UPDATES

സിനിമ

ആം ആദ്മികളുടെ സ്വന്തം ദൃശ്യം

ദൃശ്യം എന്ന സിനിമയുമായി ബന്ധപ്പെട്ടു വന്ന വിമര്‍ശനങ്ങളില്‍ പ്രധാനം അതിലെ വില്ലന്‍ കഥാപാത്രമായ സഹദേവനെ (?) കുറിച്ചുള്ളതായിരുന്നു. കറുത്ത ശരീരമുള്ള, കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന കോണ്‍സ്റ്റബിളിനെ ദളിതവത്ക്കരിച്ച്, വില്ലനാക്കി സിനിമ അതിന്റെ സവര്‍ണ രാഷ്ട്രീയം വ്യക്തമാക്കുന്നു എന്ന രീതിയിലായിരുന്നു ചില വായനകള്‍. ഇങ്ങനെ പ്രേക്ഷകരെയൊക്കെ ജാതീയത നിറഞ്ഞ, കുടുംബ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പുരുഷവാദികളായി കാണുന്നത് അവരെ സിനിമയുമായുള്ള ഇടപെടലില്‍ നിരന്തരമായി നിര്‍മിക്കപ്പെടുന്ന കര്‍തൃത്വങ്ങളായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒന്നാണെന്ന് അജിത് കുമാര്‍ എ.എസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 
 
വില്ലന്‍, സ്‌റ്റേറ്റ് എന്നീ ആശയങ്ങളോടുള്ള മാറി വരുന്ന സമീപനങ്ങള്‍, ഈ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നതു കൊണ്ടാകാം അതിത്ര മാത്രം ജനപ്രിയമാകുന്നത്. വില്ലന്‍ എന്ന, സിനിമയിലെ അപര കര്‍തൃത്വത്തെ ഇല്ലാതാക്കി, സ്‌റ്റേറ്റ് (പോലീസ്)-നെ വിഡ്ഡിയാക്കി, സ്വയം സ്‌റ്റേറ്റ് ആയി മാറുന്ന മധ്യവര്‍ഗ കുടുംബ സ്‌നേഹിയായ പുരുഷനെ അവരോധിക്കുന്നതിലുടെയാണ് സിനിമ അതിന്റെ ജനപ്രിയത കണ്ടെത്തുന്നത്. 
 
മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററില്‍ പോയി കണ്ട് പൈസയും സമയവും കളയില്ല എന്ന തീരുമാനം മാറ്റി അഞ്ചാറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മോഹന്‍ലാല്‍ ദൃശ്യം കാണാന്‍ പോകുന്നത്. എന്തായാലും സിനിമ അവസാനിക്കുന്നതു വരെ, ബാല്‍ക്കണി ടിക്കറ്റ് കിട്ടാതെ, ഓര്‍ഡിനറി ടിക്കറ്റില്‍ സ്‌ക്രീനില്‍ നിന്നും നാലാമത്തേയോ അഞ്ചാമത്തേയോ നിരയിലെ പൊട്ടിയ സീറ്റിലിരുന്ന് ഒരു മോഹന്‍ലാല്‍ സിനിമ കാണുന്നതിന്റെ ഗതികേട് ഒരിക്കല്‍ പോലും ദൃശ്യം ഓര്‍മിപ്പിച്ചില്ല. (ചില കരച്ചില്‍, ഇക്കിളി സംഭാഷണങ്ങള്‍, ഇടി സീനുകള്‍ ഒഴികെ) പ്രേക്ഷകരുടെ ആകാംക്ഷ നിലനിര്‍ത്തി അവരെ പിടിച്ചിരുത്താന്‍ വേണ്ടുന്ന കുടുംബം, സ്ത്രീ പീഡനം, കൊലപാതകം, അന്വേഷണം എന്നിവയൊക്കെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ പാകത്തില്‍ ചേര്‍ത്തുവയ്ക്കുന്നുണ്ട് ദൃശ്യം. 
 
 
ആരാണ് കുറ്റം ചെയ്തത്, അഥവാ ആരാണ് വില്ലന്‍ എന്നത് അവസാനം വരെ പറയുന്നില്ല. വില്ലനെ പോലും വെല്ലുന്ന, വില്ലനെ ഇല്ലാതാക്കുന്ന, വില്ലനു പകരം വയ്ക്കാവുന്ന, സ്‌റ്റേറ്റുമായി നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന, അതിന്‍െ ഇല്ലാതാക്കുന്ന, ക്ഷുഭിതനും തന്ത്രശാലിയുമായ ഒരു മധ്യവര്‍ഗ കുടുംബ സ്‌നേഹിയായ ജോര്‍ജ് കുട്ടിയാണ് ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം. മകള്‍ അഞ്ജുവിന്റെ നഗ്നത മൊബൈലില്‍ പകര്‍ത്തിയ വരുണ്‍ എന്ന ചെറുപ്പക്കാരനെ ഭാര്യയും മകളും കൊന്ന് സ്വന്തം പറമ്പിലെ കമ്പോസ്റ്റ് കുഴിയില്‍ കുഴിച്ചു മൂടുന്നതും കുടുംബം നിലനിര്‍ത്താന്‍ വേണ്ടി – ഭര്‍ത്താവും അച്ഛനുമായ, നാലാം ക്ലാസ് തോറ്റ, വെറും സാധാരണക്കാരനായ – ജോര്‍ജ് കുട്ടി ആ കൊലപാതകം പോലീസുകാരെ പോലും വിഡ്ഡികളാക്കി തേയ്ച്ചുമാച്ചു കളയുന്നതാണ് ദൃശ്യം. 
 
അപ്പോള്‍ വില്ലന്‍, കോണ്‍സ്റ്റബിളായ സഹദേവന്‍ ആകുന്നതെങ്ങനെ? അപ്പോള്‍ നിയമത്തെ കാറ്റില്‍പറത്തി, സ്വന്തം അധികാരം ഉപയോഗിച്ച് ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും രഹസ്യമായി ചോദ്യം ചെയ്യുകയും കോണ്‍സ്റ്റബിള്‍ ആയ സഹദേവനെ കൊണ്ട് അവരെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്ന വനിതാ ഐ.ജി ഗീതാ പ്രഭാകരനോ? പ്രകൃതി ക്യാമ്പിനു പോയ സമയത്ത് ജോര്‍ജ് കുട്ടിയുടെ മകള്‍ അഞ്ജുവിന്റെ നഗ്‌നത അവളറിയാതെ പകര്‍ത്തി, പിന്നീട് അത് കാണിച്ച് അവളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഐ.ജിയുടെ ഏക മകന്‍ വരുണോ? 
 
പോലീസിനേയും നാട്ടുകാരേയും എല്ലാവരേയും കുടുംബ സംരക്ഷണം എന്ന ന്യായീകരണത്തോടെ, വിഡ്ഡികളാക്കി, വരുണിന്റെ ശവം പുതുതായി നിര്‍മിക്കുന്ന പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്യാത്ത നിലത്ത് കുഴിച്ചിടുന്ന ജോര്‍ജ് കുട്ടിയോ? ഇവരൊക്കെയും വില്ലത്തരത്തിന്റെ വിവിധ മുഖങ്ങളുമായി സിനിമയില്‍ വരുമ്പോള്‍ മേലുദ്യോഗസ്ഥയുടെ ആജ്ഞയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കോണ്‍സ്റ്റബില്‍ ആയ സഹദേവനില്‍ മാത്രം വില്ലത്തരം അടിച്ചേല്‍പ്പിക്കുന്നത് reductionist ആയിരിക്കും. മാത്രമല്ല, വില്ലന്‍ എന്ന മലയാള സിനിമയിലെ അപര കര്‍തൃത്വത്തെ ചുരുക്കിക്കാണിക്കുന്ന ഒന്നുകൂടിയാകും അത്.
 
 
വില്ലനും വൈകിയെത്തുന്ന പോലീസുകാരും
സ്‌റ്റേറ്റും സ്‌റ്റേറ്റിനെ പ്രതിനിധാനം ചെയ്യുന്ന നായകനും അപരനായിട്ടാണ് വില്ലന്‍ എന്ന കര്‍തൃത്വത്തിന്റെ ഇടം. നായകനും വില്ലനുമായുള്ള സംഘട്ടനത്തില്‍ വില്ലനെ നായകന്‍ തോല്‍പ്പിച്ചു എന്ന് ഉറപ്പാകുമ്പോള്‍ മാത്രമാണ് സ്‌റ്റേറ്റിന്റെ പ്രതിനിധികളായ പോലീസുകാര്‍ രംഗത്തെത്തുക എന്ന് മാധവ പ്രസാദ് തന്റെ Cinema and the desire for Modernity എന്ന ലേഖനത്തില്‍ 1960-കളിലെ ഹിന്ദി സിനിമകളില്‍ പോലീസ് വൈകി എത്തുന്ന ആഖ്യാനങ്ങളെ കുറിച്ച് പറയൂമ്പോള്‍ സൂചിപ്പിക്കുന്നുണ്ട്. വൈകി എത്തുന്ന പോലീസ് ദേശരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യപൂര്‍വ ഫ്യൂഡല്‍ അധികാര വ്യവസ്ഥയുമായുള്ള ബന്ധുത്വത്തെ കാണിക്കുന്നു എന്നാണ് പ്രസാദ് നിരീക്ഷിക്കുന്നത്. ആധുനിക രാഷ്ട്രത്തിന്റെ പ്രതിനിധികളായ പോലീസ്, വില്ലനെ ഇല്ലാതാക്കാനുള്ള നായകന്റെ ഫ്യൂഡല്‍ അധികാരത്തെ പിന്തുണയ്ക്കുകയും അതിനായുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതുമായിട്ടാണ് സിനിമകളില്‍ കാണിക്കുന്നത്. ആധുനിക, സ്വാതന്ത്ര്യാനന്തര ദേശരാഷ്ട്രത്തിന്റെ അധികാര വ്യവസ്ഥ, പുതിയ ഒന്നാണെന്ന് പറയാന്‍ പറ്റില്ലെന്നും അത് മുന്‍പേ ഉണ്ടായ ഫ്യൂഡല്‍ അധികാര വ്യവസ്ഥയില്‍ നിന്നും പല രീതിയില്‍ സ്വാംശീകരിച്ചുണ്ടായതാണെന്നും പാര്‍ത്ഥ ചാറ്റര്‍ജി, സതീഷ് ദേശ്പാണ്ഡെ, ജി. അലേഷ്യസ് മുതലയാവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമയില്‍ പോലീസുകാരുടെ വൈകിയെത്തല്‍ ഈയൊരു അധികാര പിന്തുടര്‍ച്ചയാണ് ഉറപ്പിക്കുന്നത്. 
 
മലയാള ഡിറ്റക്ടീവ് നോവല്‍ എന്നറിയപ്പെടുന്ന ഭാസ്‌കര മേനോനില്‍, ഭാസ്‌കര മേനോന്‍ എന്ന സ്‌റ്റേഷനാപ്‌സര്‍ ഇന്‍സ്‌പെക്ടര്‍ ആകാന്‍ യോഗ്യനാണെന്ന് പറയാനുള്ള കാരണം അപ്പന്‍ തമ്പുരാന്‍ വ്യക്തമാക്കുന്നുണ്ട്.  ബുദ്ധികൊണ്ടും പഠിപ്പുകൊണ്ടും ഐശ്വര്യം കൊണ്ടും ഇത്ര യോഗ്യനായ ഒരു സ്‌റ്റേഷനാപ്‌സര്‍ ഉണ്ടാകുന്നത് അസാധാരണമല്ല എന്നു വായനക്കാര്‍ ശങ്കിക്കുന്നുവെങ്കില്‍ ഇദ്ദേഹം ഒരുനാടുവാഴി പ്രഭുവാണെന്നും പോലീസു വേലയിലുള്ള ആസക്തി കൊണ്ടു മാത്രം ഈ പണിയില്‍ പ്രവേശിച്ചതാണെന്നും വെളിവായി പറഞ്ഞു കൊള്ളുന്നു. (അപ്പന്‍ തമ്പുരാന്‍, ഭാസ്‌കര മേനോന്‍, 135; 1954). നാടുവാഴി പ്രഭു പോലീസ് ആകാനുള്ള യോഗ്യത ആയിട്ടാണ് അപ്പന്‍ തമ്പുരാന്‍ പറയുന്നത്. 
 
 
വൈകി വരുന്ന പോലീസുകാര്‍ മലയാള സിനിമയിലും ധാരാളം കാണാവുന്നതാണ്. സംഘട്ടനത്തിനു ശേഷം പാഞ്ഞു വരുന്ന പോലീസ് ജീപ്പും നായകന്‍ അടിച്ചു വീഴ്ത്തിയ വില്ലന്മാരെ തൂക്കിയെടുത്ത് കൊണ്ടുപോകുന്ന പോലീസുകാരും സിനിമയുടെ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ വൈകിയെത്തുന്ന പോലീസുകാരായിരുന്നു മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നീ സി.ഐ.ഡികളെ (അക്കരെ അക്കരെ, പട്ടണ പ്രവേശം, നാടോടിക്കാറ്റ്) 1980-കളില്‍  പ്രശസ്തതരാക്കിയത്. അവിചാരിതായി പ്രതികളെ പിടിച്ച ശേഷം നില്‍ക്കുമ്പോള്‍ മാത്രം വരുന്ന പോലീസുകാരാണ് ദാസനേയും വിജയനേയും കെല്പുള്ള സി.ഐ.ഡികളാക്കി മാറ്റുന്നത്. 
 
എന്നാല്‍ 1990-കളോടെ നായകന്‍ / സ്‌റ്റേറ്റ് / വില്ലന്‍ എന്നീ ത്രയം പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റം വരുന്നുണ്ട്. വില്ലന്‍ എന്ന അപര കര്‍തൃത്വം മാറ്റപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്യുന്നതായി കാണാം. വില്ലനായ ചന്തുവിനെ നായകനാക്കിയ ഒരു വടക്കന്‍ വീരഗാഥയും നായകനെ വില്ലനായ സേതുവാക്കി മാറ്റിയ കിരീടം എന്നീ സിനിമകള്‍ നായകന്‍ / വില്ലന്‍ എന്നീ കര്‍തൃത്വങ്ങള്‍ തമ്മിലുള്ള വ്യത്യാസം പുനരാലോചിക്കുന്നവയാണ്. അഥവാ ഒന്നിനെ മറ്റൊന്ന് ഇല്ലാതാക്കുകയാണ്. 
 
പ്രതിനായകന്‍ അഥവാ ആന്റി – ഹീറോ എന്ന സങ്കല്‍പ്പം കൂടുതലായി സിനിമകളില്‍ വരുന്നതും ഈ കാലഘട്ടത്തിലാണ്. നായകന്‍ / വില്ലന്‍ ഭാവവാഹാദികള്‍ കൂടിക്കലരുന്ന 1980-കളിലെ രാജാവിന്റെ മകന്‍, 20-ാം നൂറ്റാണ്ട് മുതലായ സിനിമകളിലെ വേഷങ്ങളാണ് മോഹന്‍ലാലിന്റെ താരശരീരം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഇതിന്റെ പിന്തുടര്‍ച്ചകള്‍ 1990-കള്‍ക്കു ശേഷമുള്ള ആറാം തമ്പുരാന്‍, രാവണ പ്രഭു മുതലായ സിനിമകളില്‍ കാണാം. ദേവാസുരം പോലുള്ള പേരും സൂചിപ്പിക്കുന്നത് ഇത്തരം നായക / വില്ലന്‍ കൂടി ചേരുന്ന കര്‍തൃത്വത്തെ ആണ്. അപര കര്‍തൃത്വത്തങ്ങളെ എങ്ങനെ ജനപ്രിയ സിനിമകള്‍ കോ-ഓപ്റ്റ് ചെയ്യുന്നു എന്നതിനുദാഹരണമാണ് ഇത്തരം ഒന്നു ചേരല്‍. വില്ലന്‍ എന്ന കര്‍തൃത്വത്തെ കോ-ഓപ്റ്റ് ചെയ്യുകയാണ് താരമായി മാറുന്ന നായക കഥാപാത്രം. അപര സാന്നിധ്യങ്ങളെ ഒതുക്കാനുള്ള മധ്യവര്‍ഗ സ്‌റ്റേറ്റിന്റെ പ്രതിനിധികളാകുന്നു താരം / നായകന്‍. 
 
 
ദൃശ്യം എന്ന സിനിമ എന്നാല്‍, ഇതും കടന്നു മുന്നോട്ടു പോയതായി കാണാം. ഇതിനു മുന്‍പ് നായകന്‍ സ്‌റ്റേറ്റിന്റെ പ്രതിനിധിയായിരുന്നുവെങ്കില്‍, ദൃശ്യത്തിലെ മധ്യവര്‍ഗ നയാകന്‍ തന്നെയാണ് സ്‌റ്റേറ്റ്. സംവരാണനന്തര സര്‍ക്കാര്‍ ജോലിയിടങ്ങള്‍ ഉണ്ടായതിനു ശേഷമാണ് അഴിമതി എന്ന കുറ്റത്തിന് ഇത്രമാത്രം ദൃശ്യത വരുന്നതെന്ന് പാര്‍ത്ഥ ചാറ്റര്‍ജി നിരീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ അഴിമതിക്കെതിരായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സ്‌റ്റേറ്റില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള ആം ആദ്മി പാര്‍ട്ടിയും മധ്യവര്‍ഗത്തിന്റെ അതൃപ്തിയുടെ ഭാഗമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം രു മധ്യവര്‍ഗ അതൃപ്തിയുടെ ബാക്കിപത്രമാണ് ദൃശ്യവും. സ്‌റ്റേറ്റിനേയും അതിന്റെ പ്രതിനിധികളായ പോലീസിനേയും അട്ടിമറിച്ച്, മധ്യവര്‍ഗം തന്നെയാണ് സ്‌റ്റേറ്റ് എന്നും അതുറപ്പിക്കുന്നു. ഒരു സ്ത്രീപീഡകന് ഇതുപോലെ പ്രാകൃതമായ ശിക്ഷ തന്നെയാണ് വേണ്ടതെന്നും അതു വിധിക്കാന്‍ കുടുംബ സ്‌നേഹിയായ ഏതൊരു മധ്യവര്‍ഗ പുരുഷന്‍ – കുടുംബത്തിനും അധികാരമുണ്ടെന്നും സിനിമ കാണിച്ചു തരുന്നു. 
 
തങ്ങള്‍ അന്വേഷിക്കുന്ന മൃതശരീരത്തിന് മുകളില്‍ കെട്ടിപ്പൊക്കിയ പോലീസ് സ്‌റ്റേഷനിലാണ് തങ്ങള്‍ ഇരിക്കുന്നതെന്നറിയാതെ, കൊലപാതകത്തിന് കൂട്ടുനിന്ന ജോര്‍ജ് കുട്ടിയോട് ‘നിന്നെ എന്നെങ്കിലും ഞങ്ങളുടെ കൈയില്‍ കിട്ടും’ എന്ന് പറയുന്ന വിഡ്ഡികളാകുന്നു പോലീസുകാരും അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്‌റ്റേറ്റും. വില്ലന്‍ എന്ന അപര സാന്നിധ്യവും സ്‌റ്റേറ്റും ഇവിടെ മധ്യവര്‍ഗ നായകന് വഴിമാറേണ്ടി വരുന്നു. മധ്യവര്‍ഗം ഒരു സ്‌റ്റേറ്റ് ആയിത്തീരുകയാണ് ഇവിടെ. കൊല്ലാനും വിധിക്കാനും അവകാശമുള്ള ഒരു പരമാധികാര സ്‌റ്റേറ്റ്. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍