UPDATES

ഓഫ് ബീറ്റ്

ഒരു കറുത്ത വര്‍ഗ്ഗക്കാരിയുടെ തലമുടിക്കെട്ടുകള്‍

മെലിസാ ഹാരിസ് പെരി (സ്ലേറ്റ്)

എന്‍റെ തലമുടിയുടെ യാത്ര ഏതൊരു ചെറിയ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയുടേതും പോലെയാണ് തുടങ്ങുന്നത്. ഓരോ ആഴ്ചയവസാനത്തിലും മണിക്കൂറുകള്‍ മുടി വൃത്തിയാക്കാനും പ്രത്യേകരീതികളില്‍ പിന്നിക്കെട്ടാനും ചെലവാക്കിയിരുന്നു. എനിക്ക് വെളുത്തവര്‍ഗ്ഗക്കാരിയായ അമ്മയായിരുന്നുവെങ്കിലും ഞാന്‍ എന്നെ സദാ ഒരു ആഫ്രിക്കന്‍ അമേരിക്കനായാണ്‌ കരുതിയിരുന്നത്. ഇതിന് എന്തായാലും എന്റെ തലമുടിയുമായി ബന്ധമൊന്നുമില്ല. വെളുത്ത വര്‍ഗ്ഗകാരുടേത് പോലെ മിനുത്ത തലമുടിയുള്ള മിശ്രവംശ കുട്ടികളെ എനിക്കറിയാം. എന്നാല്‍ എന്റെ അവസ്ഥ അതായിരുന്നില്ല.

ഒരു കറുത്ത അമ്മയുണ്ടായിരുന്നെങ്കില്‍ എങ്ങനെ മുടി സൂക്ഷിക്കുമായിരുന്നോ അങ്ങനെ അല്ലാത്ത ഈ മിശ്രവംശക്കുട്ടിയെപ്പറ്റിയും അവളുടെ വെളുത്ത അമ്മയെപ്പറ്റിയും ആളുകള്‍ അടക്കം പറഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം മനസിലാക്കിയ അമ്മ എന്തായാലും എന്റെ മുടി സംരക്ഷിക്കേണ്ടതെങ്ങനെയെന്നു പഠിച്ചു. എന്നെ നോക്കാന്‍ എപ്പോഴും ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് അമ്മ ഉറപ്പുവരുത്തിയിരുന്നു. ആഫ്രിക്കന്‍ ശൈലികളില്‍ മുടി പിന്നുന്നതൊക്കെ അമ്മ അവരില്‍ നിന്ന് പഠിച്ചെടുത്തു. മൂന്നാംക്ളാസിലൊക്കെ പഠിക്കുമ്പോള്‍ അമ്മ പിന്നിത്തന്ന സൂക്ഷ്മമായ പിന്നലുകളുമായി നില്‍ക്കുന്ന ഫോട്ടോയൊക്കെ എന്റെ പക്കലുണ്ട്. ഒരു കുട്ടിയായിരിക്കുമ്പോള്‍ എന്റെ മുടി എന്റെ അഭിമാനമായിരുന്നു.
 

എന്നാല്‍ ആറാം ക്ലാസില്‍ ഞാന്‍ എന്റെ മുടിയെപ്പറ്റി സ്വന്തം തീരുമാനങ്ങളെടുത്തുതുടങ്ങിയപ്പോള്‍ മുതല്‍ കാര്യങ്ങള്‍ മാറി. വെളുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ വരുന്ന മാസികകളിലാണ് ഞാന്‍ പലതും കണ്ടത്. എന്റെ തലമുടി വെട്ടിയാല്‍ അത് താഴോട്ടാണോ മുകളിലോട്ടാണോ വളരുക എന്നുപോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഞാന്‍ ഒരു ബോബ് വെട്ടുമ്പോള്‍ അത് ആഫ്രോ സ്റ്റയില്‍ ആയി മാറിയിരുന്നു. എന്റെ തലമുടി ഇനി എന്തുചെയ്യണം എന്ന് എനിക്കോ അമ്മക്കോ അറിയില്ലായിരുന്നു.

ആയിടെയാണ് ഞങ്ങള്‍ വിര്‍ജീനിയയിലേയ്ക്ക് താമസം മാറ്റിയത്. അവിടെവെച്ച് എനിക്ക് കുറെ ആഫ്രിക്കന്‍ അമേരിക്കന്‍ കൂട്ടുകാരികളെ കിട്ടി. അവരില്‍ നിന്ന് ഞാന്‍ മുടിസംരക്ഷണം പഠിച്ചു. എങ്ങനെ എന്റെ മുടിയെ മെരുക്കാം എന്നൊക്കെ അവരില്‍ നിന്നാണ് ഞാന്‍ പരിശീലിച്ചത്.

പിന്നീട് ഞാന്‍ നോര്‍ത്ത് കരോലിനയിലെ വേക്ക് ഫോറസ്റ്റ് യൂനിവേഴ്സിറ്റിയിലെത്തി. അവിടെ തലമുടിയുടെ കാര്യത്തില്‍ ഒരു വിപ്ലവം തന്നെ സംഭവിച്ചു. അപ്പോഴാണ്‌ ആദ്യമായി ഞാന്‍ കറുത്തവര്‍ഗകാരി സ്ത്രീകളുടെ കൂടെ താമസിക്കുന്നത്. ഞങ്ങള്‍ പതിനാലു പേരുണ്ടായിരുന്നു. ഒരു വീട് മുഴുവന്‍ കറുത്തവര്‍ഗ്ഗസ്ത്രീയുടെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെവെച്ച് ഞാന്‍ പല സ്വഭാവമുള്ള കറുത്തവര്‍ഗ്ഗ തലമുടി പരിചയപ്പെട്ടു. എന്റെ സുഹൃത്തുക്കളില്‍ മുടി നീട്ടുന്നവര്‍, പലതരം സ്റ്റൈലുകള്‍ പരീക്ഷിക്കുന്നവര്‍, സാധാരണരീതിയില്‍ മുടി സൂക്ഷിക്കുന്നവര്‍, പലതരം പിന്നലുകള്‍ മുടിയില്‍ ചേര്‍ത്തുവയ്ക്കുന്നവര്‍ എന്നിങ്ങനെ വിവിധ തരക്കാരായ ആളുകള്‍ ഉണ്ടായിരുന്നു. ഈ പതിനാലുപേരുടെ കൂടെ ജീവിച്ചപ്പോള്‍ മൂന്നില്‍ രണ്ടുസമയം പഠനവും ബാക്കി സമയം മുടിസംരക്ഷണവുമായിരുന്നു ജോലി.
 

ഞാന്‍ എന്റെ മുടി അക്കാലത്ത് ചുരുളല്‍ നിവര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ചുഴലിക്കാറ്റ് ഫ്രാന്‍ വന്ന് ഒരാഴ്ച ഇലക്ട്രിസിറ്റി ഇല്ലാതെപോയപ്പോള്‍ എന്റെ തലമുടി ഒരു ഭീകരതയായി മാറി. അങ്ങനെ അപകടസന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞാന്‍ എന്റെ മുടിപ്പിന്നലുകളുടെ ആദ്യസെറ്റ് വാങ്ങുന്നത്. ഞാന്‍ പഠിപ്പിച്ചുതുടങ്ങിയ സമയത്ത് തന്നെയാണ് എനിക്ക് കുട്ടിയുണ്ടാകുന്നത്. എന്നും രാവിലെ തലമുടി ഒരുക്കാന്‍ സമയമില്ലാത്തതുകൊണ്ടു ഞാന്‍ ഇറുകിപ്പിന്നിയ ആഫ്രിക്കന്‍ സ്റ്റൈല്കളിലെയ്ക്ക് തിരികെപ്പോയി. അതിനിടെ മുടിയുടെ നീളവും കൂടി.

രണ്ടായിരത്തിപത്ത് ആയപ്പോഴേയ്ക്കും ഞാന്‍ തടികുറയ്ക്കാനായി ഓടാന്‍ തുടങ്ങി. അപ്പോള്‍ വീണ്ടും പഴയ ആഫ്രോ പിന്നലുകള്‍ തന്നെയായി സൗകര്യം. അതോടെ ഞാന്‍ അവയുമായി പ്രേമത്തിലാവുകയും ചെയ്തു. ആ വര്‍ഷം ഞാന്‍ എന്റെ തലയില്‍ ചുരുള്‍ നിവര്ത്തിയതായി ഉണ്ടായിരുന്ന തലമുടി മുഴുവന്‍ വെട്ടിക്കളഞ്ഞു.ഇപ്പോള്‍ ഏതാണ്ട് മൂന്നുവര്‍ഷമായി ഞാന്‍ പിന്നലുകള്‍ സൂക്ഷിക്കുന്നു.

അതാണ്‌ എന്റെ തലമുടിയുടെ കഥ. എന്റെ എല്ലാ കൂട്ടുകാരെയും ഞാന്‍ താമസിച്ച എല്ലായിടങ്ങളിലെയും മേല്‍വിലാസങ്ങളും ഓര്‍ത്തെടുക്കാന്‍ എനിക്ക് ചിലപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും. എന്നാല്‍ ഞാന്‍ ഇന്ന് വരെ സൂക്ഷിച്ച എല്ലാ ഹെയര്‍സ്റ്റയിലുകളും അവയുടെ പിന്നിലുള്ള കഥകളും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റും. തലമുടിക്ക് അത്ര പ്രാധാന്യമുണ്ട്. 
 

 
കറുത്തവര്‍ഗ്ഗക്കാരികള്‍ക്ക് അവരുടെ തലമുടി വളരെ വലിയ ഒരു കാര്യം തന്നെയാണ്. മറ്റുള്ളവര്‍ ഞങ്ങളുടെ തലമുടിയോടു പ്രതികരിക്കുന്ന രീതി ഒരുതരത്തില്‍ പൊതുഇടങ്ങളിലെ സ്വത്വത്തെയും സൌന്ദര്യത്തെയും നിര്‍ണ്ണയിക്കുന്നുണ്ട്. ഇന്നത്തെ അമേരിക്കന്‍ സാഹചര്യത്തില്‍ കറുത്തവര്‍ഗ്ഗക്കാരികളുടെ തലമുടി പല കാര്യങ്ങളും പറയുന്നുണ്ട്. ഞങ്ങള്‍ ആരാണെന്നും ആരാകാനാണ് ആഗ്രഹിക്കുന്നതെന്നും ആരെ പ്രേമിക്കാനാണ് ഇഷ്ടമെന്നും ഞങ്ങള്‍ ഗേ ആണോ അല്ലയോ എന്നും ഒക്കെ തലമുടി നോക്കിയാല്‍ അറിയാം.

വേറൊരു പ്രാധാന്യം സാമ്പത്തികമാണ്. വര്‍ക്കിംഗ്ക്ലാസ് ചുറ്റുപാടുകളില്‍ നിന്നുള്ള കരുത്തവര്‍ഗ്ഗക്കാരികള്‍ പോലും തങ്ങളുടെ ചുരുങ്ങിയ ശമ്പളം കൊണ്ട് തലമുടി മനോഹരമാക്കിവയ്ക്കാനുള്ള പണം മാറ്റിവയ്ക്കാറുണ്ട്. ഈ ബിസിനസില്‍ ഇടപെടുന്ന കൊര്‍പ്പറേറ്റുകളുടെയും സംരംഭകരുടെയും ലാഭം ഒന്നാലോചിച്ചുനോക്കുക. കറുത്തവര്‍ഗ്ഗക്കാരികളുടെ മുടിമിനുക്കല്‍ അനുഭവങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരസ്യപ്രചാരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ബിസിനസ് തന്നെ നടന്നുകൊള്ളും.

മൂന്നാമത്തെ കാര്യം കറുത്തവരുടെ തലമുടിയുടെ പൊതു ഇടത്തിലെ അനുഭവങ്ങളുടെ രാഷ്ട്രീയമാണ്. ആഫ്രോ സ്റ്റയില്‍ ഒരു സൌന്ദര്യലക്ഷണമായും ഒപ്പം ഒരു രാഷ്ട്രീയസാമൂഹിക തീരുമാനമായും കാണാന്‍ കഴിയുന്നതാണ് എന്നെ സംബന്ധിച്ച് ആധുനികലോകത്തിലെ ഏറ്റവും പ്രധാന നിമിഷം. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് ഈ തലമുടി സ്റ്റൈലിനെ പറ്റിയുള്ള അറിവ് ആരും പുറത്തുനിന്ന് കൊണ്ടുവന്നു കൊടുത്തതല്ല. അത് ഈ സമൂഹത്തിന്റെ ഉള്ളില്‍ നിന്ന് തന്നെ ഉണ്ടായതാണ്. ഒരു പ്രത്യേക സ്റ്റൈലിന് രാഷ്ട്രീയവും സാമൂഹികവുമായ അര്‍ഥങ്ങള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്.

ആന്‍ജല ഡേവിസ് എന്ന കറുത്തവര്‍ഗ്ഗക്കാരി ആക്റ്റിവിസ്റ്റിനുവേണ്ടി നടത്തിയ തെരച്ചില്‍ ഓര്മ്മിക്കുക. ഒളിവില്‍ പോയ സമയത്ത് അവര്‍ ചെയ്ത ഏക കാര്യം അവരുടെ പ്രശസ്തമായ തലമുടി കെട്ടിവെച്ച് അതിനുമുകളില്‍ നീളന്‍മുടിയുടെ ഒരു വിഗ്ഗ് ധരിക്കുക മാത്രമാണ്. അവരുടെ ആഫ്രോ മുടി മാറ്റിയ നിമിഷം മുതല്‍ പോലീസിനുമുന്നില്‍ അവര്‍ അദൃശ്യയായി മാറി. അവരുടെ തലമുടിയില്ലെങ്കില്‍ അവരെ കണ്ടാല്‍ പോലീസിന് തിരിച്ചറിയാനാകില്ല എന്ന അവസ്ഥയായിരുന്നു. മുന്‍പ് പിടിക്കപ്പെടുമായിരുന്ന ഒരുപാട് സ്ഥലങ്ങളിലേയ്ക്ക് അവര്‍ സുഖമായി കടന്നുചെന്നു. വെളുത്ത കാഴ്ചക്കാര്‍ക്കുമുന്നില്‍ ഞങ്ങളുടെ തലമുടി എത്ര പ്രധാനമാണ് എന്നതാണ് ഇത് കാണിക്കുന്നത്.

ഞങ്ങളുടെ തലമുടി സൌന്ദര്യബോധം മാത്രമല്ല, അതൊരു രാഷ്ട്രീയം കൂടിയാണ്. തലമുടിക്കെട്ടുകള്‍ക്ക് രാഷ്ട്രീയമോ സാമൂഹികമോ ആയ അര്‍ത്ഥമൊന്നും ഇല്ലെന്നൊരു ധാരണയുണ്ട്. വെളുത്തവര്‍ക്ക് ഒരു പ്രശ്നമുണ്ട്, ഞങ്ങള്‍ ഒരു വിപ്ലവം തുടങ്ങാനോ അവരെ ഉപദ്രവിക്കാനോ ഒരുങ്ങുകയാണോ എന്ന് അവര്‍ എപ്പോഴും സംശയിച്ചുകൊണ്ടേയിരിക്കും. അതിന്റെ സൂചനകള്‍ അവര്‍ എവിടെയും തിരയും. നല്ല നീഗ്രോയെയും ചീത്ത നീഗ്രോയെയും തിരിച്ചറിയാന്‍ അവര്‍ ഉപയോഗിക്കുന്ന സാങ്കേതങ്ങളില്‍ ഒന്നാണ് തലമുടി.
 

MSNBC ചാനലില്‍ ഞാന്‍ എന്റെ പ്രോഗ്രാം അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ആഞ്ജല ഡേവീസിനെ ഓര്‍ത്തു. ഒരാഴ്ച ഒരു തരം തലമുടിയും അടുത്ത ആഴ്ച വേറൊന്നുമായി വന്നാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കാഴ്ചക്കാരെ കണ്‍ഫ്യൂഷനിലാക്കിയാലോ? അങ്ങനെ ഷോ തുടങ്ങിയ കാലത്തെ സ്റ്റൈല്‍ കുറച്ചുനാള്‍ നിലനിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സാധാരണമുടി നിലനിറുത്തണോ ആഫ്രോ രീതിയില്‍ വെട്ടണോ എന്നൊക്കെ ഞാന്‍ ആലോചിച്ചു. ഒടുവില്‍ ഞാന്‍ എക്സ്ട്ടന്ഷനുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

അത്ഭ്തമെന്നു പറയട്ടെ, ചാനലിലെ ആരും എന്റെ മുടിയെപ്പറ്റി അഭിപ്രായമൊന്നും പറഞ്ഞില്ല. ഒരു വാക്കുപോലും. എന്നാല്‍ കാണികള്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. ആളുകളുടെ കത്തുകളും ട്വീറ്റുകളും നിറയെ എത്തി. എവിടെയാണ് മുടി ഒരുക്കാന്‍ പോകുന്നത് എന്ന് തുടങ്ങി എന്തിനാണ് ഇങ്ങനെ പരിപാടിക്ക് എത്തുന്നത് എന്നുവരെ. കറുത്തവരുടെയും വെളുത്തവരുടെയും ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഷോയിലൂടെ മറുപടി പറയുക ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ അമേരിക്കയിലെ കറുത്തവരുടെ തലമുടിയെപ്പറ്റി ഒരു എപ്പിസോഡ് ചെയ്തത്.

തലമുടിയുടെ കാര്യത്തില്‍ നമ്മള്‍ പുരോഗമിച്ചോ എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. എന്റെ പന്ത്രണ്ടുവയസുകാരി മകള്‍ അവളുടെ തലയ്ക്കുമുകളില്‍ സംഭവിക്കുന്നതിനെപ്പറ്റി ചിന്തിക്കാറേയില്ല. ചിലപ്പോഴൊക്കെ അവള്‍ അവളുടെ സ്വാഭാവികമുടി അങ്ങനെ തന്നെ വയ്ക്കും. ചിലപ്പോള്‍ ആഫ്രിക്കന്‍ പിന്നലുകള്‍ ഇടും, ചിലപ്പോള്‍ നിവര്‍ത്തും, ചിലപ്പോള്‍ ചുരുട്ടും, ചിലപ്പോള്‍ എക്സ്റ്റന്ഷന്കള്‍ ചേര്‍ത്ത് പിന്നും. അവള്‍ നീന്താന്‍ പോകുന്നോ അതോ വേറെ ആരുടെയെങ്കിലും വീട്ടില്‍ പോകുന്നോ എന്നതിനെയൊക്കെ ആശ്രയിച്ചാണ്‌ പല സ്റ്റൈയിലുകളും വരിക. അതിന്റെ സൌന്ദര്യത്തെപ്പറ്റിയോ ആളുകള്‍ എന്തു പറയുമെന്നോ ഒന്നും അവള്‍ ചിന്തിക്കാറില്ല. തലയ്ക്കുമീതെ എന്താണ് സംഭവിക്കുന്നത് എന്ന് വേവലാതിപ്പെടാതെ തന്നെ അവള്‍ അവളെപ്പറ്റി മതിപ്പോടെ ചിന്തിക്കുന്നു. അത് ഒരു പുരോഗതി തന്നെയാണ്. തലമുടിയുടെ കാര്യം വരുമ്പോള്‍ അവള്‍ എന്നെക്കാള്‍ പക്വത കാണിക്കാറുണ്ട് എന്ന് തോന്നുന്നു.

Melissa Harris-Perry is the host of the MSNBC show Melissa Harris-Perry and the author ofSister Citizen and Barbershops, Bibles and BET.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍