UPDATES

ഓഫ് ബീറ്റ്

ഒരു ഡോക്ടറുടെ കാഷ്വാലിറ്റി ചിന്തകള്‍

ഡോ: ലീന വെന്‍ (സ്ലേറ്റ്)

നിങ്ങള്‍ കാഷ്വാലിറ്റിയില്‍ ഇരിക്കുകയാണ്, ഉളുക്കിയ കാലില്‍ ഐസ് വെച്ചിട്ടുണ്ട്. നിങ്ങളുടെ അടുത്തിരിക്കുന്ന കൌമാരക്കാരന്‍ വയറില്‍ ഞെക്കിപ്പിടിച്ച് കരയുന്നുണ്ട്. മറ്റൊരു സ്ത്രീ അവരുടെ മുഖംമൂടിക്കുള്ളിലേയ്ക്ക് ചുമയ്ക്കുന്നു. അലറിക്കരയുന്ന ഒരു മനുഷ്യനെയും കൊണ്ട് ഒരു സ്ട്രെച്ചര്‍ പോകുന്നു. ഒരു ആംബുലന്‍സ് വന്നുനില്‍ക്കുന്നു. കൃത്രിമ ശ്വാസം കൊടുക്കുന്ന നേഴ്സ്മാര്‍.

ഈ ബഹളത്തിന്റെയെല്ലാം ഇടയില്‍ മര്യാദയ്ക്ക് ചികിത്സ കിട്ടുമോ എന്ന് നിങ്ങള്‍ക്ക് പേടിയുണ്ട്.

കാഷ്വാലിറ്റി ഡോക്ടര്‍മാര്‍ എല്ലാത്തരം രോഗികളെയും കാണാറുണ്ട്‌. ചിലര്‍ ഗുരുതരാവസ്ഥയിലാവും എത്തുക- വലിയ അപകടങ്ങള്‍, ഹാര്‍ട്ട് അറ്റാക്ക്, ഇന്‍ഫക്ഷന്‍ എന്നിവയുമായി. ഇവരെ ആദ്യം തന്നെ ചികിത്സിക്കും. എന്നാല്‍ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികള്‍ക്കും ആവശ്യങ്ങളുണ്ട്, അതും ശ്രദ്ധിക്കേണ്ടതുണ്ട്.
 

തങ്ങള്‍ക്ക് കിട്ടിയ ചികിത്സയില്‍ സംതൃപ്തിയില്ലാത്ത പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ കാഷ്വാലിറ്റിയിലെത്തുന്നതിന് മുന്‍പ് അവരോടു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

കാഷ്വാലിറ്റി രോഗികളും ഡോക്ടര്‍മാരും തമ്മില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടാകാറുണ്ട്. ആളുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസിലാക്കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ കുറെയേറെ ഒഴിവാക്കാനാകും. പത്തുതരം കാഷ്വാലിറ്റി രോഗികളെ ഞാന്‍ തരംതിരിച്ചിട്ടുണ്ട്. ഇത് ആരെയും വാര്‍പ്പു മാതൃകയാക്കാനോ എല്ലാ രോഗികളും ഇതിലേതെങ്കിലും ഗണത്തില്‍ പെടുന്നുവെന്നു സ്ഥാപിക്കാനോ അല്ല. നിങ്ങളെ നിങ്ങള്‍ക്ക് ഇതില്‍ കാണാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ മികച്ച സഹായം ലഭിക്കാന്‍ ഈ വിവരം ചിലപ്പോള്‍ നിങ്ങളെ സഹായിച്ചേക്കും.

1. റിപ്പീറ്റ് കസ്റ്റമര്‍: പത്തുവര്‍ഷമായി തലവേദനയും അതിലേറെ വര്‍ഷമായി കാലുവേദനയുമുള്ള രോഗികള്‍ കാഷ്വാലിറ്റിയില്‍ എത്താറുണ്ട്. നിങ്ങള്‍ക്ക് കാലങ്ങളായുള്ള രോഗമുണ്ടെങ്കില്‍ ഇന്ന് വ്യത്യസ്തമായി എന്തു സംഭവിച്ചുവെന്ന് വിശദീകരിക്കുക. എങ്കിലേ കാഷ്വാലിറ്റി ഡോക്ടര്‍മാര്‍ക്ക് നിങ്ങളെ ശരിയായി സഹായിക്കാനാകൂ. ചിലപ്പോള്‍ നിങ്ങളുടെ രോഗലക്ഷനങ്ങള്‍ മാറിയിട്ടുണ്ടാകാം. ചിലപ്പോള്‍ നിങ്ങളുടെ സഹോദരിക്ക് കാന്‍സര്‍ കണ്ടെത്തിയതുകൊണ്ട് നിങ്ങള്‍ വെറുതെ പേടിക്കുന്നതാകാം. ഞങ്ങളോട് സത്യം തുറന്നുപറയുക. നിങ്ങള്‍ക്ക് സ്ഥിരമായി ഒരു ഫിസിഷ്യന്‍ ഉണ്ടാകും. പ്രത്യേകിച്ച് ഒന്നുമില്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറെ തന്നെ കാണുക. കഠിനവേദനകള്‍ ഞങ്ങള്‍ക്ക് നോക്കാനാകും, എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ രോഗത്തെ ദീര്‍ഘകാലത്തില്‍ അടുത്തറിയാവുന ചികിത്സകനെയാണ്.

2. സെക്കണ്ട് ഒപീനിയന്‍ തേടുന്നവര്‍: നിങ്ങള്‍ക്ക് മാസങ്ങളായി ചില രോഗലക്ഷണങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ഫിസിഷ്യനോ നിങ്ങള്‍ കണ്ട മറ്റു സ്പെഷ്യലിസ്റ്റുകള്‍ക്കോ തൃപ്തികരമായ ഉത്തരം തരാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് പേടിയുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കേണ്ട പരിചരണവും ചികിത്സയും ലഭിക്കുക കാഷ്വാലിറ്റിയിലെ പരിമിതമായ സൌകര്യങ്ങളില്‍ നിന്നല്ല. നിങ്ങളുടെ ഫിസിഷ്യനോട് തന്നെ റെഫറന്‍സും കൂടുതല്‍ പരിശോധനകളും ആവശ്യപ്പെടുക. കാഷ്വാലിറ്റിയില്‍ ചെറിയ സൌകര്യങ്ങളാണ് ഉള്ളത്. നിങ്ങളുടെ കഠിനമായ മുട്ടുവേദനയുമായി നിങ്ങള്‍ കാഷ്വാലിറ്റിയിലെ എം ആര്‍ ഐയില്‍ കിടക്കുകയാണെങ്കില്‍ അതിനര്‍ത്ഥം സ്ട്രോക്ക് വരാന്‍ സാധ്യതയുള്ള ഒരു രോഗി കാത്തിരിക്കേണ്ടിവരുന്നു എന്നാണ്.
 

3. ഗൂഗിള്‍ രോഗി: ഇന്റര്‍നെറ്റ് രോഗികളെ ബോധവല്‍ക്കരിക്കുന്ന ഒരു നല്ല മാധ്യമമാണ്. എന്നാല്‍ അതിനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതുണ്ട്. വെറും ഫുഡ് പോയിസന്‍ ഉള്ളപ്പോഴും നിങ്ങള്‍ക്ക് ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ ഉള്ളതുപോലെ തോന്നിയേക്കാം. വയറുവേദനയുള്ളപ്പോള്‍ നിങ്ങള്‍ പുരുഷനാണെങ്കിലും ഇന്റര്‍നെറ്റ് ലക്ഷണം നിങ്ങള്‍ക്ക് ഗര്‍ഭമുണ്ട് എന്നായിരിക്കും. സ്വയം ചികിത്സ നടത്താനല്ല ഡോക്ടര്‍ കണ്ടെത്തിയ അസുഖത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും കൂടുതല്‍ അറിയാനാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടത്.

4. “എല്ലായിടത്തും വേദനയുള്ള” രോഗി: ഞങ്ങള്‍ ചോദിക്കുന്നതിനെല്ലാം നിങ്ങള്‍ ഉവ്വ് ഉവ്വ് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ അതിനെ “പോസിറ്റീവ് റിവ്യു ഓഫ് സിസ്റ്റംസ്” എന്നാണ് വിളിക്കുക. തലവേദനയുണ്ടോ? നെഞ്ചുവേദന? ശ്വാസംമുട്ടല്‍? തളര്‍ച്ച? പേശിവേദന? ഉവ്വ്, ഉവ്വ്, ഇതെല്ലാം ഉണ്ട്. ചില രോഗങ്ങള്‍ നിങ്ങളുടെ ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ അസുഖം ഡോക്ടറെ ബോധിപ്പിക്കാന്‍ അല്‍പ്പം കൂട്ടിപ്പറയുന്നവരുമുണ്ട്‌. നിങ്ങള്‍ക്ക് സുഖമില്ല എന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങളോട് സത്യമേ പറയാവൂ. സത്യം പറഞ്ഞില്ലെങ്കില്‍ അനാവശ്യമായ ടെസ്റ്റുകള്‍ നടത്തുകയാവും ഫലം. ഒരുപാടിടത്ത് വേദനയുണ്ടെങ്കില്‍ അതെല്ലാം തെളിച്ചുപറയുക. എപ്പോഴാണ് അവസാനം പ്രശ്നങ്ങളൊന്നും ഇല്ലാതെയിരുന്നത്? പിന്നെയെന്താനുണ്ടായത്? ദയവുചെയ്ത് വിവരങ്ങള്‍ പെരുപ്പിച്ചുപറയരുത്. നിങ്ങള്‍ക്ക് ഭയങ്കരവേദനയാണെന്ന് പറയുകയും നിങ്ങള്‍ ഫോണില്‍ മെസ്സേജ് അയക്കുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രശ്നം ശരിയായി അളക്കാന്‍ കഴിയാതെ വരും.
 

5. “പൂര്‍ണ്ണാരോഗ്യവാനായ” രോഗി: ചിലരുണ്ട്, ഡോക്ടറോട് യാതൊരു മെഡിക്കല്‍ പ്രശ്നവും ഇല്ല എന്നൊക്കെ പറയും. പിന്നെ നേഴ്സ് വരുമ്പോള്‍ ഇന്‍സുലിന്‍ എടുക്കുന്നതും നീലയും വെള്ളയും നിറമുള്ള ഗുളികകള്‍ കഴിക്കുന്നതും ഒക്കെ പറയും. ദയവായി നിങ്ങളുടെ ആരോഗ്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങള്‍ ഞങ്ങള്‍ക്ക് തരിക. ചിലപ്പോള്‍ കാഷ്വാലിറ്റിയില്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാ വിവരങ്ങളും കയ്യിലെടുക്കാന്‍ കഴിഞ്ഞില്ലെന്നുവരും. എപ്പോഴും കയ്യില്‍ ഒരു കാര്‍ഡില്‍ നിങ്ങളുടെ രോഗങ്ങള്‍, മുന്‍ശസ്ത്രക്രിയകള്‍, അലര്‍ജികള്‍, ഇപ്പോള്‍ കഴിക്കുന്ന മരുന്നുകള്‍, അവയുടെ ഡോസുകള്‍ എന്നിവ എഴുതി സൂക്ഷിക്കുക. വിറ്റാമിനുകളും ആയുര്‍വേദമരുന്നുകളും കഴിക്കുന്നുണ്ടെങ്കില്‍ അതും എഴുതിവയ്ക്കുക. നിങ്ങള്‍ സ്ഥിരം കാണുന്ന ഡോക്ടറെ വിളിച്ചുചോദിച്ച ശേഷം മാത്രം കാഷ്വാലിറ്റിയില്‍ പോവുക.

6. മറവിയുള്ള രോഗി: എന്തിനാണ് വന്നത് എന്ന് ചോദിക്കുമ്പോള്‍ ശൂന്യമായ ഒരു മുഖഭാവത്തോടെ “എനിക്കറിയില്ല” എന്ന് പറയുന്ന രോഗികളെ ഞാന്‍ കാഷ്വാലിറ്റിയില്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ക്ക് സുഖമില്ല എന്നത് ശരിയാണ്. എന്നാല്‍ കാഷ്വാലിറ്റിയില്‍ കാത്തിരിക്കുമ്പോള്‍ നിങ്ങളുടെ രോഗലക്ഷണങ്ങളും പ്രശ്നങ്ങളും എഴുതിവയ്ക്കുക. എപ്പോഴും നിങ്ങളുടെ വിവരങ്ങള്‍ അറിയാവുന്ന ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയൊ ഒപ്പം കൊണ്ടുവരിക. കാഷ്വാലിറ്റിയില്‍ ഡോക്ടറെ കാണാന്‍ വളരെ കുറച്ചുസമയമേ ലഭിക്കൂ, ആ സമയം ഉപയോഗപ്പെടുത്തുക. നിങ്ങള്‍ ആരുടെയെങ്കിലും കൂടെയാണ് വന്നതെങ്കില്‍ അവരുടെ കൂടെ തന്നെ ഇരിക്കുക. വയസായ, ഓര്‍മ്മപ്പിശകുള്ള അമ്മൂമ്മയെ കാഷ്വാലിറ്റിയില്‍ കാത്തിരുത്തിയിട്ട് ഷോപ്പിങ്ങിനൊന്നും പോകാതിരിക്കുക.

7. മരുന്നുതേടുന്ന രോഗി: പലതരം ഭീകരവേദനകള്‍ ഉണ്ടെന്നുപറഞ്ഞ് മരുന്നുകള്‍ എഴുതിവാങ്ങാന്‍ കാത്തിരിക്കുന്ന രോഗിയാണിത്‌. എന്തോ കാരണം കൊണ്ട് ഇദ്ദേഹത്തിന് സ്ഥിരം ഡോക്ടറെ കാണാന്‍ മടി. അദ്ദേഹത്തിന്റെ മരുന്നുകള്‍ എല്ലാം കളഞ്ഞുപോയി എന്നോ മോഷണം പോയി എന്നോ ഒക്കെ പറയും. മരുന്നിന് അടിമയാണ് ഇദ്ദേഹം. ശരിയായ വേദനയും ശരിയായ രോഗാവസ്ഥയും തിരിച്ചറിയുക എന്നതും കാഷ്വാലിറ്റി ഡോക്ടര്‍മാരുടെ ഡ്യൂട്ടിയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥിരം ഡോക്ടറെ കാണാന്‍ ബുദ്ധിമുട്ട് തോന്നുന്നതിന് എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് തുറന്നുപറയുക.

8. കൊച്ചുവര്‍ത്തമാനം പറയുന്ന രോഗി: നിങ്ങളോട് ഞങ്ങള്‍ക്ക് സംസാരിക്കണമെന്നുണ്ട്, ശരിക്കും. ആളുകളെ അറിയാന്‍ കഴിയുക എന്നതാണ് എന്റെ ജോലിയുടെ ഏറ്റവും വലിയ സന്തോഷം. വെറുതെ ഇരുന്ന് സംസാരിക്കണം എന്നെനിക്കുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, എന്നെ കാണാന്‍ ഇനിയും ഇരുപതുരോഗികള്‍ കൂടിയുണ്ട്. അവരെ സഹായിക്കുന്നതും എന്റെ ജോലിയാണ്. അതുകൊണ്ടു നിങ്ങളുടെ രോഗത്തെപ്പറ്റി പറയുക,അതിനെപ്പറ്റി പറയേണ്ടതെല്ലാം പറയുക. എന്നോട് സംസാരിക്കാനുള്ള നിങ്ങളുടെ താല്‍പ്പര്യം ഞാന്‍ സന്തോഷത്തോടെ മനസിലാക്കുന്നു, പക്ഷെ ഇപ്പോള്‍ ആരോഗ്യകാര്യങ്ങള്‍ പറയേണ്ട സമയമാണ്.
 

9. ബഹളക്കാരന്‍ രോഗി: നിങ്ങള്‍ മണിക്കൂറുകളായി കാത്തിരിക്കുകയാണ്. നിങ്ങള്‍ ഒരു ചെറിയ മുറിയിലാണ്. ടിവി പ്രവര്‍ത്തിക്കുന്നില്ല. ഞങ്ങള്‍ക്ക് അതില്‍ ഖേദമുണ്ട്. ഇവിടെ അമ്പതോ നൂറോ രോഗികള്‍ കാണും. ഇതില്‍ ഗുരുതരാവസ്ഥ നോക്കിയാണ് പരിചരണം നടത്തുക. അപ്പോള്‍ കരഞ്ഞിട്ടോ ബഹളം വെച്ചിട്ടോ കാര്യമില്ല. വക്കീലിനെ വിളിക്കുമെന്നോ ആശുപത്രിയുടെ സിഇഓയെ വിളിക്കുമെന്നോ പത്രക്കാരെ വിളിക്കുമെന്നോ പറഞ്ഞിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിചരിക്കാന്‍ വേഗം സാധിക്കാനായി ഞങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ട്, അസ്വസ്ഥതകളുണ്ട് എങ്കില്‍ ഞങ്ങളോട് പറയുക. കാഷ്വാലിറ്റിയിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും പേഷ്യന്റ് അഡ്വൈസറി കമ്മറ്റികളില്‍ ചേരുക.

10. ക്ഷമചോദിക്കുന്ന രോഗി: “ബുദ്ധിമുട്ടിച്ചതില്‍ വിഷമമുണ്ട്. എന്നെക്കാള്‍ ഗുരുതരമായ അവസ്ഥയിലുള്ള രോഗികള്‍ കാത്തിരിക്കുന്നല്ലോ” എന്നൊക്കെ പറയുന്നവരുണ്ട്. ശരിയാണ്, നിങ്ങളെക്കാള്‍ സീരിയസ് ആയവരും കാണും. എന്നാല്‍ നിങ്ങള്‍ക്ക് വയ്യാത്തത് കൊണ്ടാണ് നിങ്ങള്‍ വന്നത്. എന്തിനാണ് നിങ്ങള്‍ വന്നത് എന്ന് കൃത്യമായി പറയുക. ഞങ്ങള്‍ക്കറിയാം ആളുകള്‍ എപ്പോഴാണ് കാഷ്വാലിറ്റിയില്‍ വരിക എന്ന്. ക്ഷമ ചോദിക്കേണ്ട ആവശ്യമേയില്ല. ഞങ്ങള്‍ ഈ ജോലി തെരഞ്ഞെടുത്തത് രോഗികളെ സഹായിക്കാന്‍ വേണ്ടിയാണ്. അവര്‍ ആരാണെന്നോ അവര്‍ എത്രത്തോളം പ്രശ്നത്തിലാനെന്നോ ഞങ്ങള്‍ നോക്കാറില്ല. നിങ്ങളെ പരിചരിക്കാനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമാണ് ഉള്ളത്.

Dr. Leana Wen
 is an emergency physician at George Washington University and author ofWhen Doctors Don’t Listen: How to Avoid Misdiagnoses and Unnecessary Tests.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍