UPDATES

സിനിമ

എവിടെ മജീദിന്‍റെ (ബഷീറിന്‍റെയും) പൂന്തോട്ടങ്ങള്‍?

സഫിയ

സാഹിത്യവുമായുള്ള മലയാള സിനിമയുടെ ചാര്‍ച്ച മാര്‍ത്താണ്ഡ വര്‍മ്മ മുതല്‍ തുടങ്ങുന്നുണ്ട്. ഇന്ത്യന്‍ സിനിമ (ഹിന്ദി സിനിമ) പുണ്യ പുരാണ കഥകളില്‍ കുരുങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ഇത്. പ്രമുഖരുടെ സാഹിത്യ കൃതികള്‍ നമ്മുടെ സിനിമകള്‍ക്ക് വ്യാപകമായി ആധാരമായി തുടങ്ങിയത് തകഴിയുടെ രണ്ടിടങ്ങഴിയുടെ ചലചിത്ര രൂപം വന്നതിനു ശേഷമാണ് എന്ന്‍ (ചരിത്രപരമായി അത്ര കൃത്യമല്ലെങ്കില്‍ക്കൂടി) നമുക്ക് പറയാം. പിന്നീട് കരുണ, രമണന്‍, ഇന്ദുലേഖ, ഓടയില്‍ നിന്ന്, പണിതീരാത്ത വീട്, അരനാഴിക നേരം, ചെമ്മീന്‍, അസുരവിത്ത്, ഭാര്‍ഗ്ഗവീനിലയം, ഇരുട്ടിന്‍റെ ആത്മാവ് തുടങ്ങി മലയാളികളുടെ വായനയെ ആഘോഷമാക്കിയ നിരവധി കൃതികള്‍ ചലചിത്ര രൂപം പ്രാപിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാല സഖി തന്നെ 1967ല്‍ ചലച്ചിത്രമായി പുറത്തിറങ്ങിയിട്ടുണ്ട്. പ്രേംനസീറും ഷീലയും മജീദും സുഹറയുമായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശശികുമാറാണ്. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ് ഇതിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. എന്തായാലും പ്രമുഖ സാഹിത്യകൃതികളെ ഉപജീവിച്ച് സിനിമ ചെയ്യുന്ന രീതിക്ക് പിന്നീടുള്ള കാലം വലിയ പ്രധാന്യം കിട്ടിയില്ല. 80കളിലും 90കളിലും ഇറങ്ങിയ പത്മരാജന്‍റെയും എം ടി വാസുദേവന്‍ നായരുടെയും സിനിമകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ താരതമ്യേന വളരെ കുറഞ്ഞ ശ്രമങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളൂ. അക്കൂട്ടത്തില്‍ അടൂരിന്‍റെ മതിലുകള്‍, വിധേയന്‍, ലെനിന്‍ രാജേന്ദ്രന്‍റെ ദൈവത്തിന്‍റെ വികൃതികള്‍, കെ ആര്‍ മോഹനന്‍റെ ആശ്വഥാമാവ്, സിവി ശ്രീരാമന്‍റെ കഥകളെ അടിസ്ഥാനമാക്കി അരവിന്ദനും ടിവി ചന്ദ്രനും സംവിധാനം ചെയ്ത സിനിമകള്‍ തുടങ്ങി ചില സമാന്തര സിനിമകള്‍ മാത്രമേ ശ്രദ്ധിക്കപ്പെട്ടുള്ളൂ. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിയും ചില ബംഗാളി നോവലുകളെ ഉപജീവിച്ച് ചെയ്ത സിനിമകളുമാണ് ഈ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ശ്രമങ്ങള്‍.  
 

പ്രശസ്ത നാടക പ്രവര്‍ത്തകനായ പ്രമോദ് പയ്യന്നൂര്‍ ചലച്ചിത്രത്തിന്‍റെ ഈ അത്യന്താധുനിക യുഗത്തില്‍ 1940 കളിലെ ഒരു ‘സോദ്ദേശ’ ജീവിത കഥ പറയുന്ന ഒരു സാഹിത്യകൃതിക്ക് ചലചിത്ര രൂപം കൊടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വലിയ ആഹ്ലാദം തോന്നി. ബഷീറിന്‍റെ ബാല്യകാല സഖിയാണെന്നറിഞ്ഞപ്പോള്‍ ആ സന്തോഷം ഇരട്ടിക്കുകയും ചെയ്തു.പക്ഷേ സിനിമ കണ്ടിറങ്ങിയപ്പോള്‍ ചെറുതല്ലാത്ത നിരാശ തോന്നി. കാരണം ഞാന്‍ അന്വേഷിച്ച ബഷീറിന്‍റെ പൂന്തോട്ടങ്ങള്‍ സിനിമയില്‍ ഇല്ലായിരുന്നു. കുഞ്ഞ് മജീദും സുഹറയും വീട്ടിന് മുന്‍പില്‍ നട്ടു വളര്‍ത്തുന്ന പൂന്തോട്ടവും പിന്നീട് നാടായ നാടോക്കെ അലഞ്ഞു തിരിഞു വന്നതിനു ശേഷം മജീദ് ഒറ്റയ്ക്കൊരുക്കുന്ന പൂന്തോട്ടവും. ബഷീറിന്‍റെ ഈ പൂന്തോട്ടം മതിലുകളിലെ ജയില്‍ മുറ്റത്തും നമുക്ക് കാണാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബഷീര്‍ ലോകത്തോട് സംവദിക്കുന്ന ഏറ്റവും ശക്തമായ ബിംബമാണ് ഈ പൂന്തോട്ടം. പൂന്തോട്ടമില്ലാത്ത ബാല്യകാല സഖി ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലെയാണ് എനിക്കു തോന്നിയത്. മജീദും സുഹറയും പലവീടുകളില്‍ നിന്ന് ചെടിക്കമ്പുകള്‍ കൊണ്ടു വന്നിട്ടാണ് വീടിന് മുന്‍പില്‍ പൂന്തോട്ടമുണ്ടാക്കുന്നത്. ബാല്യകാലത്തിന്റെ വല്ലാത്ത ഗൃഹാതുരത്വം അതിലുണ്ട്. അതിന്‍റെ ഇലകളിലേക്കാണ് മജീദിന്‍റെ ഉപ്പ മുറുക്കി തുപ്പുന്നത്. യുവാവായി തിരിച്ചു വന്നപ്പോള്‍ വീട്ടിലെ സാഹചര്യങ്ങള്‍ എല്ലാം മാറിയിരുന്നു. കടുത്ത ദാരിദ്ര്യത്തിന്‍റെയും പ്രണയ തകര്‍ച്ചയുടെയും മാനസിക പീഡയില്‍ നിന്ന് രക്ഷപ്പെടാന്‍ മജീദ് വീണ്ടും പൂന്തോട്ടമുണ്ടാക്കുകയാണ്. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയ സുഹറ മജീദിനെ കാണാന്‍ വരുമ്പോള്‍ അയാള്‍ ചെടികള്‍ക്കിടയിലാണ്. അപ്പോള്‍ അവള്‍ ഇങ്ങനെ പറയുന്നുണ്ട്, “ഓ പുതിയ പൂന്തോട്ടമല്ലേ..?”
 

എന്താണ് ബാല്യകാലസഖി എന്ന ചലച്ചിത്രത്തിന് സംഭവിച്ചത്? മറ്റൊന്നുമല്ല അതിന്‍റെ ബാല്യകാലം നഷ്ടപ്പെട്ടു പോയി എന്നത് തന്നെ. താരത്തിനു വേണ്ടി തിരക്കഥയൊരുക്കിയപ്പോള്‍ നഷ്ടപ്പെട്ടത് ബഷീര്‍ അസാമാന്യമായ ലാളിത്യത്തോടെ കോറിയിട്ട മജീദിന്‍റെയും സുഹറയുടെയും ബാല്യകാലമായിരുന്നു. 12 അദ്ധ്യായങ്ങളുള്ള നോവലില്‍ 7 അദ്ധ്യായങ്ങളും മജീദിന്‍റെ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. മജീദും സുഹറയും തമ്മിലുള്ള തീവ്ര പ്രണയത്തിനാടിസ്ഥാനം കുട്ടിക്കാലത്ത് അവര്‍ക്കിടയിലുണ്ടായിരുന്ന വല്ലാത്ത സൌഹൃദമാണ്. പക്ഷേ അതിന്‍റെ വിശദാംശങ്ങള്‍ എല്ലാം കളഞ്ഞ് പേരിന് ഇമ്മിണി ബല്യ ഒന്നും മാര്‍ക്ക കല്യാണവും കാതുകുത്തലിലുംലും മാത്രം ഒതുങ്ങിപ്പോയപ്പോള്‍ സംവിധായകന്‍ പരാജയപ്പെട്ടത് ബഷീര്‍ മലയാളിക്ക് നല്കിയ വാങ്ഗ്മയ ചിത്രങ്ങള്‍ക്ക് മുന്‍പിലാണ്. അതില്‍ നിന്ന് ഓടിയൊളിക്കുന്ന സംവിധായകന്‍ രക്ഷ പ്രാപിക്കുന്നത് ബഷീര്‍ ഏറെ വിശദീകരിക്കാത്ത മജീദിന്‍റെ കല്‍ക്കത്ത ജീവിതത്തിലാണ്. പുതിയ കഥാപാത്രങ്ങളും ദേശീയ സ്വാതന്ത്ര്യസമരവുമൊക്കെ വലിയ പ്രാമുഖ്യം കൈവരിച്ചപ്പോള്‍ ഒരു ചരിത്ര രാഷ്ട്രീയ സിനിമ കണ്ടിരിക്കുന്ന വരണ്ട അനുഭവമായി ഈ ചലച്ചിത്രം മാറി. സ്വാതന്ത്ര്യത്തെയും രാഷ്ട്രീയത്തെയും കുറിച്ചു തീര്‍ത്തും വേറിട്ട കാഴ്ചപ്പാടായിരുന്നു ബഷീറിനെന്നത് മതിലുകള്‍ ഒരാവര്‍ത്തികൂടി വായിച്ചാല്‍ മതിയാകും. നിങ്ങള്‍ സ്വതന്ത്രനായി എന്നു പറഞ്ഞ ജയില്‍ വാര്‍ഡനോടു ആര്‍ക്ക് വേണം ഈ സ്വാതന്ത്ര്യം എന്നാണ് ബഷീര്‍ തിരിച്ചു ചോദിച്ചതു. മുദ്രാവാക്യ സമാനമായ രാഷ്ട്രീയ ചരിത്ര എപിസോഡ് തന്നെയാണ് പുതിയ ബാല്യകാല സഖിയിലെ ഏറ്റവും വലിയ ഏച്ചുകെട്ടല്‍.
 

 

1940കളുടെ ആദ്യപകുതിയിലെ ജീവിതമാണ് ബഷീര്‍ നോവലില്‍ ആഖ്യാനം ചെയ്യുന്നത്. ലോകം രണ്ടാം ലോക മഹായുദ്ധത്തില്‍ തിളച്ചു മറിയുന്ന കാലം. ഇന്ത്യ യുദ്ധത്തില്‍ ഭാഗമായില്ലെങ്കിലും ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍ അതിന്‍റെ എല്ലാ കെടുതികളും അനുഭവിച്ചിരുന്നു. ദാരിദ്ര്യവും മഹാമാരികളും സ്വാതന്ത്ര്യദാഹവും ജനജീവിതത്തെ കശക്കി എറിഞ്ഞുകളഞ്ഞിരുന്നു. നോവലില്‍ ബഷീര്‍ ഇങ്ങനെ പറയുന്നുണ്ട്, “ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയും” എന്ന്. ഈ ഒറ്റ വരികൊണ്ട് ബഷീര്‍ അനുഭവിപ്പിച്ച ദാരിദ്ര്യം സിനിമയിലെവിടെയും അനുഭവിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നില്ല. അത് മമ്മൂട്ടിയുടെ ശരീര ഭാഷയിലുമില്ല വീട്ടുപണി ചെയ്ത് പരുക്കനായി മാറിയ സുഹറയുടെ വിരല്‍ സ്പര്‍ശനത്തിലുമില്ല.
 

ഇതു പോലെ ഒരു പ്രണയ കഥ പറയാന്‍ ബാല്യകാലസഖിയെ കൂട്ടു പിടിക്കേണ്ട ആവിശ്യമില്ല. പ്രണയമെന്ന അതിലോലമായ മേല്‍പ്പാളിക്കടിയില്‍ തിളച്ചു മറിയുന്ന ഒരു കാലമുണ്ടായിരുന്നു ബഷീറിന്‍റെ ബാല്യകാലസഖിയില്‍. അതിന്‍റെ ചൂരും ചൂടുമുണ്ടായിരുന്നു. സിനിമയില്‍ നഷ്ടപ്പെട്ടത് അതാണ്. അത് പുരാവസ്തുക്കളോ വേഷ ഭൂഷകളോ മറ്റ് സെറ്റ് പ്രോപ്പര്‍ടീസോ കൊണ്ട് മാത്രം പുനസൃഷ്ടിക്കാന്‍ സാധിക്കുന്നതല്ല. അതിന് വേണ്ടത് മൂലധന യുക്തിയെ തട്ടിത്തെറിപ്പിച്ചു മുന്‍പോട്ട് പോകാനുള്ള ധീരതയാണ്. ആ ധീരത സംവിധായകന്‍ കാണിച്ചിരുന്നുവെങ്കില്‍ മറ്റെല്ലാ തെറ്റുകുറ്റങ്ങളും നമുക്ക് പൊറുക്കമായിരുന്നു.
 

അമ്മു പറഞ്ഞത്: ഇതെന്ത് സിനിമയാ…. നാടകം പോലെയുണ്ടല്ലോ? (അമ്മു ബാല്യകാലസഖി വായിച്ചിട്ടുണ്ട്. മജീദിന്‍റെയും സുഹറയുടെയും കുട്ടിക്കാലം കാണാനാണ് അവള്‍ വന്നത്. അവളെ സിനിമ നിരാശപ്പെടുത്തിക്കളഞ്ഞു. പുസ്തകം തന്നെയാ നല്ലതെന്ന് അവള്‍ ഉറപ്പിച്ചു.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍