UPDATES

ഓഫ് ബീറ്റ്

ഔഡി ബി.എം.ഡബ്ല്യുവിനെ തോല്‍പ്പിച്ചതെങ്ങനെ?

ക്രിസ്റ്റോഫ് റൌവാള്‍ഡ് (ബ്ലൂംബെര്‍ഗ് ന്യൂസ്)

2014 ലെ ആദ്യത്തെ രണ്ടു മാസത്തിനിടയിൽ ബി.എം.ഡബ്ല്യുവിനെക്കാൾ കൂടുതൽ കാറുകൾ വിതരണം നടത്തി ഔഡി ആഡംബരക്കാറുകളുടെ വിപണിയിൽ തരംഗമായി മാറി. 

ജെർമൻ വാഹന നിർമ്മാതാക്കളുടെ കണക്ക് പ്രകാരം ബി.എം.ഡബ്ല്യുവിനെക്കാൾ 383 കാറുകൾ (242,400കാറുകൾ) വിൽക്കാൻ ഔഡിക്ക് സാധിച്ചിട്ടുണ്ട്. തുർച്ചയായ 9 വർഷം ഈ വിഭാഗത്തിലെ കൊലകൊമ്പനായിരുന്ന ബി.എം.ഡബ്ല്യുവിനെ 429 കാറുകളുമായി പരാജയപ്പെടുത്താൻ കഴിഞ്ഞ വർഷവും ഔഡിക്ക് സാധിച്ചിരുന്നു.

വോക്സ് വാഗണ്‍ ബ്രാൻഡിന്റെ ഈ നേട്ടം ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കാർ നിർമ്മാതാവിന്റെ പട്ടത്തിനുവേണ്ടിയുള്ള മത്സരം കൂടുതൽ ചൂടുള്ളതാക്കി മാറ്റും. മൂന്നാമനായ മെർസിഡസ്-ബെൻസ് ഇക്കഴിഞ്ഞ മാസങ്ങളിൽ ഭീമന്മാരായ തന്റെ രണ്ടു പ്രതിയോഗികളേക്കാൾ കൂടുതൽ വേഗത്തിൽ വളർന്നിരിക്കുന്നു. ഈ പതിറ്റാണ്ടിന്റെ അന്ത്യത്തിൽ ആഡംബരക്കാർ രാജാവിന്റെ കിരീടം തങ്ങളുടേതാക്കി മാറ്റാൻ വ്രതമെടുത്ത് കാത്തിരിക്കുകയാണ് മൂന്നു കമ്പനികളും.  

 “ആഡംബര കാർ വിഭാഗത്തിലെ മത്സരം എന്നത്തേതിനേക്കാളും ഇപ്പോള്‍ തീവ്രമാണ്. ഞങ്ങളുടെ രണ്ടു പ്രതിയോഗികളേക്കാൾ മുന്നിലാണ് ആദ്യത്തെ രണ്ടു മാസമെങ്കിലും എന്നത് എന്നെ സന്തോഷവാനാക്കുന്നില്ല, മുന്നോട്ടുള്ള വളർച്ചയിലാണ് ഞങ്ങളുടെ ശ്രദ്ധ മുഴുവനും”. ഇങ്കൊൽസ്റ്റഡിലുള്ള മാർക്കസിന്റെ ആസ്ഥാനത്ത് വെച്ച് ഔഡിയുടെ സി.ഇ.ഒ ആയ റൂപർട്ട് സ്റ്റാഡ്ലർ പറഞ്ഞു. 
 

സിംഹാസനത്തിൽ ഒരു വർഷം തികയ്ക്കാൻ ഇതുവരെ സാധിക്കാതിരുന്ന ഔഡി ഈ വർഷം ജനപ്രീതിയാര്‍ജ്ജിച്ച TT സ്പോർട്സ് കാറുൾപ്പെടെ നവീകരിച്ചതോ പുതിയതോ ആയ 17 മോഡലുകൾ നിരത്തിലിറക്കുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തെ വളർച്ചയെ പോഷിപ്പിക്കാനായ് 22 ബില്ല്യൻ യൂറോ നിക്ഷേപിക്കുന്നതിന്റെ ഭാഗമാണ് ഈ പുതിയ മോഡലുകൾ വെളിച്ചം കാണുന്നത്.      

ഔഡിയുടെ ഫെബ്രുവരി മാസത്തെ വിൽപ്പനയിൽ A3 ശ്രേണിയിൽ 43 ശതമാനം വളർച്ചയും സ്പോർട്സ് യൂട്ടിലിറ്റി ശ്രേണിയായ Q7 ൽ 32 ശതമാനം വളർച്ചയും കാണാൻ സാധിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു മാസത്തെ ബി.എം.ഡബ്ല്യുവിന്റെ 8.9 ശതമാനം വളർച്ചയുമായ് താരതമ്യം ചെയ്തു നോക്കിയാൽ വോക്സ് വാഗണ്‍ മാർക്ക് 9.3 ശതമാനം കൂടുതൽ കാറുകൾ വില്പ്പന നടത്തിയിട്ടുണ്ട്. CLA കൂപ്പയുടേയും പ്രധാന മോഡലായ എസ് ക്ലാസ് സെഡാന്റെ പുതിയ അവതാരത്തിന്റേയും സഹായത്താൽ ഡെയിംലർ എ.ജി യുടെ മെർസിഡസിന് ഫെബ്രുവരി മാസത്തിൽ 17 ശതമാനം വളർച്ച നേടാൻ സാധിച്ചു. 

” ഈ വർഷം മെർസിഡസിൽ നിന്നും ശക്തമായ പോരാട്ടം തന്നെ ബി.എം.ഡബ്ല്യുവും ഔഡിയും നേരിടേണ്ടി വരും”. ഫ്രാങ്ക്ഫർട്ട് അടിസ്ഥാനമായ Commerzbank ലെ വിശകലനവിദഗ്‌ദ്ധനായ ഡാനിയൽ ഷ്വാർസ് പറഞ്ഞു.  
 

A3 സെഡാന്റേയും Q3 ശ്രേണിയിലെ SUV യുടേയും സഹായത്താൽ തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലെ വിതരണം ആദ്യമായ് 2014ൽ 500,000 കവിയുമെന്ന് ചൊവ്വാഴ്ച ഔഡി പ്രവചനം നടത്തിയിരുന്നു. “ചൈനയിൽ ഇപ്പോഴുള്ള 340 ഔട്ട്‌ലെറ്റുകളിൽ നിന്നും ഞങ്ങളുടെ വിപണന ശൃംഖലയെ വരും വർഷങ്ങളിൽ 500 ഔട്ട്‌ലെറ്റുകളെന്ന വളർച്ചയിലെത്തിക്കാൻ ഓരോ ആഴ്ച്ചയും പുതിയ ഡീലർഷിപ്പുകൾ തുറക്കുകയാണ് ഞങ്ങൾ” വിതരണ വിഭാഗം തലവനായ ലൂക്കാ ഡി മിയ പറഞ്ഞു. 

മിനി(Mini), റോൾസ് റോയ് സ് (Rolls Royce) എന്നീ ബ്രാൻഡുകളും ഉൾപ്പെട്ട ഗ്രൂപ്പ് ഈ വർഷം 2 മില്ല്യൻ വാഹനങ്ങൾ വിൽക്കുമെന്ന് ബി.എം.ഡബ്ല്യു കഴിഞ്ഞാഴ്ച്ച പറഞ്ഞിരുന്നു. X5 SUV യുടെ പുതിയ അവതാരവും വേറെ പുതിയ കാറുകളും നിരത്തിലിറക്കി വരും മാസങ്ങളിൽ ഔഡിയുമായി മത്സരിക്കാൻ തന്നെയാണ് മ്യൂണിച്ച് ആസ്ഥാനമായ വാഹന നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

” ഈ വർഷം പുറത്തു വരുന്ന രണ്ടാം ശ്രേണിയിലുള്ള ആക്റ്റീവ് ടൂറർ, നാലാം ശ്രേണിയിലുള്ള ഗ്രാൻ കൂപ്പെ എന്നിവയെപ്പോലുള്ള നൂതനമായ മോഡലുകൾ 2014ലിലെ വളർച്ചക്ക് ആക്കം നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്” ബി.എം.ഡബ്ല്യു വിതരണ വിഭാഗം തലവനായ ഇയാൻ റോബർട്ട്സണ്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു.    

ഈ മോഡലുകൾ തുടർച്ചയായ പത്താം വർഷവും ആഡംബരക്കാർ വിൽപ്പനയിൽ ബി.എം. ഡബ്ല്യു വിനെ മുൻപന്തിയിലെത്തിക്കാന്‍ പ്രാപ്തമാണ്. മെർസിഡസിന്റെ 1.56 മില്ല്യനേയും ഔഡിയുടെ 1.66 മില്ല്യനേയും മറികടന്ന് ബി.എം. ഡബ്ല്യു ബ്രാൻഡ് 1.77 മില്ല്യൻ കാറുകൾ വിൽപ്പന നടത്തുമെന്നാണ് ഐ എച്ച് എസ് ഒടോമോടീവ് പ്രതീക്ഷിക്കുന്നത്.   

ബി.എം. ഡബ്ല്യു വിന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് കാറായ i8 മായി മത്സരിക്കാൻ സ്പോർട്സ് കാറായ R8ന്റെ ഇലക്ട്രിക്‌ അവതാരം നിരത്തിലിറങ്ങുമെന്ന് ഔഡി പ്രഖ്യാപിച്ചിരുന്നു. കാർബണ്‍ ഫൈബർ ചട്ടക്കൂടുള്ള ഈ ബി.എം. ഡബ്ല്യു മോഡൽ ഈ വർഷത്തിന്റെ അവസാനത്തിൽ വിൽപനക്കെത്തും. ആവശ്യക്കാരുടെ താല്പര്യങ്ങൾക്കനുസരിച്ചായിരിക്കും ഔഡി R8  നിർമ്മിക്കുക.
 

   
” ഞങ്ങൾ സഞ്ചരിക്കാവുന്ന ദൂരം 215 കിലോ മീറ്ററിൽ നിന്നും 450 കിലോ മീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കിത് ഉപകാരപ്രദമായിരിക്കും.” ഡവെലപ്മൻറ്റ് വിഭാഗം തലവനായ ഉൽറിക്ക് ഹക്കെൻബെർഗ് പറഞ്ഞു. 

2005 ലാണ് സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായ മെർസിഡസിനെ ആഗോള വിപണിയിൽ ബി.എം.ഡബ്ല്യു മുട്ടുകുത്തിച്ചത്, അതിനു ശേഷമുള്ള എല്ലാ വർഷവും ആ കിരീടം നിലനിർത്താനവർക്ക് സാധിച്ചു.    

ഈ പതിറ്റാണ്ടിന്റെ അവസാനത്തിൽ  വളർച്ചക്ക് വേഗത കൂട്ടാൻ വേണ്ടി ഡെയിംലർ സി.ഇ.ഒ ഡയറ്റെർ സെഷെ (Dieter Zetsche)  മുന്‍ഗാമികളില്ലാത്ത പന്ത്രണ്ടിലധികം കാറുകളടക്കം 13 പുതിയ വാഹനങ്ങൾ നിരത്തിലിറക്കാൻ പോകുകയാണ്. GLA കോംപാക്റ്റ് SUV, എസ് ക്ലാസ് കൂപ്പെ, ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡലായ സി ക്ലാസിന്റെ നവീകരിച്ച പതിപ്പ് എന്നിവയാണ് 2014ൽ വിപണിയിലിറങ്ങാൻ പോകുന്ന വാഹനങ്ങൾ.  

“മുൻഗാമികളെപ്പോലെത്തന്നെ പുതിയ തലമുറയിലെ സി ക്ലാസും വിജയക്കൊടി പാറിക്കുകയാണെങ്കിൽ ബി.എം.ഡബ്ല്യുവും ഔഡിയും കനത്ത മത്സരം തന്നെ നേരിടേണ്ടി വരും” ഷ്വാർസ് പറഞ്ഞവസാനിപ്പിച്ചു.                 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍