UPDATES

ആന്‍റണി ഒരുക്കുന്ന അടിത്തറ

സാജുകൊമ്പന്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആളെക്കൂട്ടാന്‍ കഴിവുള്ള ഏക നേതാവാണ് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്‍റണി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തിരഞ്ഞെടുപ്പ് കാലങ്ങളില്‍ കേരളത്തിലെത്തി കോണ്‍ഗ്രസ് പ്രചാരണത്തിന്‍റെ കുന്തമുനയാകുകയും ചെയ്യുന്ന ആന്‍റണി ശൈലി ഈ പൊതു തിരഞ്ഞെടുപ്പിലും ശ്രദ്ധാ കേന്ദ്രമാവും എന്നതിന്‍റെ സൂചനയാണ് ആന്‍റണിയുടെ ആദ്യ ദിവസത്തെ പൊതു സമ്മേളനങ്ങള്‍ക്ക് ലഭിച്ച ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്.

കാസര്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി സിദ്ധിക്കിന് വേണ്ടി പ്രസംഗിച്ചാണ് ആന്‍റണി ഈ തിരഞ്ഞെടുപ്പിലെ തന്‍റെ തേരോട്ടം ആരംഭിച്ചത്. കാസര്‍ഗോഡ് നിന്ന് തുടങ്ങി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ സംഘര്‍ഷഭരിതമായ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ അവസാനിക്കുന്നതായിരുന്നു ആദ്യ ദിന പ്രചാരണ പരിപാടികള്‍. രാത്രി പത്തുമണി വരെ നീണ്ട ആദ്യ ദിനത്തില്‍ പത്തോളം പൊതുയോഗങ്ങളിലാണ് ആന്‍റണി പ്രസംഗിച്ചത്.
 


തിരുവനന്തപുരത്തെ മാധ്യമസമ്മേളനത്തില്‍ സാമാന്യം വിശദമായി അവതരിപ്പിച്ച കാര്യങ്ങള്‍ തന്നെയായിരിക്കും താന്‍ പ്രധാന പ്രചാരണ വിഷയങ്ങള്‍ ആക്കുക എന്ന സൂചനയാണ് ആന്‍റണി നല്കിയത്. കേരളത്തിലെ തങ്ങളുടെ ശത്രുക്കളായ ഇടതുപക്ഷത്തെ അധികം കടന്നാക്രമിക്കാതെ നരേന്ദ്ര മോഡിയെയും ബി ജെ പി ഉയര്‍ത്തുന്ന രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുന്ന  രാഷ്ട്രീയത്തെയും എതിര്‍ക്കാനാണ് തന്‍റെ പ്രസംഗത്തിലെ ഏറിയ പങ്കും ആന്‍റണി ശ്രമിച്ചത്. മോഡി സര്‍വനാശത്തിന്‍റെ പ്രതീകമാണെന്നും ഇന്ത്യ പ്രതിനിധീകരിക്കുന്ന വൈവിധ്യത്തെ അംഗീകരിക്കാത്തവര്‍ക്ക് ജനങ്ങള്‍ രാജ്യത്തിന്‍റെ താക്കോല്‍ നല്‍കില്ലെന്നും ആന്‍റണി പറഞ്ഞു. അതുകൊണ്ട് തന്നെ നരേന്ദ്രമോഡി അധികാരത്തിലെത്താതിരിക്കാന്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടിവരും.

നരേന്ദ്ര മോഡി തരംഗം എന്നത് മാര്‍ക്കറ്റിംഗിന്‍റെ സൃഷ്ടി മാത്രമാണെന്ന് പറഞ്ഞ ആന്‍റണി യു പി എ നേരത്തെ ഉള്ളതില്‍ നിന്നും നില ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. ഭരിക്കാനുള്ള സംഖ്യ യു പി എയ്ക്ക് ഒറ്റയ്ക്ക് കിട്ടില്ല എന്ന് പരോക്ഷമായി സമ്മതിക്കുന്ന ആന്‍റണി വരാന്‍ പോകുന്ന ഗവണ്‍മെന്‍റിന് പ്രയോഗികമായ ഒരു അടിസ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് കേരളത്തിലെ തന്‍റെ തിരഞ്ഞെടുപ്പ് പ്രസംഗകളിലൂടെ.
 


അതേ സമയം സി പി എം ഇപ്പൊഴും കൊണ്ട് നടക്കുന്ന അക്രമ രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ക്കാനും ആന്‍റണി മറന്നില്ല. 1957ലെ പാര്‍ടി സെല്‍ ഭരണത്തെ ഓര്‍മ്മിപ്പിച്ച് ജനാധിപത്യ സംവിധാനത്തിലെ കോടതികളെ തള്ളിപ്പറഞ്ഞു കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ഇനിയുള്ള കാലം മുന്‍പോട്ട് പോകാന്‍ കഴിയില്ല എന്നും ആന്‍റണി പറഞ്ഞു. വികസനത്തിന്‍റെ കാര്യത്തില്‍ പുതിയ കാലത്തിന്‍റെ മോഹങ്ങളെയും പ്രതീക്ഷകളെയും തൊട്ടറിയാനുള്ള സംവേദനക്ഷമത ഇടതുപക്ഷത്തിന് നഷ്ടമായതായും അദ്ദേഹം ആരോപിച്ചു.

ആദ്യ ദിവസം ആന്‍റണി കടന്നുപോയത് ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട മലയോര മേഖലങ്ങളിലൂടെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി ഉള്‍പ്പെട്ട കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം ഇടപ്പെട്ടതിനെ കുറിച്ച് വിശദീകരിച്ച ആന്‍റണി കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
 


സംസ്ഥാനത്തെ ഐക്യ ജനാധിപത്യ മുന്നണിയുടെയും അതിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും നില അത്ര സുരക്ഷിതമല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ പ്രസംഗത്തിന്‍റെ ഊന്നല്‍ ദേശീയ രാഷ്ട്രീയത്തിന് നല്‍കാനാണ് ആന്‍റണി ശ്രമിച്ചത്. ഇത് കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ചും മോഡി ഭീതിയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ കൂടുതല്‍ കോണ്‍ഗ്രസിനോട് അടുപ്പിക്കും എന്ന് ആന്‍റണി കണക്ക് കൂട്ടുന്നു. അതോടൊപ്പം തന്‍റെ പ്രസംഗങ്ങളിലൂടെ ഇടതുപക്ഷത്തെയും അതിന്‍റെ നേതാക്കളെയും രൂക്ഷമായി വിമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിലൂടെ വരാന്‍ പോകുന്ന സര്‍ക്കാരിന്റെ അടിത്തറ പണിയുന്ന ദൌത്യമാണ് ആന്‍റണി നിര്‍വഹിക്കുന്നതെന്ന് വേണം കരുതാന്‍. ആം ആദ്മിയുടെ വരവോടെ ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായി മാറിയ അഴിമതിയെയും കോര്‍പ്പറേറ്റ് ബാന്ധവത്തെയും കുറിച്ച് കാര്യമായി എന്തെങ്കിലും പറയാന്‍ ആന്‍റണി തയ്യാറായില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍