UPDATES

വിദേശം

പോപ്പ് ഫ്രാന്‍സിസ് എന്ന ഫ്രാന്‍സിസ് പുണ്യവാളന്‍

ജോണ്‍ ഗെഹ്റിംഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
 
റോമന്‍ കത്തോലിക്കാമതം പാരമ്പര്യത്തിന്റേയും പ്രാചീനമായ അനുഷ്ഠാനങ്ങളുടേയും ആഴമില്ലാക്കയത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്; അതുകൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ പഴക്കം കാണും വത്തിക്കാന്റെ ചിന്തകള്‍ക്ക്. മാറ്റം അസ്ഥിരമായ വിരുന്നുകാരനാണ്, പ്രത്യേകിച്ചും കെട്ടിയൊരുങ്ങി എല്ലാം തീരുമാനിച്ചുള്ള വരവാണെങ്കില്‍. 
 
പോപ്പ് ഫ്രാന്‍സിസ് രംഗപ്രവേശം ചെയ്യുന്നു. 
 
ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ്; ഇഗ്‌നേഷ്യസ് ലയോള 1540ല്‍ സ്ഥാപിച്ച സൊസൈറ്റി ഓഫ് ജീസസ് എന്ന പുരോഹിത സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് (ജെസ്യൂട്ട്). പാവങ്ങളുടെ പ്രിയപ്പെട്ട പുണ്യവാളന്‍ എന്ന പേരു കേട്ടവന്‍, ആരേയും നിരായുധനാക്കാന്‍ സാധിക്കുന്ന ആദ്ധ്യാത്മിക വിപ്ലവകാരി എന്നീ നിലയിലാണ് ഫ്രാന്‍സിസ് ഉയര്‍ന്നുവന്നത്. 
 
പോപ്പ് ഫ്രാന്‍സിസ് അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഫ്രാന്‍സിസിന്റെ പ്രബോധനം വെറും സിദ്ധാന്തം പറച്ചിലല്ലെന്നു മനസ്സിലായത്. പാവങ്ങള്‍ക്കു വേണ്ടി പള്ളി പണിയാനുള്ള ശ്രമവും കത്തോലിക്കന്‍ സംഭാഷണങ്ങളെ ലൈംഗിക വിശ്വാസപ്രമാണങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ത്തുന്നതിലെ പ്രയത്‌നവും ക്രിസ്തുമതത്തിലെ സാംസ്‌ക്കാരിക യുദ്ധത്തില്‍ മുഷിഞ്ഞ പലരുടേയും മനസ്സിനെ ഇളക്കി. ‘ലോകത്തിലെ ഏറ്റവും മുഖ്യനായ മത ബിംബം’, ‘ഇടുങ്ങിയ മനസ്സില്‍ നിന്നുള്ള നിയമങ്ങള്‍’ പള്ളിക്ക് ദോഷമാണെന്ന് പറയുമ്പോള്‍ ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും; നല്ലൊരു നാളെയുടെ വിത്തുകള്‍ക്കായി.  
 
‘പുതിയൊരു സമതുലിതാവസ്ഥ നമ്മള്‍ കണ്ടെത്തിയേ മതിയാവൂ; അല്ലെങ്കില്‍ പള്ളിയുടെ സദാചാര മണിമാളികകള്‍ ചീട്ടു കൊട്ടാരങ്ങള്‍ പോലെ തകര്‍ന്നു വീഴും’. ഫ്രാന്‍സിസ് പറഞ്ഞു.  
 
 
ഫ്രാന്‍സിസിന്റെ കളിക്കോപ്പുകളില്‍ നിന്നും ഒരു ചിരട്ട മോതിരമെങ്കിലും കടമെടുക്കുന്നത് കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കും മറ്റു ക്രിസ്ത്യന്‍ നേതാക്കളും നല്ലതായിരിക്കും. ആധിപത്യത്തിന്റെ പഴഞ്ചന്‍ മാതൃകകള്‍ തകര്‍ന്നു വീഴുകയാണ്. ജലം Pew Research-ന്റ്റെ കണക്കു പ്രകാരം അമേരിക്കക്കാരില്‍ പത്തില്‍ ഒരാള്‍ മുന്‍ കത്തോലിക്കനാണ്, അഞ്ച് അമേരിക്കക്കാരില്‍ ഒരാള്‍ യാതൊരു മതവുമായി ബന്ധപ്പെടാത്തവരുമാണ്. 18-നും 33-നും ഇടയില്‍ പ്രായമുള്ള പുതു തലമുറയുടെ കാര്യം ഇതിനേക്കാള്‍ കഷ്ടമായിരിക്കും.
 
തെരുവിലിറങ്ങിയതിനാല്‍ ക്ഷതമേറ്റു നാറുന്ന പള്ളിക്കു പകരം അതൃപ്തരായവരിലേക്കെത്താന്‍ ഫ്രാന്‍സിസ് മെച്ചപ്പെട്ട ഒരു മാര്‍ഗം നല്‍കുകയാണ്.  
 
സുവിശേഷത്തിലെ ഐക്യദാര്‍ഢ്യത്തിന്റേയും സഹനത്തിന്റേയും സന്ദേശം  പ്രതി സാംസ്‌കാരികമാണ് (counter culture). പക്ഷെ ആനന്ദവും, കാരുണ്യവും എന്തിന് ഹാസ്യ മനോഭാവം പോലും സുവിശേഷപ്രസംഗത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് തെളിയിച്ചു. ‘നമ്മള്‍ എപ്പോഴും വ്യക്തിയെ ഗൌരവമായി എടുക്കണം’; പുരോഹിത സമീപനത്തിലെ അദ്ദേഹത്തിന്റെ ശുദ്ധീകരണമെന്നു നമുക്കിതിനെ വിളിക്കാം. സിദ്ധാന്തങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്, ക്രിസ്ത്യാനികള്‍ ക്രിസ്തുവചനത്തിന്റെ പുതുമയും സുഗന്ധവും മാലോകരില്‍ എത്തിക്കാന്‍ ശ്രമിക്കണം. എല്ലാം നല്ല രീതിയില്‍ ഒരു പ്രശ്‌നവും കൂടാതെ നടക്കണമെന്നു വിചാരിച്ചിരിക്കുന്ന കത്തോലിക്കര്‍ക്ക് വിശ്വാസവും മറ്റുള്ള പ്രത്യയശാസ്ത്രങ്ങളെപ്പോലെ വെറുമൊരു ആശയസംഹിതയായി മാത്രം മാറും.  
 
സ്ത്രീകള്‍ക്ക് വൈദികപ്പട്ടം കൊടുക്കുന്ന കാര്യത്തില്‍ വിലക്ക് നീക്കാത്തതിലും ഗര്‍ഭനിരോധ ഉപാധികള്‍ കൊടും പാതകമാണെന്ന് പ്രസംഗിക്കുന്നത് തടയാന്‍ സാധിക്കാത്തത്തിലും ചില പുരോഗമനവാദികള്‍ നിരാശരാണ്. യാഥാസ്ഥിതികര്‍ ഫ്രാന്‍സിസ് അവരുടെ ഭാഗത്താണെന്നുള്ളതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നതും ഇതുതന്നെയാണ്. പരസ്പരം വാക്കുകള്‍കൊണ്ട്  മല്ലിടുമ്പോള്‍ ഫ്രാന്‍സിസിന് വിപ്ലവം ഗാഢമായ ആദ്ധ്യാത്മിക നവീകരണമാണെന്ന കാര്യം രണ്ടു വിഭാഗങ്ങളും മറന്നു പോകുന്നു.  
 
 
‘ഫലപ്രദമായ മാറ്റത്തിനുവേണ്ടിയുള്ള അടിത്തറയിടാന്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും സമയം വേണം. മനോഭാവത്തിലുള്ള മാറ്റം തന്നെയായിരിക്കണം ആദ്യത്തേത്.’ ഒരു ജെസ്യൂട്ട്  മാസികയുടെ എഡിറ്ററായ അന്റോണിയോ സ്പഡാരോവുമായുള്ള നീണ്ട അഭിമുഖത്തില്‍ ഫ്രാന്‍സിസ് പറഞ്ഞു.      
 
കപ്പലിന്റെ ദിശയില്‍ മാറ്റം വരുത്താനുള്ള പോപ്പിന്റെ തീരുമാനം കത്തോലിക്കാ സഭയുടെയും  മതേതര രാഷ്ട്രീയ വാദപ്രതിവാദങ്ങളുടേയും ഭാവിയെ സാരമായ രീതിയില്‍ തന്നെ ബാധിക്കും.  
 
വാത്തിക്കാനിലെ ഉദ്യോഗസ്ഥ മേധാവിത്വത്തെ പരിഷ്‌കരിക്കാനുതകുന്ന പുതിയ ഉള്‍ക്കാഴ്ചക്കു വേണ്ടി റോമിന് പുറത്തേക്കും ഫ്രാന്‍സിസ് കണ്ണുകളെ തുറന്നുവിടുന്നുണ്ട്. സഭാ ഭരണത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടി നിയമിച്ച ഉപദേശകസമിതിയിലെ എട്ട് കര്‍ദ്ദിനാള്‍മാരില്‍ ഒരാള്‍ മാത്രമാണ് വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍. സമിതിയിലെ ഏക അമേരിക്കനായ (ബോസ്റ്റന്‍) കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി (Sean O’Malley) ഫ്രാന്‍സിസിനെപ്പോലെ അടക്കമുള്ള ജീവിത്തിലും പാവങ്ങളെ സഹായിക്കുന്ന കാര്യത്തിലും പേരു കേട്ടയാളാണ്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടാനായി അപവാദങ്ങളൊരുപാടു കേള്‍പ്പിച്ച വത്തിക്കാന്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ വേനല്‍ക്കാലത്ത് ഫ്രാന്‍സിസ് നീക്കം ചെയ്തിരുന്നു.      
 
വിവാഹമോചനം നേടുകയോ പുനര്‍വിവാഹം നടത്തുകയോ ചെയ്തവര്‍ സഭയിലേക്ക് തിരിച്ചുവരുന്നതിനു വേണ്ടി കടന്നു പോകേണ്ടി വരുന്ന ക്ലേശകരമായ നടപടിക്രമങ്ങള്‍ പോലുള്ള വിഷമകരമായ കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി വരുന്ന ഒക്ടോബറില്‍ മുതിര്‍ന്ന ബിഷപ്പുമാരുടെ ഒരു യോഗം ഫ്രാന്‍സിസ് വിളിച്ചിട്ടുണ്ട്. അതിനു വേണ്ടിയുള്ള മുന്നൊരുക്കമെന്നോണം ഗര്‍ഭനിരോധ ഉപാധികള്‍, വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം, സ്വവര്‍ഗ്ഗ കൂടിച്ചേരലുകള്‍ എന്നിങ്ങനെയുള്ള ചൂടുള്ള വിഷയങ്ങളെക്കുറിച്ചുള്ള കത്തോലിക്കരുടെ അഭിപ്രായമറിയാന്‍ വേണ്ടി ലോകത്തെമ്പാടുമുള്ള ബിഷപ്പുമാരോട് ഒരു ചോദ്യാവലി വിതരണം നടത്താന്‍ കര്‍ദ്ദിനാള്‍ ലോറെന്‍സൊ ബാള്‍ഡിസെറി ആവശ്യപ്പെട്ടിരിക്കയാണ്. സംഭാഷണത്തിനും കൂടിയാലോചനക്കും ഫ്രാന്‍സിസ് വിലകല്‍പ്പിക്കുന്നുണ്ടെന്നാണ് പ്രതികരണത്തിനുവേണ്ടിയുള്ള ഈ അഭ്യര്‍ത്ഥന തെളിയിക്കുന്നത്.       
ഇതുകൊണ്ടു തന്നെ 2015-ല്‍ നടത്താനിരിക്കുന്ന അമേരിക്കന്‍ സന്ദര്‍ശനം അദ്ദേഹത്തെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തും, പ്രത്യേകിച്ചും അതിനടുത്ത വര്‍ഷം 2016-ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍. 2015-ല്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കാന്‍ വേണ്ടിയുള്ള ക്ഷണക്കത്ത് കോണ്‍ഗ്രസ് നേരത്തെ തന്നെ പോപ്പിന് അയച്ചിരുന്നു.       
 
 
പ്രസിഡന്റ് ബരാക്ക് ഒബാമ അസമത്വത്തെ നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമായി വിശേഷിപ്പിച്ചപ്പോള്‍ ‘ ബഹിഷ്‌കരണത്തിന്റെയും അസമത്വത്തിന്റേയും സാമ്പദ് വ്യവസ്ഥയാണ് നമ്മുടേതെന്ന് പറഞ്ഞ് പോപ്പ് അതിനെ പിന്താങ്ങി. ‘പതുക്കെ ഫലം ചെയ്യുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഒരിക്കലും പരമാര്‍ത്ഥമാണെന്ന് തെളിയിക്കാന്‍ സാധിക്കാത്തതാണ്, അവ സാമ്പത്തിക ശക്തി കൈകാര്യം ചെയ്യുന്നവരിലുള്ള വിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നത് ‘, വ്യക്തമായി പറഞ്ഞാല്‍ ഫ്രാന്‍സിസിന്റെ ഈ വാക്കുകള്‍ നിരവധി യാഥാസ്ഥിതികരുടെ മനസ്സില്‍ കനല്‍ മഴയായ് പെയ്തു. 
 
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭ്രൂണഹത്യാവകാശ വക്താക്കളായ നിരവധി കത്തോലിക്കര്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഭ്രൂണഹത്യയെ, ജീവിതത്തെ മാനിക്കാത്ത ‘throw away culture’ ന്റെ ഭാഗമാണെന്ന അദ്ദേഹത്തിന്റെ വിശേഷണം തീര്‍ച്ചയായും ഉയര്‍ന്നു വരും.
 
രാഷ്ട്രീയ ചര്‍ച്ചകളെ പോഷിപ്പിക്കാനോ സഭയെ നന്നാക്കാനോ ഫ്രാന്‍സിസിന് തനിയെ സാധിക്കില്ല. ബിഷപ്പുമാരുടെയും, പുരോഹിതരുടേയും പിന്നെ പള്ളിയുടെ പിറകിലെ സീറ്റിലിരുന്നു പരദൂഷണം പറയുന്ന നമ്മുടേയും മുന്നില്‍ വരാന്‍ പോകുന്ന മാസങ്ങളിലും വര്‍ഷങ്ങളിലുമുള്ള ഏറ്റവും വലിയ വെല്ലുവിളി റോമില്‍ നിന്നുള്ളൊരു കുറിപ്പ് കിട്ടിയാല്‍ എന്തു മറുപടി നല്‍കുമെന്നുള്ളതാണ്.       
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍