ലാതെ നിങ്ങള്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് വിളമ്പുകയോ നിങ്ങളുടെ കോര്‍പ്പറേറ്റ് ഹാഷ്ടാഗ് റീട്വീറ്റ് ചെയ്യാന്‍ ആളുകളോട് ആവശ്യപ്പെടുകയോ നിങ്ങളുടെ വൃത്തികെട്ട ഷൂസ് വാങ്ങിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്.
 


4.ഒരു മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ കറുത്തവര്‍ഗ്ഗക്കാരെപ്പറ്റിയും അവരുടെ അനുഭവങ്ങളെപ്പറ്റിയും എന്തെങ്കിലും പുതിയ കാര്യം മനസിലാക്കാന്‍ ശ്രമിക്കുക.
സ്കൂള്‍കുട്ടികള്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും മാത്രമുള്ളതല്ല ഈ മാസം. മുതിര്‍ന്നവര്‍ക്കും പഠിക്കാം. കറുത്തവര്‍ഗ്ഗസമൂഹത്തെപ്പറ്റിയുള്ള പലതരം പരിപാടികള്‍ ടിവിയില്‍ നിറയുന്ന ഒരു മാസമാണിത്. അത് ശ്രദ്ധിക്കുക. നിങ്ങളുടെ ലോക്കല്‍ മ്യൂസിയത്തിലോ കോളെജിലോ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കുക. കറുത്തവര്‍ഗ്ഗക്കാരെപ്പറ്റിയുള്ള ഒരു ആത്മകഥയോ ചരിത്രപുസ്തകമോ നോവലോ വായിക്കുക.

5.ഒന്നുമുതല്‍ നാലുവരെയുള്ള കാര്യങ്ങള്‍ വര്‍ഷം മുഴുവന്‍ ചെയ്യുക.

Aisha Harris is a Slate culture blogger for Brow Beat.


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍