UPDATES

സുധീരനെ ആര്‍ക്കാണ് പേടി?

ജോസഫ്‌ വര്‍ഗീസ്

വര്‍ഷങ്ങളായി കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് തോല്‍ക്കുന്ന  പത്തനംതിട്ട മുന്‍ ഡി.സി.സി. പ്രസിഡന്റ് ആണ് അഡ്വ. എ. ഫിലിപ്പോസ് തോമസ്. ഏ കെ.ആന്‍റണിയില്‍ ഉള്ള വ്യക്തിബന്ധം വച്ച് കഴിഞ്ഞ തവണ പത്തനംതിട്ട ലോക്‌സഭാ സീറ്റ് നല്‍കണമെന്ന് ഫിലിപ്പോസ് തോമസ് അഭ്യര്‍ത്ഥിച്ചു. ഓരോ മണ്ഡലത്തിലേയും സാധ്യതാ പട്ടികയില്‍ മൂന്ന് പേരെങ്കിലും ഉണ്ടാകും. ഈ പട്ടികയില്‍ നിന്ന് കേരളത്തിലെ ലോക്‌സഭാ സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ ഏ.കെ. ആണ്. പല സീറ്റുകളിലും രണ്ട് അഭിപ്രായമാണെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നൂറ്റമ്പത് ശതമാനം വിജയം ഉറപ്പായ പത്തനംതിട്ട സീറ്റിലേയ്ക്ക് ഒറ്റപേര് മാത്രം. ആന്‍റോ ആന്‍റണി ആയിരുന്നു ആ പേരുകാരന്‍.

രണ്ടാമതോ മൂന്നാമതോ ഫിലിപോസ് തോമസിന്‍റെ പേര് എഴുതി ചേര്‍ത്താല്‍ അദ്ദേഹത്തെയായിരിക്കും ആന്‍റണി പിന്തുണക്കുന്നത് എന്ന് അറിയാവുന്ന ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി.പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും ആദര്‍ശധീരനെ കടത്തിവെട്ടി. സ്വന്തക്കാരന്‍റെ പേര് ആന്‍റണി എഴുതിചേര്‍ക്കില്ലെന്ന് അറിയാവുന്ന രണ്ട് നേതാക്കളും ചേര്‍ന്ന് ഫിലിപ്പോസിനെ മുളയിലേ നുള്ളി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടയില്‍ ഡല്‍ഹി മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ച സംഭവമാണിത്. പെരുത്ത തമ്മിലടി നടക്കുമ്പോഴും മൂന്നാമതൊരാളുടെ കടന്ന്‌വരവ് തടയാന്‍ രമേശും ഉമ്മന്‍ചാണ്ടിയും കൈകോര്‍ക്കും എന്നതിന് ഉദാഹരണമാണീ സംഭവം.
 


ഡി.ഐ.സി.രൂപീകരിച്ച് കെ.കരുണാകരന്‍ പാര്‍ട്ടി വിട്ട് പോകുന്നത് വരെ കേരളത്തിലെ കോണ്‍ഗ്രസില്‍ രണ്ട് നേതാക്കളാണ് ഉണ്ടായിരുന്നത്. അത് ഏ.കെ.ആന്‍റണിയും കെ.കരുണാകരനും ആയിരുന്നു. ലീഡര്‍ പാര്‍ട്ടി വിട്ട്‌പോയപ്പോഴും ഏറ്റവും അസ്വസ്ഥനായത് ഏ.കെ.ആന്‍റണി ആയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന് ഏ.കെ.ആന്‍റണി ഡല്‍ഹിയ്ക്ക് പോരേണ്ടി വരുകയും പ്രായം കരുണാകരനെ തളര്‍ത്തുകയും ചെയ്തപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ ദ്വന്ദങ്ങളാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. എക്കാലത്തേയും പോലെ കോണ്‍ഗ്രസുകാരെ ഇരുചേരികളിലാക്കി തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഈ രണ്ട് നേതാക്കന്മാരും കിണഞ്ഞ് ശ്രമിക്കുമ്പോഴും ഇവര്‍ക്ക് ഒരു ദശാബ്ദം മുമ്പുണ്ടായിരുന്ന കരുണാകരന്‍-ആന്‍റണി ദ്വന്ദങ്ങളാകാന്‍ കഴിഞ്ഞില്ല. മാത്രമല്ല പിണറായി വിജയന്‍റെ സംഘടനാ പാടവവും വി.എസ്.അച്യുതാനന്ദന്‍റെ ജനകീയതയും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എന്നും ബാലികേറാമലകളായിരുന്നു.
 


കെ.മുരളീധരന്‍ ആക്ഷേപിച്ചിരുന്നത് പോലെ  ഏ ഗ്രൂപ്പ് ഉമ്മന്‍ഗ്രൂപ്പ് ആയി മാറുകയും ഉമ്മന്‍ചാണ്ടിയുടെ സര്‍വാധിപത്യത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രം അവസരം ലഭിക്കുകയും ചെയ്തു. മറുവശത്ത് കേവലം മൂന്നാംഗ്രൂപ്പിന്‍റെ നേതാവ് മാത്രമായിരുന്ന രമേശ് ചെന്നിത്തല കരുണാകരനൊപ്പം പുറത്ത് ചാടാതിരുന്ന  ഐ ഗ്രൂപ്പുകാരെ കൂടെക്കൂട്ടി  വിശാല ഐ രൂപീകരിച്ച് അതിന്‍റെ നേതൃസ്ഥാനത്ത് സ്വയം അവരോധിതനായി. കേരളത്തിന്‍റെ കോണ്‍ഗ്രസ് ഇനി തങ്ങളാണെന്ന ഇവരുടെ ധാര്‍ഷ്ട്യത്തിന്‍റെ മുകളിലേയ്ക്കാണ് വി.എം.സുധീരന്‍റെ പേര് കടന്നുവന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാ പിണക്കങ്ങളും മാറ്റിവച്ച് അവര്‍ സുധീരനെതിരേ ഒന്നിച്ച് പോരാടുന്നത്.
 


ജനപക്ഷ നിലപാടുകളും ആദര്‍ശോന്മുഖ രാഷ്ട്രീയവും കൈമോശം വന്ന് ജനങ്ങളില്‍ നിന്ന് അകലുന്ന കോണ്‍ഗ്രസിനെ തിരികെ നടത്താനുള്ള വി.എം.സുധീരന്‍റെ പ്രാപ്തിയില്‍ തങ്ങള്‍ അപ്രസക്തരാകുമെന്ന് ഇവര്‍ക്ക് അറിയാം. ആറന്മുള വിമാനതാവളത്തിന് വേണ്ടി മറികടക്കുന്ന പരിസ്ഥിതി നിയമങ്ങളെക്കുറിച്ച് സുധീരന്‍ എടുക്കുന്ന നിലപാടുകളും കരിമണല്‍ പ്രശ്‌നത്തിലെ അഭിപ്രായവും സാമുദായിക സംഘടനാ നേതൃത്വത്തെ വെല്ലുവിളിക്കുന്നതില്‍ പ്രകടിപ്പിക്കുന്ന ആര്‍ജവത്വവും ഏറ്റവും ഒടുവില്‍ കേരളത്തെ അമ്പരപ്പിച്ച് ലാവ്‌ലിന്‍ കേസില്‍ വൈദ്യുതി വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് എതിരായി എടുത്ത നിലപാടും സുധീരനെ ഒരേ സമയം കോണ്‍ഗ്രസുകാര്‍ക്കും പൊതുസമൂഹത്തിനും സ്വീകാര്യനാക്കുന്നുണ്ട്. അപ്പോഴക്കെ സുധീരനെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കാനാണ് ഗ്രൂപ്പ്‌ഭേദമില്ലാതെ നേതാക്കള്‍ ശ്രമിച്ചത്. അവിടെയാണ് വി.എം. കോണ്‍ഗ്രസിലെ വി.എസ്.ആയി മാറുന്നത്.
 


വ്യവസ്ഥാപിത പാര്‍ട്ടികളിലെ അഴിമതിക്കും ഒത്തുകളിക്കും എതിരേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനം ചൂലെടുത്തുകഴിഞ്ഞു. കേവലം രാഷ്ട്രീയ ഉപജാപങ്ങള്‍ക്കും സാമുദായിക പ്രീണനങ്ങള്‍ക്കും  അപ്പുറം പൊതുജനത്തിന് ബോധ്യവും വിശ്വാസവും ഉള്ള നേതാക്കള്‍ പാര്‍ട്ടിയിലും ഭരണത്തിലും അമരക്കാരാവണമെന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിന് ഉണ്ടായിക്കഴിഞ്ഞു. എന്നാലേ നിലനില്‍ക്കാനും മുന്നോട്ട് പോകാനും  ഈ പാര്‍ട്ടികള്‍ക്ക് കഴിയൂ.

ഈ സാഹര്യത്തിലാണ് ഇപ്പോള്‍ അത്രയൊന്നും പേര് ദോഷമില്ലാത്ത ജി.കാര്‍ത്തികേയനെ  പി.സി.സി.അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് എടുത്ത് ഉയര്‍ത്തിയിട്ടും പെട്ടന്ന് ഒരു നിയമന ഉത്തരവ് ജന്‍പഥ് പത്തില്‍ നിന്ന് ഉണ്ടാവാതിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍