UPDATES

മ്യൂസ് മേരി

കാഴ്ചപ്പാട്

മ്യൂസ് മേരി

കാഴ്ചപ്പാട്

വേനലില്‍ നിന്നിറങ്ങി നടക്കുന്ന പച്ച മണങ്ങള്‍

വേനലാണെങ്ങും. വെയില്‍ക്കുട ചൂടിയാണ് ഞാനിന്ന് ഉച്ചയ്ക്കും വീട്ടിലെത്തിയത്. വേനലില്‍ നടന്നുവരുമ്പോള്‍ യു.സി കോളേജിന്റെ പറമ്പില്‍ കുറച്ച് വേനല്‍പ്പച്ച വാടാതെ നില്‍ക്കുന്നതു കണ്ടു. ഇല നുള്ളിയെടുത്തു കയ്യിലിട്ടു തിരുമ്മി. പച്ചയുടെ മണം. അല്‍പനേരം കൂടി മണത്തു. ആ മണത്തില്‍ നിന്ന് പെട്ടെന്നൊരു കാലം വന്നെന്നെ കെട്ടിപ്പിടിച്ചു.
 
ആടിനു കൊടുക്കാന്‍ തൊട്ടാവാടിയും വേനല്‍പ്പച്ചയും പറിച്ചുകൊണ്ടുവരുന്നുണ്ട് ഞാന്‍. ആടിനൊരുപിടി തീറ്റ കൊടുക്കുക ഉത്തരവാദിത്തമായി കരുതിയിരുന്നു. തൊട്ടാവാടി മീനവെയിലില്‍ കരിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. എന്നാലും മണ്ണുനീക്കി കടയോടെ പറിച്ചെടുക്കും. അതു കുറെയെല്ലാം കയ്യില്‍ കൊണ്ടുകേറും. കാലിനെയും പോറിച്ചിട്ടുണ്ടാകും. മണ്ണിനു വെയിലുകാരണം കട്ടിപിടിച്ചിട്ടുണ്ടാവും. അനിയന്‍ അതില്‍ മൂത്രിച്ചു ചോടു നനയ്ക്കും. ആ പന്നനോട് വഴക്കിടാന്‍ ചെന്നാല്‍ ‘ഞാന്‍ വല്യ ഉപകാരം ചെയ്തു തന്നില്ലേ’ എന്ന മട്ടിലായിരിക്കും ടിയാന്റെ പെര്‍ഫോമന്‍സ്. അങ്ങനെ അഞ്ചാറെണ്ണം പറിച്ചെടുത്തിട്ട് കുറച്ചു വേനപ്പച്ചയും പറിക്കും. വേനപ്പച്ച നിര്‍ദ്ദോഷിയാണ്. ഒന്നു പിടിച്ചുവലിച്ചാല്‍ കൂടെപ്പോരും. മയ്യഴിപ്പുഴയിലെ ഗിരിജയെപ്പോലെ; അച്ചു എടുത്തോണ്ടുപോയപ്പോ അല്‍പം പ്രതിഷേധിച്ചിട്ടു കൂടെക്കിടന്ന ഗിരിജയെപ്പോലെ. വേനല്‍മണ്ണില്‍ നിന്ന് കൂടെ വരാന്‍ വിഷമമുണ്ടെങ്കിലും ഒന്നു പിടിച്ചാല്‍ അടര്‍ന്നു കയ്യില്‍ വരും. 
തൊട്ടാവാടീം വേനപ്പച്ചേം അടുക്കിപ്പിടിച്ച് കുത്തുകല്ല് കയറുമ്പോഴേ ആട് കിടന്നു കരയും. നമ്മുടെ ആഗമനം അപ്പോഴേ അവരറിയും. കൊണ്ടുപോയി കയറില്‍ കെട്ടിത്തൂക്കിയിട്ടുകൊടുക്കും. അതങ്ങനെ ഇലകളില്‍ അവിടുന്നും ഇവിടുന്നുമൊക്കെ കടിച്ചുതുടങ്ങും. എനിക്ക് ആടിനെ ഇഷ്ടമല്ല. യേശുക്രിസ്തുവിനും ഗാന്ധിജിക്കും ഒക്കെ ആടിനെ വല്യ പ്രേമമായിരുന്നു. കാണാതെപോയ ആടിനെ തോളിലേറ്റി വരുന്ന ചിത്രമോര്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. ആടിന്റെ മുശുക്കു മണം കക്ഷിയുടെ ദേഹത്തു പറ്റിനില്‍ക്കുവല്ലോ!
പനി വരുമെന്നും പറഞ്ഞ് പൊതുവെ ആടിനെ കുളിപ്പിക്കാറില്ല. അവരെ പൊതുവെ ദുര്‍ബ്ബല ജീവികളായിട്ടാണ് പരിഗണിച്ചിരുന്നത്. വളരെ സൗമ്യമായിട്ടാണ് ആടുമായിട്ടുള്ള ഇടപെടലുകള്‍. ഏതായാലും ആട്ടിന്‍കൂട്ടിലെ മുശുക്കുമണം എനിക്ക് ഒട്ടും ഇഷ്ടമല്ല. പശുവാണെങ്കില്‍ കുറെക്കൂടി നീറ്റാണ്. അതിനെ എല്ലാ ദിവസവും കുളിപ്പിക്കും. ചാണകത്തിനും ഗോമൂത്രത്തിനും ആടിന്റെ ചൂരും മുശുക്കും ഇല്ല. ആട്ടിന്‍പാലിനും ആട്ടിറച്ചിക്കും ഉണ്ട് ഒരു മണം.
 
ഒരിക്കല്‍ ആട്ടിറച്ചിക്കൊപ്പം ആടിന്റെ വൃഷണത്തിന്റെ കഷണവും ഉണ്ടായിരുന്നു. പാചകം ചെയ്തപ്പോള്‍ അതു തിരഞ്ഞെടുത്തു കളയാന്‍ പറ്റിയില്ല. വെന്ത് തേങ്ങാപ്പാലൊക്കെ ചേര്‍ത്തു വിളമ്പിവച്ചു. ഒരു കഷണം വായിലെടുത്തതും ഓക്കാനം വന്ന് പുറത്തേക്കോടി. ഇറച്ചിക്കാകെ വൃത്തികെട്ട മുശുക്കുമണവും നാക്കിലൊരു പിരുപിരുപ്പുണ്ടാക്കുന്ന ചുവയും. ഒരു കഷണം വൃഷണം പറ്റിച്ച പണിയാണ്. അതിന്റെ വൃത്തികെട്ട രൂചിയെക്കുറിച്ച് രണ്ട് ഡയലോഗ് വീണതും എനിക്കു വേണ്ടെന്നോരോരുത്തരും പറഞ്ഞു. ഒരു കിലോ ആട്ടിറച്ചിക്കറി വെയ്സ്റ്റായി. ധനനഷ്ടം, സമയനഷ്ടം, സ്വതവേ ചുമന്ന ചുണ്ടുകളുള്ള മമ്മിയുടെ ചുണ്ടുകള്‍ കൂടുതല്‍ ചുവന്നു. ഇളേത്തുങ്ങളെ എന്റെ വഴിയില്‍ കൊണ്ടുവന്ന എന്നെ മമ്മിയൊന്ന് ഉരുട്ടിനോക്കി. 
വേനലില്‍ പൊതുവെ പച്ചയിലകള്‍ കുറഞ്ഞുവരും. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ വീടിനു ചുറ്റും റബ്ബര്‍ മരങ്ങള്‍ ആയിരുന്നതിനാല്‍ വേനലിലും ഒരു പച്ചക്കുട വിടര്‍ന്നുനിന്നിരുന്നു. ജനുവരിക്കാറ്റിന്റെ സമയത്ത് റബ്ബറിലകള്‍ കൊഴിഞ്ഞുതുടങ്ങും. പിന്നീടതു ഒരു മാസത്തോളം ഇലയുടുപ്പുകള്‍ ഉരിഞ്ഞുകൊണ്ടേയിരിക്കും. എന്നിട്ടവര് ഉടുക്കാക്കുണ്ടികളായി നിന്ന് വെയിലുകായും. കുറച്ചുദിവസം വെയിലേറ്റു കഴിയുമ്പോള്‍ തളിരിലകള്‍ വരും. ഇളംപച്ചയുടെ തോരണങ്ങള്‍ തൂക്കിയ മരക്കൊമ്പുകള്‍. പക്ഷേ, വേനല്‍ മൂക്കുമ്പോള്‍ ഈ ഇലകളും കൊഴിഞ്ഞുതുടങ്ങും. അതിന്റെ മണം വേനലിന്റെ മറ്റൊരു പച്ചമണമാണ്. അറുത്തിട്ട പോലെ വല്യ വേനലില്‍ അവ നിലത്തുവീണുകിടക്കും. അമ്മയുടെ അകിടു വിട്ടോടിപ്പോയ ആട്ടിന്‍കുട്ടി ഈ തളിരിലകള്‍ രണ്ടെണ്ണം തിന്നിട്ട് വയറുവീര്‍ത്ത് ശ്വാസം മുട്ടി ചത്തുകിടക്കുന്നതു കണ്ടു മമ്മി കുറേ നേരം കരഞ്ഞു. ആടിനെ ഇഷ്ടമല്ലെങ്കിലും ആ ബാലകന്റെ മരണം സങ്കടം കൊണ്ടുവന്നു. റബ്ബറിലയുടെ കട്ടുമണം വീടിനുചുറ്റും തൂകിക്കിടന്നു. 
പച്ചമണങ്ങള്‍ തൂവിത്തുളുമ്പിയ കപ്പക്കാലകളെ മറക്കാനാകുമോ? കുംഭമാസത്തില്‍ പറിച്ചെടുത്ത കപ്പക്കിഴങ്ങുകള്‍ ചെത്തിയരിഞ്ഞ് വല്യ ചെമ്പിലിട്ടു വാട്ടിയെടുക്കുമ്പോഴത്തെ വേവുമണം വേനലിനെ തപിപ്പിച്ചിരുന്നു. കപ്പ പറിച്ച കാലായില്‍ കപ്പത്തണ്ട് നീളെ നിരന്നുകിടക്കും. കപ്പപറിക്കലിന്റെ മുന്നോടിയായി വെട്ടിയിട്ടതാണ് കപ്പത്തണ്ടിനെ. വീണുകിടക്കുന്ന കപ്പയിലയുടെ കട്ടുമണം മണ്ണിന്റെ വിയര്‍പ്പുമണമുള്ള ചൂടുശരീരത്തെ ആലിംഗനം ചെയ്തുകിടക്കുന്നുണ്ടാകും. ഇലകള്‍ ഊര്‍ത്തിക്കളഞ്ഞിട്ട് കപ്പത്തണ്ടുകള്‍ കൊണ്ടു വീടുകെട്ടി ഞങ്ങള്‍ വെയില്‍പ്പകലില്‍ കളിവീടു കെട്ടി ജീവിച്ചു. വീടിന്റെ മേച്ചില്‍ മിക്കവാറും കപ്പയിലകള്‍ കൊണ്ടായതിനാല്‍ ആ മക്കുമണം ഞങ്ങടെ കയ്യിലും ദേഹത്തും പുരണ്ടു. ഞങ്ങളുടെ വിയര്‍പ്പില്‍ കപ്പയിലകളുടെ കട്ടുമണം കൂടിക്കലര്‍ന്നു.
 
ചൂടുപിടിച്ച വേനല്‍ സായാഹ്നങ്ങളില്‍ കുലച്ചുമറിഞ്ഞുകിടക്കുന്ന മാവില്‍ പൊത്തിപ്പിടിച്ചുകയറി നെഞ്ചുരഞ്ഞുവീണു ചോര തൂകിയ രണ്ടാമത്തെ അനിയന്‍ വീണ്ടും പിടിച്ചുകയറി മാങ്ങാ വീഴ്ത്തുന്നു. ഒരു മാങ്ങയും പഴുത്തിട്ടില്ല. മൂത്തു ചിനപ്പെത്തിയവര്‍. പറിച്ചിടുന്ന മാങ്ങകള്‍ പെറുക്കിയെടുത്ത് കരിങ്കല്ലില്‍ വച്ചിടിച്ചുപൊട്ടിച്ചിട്ട് കറുമുറാത്തിന്നുമ്പോള്‍ മാങ്ങാച്ചുന വീണ് ചുണ്ടും കീഴ്ത്താടിയും പൊള്ളി. മാങ്ങാച്ചുനയുടെ പാടുകള്‍ വേനലിന്റെ പച്ച അടയാളങ്ങളായി ഞങ്ങള്‍ പേറി നടന്നു. നാട്ടിലെ ഏതു മാവും ആ നാട്ടിലെ കുട്ടികളുടെ പൊതു ആവശ്യത്തിനുള്ളതായിരുന്നു എന്നതില്‍ സംശയിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിച്ചില്ല. 
പറിച്ചിട്ട പച്ചച്ചക്കയിലും വേനലിന്റെ മണം ഞങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞു. ചക്കയും വെട്ടിപ്പിളര്‍ന്ന് പച്ചയായിട്ടങ്ങനെ ചുളകള്‍ അടുക്കിപ്പിടിച്ചു കൊണ്ടു ഞങ്ങള്‍ ഞങ്ങളുടെ കാപ്പിവണ്ടിയിലേയ്ക്ക് പോയി. കാപ്പി മരത്തിന്റെ താഴ്ന്നുകിടക്കുന്ന കൊമ്പില്‍ കയറിയിരിക്കാനും ആ കൊമ്പ് ചവിട്ടിയിളക്കി വണ്ടികളിക്കാനും തുടങ്ങി. പാവാട മടക്കിപ്പിടിച്ച് അതില്‍ സൂക്ഷിച്ച ചക്കച്ചുളകള്‍ ഓരോന്നായി എടുത്തു ചവയ്ക്കുമ്പോള്‍ ചക്കയുടെ പച്ചമണം കൃത്യമായി ആസ്വദിച്ചു. ആ മണത്തെ സാമ്യപ്പെടുത്താന്‍ ഉപമയോ ഉല്‍പ്രേക്ഷയോ ഇല്ല. ചക്ക ഒരുക്കി അരിഞ്ഞ് വേവിച്ച് അരപ്പും ഇട്ട് ഇളക്കുമ്പോള്‍ വരുന്ന മണം നാട്ടുമണങ്ങളില്‍ മുന്നില്‍ നില്‍ക്കും. ജീരകത്തിന്റെയും വെന്ത അരപ്പിന്റെയും മണം ആവി കയറിയ ചക്കയുടെ മണവുമായി ചേര്‍ന്നു കഴിയുമ്പോള്‍ കുട്ടികള്‍ കളിസ്ഥലത്തുനിന്നുപോലും ഓടിയെത്തും. അതില്‍ നല്ല കട്ടിത്തേങ്ങാപ്പാല്‍ ചേര്‍ത്ത മാങ്ങാപ്പച്ചടി ഒഴിക്കും. വെളിെച്ചണ്ണയുടെയും തേങ്ങാപ്പാലിന്റെയും മാങ്ങായുടെയും പച്ചമുളകിന്റെയും കറിവേപ്പിലയുടെ മണങ്ങളെല്ലാം ചേര്‍ന്ന് പ്രസരിക്കുമ്പോള്‍ മണങ്ങള്‍ രുചികളെ വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കും. മണമാണ് രുചിയുടെ ലിറ്റ്മസ് പേപ്പര്‍. 
വേനലിന് എത്രയോ രുചിമണങ്ങള്‍, എത്രയോ വിയര്‍ത്ത ശരീരങ്ങള്‍ പേറി നടക്കുന്ന ജീവസ്സുറ്റ ഗന്ധങ്ങള്‍. ചക്ക, കപ്പ, മാങ്ങ, കാന്താരി മുളക്, ഇഞ്ചി, കറിവേപ്പില എന്നിവയുടെ രുചിമണങ്ങള്‍. റബറിലയുടെയും വേനപ്പച്ചയുടെയും കരീലകളുടെയും മണങ്ങള്‍. വെന്ത മണ്ണില്‍ ചേര്‍ന്നുകിടന്ന് പൂഴിയിളക്കി വരുന്ന പൊരുന്നക്കോഴികളുടെയും കുളിനനയില്ലാത്ത ആടുകളുടെയും ചൂരുകള്‍, ഉണക്കപ്പുല്ലിന്റെയും വെന്ത പുളിങ്കുരുവിന്റെയും തവിടിന്റെയും കാടി നിറച്ച കാടിപ്പാത്രത്തിന്റെ പുളി മണങ്ങള്‍, പുരകെട്ടി മേയുമ്പോള്‍ കെട്ടിമേയുന്ന പുത്തനോലയുടെ ചെളിമണങ്ങള്‍  ഇങ്ങനെ എത്രയോ മണങ്ങള്‍ കൂടിക്കലരുമ്പോഴാണ് ഒരു ഗ്രാമജീവിതം ഞങ്ങടെ കാഞ്ഞിരപ്പള്ളിയില്‍ വേനല്‍ മഴയില്‍ കുളിച്ചുതോര്‍ത്തുന്നത്.
മ്യൂസ് മേരി

മ്യൂസ് മേരി

ഓര്‍മകള്‍ക്ക് എല്ലായ്പ്പോഴും ഒരു രുചിയുണ്ട്, മണമുണ്ട്. കടന്നു പോന്നവര്‍, കൂടെയുള്ളവര്‍, യാത്രകളിലെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ച്ചയിലേക്കുള്ള ആ ദൂരം കടക്കുമ്പോള്‍ അറിയുന്നതൊക്കെ അനുഭവങ്ങളാണ്. മണം, സ്പര്‍ശം, രുചി, വിവിധ കേള്‍വികള്‍ അങ്ങനെ ജീവിതം അറിഞ്ഞ ചില അനുഭങ്ങളാണ് ഈ കുറിപ്പുകള്‍. കവി, ആലുവ യു.സി. കോളേജ് അധ്യാപിക. മെര്‍ക്കുറി.. ജീവിതത്തിന്റെ രസമാപിനി (എന്‍ബിഎസ്), സ്ത്രീയേ എനിക്കും നിനക്കും എന്ത്? (സിഎസ്എഫ് തിരുവല്ല), സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ (കറന്‍റ് ബുക്സ്), ഉടലധികാരം (ഒലീവ്), ഡിസ്ഗ്രേസ് (വിവര്‍ത്തനം), ഇസ്പേട് റാണി, രഹസ്യേന്ദ്രിയങ്ങള്‍ (കവിത) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍