UPDATES

കേരളം

ന്യൂജനറേഷന്‍ ബൈക്ക് പയ്യന്മാരറിയാന്‍

ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ മിന്നല്‍ വേഗത്തില്‍ പറക്കുന്ന ചെറുപ്പക്കാര്‍ നമ്മുടെ യാത്രകളില്‍ മിക്കവാറും കാഴ്ചയാണ്. കാണുന്നവര്‍ക്ക് ഭയപ്പാടുണ്ടാക്കുന്ന വേഗവും ശബ്ദവും കൊണ്ട് പായുന്ന ഈ ചെറുപ്പക്കാര്‍ക്ക് വണ്ടി മേടിച്ചു കൊടുക്കുന്നവര്‍ക്ക് നേരെയായിരിക്കും ആളുകള്‍ ആദ്യം ശാപവാക്കുകള്‍ ചൊരിയുക. മക്കളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് അവര്‍ ആഗ്രഹിക്കുന്നതെന്തും നല്‍കാന്‍ ചില മാതാപിതാക്കള്‍ കാണിക്കുന്ന വ്യഗ്രത ഒരു പക്ഷെ അവര്‍ക്ക് ശാപമായി മാറിയേക്കാം. ഇന്നിപ്പോള്‍ പല നിറത്തില്‍ ഇറങ്ങിയിരിക്കുന്ന വാഹനങ്ങളില്‍ ചിലതിലൊക്കെ യാത്ര ചെയ്യുക എന്നതിലുപരി “പറപ്പിക്കുക ” എന്ന ലക്ഷ്യം വച്ചാണെന്ന് പറഞ്ഞാലും കുറ്റം പറയാനാകില്ല. മക്കളെ സ്നേഹിക്കുന്ന രണ്ട് പിതാക്കന്മാരെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

 

ദിവാകരന്‍ എന്ന പിതാവ് 

 

മകന് പതിനെട്ടു വയസായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ വണ്ടി മേടിച്ചു കൊടുക്കാന്‍ പറഞ്ഞു കൊണ്ടുള്ള ശല്യം ചെയ്യല്‍. ഇപ്പൊ നിനക്ക് വണ്ടിയൊന്നും വേണ്ടാന്നു ഞാനവനോട് നൂറ് തവണ പറഞ്ഞതാണ്. അമ്മയ്ക്കും ജോലിക്കാരിയായ മകള്‍ക്കും അവനു വണ്ടി മേടിച്ചു കൊടുക്കണമെന്നായിരുന്നു ആഗ്രഹം. എന്റെ എതിര്‍പ്പ് വക വെക്കാതെ അവര് ബൈക്ക് മേടിച്ചു കൊടുത്തു. പുത്തന്‍ വണ്ടിയില്‍ ചെക്കന്‍ പറപ്പിക്കുകേം ചെയ്തു. വണ്ടി ആക്സിഡന്റ്റ് ആയി ഇപ്പൊ വീട്ടില്‍ കിടപ്പുണ്ട്. നടുവൊടിഞ്ഞ് അനങ്ങാന്‍ വയ്യാതെ അവനും. അമ്മയ്ക്കും മോള്‍ക്കും ഇപ്പൊ സമാധാനമായി. ഉള്ളിലെ നൊമ്പരമായിരുന്നു ഭാര്യക്കും മകള്‍ക്കും നേരെയുള്ള ആ പിതാവിന്റെ രോഷത്തോടെയുള്ള വാക്കുകളില്‍ നിന്നറിഞ്ഞത്. 

 

 

ചെറിയാന്‍ വക്കീല്‍ എന്ന പിതാവ് 

 

അമിത വേഗത്തില്‍ ഓടിച്ച ഒരു ബൈക്ക് എന്റെയൊരു സുഹൃത്ത് ഡ്യൂട്ടി പോയിന്‍റില്‍ തടഞ്ഞു നിര്‍ത്തി. ഒരു പയ്യന്‍സ് ആണ് വണ്ടിയോടിച്ചിരുന്നത്. ഉടമസ്ഥന്റെ പേരും വിവരങ്ങളും രേഖപ്പെടുത്തി വണ്ടി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു. കുറെ നേരം കഴിഞ്ഞപ്പോള്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന ക്യാബിന്‍റെ ഡോറില്‍ ഒരു മുട്ട് കേട്ടു. തുറന്നപ്പോള്‍ ഒരു വക്കീല്‍ കോടതി വേഷത്തില്‍ പുറത്തു നില്‍ക്കുന്നു. തൊട്ടപ്പുറത്ത് നേരത്തെ അമിതവേഗത്തില്‍ വാഹനമോടിച്ച പയ്യന്‍സും. അദ്ദേഹം പയ്യനെ ചൂണ്ടിക്കാണിച്ചിട്ടു സുഹൃത്തിനോടായി പറഞ്ഞു. സര്‍, ഞാനിവന്റെ അച്ഛനാണ്. ഇവന്‍ ചെയ്ത തെറ്റിന് ഞാന്‍ സാറിനോട് മാപ്പ് ചോദിക്കുന്നു. ഇവന്‍ ഞങ്ങളെയൊക്കെ പറ്റിക്കുകയായിരുന്നു. സാര്‍ ഇപ്പോള്‍ ഇവനെ പിടിച്ചത് കൊണ്ടാണ് ഇവന്റെ വേഗതയെപ്പറ്റി ഞാനറിഞ്ഞത്. ഇനിയീ താക്കോല്‍ എന്റെ കയ്യിലിരിക്കും. വളരെ അത്യാവശ്യം വരുമ്പോള്‍ മാത്രമേ ഇനിയിവന്‍ വണ്ടി തൊടൂ. മകന്‍ ഡ്യൂട്ടി തടസപ്പെടുത്തിയതില്‍ ഒരിക്കല്‍ക്കൂടി ക്ഷമ ചോദിച്ചു കൊണ്ട് ആ മനുഷ്യന്‍ അവിടെ നിന്ന് പോയി. 

 

സാധാരണയായി ‘എന്റെ മകന്‍ അങ്ങനെ ചെയ്യില്ല, അവന്‍ വേഗത്തില്‍ ഓടിക്കാറില്ല എന്ന് മക്കളെ ന്യായീകരിക്കാറുള്ള വീട്ടുകാരെ കാണുന്ന ഞങ്ങള്‍ക്ക് ആ മാന്യനായ പിതാവ് ഒരു അത്ഭുതമായിരുന്നു. ഒന്നുറപ്പാണ്, ആ സമയം പ്രതിയുടെ ഭാഗം ന്യായീകരിക്കാന്‍ വാദമുഖങ്ങളുയര്‍ത്തുന്ന ഒരു വക്കീല്‍ അല്ലായിരുന്നു അദ്ദേഹം. മറിച്ച് മകനെ സ്നേഹിക്കുന്ന ചെറിയാന്‍ എന്ന പിതാവ് മാത്രമായിരുന്നു. 

 

 

റോഡിലൂടെ മിന്നല്‍ വേഗത്തില്‍ വെട്ടിച്ചു മുന്നേറുമ്പോള്‍ നമ്മുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാകുമെന്ന്‍ ഓര്‍ക്കുക. ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവന്‍ നിരത്തില്‍ പൊലിയാന്‍. നമ്മുടെയും മറ്റുള്ളവരുടെയും കുടുംബം അനാഥമാക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധയുള്ളവരായി മാറാം. ശുഭയാത്ര!

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍