UPDATES

അങ്ങനെ കത്തിക്കാനൊക്കുമോ കേരളത്തെ?

സാജു കൊമ്പന്‍

ഏകദേശം 100 മണിക്കൂര്‍ നീണ്ട കെ കെ രമയുടെ നിരാഹാര സമരം ഇന്നലെ അവസാനിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്കര്‍ നല്കിയ നാരങ്ങാനീര് കഴിച്ചുകൊണ്ട് സമരം അവസാനിപ്പിച്ച്, തന്‍റെ പോരാട്ടത്തെ വിജയമാക്കി തീര്‍ത്ത എല്ലാ മനുഷ്യസ്നേഹികളോടും നന്ദി അറിയിച്ച രമയുടെ മുഖത്തുകണ്ട അചഞ്ചലമായ ആത്മവിശ്വാസം തന്നെയായിരുന്നു അവരുടെ സമരം അങ്ങനയങ്ങ് ചീറ്റിപ്പോകുന്നതല്ല എന്നതിന്റെ പ്രധാന തെളിവ്. യഥാര്‍ഥത്തില്‍ നമ്മള്‍ ‘ചീറ്റിപ്പോകല്‍’ എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നത് തന്നെ അനൌചിത്യമാണ്. കാരണം ഈ സമരം ആര്‍ എം പി എന്ന രാഷ്ട്രീയ പാര്‍ടിയുടെ രാഷ്ട്രീയ അസ്ഥിത്വത്തിന് വേണ്ടിയുള്ള സമരത്തിനേക്കാള്‍ ഉപരി ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു എന്നത് തന്നെയാണ്.

രമയുടെ സമരം ചീറ്റിപ്പോയി എന്നു ആദ്യം പറഞ്ഞത് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. കേരള രക്ഷാ മാര്‍ച്ചിനിടയിലെ ഒരു മാധ്യമ സമ്മേളനത്തിനിടയില്‍. അത് പറയുമ്പോള്‍ പിണറായിയുടെ മുഖത്ത് സന്തോഷമായിരുന്നില്ല. മറിച്ച് വലിയൊരു കാര്‍മേഘം ഒഴിഞ്ഞു പോയതിന്റെ ആശ്വാസമായിരുന്നു. അതായിരിക്കാം താന്‍ പറയേണ്ട വാക്കുകള്‍ പെറുക്കിയെടുക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധകാണിക്കുന്ന ഒരാള്‍ എന്ന ഭാവേനെ സംസാരിക്കുന്ന പിണറായിയെ, സെക്രട്ടറിയേറ്റിന് മുന്‍പിലെ തിളയ്ക്കുന്ന ചൂടില്‍ അഞ്ചു ദിവസം നിരാഹാരം കിടന്ന പെണ്‍കരുത്തിനെ ഒട്ടും രാഷ്ട്രീയ മര്യാദയില്ലാത്ത ഇത്തരമൊരു പദപ്രയോഗം കൊണ്ട് വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
 


അതുകൊണ്ട് തന്നെയാണ് ഈ അടുത്തകാലത്ത് സി പി എം നടത്തിയ സമരങ്ങളെ ഒന്നു കൂടി ഓര്‍ക്കേണ്ടി വരുന്നത്. സാധാരണ വിദ്യാര്‍ഥി സമരങ്ങളിലൂടെയായിരുന്നു യു ഡി എഫ് സര്‍ക്കാരുകളെ ഇടതുപക്ഷം മുള്‍മുനയില്‍ നിര്‍ത്തിയിരുന്നത്. പ്രീ ഡിഗ്രി ബോര്‍ഡ് സമരം, വിളനിലം സമരം, മെഡിക്കോസ് സമരം, സ്വാശ്രയ കോളേജ് സമരം തുടങ്ങി വിദ്യാര്‍ഥി യുവജന നേതാക്കള്‍ പോലീസിന്‍റെ കൊടിയ മര്‍ദ്ദനങ്ങളേറ്റ നിരവധി സമരങ്ങള്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ യു ഡി എഫ് അധികാരത്തിലേറിയിട്ടു നടത്തിയ അത്തരം സമരങ്ങളൊന്നും ക്ലച്ച് പിടിച്ചില്ല എന്നു മാത്രമല്ല വിദ്യാര്‍ഥി സംഘടനകളുടെ കരുത്ത് നാള്‍ക്കുനാള്‍ ശോഷിച്ച് വരികയാണ് എന്നതാണ് യാഥാര്‍ഥ്യം. ഇത്തവണ എല്‍ ഡി എഫിന്‍റെ ചീറ്റിപ്പോയ മറ്റ് രണ്ട് പ്രധാന സമങ്ങള്‍ പങ്കാളിത്ത പെന്‍ഷനെതിരെ ഇടത് സര്‍വീസ് സംഘടനകള്‍ നടത്തിയ സമരവും മിച്ചഭൂമി പിടിച്ചടക്കല്‍ സമരവും ആയിരുന്നു. ഈ സമരങ്ങളൊന്നും തന്നെ എപ്പോഴും ഒരു ഇടതുപക്ഷ മനസ് കൊണ്ട് നടക്കുന്ന മലയാളിയെ സമര ഭൂതകാലത്തിലേക്ക് കൊണ്ട് പോകാന്‍ പര്യാപ്തമായില്ല.

സമീപകാലത്തെ ഏറ്റവും ഐതിഹാസികമായ ചീറ്റിപ്പോകല്‍ സമരം സരിത സമരമായിരുന്നു. കരിങ്കൊടിയിലും വഴിതടയലിലും ആരംഭിച്ച് ജില്ലാ കേന്ദ്രങ്ങളിലെ രാപ്പകല്‍ സമരങ്ങളിലൂടെ പല ഘട്ടങ്ങളായി വളര്‍ന്ന് ഒടുവില്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് അനിശ്ചിതകാലത്തേക്ക് ഉപരോധിക്കുക എന്ന അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ സി പി ഐ എം അതിന്‍റെ എണ്ണയിട്ട യന്ത്രം പോലെ എന്നു പറയാറുള്ള സംഘടനാ സംവിധാനം തിരിച്ചു പിടിച്ചിരിക്കുന്നു എന്നാണ് എല്ലാവരും കരുതിയത്. വടക്കന്‍ കേരളത്തില്‍ നിന്ന് മറ്റും വിപ്ലവരംഗത്തേയ്ക്ക് പുറപ്പെടുന്ന യോദ്ധാക്കളെപ്പോലെ എത്തിയ പാര്‍ടി പ്രവര്‍ത്തകരെ തലയില്‍ മുണ്ടിട്ട് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ 48 മണിക്കൂറിനുള്ളില്‍ ആവശ്യങ്ങളൊന്നും (മുഖ്യമന്ത്രി നടത്തിയ ജുഡീഷ്യല്‍ അന്വേഷണം എന്ന പേരിനൊരു പ്രസ്താവനയല്ലാതെ) നേടാന്‍ കഴിയാതെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പൊഴും ദുരൂഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ പിന്‍വാങ്ങല്‍ ഐതിഹാസിക വിജയമായിരുന്നു എന്നാണ് അന്ന് പിണറായി പറഞ്ഞത്. സിദ്ധിക്കിനെയും രാജ് മോഹന്‍ ഉണ്ണിത്താനെയും പോലുള്ള ഉമ്മന്‍ ചാണ്ടിപ്പട സമരം ചീറ്റിപ്പോയതിന്‍റെ കഥകള്‍ ചാനലുകളായ ചാനലുകള്‍ മുഴുവന്‍ പാടി നടക്കുകയും ചെയ്തു.
 


പിന്നീട് ഈ സരിത സമരത്തിന്‍റെ തുടര്‍ച്ച ക്ലിഫ് ഹൌസ് ഉപരോധമായി മാറിയപ്പോള്‍ സന്ധ്യ എന്ന വീട്ടമ്മയും കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി എന്ന പാരിതോഷിക പ്രിയനായ ധനികനും ചേര്‍ന്ന് ഇടതുപക്ഷ സമരത്തെ ചീറ്റിച്ചു കളഞ്ഞു. തുടര്‍ന്നു എല്‍ ഡി എഫ് നടത്തിയ മറ്റൊരു ചീറ്റിപ്പോകല്‍ സമരം ഗ്യാസ് വില വര്‍ദ്ധനയ്ക്കും ആധാര്‍ ലിങ്ക് ചെയ്യുന്നതിനും എതിരായിട്ട് 1400 കേന്ദ്രങ്ങളില്‍ നടത്തിയ നിരാഹാര സമരമായിരുന്നു. ഡെല്‍ഹിയില്‍ രാഹുല്‍ ഷോയെതുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്ന് 12 ആക്കിയപ്പോള്‍ തന്നെ കേട്ട പാതി കേള്‍ക്കാത്ത പാതി ഇടതുപക്ഷം സമരം പിന്‍വലിച്ച് പൊടിയും തട്ടിപ്പോവുകയായിരുന്നു. കൌശലക്കാരനായ നമ്മുടെ മുഖ്യമന്ത്രി എല്‍ ഡി എഫ് സമരം പിന്‍വലിച്ചതിന്‍റെ പിറ്റേ ദിവസമാണ് ഗ്യാസിന്‍റെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാന ഗവണ്‍മെന്‍റിന്റെ തീരുമാനം പ്രഖ്യാപിച്ചത്.

ഏറ്റവും ഒടുവില്‍ എല്‍ ഡി എഫ് പിന്‍വലിച്ച സമരം തിരുവനന്തപുരത്തിന്‍റെ വിവിധങ്ങളായ വികസന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 200 ദിവസത്തോളം പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് നടത്തി വന്നിരുന്ന സമരമായിരുന്നു. ഇത് പ്രാദേശിക നേതാക്കള്‍ക്ക് പ്രസംഗ പരിശീലന കളരിയായി എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഇടതുപക്ഷത്തിനുണ്ടാക്കി എന്ന് അവര്‍പോലും അവകാശപ്പെടില്ല.
 


വിയ്യൂര്‍ ജയിലിലെ ‘മനുഷ്യാവകാശ ധ്വംസന’ത്തിനെതിരെ ടി പി കേസിലെ പ്രതികളുടെ ബന്ധുക്കള്‍ നടത്തി വന്നിരുന്ന നിരാഹാര സമരത്തിന് സി പി എമ്മുമായി പ്രത്യക്ഷ ബന്ധമൊന്നുമില്ലെങ്കിലും അത് ‘ഐതിഹാസിക വിജയ'മായ (ചീറ്റിപ്പോയ) മറ്റൊരു സമരമായി മാറി.

എന്നാല്‍ ഏറ്റവും വിചിത്രമായ ഗതിയുണ്ടായിരിക്കുന്നത് ജസീറയുടെ മണല്‍ മാഫിയ വിരുദ്ധ സമരത്തിനാണ്. തന്‍റെ കുഞ്ഞുമക്കളുമൊന്നിച്ചു ആദ്യം കണ്ണൂര്‍ കല്‍ക്ടറേറ്റിന് മുന്‍പിലും പിന്നീട് സെക്രട്ടറിയേറ്റിന് മുന്‍പിലും തുടര്‍ന്നു ഡെല്‍ഹിയിലും അവര്‍ നടത്തിയ സമരം ഒറ്റയാള്‍ ശബ്ദം എന്നതിലുപരി ഒരു അതിജീവന പോരാട്ടമായിട്ടാണ് പൊതുസമൂഹം കണ്ടത്. ഡെല്‍ഹിയിലെ സമരം അവസാനിപ്പിച്ച് തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം തരണം എന്നാവശ്യപ്പെട്ടുകൊണ്ട് ചിറ്റിലപ്പിള്ളിയുടെ വീട്ടിന് മുന്‍പിലും പിന്നീട് പാലാരിവട്ടം പോലീസ് സ്റ്റേഷനിലും തുടര്‍ന്നു നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നലെ മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തും തന്‍റെ സമരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ജസീറ. സമീപ കാലത്ത് കണ്ട ഏറ്റവും വലിയ സമര ദുരന്തങ്ങളിലൊന്നായി ജസീറ സമരം മാറുകയാണ്. ജസീറയുടെ പിന്നിലും സി പി എമ്മാണെന്നാണ് ചിറ്റിലപ്പിള്ളിയും യൂത്ത് കോണ്‍ഗ്രസുകാരും അബ്ദുള്ളക്കുട്ടിയുമൊക്കെ ആരോപിക്കുന്നത്.
 


ഇതിനിടയില്‍ വേടര്‍ ഗോത്ര സഭ സെക്രട്ടറിയേറ്റിന് മുന്‍പില്‍ 150-ഓളം ദിവസങ്ങളായി നടത്തി വരുന്ന സമരവും ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ച് അവര്‍ അപ്രത്യക്ഷരായി. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനായിരുന്നു ഈ സമരം ഉത്ഘാടനം ചെയ്തത്. പത്രങ്ങളായ പത്രങ്ങള്‍ അരിച്ച് പെറുക്കിയിട്ടും എന്ത് നേടിയെടുത്തത്തിന് ശേഷമാണ് അവര്‍ സമരം പിന്‍വലിച്ചത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ചീറ്റിപ്പോകുന്ന ഐതിഹാസിക സമരങ്ങളുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. പക്ഷേ എന്തുകൊണ്ട് കേരളം സമരം വിളയാത്ത മണ്ണായി മാറിക്കൊണ്ടിരിക്കുന്നു എന്ന വിഷയത്തില്‍ ഒരു സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിന് സാധ്യതയുണ്ട്. ഗവേഷണ കുതുകികളായ വായനക്കാരേ, വേഗം ഒരു പ്രൊപ്പോസല്‍ തയ്യാറാക്കി എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലേക്കോ ഈ എം എസ് അക്കാഡമിയിലേക്കൊ അയച്ചു കൊടുക്കൂ…! ഇതൊക്കെ വേഗം വേണം. പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്നാണ്, ചീറ്റിപ്പോകാത്ത സമരങ്ങള്‍ മാത്രം നടത്തുന്ന പാര്‍ട്ടിയുടെ നേതാവിന്റെ ഭീഷണി.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍