UPDATES

വിദേശം

നട്ടാല്‍ മുളയ്ക്കാത്ത മലേഷ്യന്‍ നുണകള്‍

ഹുയി മെയി ലിയു കൈസര്‍ (ഫോറിന്‍ പോളിസി)

കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് കാണാതായ MH370 എന്ന വിമാനം “ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുണ്ടെന്നാണ്”. നജീബിന്റെ വാക്കുകള്‍ യാത്രികരുടെ കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഉറ്റവരെപ്പറ്റി ഒടുവില്‍ ഒരു “ഉത്തരം” നല്‍കി. എന്നാല്‍  ആഴ്ചകള്‍ നീണ്ട അവിശ്വസനീയ ഭോഷ്ക്കുകള്‍ക്ക് ഒടുവിലാണ് ഈ ഉത്തരം വന്നത്. മലേഷ്യന്‍ ഗവണ്‍മെന്റ്  അധികൃതര്‍ പല വട്ടം വസ്തുതകള്‍ വളച്ചൊടിക്കുകയും പരസ്പര ബന്ധമില്ലാത്ത വിവരങ്ങള്‍ പുറത്തു വിടുകയും രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ ഈ ദുരന്തത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇതൊന്നും പോരാതെ മലേഷ്യന്‍ എയര്‍ലൈന്‍സ് ഈ ദുഃഖവാര്‍ത്ത‍ കുടുംബാംഗങ്ങളെ അറിയിച്ചത് എസ്എംഎസ് അയച്ചാണ്. മലേഷ്യന്‍ അധികൃതരുടെ മേല്‍ സൃഷ്ടിച്ചെടുത്ത അപകടമാണെന്നും മറ്റും ആരോപണങ്ങള്‍ ഉന്നയിക്കുന്നതും വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ ലഭ്യമാക്കണം എന്നും ഒക്കെ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ആവിശ്യപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

മലേഷ്യന്‍ അധികൃതരുടെ ഈ അര്‍ദ്ധസത്യങ്ങളെ ലോകം അമ്പരപ്പോടെയാണ് കണ്ടത്. എന്നാല്‍ ഞങ്ങള്‍ മലേഷ്യക്കാര്‍ക്ക് ഇതൊന്നും പുതിയ കാര്യമല്ല: ഇത്തരം ചവറുകള്‍ ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ സഹിക്കുന്നതാണ്. ഞങ്ങളുടെ അധികൃതര്‍ക്ക് കാര്യക്ഷമമായി ആശയവിനിമയം നടത്താന്‍ കഴിയാതെ പോകുന്നത് അവര്‍ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ്. ഞങ്ങളുടെ അധികാരിവര്‍ഗത്തിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അവരുടെ സംസാരശേഷി നശിപ്പിച്ചുവെന്ന് വേണം അനുമാനിക്കാന്‍.
 

മലേഷ്യക്കാര്‍ കഴിഞ്ഞയാഴ്ച മുഴുവന്‍ ചെയ്തത് ഞങ്ങള്‍ക്ക് വളരെ പരിചയമുള്ള കാര്യങ്ങളാണ്: ഗൂഡാലോചനകള്‍ ഉണ്ടെന്ന് പറയല്‍ മാത്രമാണ് ഒരിക്കലും സത്യം പറയാത്ത നേതാക്കള്‍ ഉള്ളപ്പോള്‍ ആളുകള്‍ക്ക് ചെയ്യാനാവുക. മലേഷ്യക്കാര്‍ കാണാതായ വിമാനത്തിന് കാരണക്കാര്‍ ഞങ്ങളുടെ സര്‍ക്കാരാണെന്നും അമേരിക്കയാണെന്നും ചൈനയാണെന്നും നോര്‍ത്ത് കൊറിയയാണെന്നും ഇറാനാണെന്നും അഫ്ഗാനിസ്ഥാന്‍ ആണെന്നും എന്തിനേറെ അന്യഗ്രഹജീവികളാണെന്നും പറയുന്നുണ്ട്. കഷ്ടമാണ് കാര്യങ്ങള്‍. ചെറിയ ഭ്രാന്തൊന്നുമല്ല ഇത്. എന്നാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ കുറ്റപ്പെടുത്താനും കഴിയില്ല. ഇങ്ങനെയല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എങ്ങനെയാണ് ഒരുത്തരം കണ്ടെത്തുക?

വിമാനം കാണാതായ നിമിഷം മുതല്‍ മലേഷ്യന്‍ ഗവണ്മെന്റിന്റെ ഉത്തരങ്ങള്‍ വ്യക്തമല്ല. ഇത്തരമൊരു ദുരന്തമുണ്ടായാല്‍ പല രാജ്യങ്ങളിലും പ്രധാനമന്ത്രിമാര്‍ മുന്നോട്ടുവന്ന് പ്രശ്നങ്ങളില്‍ ഇടപെടും. എന്നാല്‍ മലേഷ്യയില്‍ വിലകുറഞ്ഞ കോഴിയിറച്ചി വാങ്ങാന്‍ തനിക്കുള്ള മിടുക്കിനെപ്പറ്റി പൊങ്ങച്ചം പറയുകയാണ്‌ ഞങ്ങളുടെ പ്രധാനമന്ത്രി. ചീരയുടെ വിലനിലവാരം നോക്കിയാണ് അദ്ദേഹം സമ്പദ് വ്യവസ്ഥയെ വിലയിരുത്തുന്നത്. ഷോപ്പിംഗ്‌ മാളുകള്‍ കയറിയിറങ്ങുകയാണ് ഇഷ്ടവിനോദം. പ്രധാന കടമകളെല്ലാം അദ്ദേഹം ഏല്‍പ്പിച്ചിരിക്കുന്നത് ഗതാഗതമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഹിശാമുദ്ദീന്‍ ഹുസേനെയാണ്. വിമാനം കാണാതായതുമുതല്‍ ഇദ്ദേഹമാണ് ഒദ്യോഗികമായി സംസാരിക്കുന്നത്. (ഇദ്ദേഹം പ്രധാനമന്ത്രിയുടെ ബന്ധുവാണെന്നതും പ്രസക്തമാണ്.)
 

യാത്രികരുടെ കുടുംബങ്ങളുടെയും അന്തര്‍ദേശീയ മാധ്യമങ്ങളുടെയും പ്രതികരണം ശ്രദ്ധിച്ചാല്‍ തന്നെ ഹിശാമുദീന്‍ തന്റെ ജോലി അത്ര നന്നായൊന്നുമല്ല ചെയ്തിരുന്നതെന്ന് മനസിലാകും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ്റ് തന്നെ ഒരു ഗൂഢാലോചനക്കഥ പുറത്തുവിട്ടിരുന്നു. കൃത്യമായ തെളിവുകളൊന്നും ഇല്ലായിരുന്നുവെങ്കിലും വിമാനത്തിന്റെ പൈലറ്റ്‌ പ്രതിപക്ഷനേതാവായ അന്‍വര്‍ ഇബ്രാഹിമിന്റെ കടുത്ത ആരാധകനാനെന്നും അയാളുടെ ബന്ധുവാണെന്നും ഈ വിമാനറാഞ്ചലിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങള്‍ ഉണ്ടാകാമെന്നുമാണ് ഗവണ്‍മെന്റ്റ് പറഞ്ഞ കഥ. ഇതിനു തലേന്നാണ് ഒരു മലേഷ്യന്‍ കോടതി അന്‍വറിനെ പ്രകൃതിവിരുദ്ധലൈംഗികതയാരോപിച്ച് അഞ്ചുവര്ഷം തടവ്‌ വിധിച്ചത്. വരും തെരഞ്ഞെടുപ്പില്‍ നിന്ന് അന്‍വര്‍ മാറിനില്‍ക്കേണ്ടിവരികയും ചെയ്യും. ഇതൊന്നും എന്തായാലും അത്ഭുതപ്പെടുത്തുന്നില്ല. കഴിഞ്ഞ കുറെ നാളുകളായി എന്തുസംഭവിച്ചാലും അതിന്റെ പഴി പ്രതിപക്ഷത്തിന്റെ മേല്‍, പ്രത്യേകിച്ച് അന്‍വറിന്റെ മേല്‍ ചാരാനുള്ള പ്രവണതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്.

ഗവണ്മെന്റിന്റെ ഇത്തരം പ്രതികരണങ്ങള്‍ എന്തായാലും രാജ്യത്തെ രാഷ്ട്രീയസമ്പ്രദായത്തെ ചര്‍ച്ചയ്ക്കെടുത്തു. കഴിഞ്ഞ 57 വര്‍ഷമായി രാജ്യം ഭരിക്കുന്നത് ബാരിസന്‍ നാഷണല്‍ എന്ന പാര്‍ട്ടി നയിക്കുന്ന സഖ്യമാണ്. ഈ വിമാന സംഭവത്തോടെ മലേഷ്യയുടെ പിതൃദായ രാഷ്ട്രീയസംസ്കാരം മാറുമെന്നാണോ കരുതേണ്ടത്? എനിക്ക് തോന്നുന്നില്ല. ഈ വിഷയം തണുത്താലുടന്‍ മലേഷ്യന്‍ ഗവണ്‍മെന്റ്റ് പഴയ രീതി തുടരും. ഒന്നും മാറാന്‍ പോകുന്നില്ല.
 

മലേഷ്യന്‍ സംസ്ഥാനമായ സാരവാക്കിന്റെ മുഖ്യമന്ത്രി അബ്ദുല്‍ തയിബ് മഹമൂദിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ കാര്യമെടുക്കുക. സ്വിസ്സ് പരിസ്ഥിതി സംഘടനയായ ബ്രൂണോ മാനസര്‍ ഫണ്ടിന്‍റെയും ലോക്കല്‍ വിമര്‍ശകരുടെയും അഭിപ്രായത്തില്‍ 81 മുതല്‍ മന്ത്രിയായി തുടരുന്ന അബ്ദുല്‍ തയിബ് സംസ്ഥാനത്തെ കാടുകളില്‍ നിന്ന് അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്നും അതിന്റെയൊപ്പം പരിസ്ഥിതിക്ക് സാരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നുമാണ്. സ്വന്തം ബന്ധുക്കളുടെയും അടുത്തയാളുകളുടെയും ലാഭത്തിനായി തയിബ് നിലകൊണ്ടുവെന്നും കാട്ടിലെ തടി അവര്‍ക്ക് കോടിക്കണക്കിന് ഡോളറുകള്‍ സമ്പാദിച്ചുകൊടുത്തുവെന്നുമാണ് ആരോപണം. കഴിഞ്ഞ വര്ഷം തയിബിന്റെ ബന്ധുക്കള്‍ തങ്ങള്‍ നിയമലംഘനം നടത്തിയതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സ്വിസ്സ്ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന തയിബ് കുടുംബത്തിന്റെ സ്വത്ത്‌ മരവിപ്പിക്കാന്‍ സ്വിസ്സ് പാര്‍ലമെന്റ് അംഗങ്ങള്‍ തീരുമാനിച്ചു.

ഒരു സാധാരണ രാഷ്ട്രീയസംവിധാനത്തില്‍ ഇതെല്ലാം വലിയ അന്വേഷണങ്ങള്‍ക്ക് വഴിവെച്ചേനെ. മലേഷ്യന്‍ അഴിമതിവിരുദ്ധ കമ്മീഷന്‍ തയിബിനെതിരെ ഒരു അന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും അന്വേഷണത്തോട് സഹകരിക്കില്ലെന്ന് തയിബ് പറഞ്ഞു. അതിനുശേഷം ഈ കേസില്‍ ഇതേവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ തയിബ് അതെ സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിതനായി. ഇപ്പോഴുള്ളതിനെക്കാള്‍ അധികാരങ്ങളുള്ള പദവിയാണത്.
 

രാജ്യം ഭരിക്കുന്ന ബിഎന്‍ സഖ്യവുമായുള്ള അടുത്ത ബന്ധമാണ് തയിബിനെ ഇങ്ങനെ രക്ഷപെടുത്തുന്നത്. സരവാക് പാര്‍ട്ടിയുടെ ഒരു വോട്ടുബാങ്ക് ആണ്. അതുകൊണ്ടു തന്നെ തയിബിനെ തൊടാന്‍ പാടില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഇബ്രാഹിം നയിച്ച പ്രതിപക്ഷം അമ്പതുശതമാനം വോട്ടുകള്‍ നേടിയെങ്കിലും ബി എന്‍ കൂട്ടുമന്ത്രിസഭയാണ് പാര്‍ലമെന്റില്‍ എത്തിയത്. മലേഷ്യക്കാര്‍ വോട്ടുചെയ്യുന്നതിനെപ്പോലും മറികടന്ന് വൃത്തികെട്ട തന്ത്രങ്ങളിലൂടെയാണ് ബി എന്‍ മന്ത്രിസഭ അധികാരത്തിലെത്തുന്നത് എന്നര്‍ത്ഥം. രാജ്യം ഇങ്ങനെ കുത്തഴിഞ്ഞുപോയതില്‍ അത്ഭുതമില്ല. സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ട് എന്ന് അതുകൊണ്ടു തന്നെ ഉയര്‍ന്ന ഗവണ്‍മെന്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തോന്നാറുമില്ല.

മലേഷ്യന്‍ ഗവന്മേന്റ്റ് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഗണിക്കുന്നത് ഇതാദ്യമല്ല. 2002ല്‍ ഒരു ഫ്രഞ്ച് ഷിപ്പിംഗ് കമ്പനിയില്‍ നിന്ന് മലേഷ്യന്‍ ഗവണ്‍മെന്റ്റ് കോടിക്കണക്കിന് ഡോളറുകള്‍ കൈക്കൂലി വാങ്ങിയെന്ന് ഒരു അന്തര്‍ദേശീയ മനുഷ്യാവകാശസംഘടന ആരോപിച്ചിരുന്നു. ഫ്രഞ്ച് അന്വേഷങ്ങള്‍ ആവശ്യത്തിനു തെളിവുകള്‍ നിരത്തിയെങ്കിലും ഗവണ്‍മെന്റ്റ് ഈ വാദങ്ങള്‍ എല്ലാം നിഷേധിച്ചു. ആരും ശിക്ഷിക്കപ്പെട്ടില്ല. പത്തുവര്ഷം കഴിഞ്ഞിട്ടും ഈ വിവാദം പുകയുകയാണ്.

മംഗോളിയന്‍ മോഡലും വിവര്‍ത്തകയുമായ അല്ടാന്‍ടുയ ശാരിബുവിന്റെ കൊലപാതകക്കേസ് എടുക്കുക. അവര്‍ക്ക് നജീബിന്റെ അടുത്ത സുഹൃത്തും പോളിസി ഉപദേഷ്ടാവുമായ അബ്ദുല്‍ റസാക്ക് ബാഗിന്ദയുമായി പ്രണയബന്ധമുണ്ടായിരുന്നു എന്ന് സാക്ഷികള്‍ പറയുന്നു. ഈ ഫ്രെഞ്ച് കപ്പല്‍ വിവാദത്തില്‍ തനിക്ക് അറിയുന്ന വിവരങ്ങള്‍ ഉപയോഗിക്കുമെന്ന് അവര്‍ റസാകിനെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. അവരെ കൊന്നത് നജീബിന്റെ രണ്ടു അംഗരക്ഷരാണെന്നും പറയപ്പെടുന്നു. മലേഷ്യന്‍ പ്രധാനമന്ത്രിയും ഭാര്യയും ഉള്‍പ്പെടുന്ന കേസാണ് ഇതെങ്കിലും ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് അന്വേഷണമൊന്നുമുണ്ടായില്ല.
 

പി ബാലസുബ്രമണ്യം അഥവാ ബാല എന്ന ഒരു പ്രൈവറ്റ് കുറ്റാന്വേഷകന്‍ ഈ കേസില്‍ ചില കണ്ടെത്തലുകള്‍ നടത്തിയെങ്കിലും അധികം വൈകാതെ തന്റെ കണ്ടെത്തലുകള്‍ പിന്‍വലിച്ചു. കുറെ നാള്‍ അയാളും കുടുംബവും അപ്രത്യക്ഷരായി. കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുവന്ന ബാല നജീബിന്റെ സുഹൃത്തായ ഒരു ബിസിനസുകാരന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെ ബാല 2013 മാര്‍ച്ചില്‍ ഹൃദയാഘാതം വന്നുമരിച്ചു. ഫ്രെഞ്ചു കപ്പല്‍ ഇടപാടുമായി ബന്ധമുള്ള ഒരു വക്കീല്‍ ബാലയുടെ മരണശേഷം രണ്ടുദിവസം കഴിഞ്ഞ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.

അധികം വൈകാതെ മലേഷ്യന്‍ കോടതി രണ്ടുപോലീസുകാരെ അല്ടന്‍ടുയയുടെ മരണത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിച്ചു. മരിച്ച സ്ത്രീയുടെ അച്ഛനും മംഗോളിയന്‍ ഗവണ്മെന്റും ഇതിനോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പക്ഷെ വിദേശികള്‍ക്ക് മലേഷ്യന്‍ ഗവണ്മെന്റില്‍ നിന്ന് ഞങ്ങള്‍ മലേഷ്യക്കാര്‍ക്ക് കിട്ടുന്നത്ര വിവരങ്ങളെ കിട്ടൂ.

ഭരണകൂടത്തിന്റെ ഈ വൃത്തികേടുകള്‍ ഞങ്ങള്‍ മലേഷ്യക്കാര്‍ ദശാബ്ദങ്ങളായി സഹിക്കുന്നതാണ്. ഞങ്ങളുടെ ചോദ്യങ്ങളെ കൊഞ്ഞനം കുത്തുന്ന ഒരു സര്‍ക്കാര്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണിപ്പോള്‍. ഇപ്പോള്‍ അന്തര്‍ദേശീയസമൂഹത്തിനും ഞങ്ങളുടെ സര്‍ക്കാരിനെപ്പറ്റി മനസിലായിത്തുടങ്ങിയെന്നു മാത്രം. വിമാനത്തിലെ യാത്രികരോട് മലേഷ്യന്‍ ജനങ്ങള്‍ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുന്നു. ഞങ്ങളുടെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പൊരുതാന്‍ നിങ്ങളും ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Hui Mei Liew Kaiser is a graduate of Northern University of Malaysia in finance and international trade. She also holds a degree from the University of Malaya in international strategic and defense studies.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍