UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ശുചീന്ദ്രം, കന്യാകുമാരി വഴി കൂത്താട്ടുകുളം

ഉണ്ണി മാക്സ്
 
ശുചീന്ദ്രം, കന്യാകുമാരി യാത്ര പ്ലാന്‍ ചെയ്യാന്‍ തുടങ്ങിയിട്ട് കുറേ നാളായി. അമ്മയ്ക്കായിരുന്നു ഏറ്റവും വലിയ മോഹം ഒന്നു പോകണമെന്ന്. പെട്ടെന്നാണ്, അങ്ങനെ ഒരു അവസരം ഒത്തു വന്നത്. തിരുവനന്തപുരം വരെ പോകേണ്ട ഒരു അത്യാവശ്യം. “എന്നാല്‍ പിന്നെ നമുക്ക് ശുചീന്ദ്രം കൂടെ ഒന്നു പോയാലോ?” അമ്മ ചോദിച്ചപ്പോള്‍ മനസ്സില്‍ അങ്ങനെ ഒരു പ്ലാന്‍ ആലോചിക്കാതെയിരുന്നില്ല. അതുകൊണ്ട് ഒട്ടും പ്ലാന്‍ ചെയ്യാതെ പെട്ടെന്നൊരു യാത്രയായിരുന്നു അത് എന്നു പറയാനാണ് ഇഷ്ടം. 
 
ശുചീന്ദ്രത്ത് അടുത്ത സുഹൃത്തായ മണി വാതുക്കോടമുണ്ട്, അവിടെ ശാന്തിയാണ്. എന്തെങ്കിലും വഴിപാടുകള്‍ വേണമെങ്കിലും ആകാം. ഒരു ദിവസത്തെ തിരുവനന്തപുരം പരിപാടികള്‍ക്കു ശേഷം രാവിലെ ഏഴു മണിക്ക് ഞങ്ങള്‍, ഞാനും അമ്മയും പാര്‍വ്വതിയും ശുചീന്ദ്രത്തേയ്ക്ക് പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ നല്ല ഒന്നാന്തരം ഡിക്കോഷന്‍ കോഫീ വാങ്ങി കുടിച്ചു. നല്ല നാടന്‍ ചായക്കട, റോഡില്‍ തിരക്ക് തുടങ്ങുന്നതേയുള്ളൂ. ശുചീന്ദ്രത്തെത്തിയപ്പോള്‍ രാവിലെ ഒന്‍പതര. അവിടെ വാതിലിനോട് ചേര്‍ന്നു തന്നെ മണി നില്‍ക്കുന്നുണ്ടായിരുന്നു. തമിഴകത്തിന്‍റെ ഒരു പരിസരം, തമിഴ് സ്ത്രീകളുടെ ചെറിയ ഉന്തുവണ്ടികള്‍, ശബരിമലയ്ക്കു പോകുന്നവരുടെ വണ്ടികള്‍ റോഡ് നല്ല തിരക്കിലായിരുന്നു. ഒരുവിധം റോഡിലൊരിടത്ത് വണ്ടി പാര്‍ക്കു ചെയ്ത് വീല്‍ചെയറിലിറങ്ങി. അകത്തു കയറാന്‍ കഴിയുമോ എന്ന് സംശയമായിരുന്നു, എന്നാല്‍ “ധൈര്യമായിരിക്കൂ ഉണ്ണിയേട്ടാ എളുപ്പമാണ്”, മണിയുടെ ഉറപ്പു കാരണം ധൈര്യമായി. ഒരു കാര്യം പറയാനുള്ളത്, കന്യാകുമാരിക്ക് പോകുന്നവര്‍ മെയിന്‍ ഹൈവേ ഒഴിവാക്കി പോകുന്നതു നന്നായിരിക്കും എന്നാണ്. 
 
എന്തു തണുപ്പാണ്, ഈ ക്ഷേത്രത്തിന്. പുറത്തെ വെയിലോ ചൂടോ ഒന്നും അകത്ത് പ്രശ്നമേ അല്ല. ആകൃതിയൊത്ത കല്‍മണ്ഡപങ്ങള്‍, ശിലാ ബിംബങ്ങള്‍, ചരിത്രത്തിന്‍റെ ധാരാളം കഥകള്‍, എല്ലാം മണി വിശദീകരിച്ചു തന്നു. തിരുവിതാംകൂര്‍ രാജാവും തമിഴ്നാട് അരചനും ഒപ്പു വച്ച ഉടമ്പടിയെ കുറിച്ച് പറഞ്ഞു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ഷേത്രത്തിന്‍റെ കഥകള്‍ പലതുണ്ട്. അഹല്യയെ പ്രാപിച്ച ദേവേന്ദ്രനു ഗൌതമ മുനി ശാപം കൊടുത്ത കഥയുമായും ശുചീന്ദ്രത്തിനു ബന്ധമുണ്ട്. ത്രിമൂര്‍ത്തികളുടെ അവതാര കഥകളുമായും ബന്ധം പറയുന്നു. എന്തു തന്നെ ആയാലും ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പങ്ങളും ഭീമാകാരനായ ഹനുമാനും അതിശയമുണ്ടാക്കും. പഴയകാല ശില്‍പ്പകലയോടും ശില്‍പ്പികളോടും താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും.
 
 
അവിടെ പോയപ്പോള്‍ തോന്നിയത് മറ്റൊന്നാണ്. എത്ര പുരാതനമായ ക്ഷേത്രമാണ്, ശുചീന്ദ്രം. ആരാധനാലയം എന്നതിനേക്കാള്‍ മികച്ച ടൂറിസം സാദ്ധ്യതകള്‍ ഇവിടെയുണ്ട്. കേരളത്തിലെ മറ്റൊരു ക്ഷേത്രങ്ങളിലുമില്ലാത്ത ഒരു പ്രത്യേകത ഇവിടെ വീല്‍ചെയര്‍ എവിടെ വേണമെങ്കിലും കൊണ്ടു പോകാം എന്നതാണ്. നമ്മുടെ നാട്ടില്‍ എത്ര ആരാധനാലയങ്ങളില്‍ ഈ പ്രത്യേകതയുണ്ട്. ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയിരുന്നു. നാലമ്പലത്തിനു പുറത്തു നിന്ന് തൊഴാം, അത്രയുമെങ്കിലും ഉണ്ടെന്നു വയ്ക്കുക, മറ്റെവിടെയൊക്കെയുണ്ട്? എതൊരു സമുദായ ആരാധനാലയങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. പോയ വഴി കയറിയ വട്ടക്കോട്ടയിലും സ്ഥിതി വിഭിന്നമല്ല. 
 
കന്യാകുമാരിയിലും ക്ഷേത്രത്തിനുള്ളില്‍ ഒരു നടയുടെ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ കടല്‍ കാഴ്ച്ചകളിലേയ്ക്ക് പോകേണ്ടിയിരുന്നതിനാല്‍ മറ്റുള്ളവര്‍ മാത്രമേ കയറിയുള്ളൂ. പണ്ടൊരിക്കല്‍ അകത്തു കയറിയതിന്‍റെ ഓര്‍മ്മയില്‍ ആ നടവാതിലില്‍ വരുന്നവരേയും പോകുന്നവരേയും നോക്കിയിരുന്നു. വിവേകാനന്ദ റോക്കില്‍ പോകാം എന്നു മണി പറഞ്ഞെങ്കിലും രണ്ടു ദിവസത്തെ ഉറക്കത്തിന്‍റേയും ഡ്രൈവിങ്ങിന്‍റേയും ക്ഷീണത്തില്‍ ഒരു ഉച്ചയുറക്കം കഴിഞ്ഞിട്ടാണ്, ക്ഷേത്രത്തിലേയ്ക്കും ത്രിവേണി സംഗമത്തിലേയ്ക്കും പോയത്. റോഡിനിരുവശവും നിറയെ നിരത്തി പിടിച്ച് വാണിഭക്കാര്‍. അപ്പോഴേക്കും സന്ധ്യയായി തുടങ്ങിയിരുന്നു. കരിമേഘങ്ങള്‍ കാരണം സൂര്യാസ്തമയവും ഞങ്ങള്‍ക്ക് നഷ്ടമായി. പക്ഷേ സന്ധ്യയില്‍ നിറയെ പ്രകാശത്തോടെ നില്‍ക്കുന്ന വിവേകാനന്ദപ്പാറ കാണാന്‍ ഭംഗിയുണ്ട്. കടലിനുള്ളിലെ ഒരു കൊട്ടാരം പോലെ. പൂഴി മണ്ണില്‍ വീല്‍ചെയറില്‍ ഉരുട്ടാന്‍ അത്ര പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അടുത്തു നിന്ന് സന്ധ്യാ സമയത്തെ കടല്‍ കണ്ടു.
 
 
തിരികെ റോഡിലൂടെ വീല്‍ചെയര്‍ ഉരുട്ടി ആദ്യം കയറിയത് വെജിറ്റേറിയന്‍ ഹോട്ടലിലേയ്ക്ക്. ചപ്പാത്തിയും മസാലദോശയും. തമിഴരുടെ മസാലദോശയുടെ രുചി ഒന്നു വേറെ തന്നെയാണു കേട്ടോ. എങ്കിലും ദോശയേക്കാള്‍ ഇഷ്ടപ്പെട്ടത് ഹോട്ടലിലേയ്ക്ക് കയറിയ രീതിയാണ്. ഒരു സ്റ്റെപ്പ് പോലുമില്ലാതെ ഫ്ലാറ്റായി ചെയ്തിരിക്കുന്ന മുന്‍വശം. പലയിടങ്ങളിലും പോകുമ്പോള്‍ പറയാന്‍ തോന്നിയിട്ടുള്ള ഒന്നാണിത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും അകത്തു കയറണമെങ്കില്‍ മൂന്നാള്‍ പിടിക്കണം, സ്റ്റെപ്പുകളുണ്ട്. നടകള്‍ ആവട്ടെ, പക്ഷേ ഒരു റാമ്പ് വയ്ക്കാനുള്ള സന്‍മനസ്സ് എന്തോ ആരും കാണിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഒരു വൈകുന്നേര യാത്രയില്‍ മൂവാറ്റുപുഴയ്ക്കിടയിലുള്ള ഒരു ഹോട്ടലില്‍ കയറിയതോര്‍ക്കുന്നു. രണ്ടു ചെറിയ സ്റ്റെപ്പുകള്‍, ഞാനും പാര്‍വ്വതിയും മാത്രമേയുള്ളൂ. ഒരു രസത്തിന്, അകത്തു കയറാമെന്നു വച്ചു, ഒട്ടും തിരക്കുമില്ല. അവള്‍ തന്നെ വീല്‍ ചെയര്‍ എടുത്ത് സ്റ്റെപ്പില്‍ ഒന്നു താങ്ങി. വലിയ ബുദ്ധിമുട്ടില്ലാതെ അകത്തു കയറീ, കാപ്പിയും ചപ്പാത്തിയും കഴിച്ചു. തിരിച്ചിറങ്ങാനും ബുദ്ധിമുട്ടുണ്ടായില്ല, പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോള്‍ കടയുടമയുടെ ഒരു ചോദ്യം കേട്ട് ചിരി വന്നു,
 
“ഇത്ര ബുദ്ധിമുട്ടിയതെന്തിനാണ്, കാറില്‍ ഭക്ഷണം കൊണ്ടു തരുമായിരുന്നില്ലേ” എന്ന്. ഇത്തരം ബുദ്ധിമുട്ടില്ലാത്ത പ്രശ്നങ്ങളില്‍ കൂടി കടന്നു പോകുമ്പോഴല്ലേ മനുഷ്യന്‍ കരുത്താര്‍ജ്ജിക്കുന്നത്?
 
പഴയതു പോലെയല്ല. ഇപ്പോള്‍ എവിടെയും ഇറങ്ങാനും യാത്ര ചെയ്യാനുമുള്ള ധൈര്യമായിരിക്കുന്നു. സമൂഹം ശ്രദ്ധിക്കുമോ എന്ന അരക്ഷിതാവസ്ഥ ഇല്ലാതായിരിക്കുന്നു. കൂടെയുള്ള ആളും ആ രീതിയില്‍ തന്നെ ചിന്തിക്കുന്നതു കൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ എവിടെയും പോകും. ഏതു സ്ഥലത്തും ഇറങ്ങും. മുന്നില്‍ പലപ്പോഴും കാണുന്നത് സഹതാപമുള്ള മുഖങ്ങളല്ല; അതിശയമുള്ളവയാണ്. അത് ആത്മവിശ്വാസം തരുന്നുമുണ്ട്. 
 
 
കന്യാകുമാരി യാത്ര കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ഒരു സുഖം. ഒരു യാത്ര കൂടി അവസാനിച്ചതിന്‍റെ വിഷമവും. കന്യാകുമാരി മുതല്‍ കൂത്താട്ടുകുളം വരെ ഉള്ള ഇരുന്നൂറ്റി എണ്‍പതോളം കിലോമീറ്ററുകള്‍ ഒറ്റയ്ക്ക് ഒരു ദിവസം ഡ്രൈവ് ചെയ്തതിന്‍റെ ക്ഷീണമാകട്ടെ, തെല്ലും ഉണ്ടായിരുന്നില്ല. ഒരു നിരാശ മാത്രം, കേരളത്തില്‍ ഉടനീളം ഒരു യാത്രയ്ക്കു പോയാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ എന്നെ പോലെയുള്ളവര്‍ക്ക് ധൈര്യമായി ഇറങ്ങാനാകും? ഒറ്റയ്ക്ക് യാത്ര ചെയ്യാനാകും?
 
സംശയമാണ്. ടൂറിസത്തെ നന്നായി തന്നെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തില്‍ വിദേശീയര്‍ ഏറ്റവുമധികം കാഴ്ച്ചകാണാന്‍ വരുന്ന കേരളത്തില്‍ റാമ്പുകളില്ല. വിദേശങ്ങളില്‍ എത്ര ശ്രദ്ധയോടെയാണ്, ഓരോ ഓഫീസുകളും ഹോട്ടലുകളും പണിയപ്പെടുന്നത്. എന്തു തരം ബുദ്ധിമുട്ട് ഉള്ളവരേയും അവര്‍ മനുഷ്യരായി കാണുമ്പോഴും നമ്മളുടെ നാട്ടില്‍ അവരെ മാറ്റി നിര്‍ത്തിയിരിക്കുന്നു. പലര്‍ക്കുമില്ലാത്ത പല കഴിവുകളോടെയും ഇവിടെ ഒരുപാട് പേരുണ്ട്, പക്ഷേ ചില കഴിവുകേടുകള്‍ ഉണ്ടായതു കൊണ്ടു മാത്രം അവരില്‍ ശ്രദ്ധ കൊടുക്കാതിരിക്കുന്നത് നീതിയാണോ?
 
(എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയായ ഉണ്ണി മാക്‌സ് 1997 ഏപ്രില്‍ ആറിന് റോഡപകടത്തിന് ഇരയായി. നട്ടെല്ലിന് ക്ഷതം സംഭവിച്ച ഉണ്ണി നാല് വര്‍ഷത്തോളം വീടിനുള്ളില്‍ കഴിഞ്ഞു. വിധിയെ പഴിച്ച് ഭാവി കളയാന്‍ ഉണ്ണി തയാറായില്ല. പാതിവഴിയിലായിരുന്ന കമ്പ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കി മികച്ച ഗ്രാഫിക് ഡിസൈനറായി പേരെടുത്തു. ശാരീരിക വൈകല്യം അനുഭവിക്കുന്നവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന യത്‌നത്തിലാണ് ഇപ്പോള്‍.)

 

ഉണ്ണിയുടെ മറ്റ് ലേഖനങ്ങള്‍ 

ഒരു ചെന്നൈ യാത്രയുടെ കഥ 

തണലില്‍ മുളയ്ക്കുന്ന ജീവിതങ്ങള്‍

ജീവിതമേ, ഞങ്ങള്‍ തോല്‍ക്കില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍