UPDATES

ഇന്ത്യ

കോണ്‍ഗ്രസിന് ചുവടു പിഴയ്ക്കുന്നോ?

ടീം അഴിമുഖം

രാജ്യത്ത് പുതിയ സംസ്ഥാനങ്ങള്‍ രൂപീകൃതമായതിന്‍റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ എടുത്ത തീരുമാനം ബോംബേ സംസ്ഥാനത്തെ മഹാരാഷ്ട്രയും ഗുജറാത്തുമായി വിഭജിക്കാന്‍ 1960ല്‍ എടുത്ത തീരുമാനമാണ്. ഇതിന് വേണ്ട പാര്‍ലമെന്‍റിന്‍റെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ച് അഞ്ചു ദിവസങ്ങള്‍ക്കകമാണ് സംസ്ഥാന രൂപീകരണം നടന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആന്ധ്രാപ്രദേശില്‍ നടത്തിയ ഏറ്റവും വലിയ ഭാഗ്യ പരീക്ഷണമാണ് തെലങ്കാന. 2004ലും 2009ലും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലനിര്‍ത്തിയത് ഈ സംസ്ഥാനമാണ്. ഈ തീരുമാനം തീര്‍ച്ചയായും സമയത്തെ തോല്‍പ്പിക്കാനുള്ള മത്സരം തന്നെയായിരുന്നു. പക്ഷേ മറ്റെന്തിനേക്കാളും ഉപരി ഈ ചൂതാട്ടം വലിയ കുഴപ്പമായി മാറിയിരിക്കുന്നു എന്നതാണു യഥാര്‍ഥ്യം.
 

കോണ്‍ഗ്രസിന്‍റെ നമ്പര്‍ ഗെയിം
2004ല്‍ രാജ്യത്താകമാനം 417 ലോക്സഭാ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 145 സീറ്റിലാണ് – വിജയ ശതമാനം 35%. ഇതില്‍ 29 സീറ്റും വന്നത് ആന്ധ്രാപ്രദേശില്‍ നിന്ന്. അവിടത്തെ 42 സീറ്റില്‍ 34 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ക്രിക്കറ്റ് പദാവലി കടമെടുത്താല്‍ സ്ട്രൈക് റേറ്റ് 85 ശതമാനം. കോണ്‍ഗ്രസിന്‍റെ സഖ്യ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്ക് (ടി ആര്‍ എസ്) കിട്ടിയത് അഞ്ചു സീറ്റ്. ഐക്യ പുരോഗമന സഖ്യത്തിന്‍റെ ഒന്നാം ഗവണ്‍മെന്‍റിനെ അധികാരത്തിലേറ്റുന്നതില്‍ ഇത് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. ഒരു ദശാബ്ദക്കാലമായി വലിയ ശക്തിയായി നിലകൊണ്ട തെലുങ്കു ദേശം പാര്‍ടിയെ (ടി ഡി പി ) തോല്പ്പിച്ചു തെക്കേ ഇന്ത്യയിലെ ഏറ്റവു വലിയ സംസ്ഥാനത്ത് അധികാരത്തിലേറാന്‍ കോണ്‍ഗ്രസിന് സാധിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം, തുടര്‍ച്ചയായി രണ്ടാം തവണയും ആന്ധ്രയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. 1982ല്‍ ടി ഡി പി ഉണ്ടായതിന് ശേഷം നടന്നിട്ടില്ലാത്ത ഒരു കാര്യമാണിത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടി ആര്‍ എസ് തെലുങ്കു ദേശവുമായി കൈകോര്‍ത്തു. ഇത്തവണ കോണ്‍ഗ്രസ് 42 സീറ്റിലും മത്സരിച്ചു. 2004ലേതിനേക്കാളും മൂന്ന്‍ സീറ്റ് വര്‍ദ്ധിപ്പിച്ച് 33 ലോക്സഭാ സീറ്റുകള്‍ കരസ്ഥമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. (പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ നഷ്ടമായി) രണ്ടാം യു പി എ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതിലും ആന്ധ്രയില്‍ നിന്നുള്ള എം പി മാരുടെ എണ്ണം നിര്‍ണ്ണായക പങ്ക് വഹിച്ചു.

എന്നാല്‍ ഇത്തവണ പഴയ പ്രതാപം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന യാതൊരു ഉറപ്പും കോണ്‍ഗ്രസിനില്ല. ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ 60 ശതമാനം ആന്ധ്രാക്കാരും – സീമാന്ധ്ര, റായലസീമ, തീരപ്രദേശ ആന്ധ്ര – യു പി എ ഗവണ്‍മെന്‍റിനെതിരെ സമരം ചെയ്യുകയാണ്. തലസ്ഥാനമായ ഹൈദരാബാദ് നഷ്ടപ്പെടുന്നതിനെതിരെയാണ് പ്രധാനമായും സമരം. സീമാന്ധ്രയില്‍ മാത്രം 25 സീറ്റുകള്‍ ഉണ്ട്. 2009 സെപ്റ്റംബര്‍ മാസത്തോടുകൂടിയാണ് കോണ്‍ഗ്രസ് പ്രശ്നങ്ങളെ നേരിട്ട് തുടങ്ങിയത്. തുടര്‍ച്ചയായി രണ്ട് തവണ പാര്‍ട്ടിയെ അധികാരത്തിലേറ്റിയ അതിന്റെ നേതാവ് വൈ എസ് രാജശേഖര റെഡി ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതോടെയാണ് തുടക്കം.
 

അദ്ദേഹത്തിന്റെ മകന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിഷേധിച്ചതിനെത്തുടര്‍ന്നു 2011ല്‍ അദ്ദേഹം  വൈ എസ് ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. വൈ എസ് ആറിന്‍റെ പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ടി സീമാന്ധ്ര മേഖലയില്‍ വലിയ ശക്തിയായിമാറി. 2012 ലെ ഉപതെരഞ്ഞെടുപ്പില്‍ 18 നിയമസഭാ തിരഞ്ഞെടുപ്പില്‍ 15ഉം നേടിയെടുക്കാന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന് സാധിച്ചു.

അതേ സമയം ചിത്രത്തില്‍ നിന്നു പുറത്തു നില്‍ക്കുകയായിരുന്ന ടി ആര്‍ എസ് നേതാവ് കെ ചന്ദ്രശേഖര റാവു ഒരു നിരാഹാര സമരത്തിലൂടെ യു പി എയെ സമ്മര്‍ദത്തിലാക്കുകയും 2009ല്‍ തെലങ്കാന സംസ്ഥാനം പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തങ്ങളുടെ തീരുമാനത്തില്‍ നിന്നു കോണ്‍ഗ്രസ് പിന്മാറിയത് തെലങ്കാന പ്രസ്ഥാനത്തിനു ശക്തി പകര്‍ന്നു.

2014 തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്തെ വിളവെടുപ്പില്‍ ഒരു ഭാഗമെങ്കിലും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ വീണ്ടും തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള 2004ലെ തങ്ങളുടെ തീരുമാനം പൊടിതട്ടിയെടുത്തതിന് പിന്നില്‍ ഈ ലക്ഷ്യമാണുള്ളത്. ടി ആര്‍ എസ് ഒന്നാം യു പി എ സര്‍ക്കാര്‍ വിട്ടത് തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്ന ഉപേക്ഷയില്‍ പ്രതിഷേധിച്ചിട്ടാണ്. സീമാന്ധ്രയുടെ ഇതിനോടുള്ള പ്രതികരണത്തിന്‍റെ തോതും പ്രവചനാതീതമായിരുന്നു. മറ്റൊരു വിരോധാഭാസം റായലസീമയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി കിരണ്‍ റെഡി സംസ്ഥാന വിഭജനത്തെ തടയാന്‍ ശ്രമിക്കുന്നതും തെലങ്കാനയിലെ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്.
 

 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എതിര്‍പ്പ്
ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലാത്തവിധം സംസ്ഥാനത്തെ വിഭജിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി കിരണ്‍ റെഡി തന്നെ സഭയില്‍ എതിര്‍ക്കുകയുണ്ടായി. മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: “യാതൊരു അടിസ്ഥാനവുമില്ലാതെ ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ആന്ധ്രാപ്രദേശ് റിഓര്‍ഗനൈസഷന്‍ ബില്ലിന് അനുമതി നല്‍കരുതെന്ന് രാഷ്ട്രപതിയോട് അപേക്ഷിക്കാന്‍ നിയമസഭാ തീരുമാനിക്കുന്നു. ഭാഷാ സമാനതയും ഭരണ നിര്‍വഹണ സൌകര്യവും പരിഗണിക്കാതെയാണ് ഈ ബില്ല് നിയമ സഭയിലേക്ക് അയച്ചിരിക്കുന്നത്”
 

സംസ്ഥാന നിയമ സഭയുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരിഗണിക്കേണ്ട ബാധ്യതയില്ല. പക്ഷേ യു പി എ ഗവണ്‍മെന്‍റിനെതിരെ ഒരു അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്നുകൂടി സീമാന്ധ്രയില്‍നിന്നുള്ള എം പിമാര്‍ പറയുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തിടുക്കത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇതെത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ല. ശൈത്യകാല സമ്മേളനത്തിന്റെ ഇന്നലെ ആരംഭിച്ച രണ്ടാം ഘട്ടം തന്നെ തെലങ്കാനയില്‍ തട്ടി സ്തംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ ചുവടു പിഴയ്ക്കുകയാണോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍