UPDATES

കേരളം

ഹാര്‍മോണിസ്റ്റുകള്‍ ഇല്ലാതായിപ്പോകുന്നതിന് മുമ്പ്

ഹാര്‍മോണിയം… ഭാരതീയ സംഗീതത്തിലെ അവിഭാജ്യ ഘടകം. ഗമകം (രണ്ടു സ്വരങ്ങള്‍ തമ്മിലെ ചാഞ്ചാട്ടം) പുറപ്പെടുവിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് ചില വിഭാഗങ്ങള്‍ അയിത്തം കല്പ്പിച്ച ഒരു സംഗീത ഉപകരണം. എന്നാല്‍ പല പ്രഗത്ഭ സംഗീത സംവിധായകരും ഇതിലൂടെ ഹൃദയ സ്പര്‍ശിയായ പാട്ടുകള്‍ നമുക്ക് നല്കി! മഹാന്മാരായ സംഗീത സംവിധായകര്‍ ജി. രാമാനാഥ അയ്യര്‍ മുതല്‍ ഇങ്ങ് എം.എസ് വിശ്വനാഥന്‍ വരെ ഈ ഉപകരണത്തിലെ പ്രാവീണ്യം നല്ലവണ്ണം നമുക്ക് മനസ്സിലാക്കി തന്നവരാണ്.  
                                                                                                                                                                  പാലക്കാടു ഭാഗത്ത് പണ്ട് മുതലേ നാടക സദസ്സുകളിലും നടന സദസ്സുകളിലും ഹരികഥാ സദസ്സുകളിലും കഥാപ്രസംഗങ്ങളിലും സ്ഥിരസാന്നിധ്യം ആയിരുന്ന ഈ ഉപകരണം ഇപ്പോള്‍ ചരിത്രത്താളുകളില്‍ സ്ഥലം പിടിക്കുന്ന അവസ്ഥ വരെ എത്തി നില്ക്കുന്നു. ഒറ്റപ്പാലം ചുനങ്ങാട് ഉണ്ണി വൈദ്യര്‍ നടത്തി വന്ന ഒരു നാടക ട്രൂപ്പിന്റ്റെ ഒരു മുറിയിലാണ് ‘ചവിട്ടു ഹാര്‍മോണിയം’ ഞാന്‍ ആദ്യമായി കാണുന്നത് -1980ല്‍. അപ്പോഴേയ്ക്കും ആ ട്രൂപ്പ് ഒക്കെ പിരിച്ചു വിട്ടിരുന്നു. പഴയ അനുഭവങ്ങള അയവിറക്കുന്ന കുറെ കലാകാരന്മാര്, എല്ലാ മുപ്പട്ട വ്യാഴാഴ്ചയും അവിടുത്തെ ക്ഷേത്രത്തില്‍ സമ്മേളിക്കുമായിരുന്നു. ലക്കിടി കൃഷ്ണ പൊതുവാള്‍, ഒറ്റപ്പാലം കണ്ണിയാംപുറം പരമേശ്വര മേനോന്‍ എന്നിങ്ങനെ കുറെ സംഗീതജ്ഞര്‍… അന്നത്തെ ഒരു കൌതുകത്തില്‍ , ആദ്യമായി ആ ചവിട്ടു ഹാര്‍മോണിയം വായിച്ചു നോക്കിയ ചെറിയ ഓര്‍മയുണ്ട്! ആലത്തൂരില്‍ ഒരു കറുപ്പയ്യ ഭാഗവതര്‍ ആണ് എന്റെ ഓര്‍മയിലെ അടുത്ത ഹാര്‍മോണിസ്റ്റ്. ഒരു പൊള്ളാച്ചിക്കാരന്‍, ആലത്തൂരില്‍ വന്നു പെട്ട ഒരു അവശ കലാകാരന്‍. ഇപ്പൊ ഒനക്കു എന്ത രാഗം വേണം ഡാ… എന്ന് വാത്സല്യത്തോടെ അടുത്തിരുത്തി, ഒരു സിംഗിള്‍ റീഡ് പെട്ടിയില്‍, രാഗങ്ങള്‍ വിരിയിക്കുന്ന കറുപ്പയ്യ ഭാഗവതര്‍… കലാമണ്ഡലം പണിക്കര് മാഷ്, പാടി വായിക്കുന്ന ഒരു പ്രതിഭ, അനവധി ഡാന്‍സ് സംഗീത കൃതികള്‍ സംഭാവന ചെയ്ത മഹാന്‍. ഈ ഉപകരണത്തില്‍ ഗമകം വന്നു എന്ന് തോന്നിയ വിധം ഉള്ള ഹാര്‍മോണിയം പ്ലയര്‍. ഇന്നും മലയാളികള്‍ നെഞ്ചില്‍ ഏറ്റി നടക്കുന്ന മനോഹര ഗാനങ്ങള്‍ സമ്മാനിച്ച വിദ്യാധരന്‍ മാസ്‌റര്‍… അദ്ദേഹത്തിന്റെ ഹാര്‍മോണിയം ‘പാടുമായിരുന്നു’!
                                                                                           
 
ഇനി ഫോക്ക് സംഗീതത്തിലെ ഹാര്‍മോണിയം ഉസ്താദുകള്‍. എന്റെ മാനസിക ഗുരു, കൊടുവായൂര്‍ ഭാനു പ്രകാശ് എന്ന ‘ബാനു ഏട്ടന്‍’! നിമിഷം കൊണ്ട് സ്വരങ്ങളാല്‍ അത്ഭുത പ്രപഞ്ചം തീര്‍ക്കുന്ന ബാനു ഏട്ടന്‍… ഇന്നും നാടോടി നൃത്തത്തിലെ അദ്ദേഹത്തിന്റെ ചില സൃഷ്ടികള്‍, പല ഉസ്താദുകള്‍ക്കും ‘ബാലി കേറാമല’യാണ് (വായിക്കാന്‍ ). പാലക്കാട് കൊടുവായൂരില്‍ ‘വര്‍മ്മ മ്യൂസിക്കല്‍സ് ‘, പ്രവീണ ഓര്‍ക്കസ്ട്ര എന്നീ സ്ഥാപനങ്ങള്‍ നടത്തുകയായിരുന്ന ഇദ്ദേഹം, പല നാടക, ഡാന്‍സ്, ഗാനമേള ട്രൂപ്പുകളില്‍ അവിഭാജ്യ ഘടകമായിരുന്നു. ബാനു ഏട്ടന്റെ ഒരനുജന്‍, അകാലത്തില്‍ പൊലിഞ്ഞ ‘ഉണ്ണി’, ഇടംകയ്യന്‍ ഹാര്‍മോണിസ്റ്റ്, വേറിട്ട് നിന്ന ഒരു പ്രതിഭ ആയിരുന്നു. ഇന്നും സംഗീത ലോകത്തില്‍ സജീവമായ വേറൊരു അനുജന്‍ ബാലമുരളിയും ഞാനും ഒരേ ഹാര്‍മോണിയത്തില്‍ പ്രാക്ടീസ് ചെയ്യുമായിരുന്നു!
 
ശുഭ ഓര്‍ക്കസ്ട്ര രാമചന്ദ്രന്‍… പാലക്കാട്ടെ സ്വീറ്റസ്റ്റ് ഹാര്‍മോണിസ്റ്റ്. ഇപ്പൊ കോയമ്പത്തൂരില്‍ ഗാനമേളകളില്‍ ‘കീബോര്‍ഡ് ‘ വായിക്കുന്നു. കൊടുങ്ങല്ലൂര്‍ ജോസ്… സീ എസ് ഐയിലെ കലാകാരന്‍, ഹാര്‍മോണിയയത്തില്‍ അസാമാന്യ പ്രതിഭ. ഷൊര്‍ണൂര്‍ രാമചന്ദ്രന്‍… തന്റെ പൂര്‍വികരാല്‍ അനുഗ്രഹീതനായ ഈ കലാകാരന്‍ ഈ വാദ്യത്തില്‍ ശുദ്ധ സംഗീതം ഉപാസിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ്. പഴയ പ്രൌഡിയുടെ അഹങ്കാരത്തില്‍, സിന്ത സൈസരുകള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ മനസ്സില്ല എന്ന് വിളിച്ചു പറയുന്ന തോന്നല്‍ ഉളവാക്കുന്ന ഈ സംഗീത ഉപകരണം, ഇന്ന് വിരളമായേ കാണാനാകുന്നുള്ളൂ. 
 
 
വളാഞ്ചേരി ഭാഗത്ത് ആയിരുന്നു ഹാര്‍മോണിയം ഉണ്ടാക്കിക്കൊണ്ടിരുന്നത് എന്ന് ഒരു ഓര്‍മ. മദ്രാസിലെ ‘കണ്ണന്‍ ഹാര്‍മോണിയം’ ആണ് ഈ കുടുംബത്തിലെ കാര്‍ന്നോരും റോള്‍സ് റോയിസും! ഓള്‍ ഇന്ത്യ റേഡിയോ , അയിത്തം കല്പ്പിച്ച ഈ ഉപകരണം, പന്ത്രണ്ട് അര്‍ദ്ധ സ്വരങ്ങള്‍ അടങ്ങിയ, മൂന്നു മുതല്‍ മൂന്നര സ്ഥായി വരെ ഉള്ള ഈ ഉപകരണം, പല സംഗീത തിയറി, കൂലി എഴുത്തുകാരുടെയും പേടിസ്വപ്നമായ ഈ ഉപകരണം അവഗണനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഇന്നും സംഗീത ആസ്വാദകരുടെ മനസ്സുകളില്‍ ജീവിക്കുന്നു!
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍