UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

രക്ഷകരാഷ്ട്രീയം: ചരിത്രത്തിലും വര്‍ത്തമാനത്തിലും

‘ഉയിര്‍ത്തെഴുന്നേറ്റ്
ഉടവാളൂരി
പ്രയത്‌നമുദ്രയുമായി
തിരയും മാനവമനോരഥത്തില്‍
തിസ്യൂസെത്തുവതെന്നോ!’
 
വയലാറിന്റെ പ്രശസ്തമായ പ്രൊക്യൂസ്റ്റസ് എന്ന കവിതയിലെ വരികള്‍! രക്ഷകനെ തിരയുന്ന മനുഷ്യമന:സാക്ഷിയെ ഇത്ര മനോഹരമായി ചിത്രീകരിക്കുന്ന വാക്കുകള്‍ വേറെയുണ്ടോ?
 
ചരിത്രവും ഇതിഹാസങ്ങളും മതങ്ങളും മുത്തശ്ശിക്കഥകളും എന്ന് വേണ്ട, മനുഷ്യജീവിതത്തിന്റെയും ചിന്തകളുടെയും പൊട്ടും പൊടിയും ചേര്‍ന്നുകിടക്കുന്നതെന്തും പരിശോധിച്ചാല്‍ എല്ലായിടത്തും കലര്‍ന്നുകിടക്കുന്ന ഒരു ചേരുവയാണ് രക്ഷകന്‍ എന്ന സങ്കല്‍പം! എല്ലാ മതങ്ങള്‍ക്കും ഒരു രക്ഷകന്‍/ പ്രവാചകന്‍/ ഗുരു/ ദൈവസങ്കല്‍പം ഉണ്ട്; എല്ലാ പ്രസ്ഥാനങ്ങള്‍ക്കും അനിഷേധ്യനായ ഒരു നേതാവുണ്ട്; എല്ലാ ഇതിഹാസങ്ങളിലും ഒരു ഇതിഹാസപുരുഷനുണ്ട്; എല്ലാ മുത്തശ്ശിക്കഥകളിലും ഉണ്ട് രാജകുമാരിയെ രക്ഷിക്കാനെത്തുന്ന ഒരു ധീരനായ രാജകുമാരന്‍! എന്തിനേറെ; സമകാലീനരാഷ്ട്രീയം പോലും ഈ രക്ഷകാന്വേഷണത്തില്‍ അധിഷ്ഠിതമാണ്!
 
രക്ഷകന്‍ ശിക്ഷകന്‍ ആയിത്തീരുന്ന ഉദാഹരണങ്ങളും ചരിത്രത്തില്‍ ധാരാളമുണ്ട്. അറിയപ്പെടുന്ന ഡിക്റ്റേറ്റര്‍മാരും ഫാസിസ്റ്റുകളും  അധികാരത്തിലെത്തിയത് രക്ഷകവേഷത്തില്‍ തന്നെയാണ്. ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, പോള്‍ പോട്ട്, സദ്ദാം ഹുസൈന്‍, ഗദ്ദാഫി തുടങ്ങിയ പലരും നിലവിലിരുന്ന വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടും മെച്ചപ്പെട്ട ഒരു വ്യവസ്ഥിതി വാഗ്ദാനം ചെയ്തു കൊണ്ടുമാണ് അധികാരത്തിലെത്തിയത്. ശിക്ഷകസ്വഭാവം പുറത്തുവന്ന ശേഷവും ഇവര്‍ക്കെല്ലാം ധാരാളം അനുയായികള്‍ ഉണ്ടായിരുന്നതായും കാണാം. ആദരിക്കുന്ന നേതാവിനെ പറ്റിയുള്ള എതിരഭിപ്രായങ്ങളും തെളിവുകളും വരെ അവഗണിക്കാനും ‘കള്‍ട്ട് ഓഫ് പേഴ്‌സണാലിറ്റി’ എന്ന നിലയില്‍ വ്യക്തിയാരാധന നടത്താനും തയാറുള്ള വലിയൊരു കൂട്ടം തന്നെ ഇവരുടെ കൂടെ ഉണ്ടായിരുന്നു.
 
 
രക്ഷകനെ തിരയുന്ന ഈ മനോഭാവം മനുഷ്യന്റെ പ്രാഥമികസ്വഭാവങ്ങളില്‍ ഒന്നാണെന്ന് പഠനങ്ങളും പറയുന്നു. മനുഷ്യനില്‍ മാത്രമല്ല, നേതാവിനെ പിന്തുടരുന്ന രീതി മറ്റു ജീവജാലങ്ങളിലും ഉണ്ട്. ഈ പൂര്‍വികപ്രവണതയുടെ അല്പം ഉയര്‍ന്ന ബൌദ്ധികതലത്തിലുള്ള ആവിഷ്‌കാരം തന്നെയാകണം മനുഷ്യസംസ്‌കാരത്തില്‍ അങ്ങോളമിങ്ങോളം കണ്ടു വരുന്ന വ്യക്തിയാരാധനകളുടെയും രക്ഷകാന്വേഷണത്തിന്റെയും ഉറവിടം.
 
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സുവോളജി ഡിപാര്‍ട്‌മെന്റ്‌റിലെ ചില ശാസ്ത്രജ്ഞര്‍ ചില മീനുകളില്‍ നടത്തിയ പരീക്ഷണത്തില്‍1 നേതാവ്, അനുയായി എന്നീ സ്വഭാവസവിശേഷതകള്‍ ഇവയില്‍  അന്തര്‍ലീനമാണെന്ന് നിരീക്ഷിക്കുന്നു. നേതാവിന്റെ സ്വഭാവ സവിശേഷതയുള്ള മീനുകള്‍ അനുയായികളായി ജീവിക്കാനുള്ള ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും അനുയായിസ്വഭാവമുള്ളവര്‍ക്ക് എപ്പോഴും ഒരു നേതാവിനെ പിന്തുടരാനാണ് പ്രവണത എന്നാണു കണ്ടെത്തല്‍! വാത്തുകളില്‍ (Geese) നടത്തിയ പരീക്ഷണങ്ങളും2 ഇതേ നിരീക്ഷണത്തിലാണെത്തിയത്. ചെന്നായ്ക്കളുടെ സമൂഹജീവിതം നിരീക്ഷിച്ചതിന്റെ ഫലങ്ങളും3 അധികം വ്യത്യസ്തമല്ല. കുരങ്ങുകള്‍ പോലുള്ള, പരിണാമപരമായി മനുഷ്യനോടേറെയടുത്തു നില്ക്കുന്ന മൃഗങ്ങളിലും ഈ നേതാവ് – അനുയായി സ്വഭാവസവിശേഷതകള്‍ കാണാമെങ്കിലും4 അവ കൂടുതലും ഒരു വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള സന്നദ്ധതയെ ഏറെക്കുറെ ആശ്രയിച്ചിരിക്കുന്നു. അതായത്, നേതാവ്, അനുയായി റോളുകള്‍ പലപ്പോഴും മാറാവുന്നയാണ്; മറ്റൊരു നേതാവ് നേതൃത്വം ഏറ്റെടുക്കുമ്പോള്‍ മുമ്പ് നേതാവായിരുന്നവരും പിന്തുടരാനുള്ള സന്നദ്ധത കാണിക്കുന്നുണ്ട്; ഈ ‘പിന്തുടരാനുള്ള സന്നദ്ധത’ സമൂഹജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത ഒരു സവിശേഷതയായി കണക്കാക്കപ്പെടുന്നു.
 
 
മനുഷ്യരിലേക്ക് വരുമ്പോള്‍ ഇത്തരം അന്തര്‍ലീനമായ സവിശേഷതകള്‍ മാത്രമല്ല, മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ പ്രത്യേകതകള്‍ കൂടി കണക്കിലെടുക്കേണ്ടി വരും. സോഷ്യല്‍ കണ്ടീഷനിങ്ങ് വളരെയധികം സ്വാധീനിക്കുന്ന ഒരു മന:ശാസ്ത്രമാണ് മനുഷ്യരുടേത്. നേതാവ്, അനുയായി സ്വഭാവസവിശേഷതകള്‍ വ്യക്തികളില്‍ ഉണ്ടാവാമെങ്കിലും ഒരളവു വരെ ഇവ സാമൂഹ്യഘടനയുമായും നിലവിലുള്ള അധികാരശ്രേണി (Hierarchy) യുടെയും ചട്ടക്കൂടുകള്‍ക്കുള്ളിലാണ്. ഗോത്രസമൂഹങ്ങളില്‍ ഇത്തരം അധികാരശ്രേണി വളരെ പ്രകടമായി തന്നെ കാണാം. ഗോത്രനേതാവിന്റെ തീരുമാനങ്ങള്‍ അനിഷേധ്യമാണ്. ഈ നേതാവിന് കൃത്യമായ അധികാരങ്ങളും അനുയായികള്‍ പിന്തുടരേണ്ട കടുത്ത നിയമങ്ങളും ഉണ്ടായിരിക്കും. ആധുനിക സമൂഹത്തിലും ഇത്തരം ‘കള്‍ട്ട്’ വ്യവസ്ഥകളുണ്ട്; പല സംഘടനകള്‍ക്കും സമൂഹങ്ങള്‍ക്കും ഈ ‘കള്‍ട്ട്’ സ്വഭാവവുമുണ്ട്. ഒരു സംഘടന ‘കള്‍ട്ട്’ ആണോ എന്ന് പരിശോധിക്കുന്നതിനേക്കാള്‍ ഓരോ സംഘടനക്കും എത്രത്തോളം ‘കള്‍ട്ട്’ സ്വഭാവമുണ്ട് എന്ന് പരിശോധിക്കുകയാണ് വേണ്ടതെന്ന് ഈ വിഷയത്തില്‍ ധാരാളമായി എഴുതിയിട്ടുള്ള ഡോ. ഡേയ്ക്മാന്‍ പറയുന്നു.
 
അതെ സമയം, നിലവിലുള്ള അധികാരശ്രേണി തൃപ്തികരമല്ലെന്ന ഒരു ഘട്ടം വരുമ്പോള്‍ പുതിയ നേതാക്കന്മാരെ, പലപ്പോഴും രക്ഷകപരിവേഷം കൊടുത്തു കൊണ്ട് തന്നെ ഉയര്‍ത്തിക്കൊണ്ടുവരാനും വീണ്ടും വ്യക്തിയാരാധനയിലേക്ക് വഴിമാറാനും ഉള്ള പ്രവണതയും മനുഷ്യസമൂഹത്തില്‍ നിരീക്ഷിക്കാം. പുതിയ രക്ഷകനെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന പ്രവണത മനുഷ്യചരിത്രത്തില്‍ വളരെ പ്രകടമാണ്; ഇത്തരം പുതിയ നേതാക്കള്‍ക്ക് രക്ഷകപരിവേഷം ലഭിക്കാനുള്ള സാധ്യത ഒരുപക്ഷേ നിലവിലുള്ള അധികാരശ്രേണി വഴി നേതൃസ്ഥാനത്തെത്തിയവരെക്കാള്‍ കൂടുതലുമാണ്.
 
 
നിലവിലുള്ള മിക്ക മതങ്ങളും പ്രസ്ഥാനങ്ങളും ഇത്തരമൊരു രക്ഷകനാല്‍  സ്ഥാപിക്കപ്പെട്ടതും അങ്ങനെ തന്നെ പിന്തുടരപ്പെട്ടു വരുന്നതുമാണെന്ന് കാണാം. ധര്‍മ്മസംരക്ഷകന്‍ എന്ന് പേരുള്ള കൃഷ്ണന്‍, രക്ഷകനായവതരിച്ചെന്നു വാഴ്ത്തപ്പെടുന്ന  യേശു, അന്നത്തെ സമൂഹത്തില്‍ ബൃഹത്തായ പരിഷ്‌കാരങ്ങള്‍ വരുത്തി എന്നറിയപ്പെടുന്ന മുഹമ്മദ് ഇവര്‍ക്കെല്ലാം പ്രാഥമികമായുള്ളത് രക്ഷകപരിവേഷം തന്നെ. അതാതു കാലഘട്ടത്തില്‍ നിലനിന്നിരുന്നു എന്നറിയപ്പെടുന്ന അനീതിക്കെതിരെയും അധര്‍മത്തിനെതിരെയും പടപൊരുതിയ വീരനായകരായാണ് ഇവരെല്ലാം അതതു മതഗ്രന്ഥങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്. ദൈവികപരിവേഷത്തിനായുള്ള അത്ഭുതപ്രവൃത്തികള്‍ ഇതിനു പുറമേ ഉപോത്ബലകമായി പ്രചരിപ്പിക്കപ്പെടുന്നവയാണ്; അത്ഭുതപ്രവൃത്തികള്‍ കൊണ്ടുമാത്രം ദൈവികപരിവേഷം കിട്ടിയതായല്ല കഥകള്‍; അക്കാലത്ത് രക്ഷകനായവതരിച്ചു  എന്നതിലൂന്നിയാണ് വ്യക്തിപ്രഭാവവും വ്യക്തിയാരാധനയും ഉരുവായി വരുന്നത് എന്ന് സാരം.
 
രക്ഷകനായവതരിക്കുന്ന വ്യക്തി നേരിട്ട് തുടങ്ങി വെക്കുന്നതോ ആ വ്യക്തിയുടെ പ്രഭാവത്തെ ഉപയോഗപ്പെടുത്തി കൊണ്ട് പിന്നീട് അനുയായികള്‍ തുടങ്ങുന്നതോ ആവാം ഇത്തരം പ്രസ്ഥാനങ്ങള്‍. ബുദ്ധവചനങ്ങള്‍ സ്വത്വപരിഷ്‌കരണവും അതുവഴി സാമൂഹ്യപരിഷ്‌കരണവും ലക്ഷ്യമാക്കിയുള്ളതാണ്; ബുദ്ധന്‍ ഗുരുവില്‍ നിന്ന് പിന്നീട് ദൈവമായിത്തീര്‍ന്നതും ഈ വ്യക്തിപ്രഭാവത്തെ അടിസ്ഥാനമാക്കി തന്നെ. മഹാത്മാഗാന്ധി വിമര്‍ശനാതീതനാകുന്നതും ഗാന്ധിജിയുടെ ചില രീതികള്‍ക്കും ആശയങ്ങള്‍ക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമായി തന്നെ പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നതും വ്യക്തിയാരാധനക്കുദാഹരണമാണ്. ശ്രീനാരായണഗുരു എന്ന സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ വ്യക്തിപ്രഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ‘ഗുരുദേവന്‍ ദൈവം’ എന്ന ആശയം ഈയടുത്ത കാലത്ത് കാണപ്പെട്ട് തുടങ്ങുകയും ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ്.
 
 
ആധുനികസമൂഹത്തിലും ഇത്തരം വ്യക്തിപൂജകള്‍ക്ക് ഉദാഹരണങ്ങള്‍ ധാരാളമായുണ്ട്. ആള്‍ദൈവസംസ്‌കാരവും പുണ്യാളഭക്തിയും ഇത്തരത്തിലുള്ളവയാണ്; ആള്‍ദൈവങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും ഭക്തരും അനുയായികളും അനുകൂലികളും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും പ്രകോപനപരതയും, വ്യക്തിപൂജ മനുഷ്യചിന്തയെ എത്രയാഴത്തില്‍ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മതമേധാവികള്‍, ചില രാഷ്ട്രീയനേതാക്കന്മാര്‍ എന്നിവരുടെ അനുയായികളിലും ഇതേ പ്രവണത കാണാം. ഒരു വ്യക്തിയെ അനിഷേധ്യനായ നേതാവായോ ഗുരുവായോ ദൈവമായോ ഒക്കെ ഉയര്‍ത്തി കൊണ്ട് വരുന്നത് ആ വ്യക്തി മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ ഉപയോഗിച്ചായിരിക്കും; എന്നാല്‍ പിന്നീട് ആശയങ്ങള്‍ക്കപ്പുറം വ്യക്തിപ്രഭാവത്തിലും പൂജയിലും എത്തി നില്ക്കുന്നു പല പ്രസ്ഥാനങ്ങളുടെയും നിലനില്പ്. വ്യക്തികളെക്കാള്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രസ്ഥാനങ്ങള്‍ ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നു.
 
വര്‍ത്തമാനകാലരാഷ്ട്രീയത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. തമിഴ്‌നാട് പോലുള്ള, പ്രാദേശികരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുന്നിട്ടു നില്ക്കുന്ന സംസ്ഥാനങ്ങളില്‍ ഈ പ്രവണത വളരെ നാളായിത്തന്നെ ഉണ്ട്. വ്യക്തി തന്നെയാണ് പ്രസ്ഥാനവും പാര്‍ടിയും. വ്യക്തിക്കപ്പുറം, നേതാവിന്റെ പ്രഭാവത്തിനും മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ക്കും അപ്പുറം ഒരു ആശയവ്യക്തതയോ രാഷ്ട്രീയമോ ഇല്ല തന്നെ. നേതാവിന്റെ അഭിപ്രായങ്ങള്‍ മാറുമ്പോള്‍ പ്രസ്ഥാനത്തിന്റെ സ്വഭാവവും മാറുന്നു; അനുയായികള്‍ അവയെ കണ്ണടച്ചു പിന്തുടരുകയും ജയ് വിളിക്കുകയും ചെയ്യുന്നു; അനുകൂലിക്കാന്‍ കഴിയാത്തവര്‍ കൊഴിഞ്ഞു പോകുന്നു. വ്യക്തമായ ആശയസംഹിത പിന്തുടരുന്ന, ‘വ്യക്തിയല്ല, പ്രസ്ഥാനമാണ് പ്രധാനം’ എന്ന് പ്രഖ്യാപിക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പോലും പലപ്പോഴും വളരെ ദയനീയമായി വ്യക്തിപ്രഭാവങ്ങളില്‍ തടഞ്ഞുനില്ക്കുന്നതു കാണാം.
 
വരുന്ന തെരഞ്ഞെടുപ്പിന് ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം ഏത് ആശയക്കാര്‍ ഇന്ത്യ ഭരിക്കണം എന്നതല്ല; ഏതു വ്യക്തി പ്രധാനമന്ത്രിയാവണം എന്നതാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മോഡി, രാഹുല്‍ ഗാന്ധി, കേജ്രിവാള്‍, ജയലളിത തുടങ്ങി പല പേരുകളും പലരാലും ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നുമുണ്ട് (അവരുടെയൊക്കെ വിജയസാധ്യതയും മറ്റും നമുക്കിപ്പോള്‍ മാറ്റി നിര്‍ത്താം). സോഷ്യല്‍ മീഡിയയിലും മുഖ്യധാരാമാധ്യമങ്ങളിലും പ്രധാനചര്‍ച്ച ആരു പ്രധാനമന്ത്രിയാവണം എന്നു തന്നെയാണ്; ഏതു ആശയക്കാര്‍ ഇന്ത്യ ഭരിക്കണം എന്നല്ല. പ്രധാനമന്ത്രിക്ക് സ്വാഭീഷ്ടപ്രകാരം ഭരിക്കാവുന്ന ഒരു വ്യവസ്ഥയല്ല, പാര്‍ലമെന്റെറിയന്‍ വ്യവസ്ഥ നിലനില്ക്കുന്ന ഒരു രാജ്യമാണ് നമ്മുടെതെന്ന് മറന്നു പോകും വിധമാണ് ഈ രക്ഷകപരിവേഷങ്ങളുടെ മഹത്വവല്‍കരണം. മോഡിയുടെ വികസനക്കഥകളും പോസ്റ്ററുകളും വിശേഷണങ്ങളും ഈയിടെ ഇറങ്ങിയ ബാലനരേന്ദ്ര തുടങ്ങിയ കുട്ടികള്‍ക്കായുള്ള പുസ്തകത്തിലെ വീരനായകപരിവേഷവുമെല്ലാം ഈ വ്യക്തിപൂജയുടെ ഭാഗം തന്നെ. പ്രധാനമന്ത്രിപദത്തിലിരിക്കുന്നയാളുടെ വ്യക്തിപ്രഭാവം ഭരിക്കുന്ന പാര്‍ടിയെക്കാള്‍, അതിന്റെ ആശയങ്ങളേക്കാള്‍ പ്രധാനമാവുമ്പോള്‍ നാം ഭരണഘടനാപരമായ ജനാധിപത്യം (Constitutional Democracy) എന്ന വ്യവസ്ഥയില്‍ നിന്ന് സ്വയം പുറകോട്ടു പോയി ഏകാധിപത്യത്തിന്റെ അടുത്തെത്തി നില്‍ക്കുന്നു.
 
വ്യക്തിപൂജ, നമ്മുടെ പരിഷ്‌കൃതസമൂഹത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടക്കല്‍ കത്തി വെക്കുന്ന അപകടകരമായ ഒരു പ്രവണതയാണ്. ചരിത്രം നമുക്ക് വായിച്ചു തരുന്നതും മറ്റൊന്നല്ല. ചില ആശയങ്ങളുടെ പേരില്‍ ഒരു വ്യക്തി അനിഷേധ്യനായ നേതാവായി ഉയര്‍ന്നു വരിക, പിന്നീട് വിമര്‍ശനാതീതന്‍ എന്ന നിലയില്‍ പ്രതിഷ്ഠിക്കപ്പെടുക, ആ വ്യക്തി ഒരു പ്രതീകമായിത്തീരുക, നേതാവിന്റെ വാക്കുകള്‍ അവസാന വാക്കായിത്തീരുക, പതിയെ ആശയങ്ങള്‍ പിന്തള്ളപ്പെടുകയും വ്യക്തി മുന്നിട്ടു നില്ക്കുകയും ചെയ്യുക; ഇതാണ് രക്ഷകരാഷ്ട്രീയത്തിന്റെ പൊതുവായ രീതി. അണികളുടെ വൈകാരികതയാണ് രക്ഷകരാഷ്ട്രീയത്തിന്റെ പ്രധാന ഇന്ധനം. ഈ രക്ഷകപൂജാപ്രവണതയാകട്ടെ നമ്മുടെ സമൂഹമന:ശാസ്ത്രത്തില്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ഒന്നുമാണ്. എളുപ്പമല്ല ഇതില്‍ നിന്ന് പുറത്ത് വരാന്‍ എന്നര്‍ഥം; വളരെ ബോധപൂര്‍വമായ ഒരു പരിശ്രമത്തിലൂടെ മാത്രമേ ഈ വൈകാരികമായ കുരുക്കില്‍ നിന്ന് പുറത്ത് വന്ന്‍ സ്വതന്ത്രമായി ചിന്തിക്കാനും വിലയിരുത്തലുകള്‍ നടത്താനും മനുഷ്യസമൂഹത്തിനു  കഴിയുകയുള്ളൂ.
 

References:

1) Initiative, Personality and Leadership in Pairs of Foraging Fish, PLoS ONE Volume 7 Issue 5, Shinnosuke Nakayama, Jennifer L. Harcourt, Rufus A. Johnstone, Andrea Manica, Published May 2012, doi:10.1371/journal.pone.0036606

2) Personality differences explain leadership in barnacle geese, Ralf H.J.M. Kurvers,  Babette Eijkelenkamp,  Kees van Oers,  Bart van Lith,  Sipke E. van Wieren,  Ronald C. Ydenberg,  Herbert H.T. Prins,   http://dx.doi.org/10.1016/j.anbehav.2009.06.002

3) Leadership behavior in relation to dominance and reproductive status in gray wolves, Canis lupus, Rolf O Peterson, Amy K Jacobs, Thomas D Drummer, L David Mech, Douglas W Smith, http://www.nrcresearchpress.com/doi/abs/10.1139/z02-124#.UzBJBfl_vO0

4) The influence of social organisation on leadership in brown lemurs (Eulemur fulvus fulvus) in a controlled environment, A. Jacobs, M. Maumy, O. Petit, http://dx.doi.org/10.1016/j.beproc.2008.05.004

ടീം അഴിമുഖം

5) Evolution of personality differences in leadership, Rufus A. Johnstone and Andrea Manica, http://www.pnas.org/content/108/20/8373.full

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍