UPDATES

ജനത്തിന് വേണ്ടാത്ത നാനോ \’വിപ്ളവം\’

ടീം അഴിമുഖം 

 

അടുത്തിടെ രാജ്യാന്തര തലത്തില്‍ നടന്ന ഒരു ക്രാഷ് ടെസ്റ്റില്‍,​ ഇന്ത്യയില്‍ നിന്നുള്ള പ്രസിദ്ധമായ അഞ്ചു കാറുകളും പങ്കെടുത്തിരുന്നെങ്കിലും ഉപഭോക്താക്കള്‍ക്ക് വളരെ ആശങ്കയുണ്ടാക്കുന്ന ഫലമാണ് ടെസ്റ്റ് പുറത്തുവിട്ടത്. ടാറ്റയുടെ നാനോ,​ ഹുണ്ടായി i10 എന്നിവയുള്‍പ്പെടെ,​ ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം തിളങ്ങി നിന്ന് അഞ്ചു കാറുകളാണ് ടെസ്റ്റുകളില്‍ പങ്കെടുത്തതെങ്കിലും അവയെല്ലാം അമ്പേ പരാജയപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാമാണ് ടെസ്റ്റ് നടത്തിയത്.

 

ഇന്ത്യന്‍ റോഡുകളില്‍ തേരോട്ടം നടത്തുന്ന ഈ കാറുകളുടെ പരാജയം,​ പ്രത്യേകിച്ച് നാനോയുടെത്,​ പ്രതീകാത്മമായ ആകുലതയാണ് സൃഷ്ടിച്ചിരിക്കുന്ന്. കാരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്‌ക്കുള്ള പ്രശ്നമാണ് അത് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ റോഡുകളില്‍ ഇത്രയധികം ആളുകള്‍ മരിക്കാനിടയാകുന്നത് എന്തുകൊണ്ട് എന്നതിന് പുറമെ​ ഭരണകൂടവും മുതലാളിത്ത വ്യവസ്ഥയുമായുള്ള ചങ്ങാത്തവും അത് സൂചിപ്പിക്കുന്നു.

 

ടാറ്റ നാനോ,​ മാരുതി സുസുക്കി ആള്‍ട്ടോ 800,​ ഹുണ്ടായി i10,​ ഫോര്‍ഡ് ഫിഗോ,​ വോക്സ് വാഗന്‍ പോളോ  എന്നിവയാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്. ഇന്ത്യന്‍ റോഡുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. മാര്‍ക്കറ്റിലുള്ള ഇവയുടെ ബേസ് മോഡലാണ് ടെസ്റ്റിനായി എടുത്തത്. സേഫ്റ്റി ടെസ്റ്റില്‍ പാസാകുന്നതിനുള്ള പ്രാഥമികമായ എയര്‍ ബാഗ് പോലും ഇവയിലൊന്നും ഇല്ലെന്നത് ടെസ്റ്റിന് വിധേയമാക്കിയവരെയും അതിശയപ്പെടുത്തി. ഒരേ തരത്തിലുള്ള രണ്ടു കാറുകളാണ് ടെസ്റ്റിനായി എടുത്തത്. ജര്‍മനിയില്‍ വച്ചായിരുന്നു ടെസ്റ്റ്. ഒരു മണിക്കൂറില്‍ 56 കിലോമീറ്റര്‍ സ്പീഡിലും,​ മറ്റൊരു ടെസ്റ്റ് ഒരു മണിക്കൂറില്‍ 64 കിലോമീറ്റര്‍ സ്പീഡിലുമാണ് പരീക്ഷണം നടത്തിയത്. അതിശയം എന്നു പറയാമല്ലോ,​ ഈ അഞ്ചു കാറുകളും രണ്ടു ടെസ്റ്റുകളില്‍ പരാജയം ഏറ്റുവാങ്ങി. ചുരുക്കി പറഞ്ഞാല്‍ ഇതില്‍ 'നൂറില്‍ പോകാന്‍' താത്പര്യപ്പെടുന്നവര്‍ ഒന്നുകൂടി ആലോചിച്ചിട്ടു മതി എന്നര്‍ത്ഥം.

 

 

ലോകത്തെ തന്നെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന ഖ്യാതി നേടിയിട്ടുള്ള ഇന്ത്യയുടെ സ്വന്തം നാനോയുടെ കാര്യമെടുത്താല്‍,​ ഇന്ത്യയുടെ ദീര്‍ഘവീക്ഷണമില്ലാത്ത പൊതുഗതാഗത, നഗരവികസന,​ ഉപഭോക്താക്കള്‍ക്ക് സുരക്ഷയില്ലാത്ത പല നയങ്ങളിലേക്കും അത് വിരല്‍ചൂണ്ടുന്നു.

 

എങ്ങനെയാണ് ഇങ്ങനെയൊരു കാറിന് ഇന്ത്യന്‍ റോഡുകളില്‍ ഓടാന്‍ അനുമതി നല്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് തന്നെ ആലോചിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇത്രമാത്രം അക്രമകരമായ രീതിയില്‍ രാജ്യത്ത നഗരവത്കരണം നടക്കുമ്പോള്‍. നമ്മുടെ നഗരങ്ങള്‍ തുറന്ന സ്ഥലങ്ങള്‍ക്കായി ശ്വാസം മുട്ടുകയാണ്. മെട്രോ റെയില്‍,​ മോണോ റെയില്‍,​ മറ്റ് പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം ഒരുപാട് നിക്ഷേപം നടത്തുന്നുമുണ്ട്. അതിനിടയില്‍ ആരാണ് ജനം ഒരു ലക്ഷം രൂപയ്‌ക്ക് ഒരു കാര്‍ സ്വന്തമാക്കട്ടെ എന്നത് നല്ലൊരു ആശയമാണെന്ന് കരുതിയത്?​ അല്ലെങ്കില്‍ അതിന് അനുമതി നല്‍കാമെന്ന് വിചാരിച്ചത്?​

 

മധ്യവര്‍ഗ ഉപഭോക്തൃ അഭിലാഷങ്ങളെ ചൂഷണം ചെയ്യാമെന്ന വിശ്വാസത്തിലാണ്,​ ടാറ്റ ഗുജറാത്ത് സര്‍ക്കാരിന്റെ കനിവോടെ, ഇത്രയും വിലക്കുറഞ്ഞ, ഒട്ടും സുരക്ഷയില്ലാത്ത കാര്‍ റോഡിലിറക്കാന്‍ തീരുമാനിച്ചതെന്ന് പറയേണ്ടിവരും. മോഡിയുടെ വ്യാജ വികസന മോ‌‌ടിയിലേക്കും,​ കോര്‍പ്പറേറ്റുകളുടോടുള്ള കമ്മിറ്റ്മെന്റിലേക്കും,​ റോഡ് സുരക്ഷയുടെ കാര്യത്തില്‍ നാം എത്രമാത്രം കോംപ്രമൈസ് ചെയ്യാന്‍ തയ്യാറാകുന്നുവെന്നതിലേക്കും ഒക്കെയാണ് നാനോയുടെ കഥ നമുക്ക് മനസിലാക്കി തരുന്നത്.

 

പശ്ചിമബംഗാളിലെ സിംഗൂറില്‍ നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് നാനോയുടെ പ്ളാന്റ് മാറ്റാന്‍ ടാറ്റ തീരുമാനിച്ചപ്പോള്‍,​ അതിന് ചുവന്ന പരവതാനി വിരിച്ചാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ സ്വാഗതം ചെയ്തത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഒരു കുംഭകോണമായിരുന്നു അതും. സാനന്ദില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരോ നാനോ കാറിനും വന്‍ സൗജന്യങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയത്,​ ഏകദേശം 60000 രൂപ ഒരു കാറിന് സര്‍ക്കാര്‍ ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ആ നിലയ്ക്ക് ഇത് യഥാര്‍ത്ഥത്തില്‍ നാനോ കാര്‍ ആണോ അതോ മോഡി കാര്‍ ആണോ?​

 

നാനോ ഇടപാടില്‍ ഗുജറാത്ത് സര്‍ക്കാരിന് ഏകദേശം 33000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആക്‌റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നത്.

 

നാനോ പ്ളാന്റിനായി ടാറ്റ മോഡിയെ സമീപിച്ചപ്പോള്‍,​ അതിനുള്ള സ്ഥലം ദിവസങ്ങള്‍ക്കകമാണ് ടാറ്റയ്‌ക്ക് നല്‍കിയത്. വെറ്ററിനറി സര്‍വകലാശാല തുടങ്ങാന്‍ വേണ്ടി മാറ്റിവച്ചിരുന്ന സ്ഥലമാണ് ടാറ്റയ്‌ക്ക് വിട്ടുകൊടുത്തത് എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. 1100 ഏക്കര്‍ ഭൂമിയാണ് ചതുരശ്ര മീറ്ററിന് 900 രൂപ നിരക്കില്‍ സര്‍ക്കാര്‍ ടാറ്റയ്‌ക്ക് പതിച്ചു കൊടുത്തത്. ചതുരശ്ര മീറ്ററിന് 10000 രൂപയായിരുന്നു അന്ന് മാര്‍ക്കറ്റ് വില. പുറമേ, തുക ഗഡുക്കളായി അടയ്‌ക്കാനും സര്‍ക്കാര്‍ അവസരം നല്‍കി. 50 കോടി രൂപാ വീതം ആറ് മാസം ഇടവിട്ട് അടച്ചാല്‍ മതിയെന്നൊയിരുന്നു സര്‍ക്കാരിന്റെ സൗജന്യം. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജ്ജും ഒഴിവാക്കി. എല്ലാറ്റിനുമുപരി പദ്ധതി സ്ഥലത്തേക്ക് റോഡുകളും സര്‍ക്കാര്‍ തന്നെ പണിതു.

 

 

ഇതിനൊക്കെപുറമേ 0.10 ശതമാനം പലിശ നിരക്കില്‍ ടാറ്റയ്ക്ക് 9570 കോടി രൂപ വായ്പയും നല്‍കി. അതും 20 വര്‍ഷത്തെ മൊറട്ടോറിയത്തോടൊപ്പം. ആകെ പദ്ധതി ചെലവിന്റെ 100 ശതമാനം ഒരു സാമ്പത്തിക സ്ഥാപനവും സഹായമായി നല്‍കാറില്ല. സാധാരണ 70 മുതല്‍ 80 ശതമാനം വരെയാണ് വഹിക്കുക,​ അതും വായ്പയെടുക്കുന്ന ആളിന്റെ മൂല്യവും കൂടി കണക്കിലെടുത്തുകൊണ്ട്.

 

മോഡിയുടെ കെട്ടിഘോഷിക്കപ്പെടുന്ന വികസന വീക്ഷണത്തിന്റെ ഭാഗമായി മറ്റ് ഒട്ടേറെ സൌജന്യങ്ങളും ടാറ്റയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി. പദ്ധതി സ്ഥലത്തേക്ക് റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്നതിനായി ഭൂമിയെടുക്കും,​ മറ്റ് അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള ഭൂമി,​ 20 കെ.വി വൈദ്യുതി ഡബിള്‍ സര്‍ക്ക്യൂട്ടഡ് ഫീഡറിലൂടെ വിതരണം ചെയ്യും,​ വൈദ്യുതി ഡ്യൂട്ടി അടയ്‌ക്കേണ്ടതില്ല,​ പദ്ധതി സ്ഥലത്തേക്ക പ്രതിദിനം 1400 ക്യൂബിക്ക് ലിറ്റര്‍ വെള്ളവും ആവശ്യമുള്ളപ്പോള്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുകയുമാവാം തുടങ്ങിയ സൗജന്യങ്ങളും നല്‍കി. ഈ മേഖലയില്‍ കൃഷി ആവശ്യത്തിനുള്ള വെള്ളം പമ്പു ചെയ്യാന്‍ പോലും വൈദ്യുദി കണക്ഷന്‍ നല്കാതിരിക്കുമ്പോഴാണ് ടാറ്റയ്ക്കുള്ള ഈ സൌജന്യം എന്നോര്‍ക്കണം. 

ഫാക്ടറിയില്‍ നിന്നുള്ള ആപത്കരമായ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സൗകര്യവും മലിന ജലം ഒഴുക്കി കളയാനുള്ള സംവിധാനവും ഗുജറാത്ത് സര്‍ക്കാര്‍ തന്നെ നല്‍കി. പി.പി.പി മോഡലില്‍ പദ്ധതി സ്ഥലത്ത് ട്രാന്‍സ്പോര്‍ട്ട് നഗര്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ തയ്യാറായി. ടാറ്റ മോട്ടേഴ്സിന്റെ പദ്ധതി സ്ഥലത്തിനടുത്ത് ടൌണ്‍ഷിപ്പ് ഉയര്‍ത്തുന്നതിനായി 100 ഏക്കര്‍ ഭൂമിയേറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടേക്ക് പാചകവാതക പൈപ്പ്‌ലൈനും സര്‍ക്കാര്‍ ചെലവില്‍ എത്തിച്ചുകൊടുക്കും.

 

ഇതെല്ലാം (ഭാഗ്യവശാല്‍) ഇന്ത്യന്‍ റോഡുകളില്‍ ക്ളച്ചു പിടിക്കാതെപോയ നാനോയ്ക്ക് വേണ്ടിയായിരുന്നു എന്നു കൂടി ഓര്‍ക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍