UPDATES

സിനിമാക്കാരെ, നിങ്ങള്‍ക്ക് ബാബുക്കയുടെ വെളിച്ചംകാണാത്ത പാട്ടുകള്‍ വേണോ?

കെ.പി.എസ് കല്ലേരി

അര്‍ഥശൂന്യമാകുന്ന വരികള്‍, ഈണങ്ങളുടെ കലമ്പലുകള്‍, ആവര്‍ത്തന വിരസത… ഹൃദയത്തില്‍ ഇടംകിട്ടാതെ പോകുന്ന മലയാളസിനിമാഗാനങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഇങ്ങനെ നീളന്നു. ദേവരാജന്‍ മാസ്റ്ററും രാഘവന്‍മാഷും ബാബുരാജും ദക്ഷിണാമൂര്‍ത്തി സ്വാമികളും രവീന്ദ്രനുമൊക്കെ കടന്നുപോയ ശേഷം മലയാളിയുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കാന്‍പാകത്തില്‍ എത്രപാട്ടുകളുണ്ടായിട്ടുണ്ട്? മാസങ്ങളുടെ ഇടവേളകളില്‍ നൂറുകണക്കിന് സിനികകള്‍ വന്നുപോകുന്ന ഈ ന്യൂജനറേഷന്‍ കാലത്ത് ഹൃദയത്തെ തൊട്ടുണര്‍ത്താന്‍വര്‍ഷത്തില്‍ ഒരു പാട്ടെങ്കിലും നമ്മള്‍ക്ക് കിട്ടുന്നുണ്ടോ. ഇവിടെയാണ് മലയാളത്തിലെ സിനിമക്കാരോട് പഴയ തലമുറയിലെ ഒരു പാട്ടുകാരി ചോദിക്കുന്നത് നിങ്ങള്‍ക്ക് ബാബുരാജിന്റെ പാട്ടുകള്‍ വേണോ…? ബാലചന്ദ്രന്‍ ചുള്ളിക്കാടടക്കമുള്ള പ്രശസ്തകവികളുടെ വരികള്‍ക്ക് ബാബുരാജ് ഈണം പകര്‍ന്ന് പാടിപ്പഠിപ്പിച്ച 15 പാട്ടുകള്‍. ബാബുക്കയുടെ മാസ്മരിക സ്പര്‍ശമേറ്റ ആ പാട്ടുകള്‍ നിധിപോലെ ഹൃദയത്തിന്റെ പാട്ടുപുസ്തകത്തിലാണ് അവര്‍ സൂക്ഷിക്കുന്നത്. കൊടുക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല. വീട്ടുപിടക്കല്‍ നിന്ന് ദാരിദ്ര്യത്തിന്റെ കെട്ടഴിഞ്ഞുപോകാത്തതിനാലും ബാബുക്കയുടേതായി കുറേപാട്ടുകളിങ്ങനെ വെളിച്ചംകാണാതിരിക്കുന്നതിനാലുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.. കേള്‍ക്കുമ്പോള്‍ പകച്ചു നിന്നിട്ടുകാര്യമില്ല. സത്യമാണ്.

അവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര് തങ്കംറെയ്ച്ചല്‍. മേല്‍വിലാസം പറയണമെങ്കില്‍ സ്വന്തമായിട്ടൊരു വീട്ടുപേര് പറയാനില്ല. അന്വേഷിച്ചെത്താനാണെങ്കില്‍ കോഴിക്കോട് കല്ലായിയില്‍നിന്നും പയ്യാനക്കല്‍ റെയില്‍വേഗേറ്റുകടന്ന് കാഞ്ഞിരവയല്‍പറമ്പിലെത്തിയാല്‍ അവിടെ  കോര്‍പറേഷന്റെ മാലിന്യം നിറഞ്ഞൊഴുകുന്ന ഓടയ്ക്കരികിലായി ഒരു വാടക ലൈന്‍മുറിയാലാണ് താമസം. ഇങ്ങനെ പരിചയപ്പെടുത്തുമ്പോള്‍ ആളെ തിരിച്ചറിയാനാവുന്നില്ലെങ്കില്‍ കേള്‍ക്കുക,

കാണുവതെന്നിനി ഞാന്‍…
കാണുവതെന്നിനി ഞാന്‍…
ഖദീജേ…ഖദീജേ…

ഖദീജ എന്നചിത്രത്തിനുവേണ്ടി എം.എസ്ബാബുരാജ് ഈണമിട്ട് തങ്കം പാടിയി ഈ പാട്ട് മറാക്കാനാവുമോ.

കണ്‍മുന നീട്ടി മൊഞ്ചുംകാട്ടി…
കാത്തിരിക്കണ മണവാട്ടി…ഇതേചിത്രത്തില്‍ എല്‍.ആര്‍. ഈശ്വരിക്കൊപ്പം പാടിയ രണ്ടാമത്തെ പാട്ടും അന്ന് വലിയ ഹിറ്റായിരുന്നു.
 


പത്താംക്ലാസില്‍ പഠിക്കുമ്പോളായിരുന്നു ഖദീജ. പിന്നീട് ബാബുരാജിനൊപ്പം കോഴിക്കോട്ടെ പാട്ടുവേദികളിലെ സ്ഥിരം ഗായിക. ബാബുരാജ് ഈണം നല്‍കിയ നൂറോളം നാടകങ്ങളിലെ പാട്ടുകാരി, യേശുദാസും ജയചന്ദ്രനുമടക്കം പുതുതലമുറയിലേതടക്കം പാട്ടുകാര്‍ക്കൊപ്പം നിരവധി ഗാനമേളകള്‍, ആകാശവാണിയിലെ ഒരുകാലത്തെ സ്ഥിരം പാട്ടുകാരി. എന്നിട്ടും കോഴിക്കോട്ടെ ഒരു ചേരിപ്രദേശത്ത് ഒറ്റമുറി ലൈന്‍വീട്ടില്‍ ദുരിതം തിന്നുകയാണ് അറുപത് കഴിഞ്ഞ തങ്കം റെയ്ച്ചല്‍.

ജീവിതത്തിന്റെ വെളിച്ചം പൂര്‍ണമായും കെട്ടുപോയിട്ടും ഇപ്പോഴും ഇവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ബാബുക്കയെക്കുറിച്ചുള്ള മധുരസ്മരണകളും അദ്ദേഹം ആര്‍ക്കും കൊടുക്കാതെ തന്നെ പാടിപ്പഠിപ്പിച്ചുപോയ കുറച്ചുപാട്ടുകളുമാണെന്ന് പറയുമ്പോള്‍ എന്നിങ്കിലും ബാബുരാജിന്റെ പ്രിയഗാനങ്ങള്‍ക്കൊപ്പം ഈ അപ്രകാശിത പാട്ടുകളും ചേരുമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അര്‍ഹിക്കുന്ന കൈകള്‍ തേടിയെത്തിയാല്‍ മാത്രം അവര്‍ അത് നല്‍കും.

നിറങ്ങള്‍ തൂവല്‍ പൊഴിച്ചു
നിശൂന്യതയില്‍ ലയിച്ചു
നിമിഷാവലികള്‍ ജീവിതരതിയുടെ
നിര്‍വൃതികാത്തുകിടന്നു…
ഒരു നാടകത്തിനുവേണ്ടി ബാലചന്ദ്രന്‍ ചുള്ളിക്കാടെഴുതിക്കൊടുത്ത ഈ ഗാനമാണ് നിധിപോലെ തങ്കം സൂക്ഷിക്കുന്ന 15 ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്.  ഈ പാട്ടിനെക്കുറിച്ചു പറയുമ്പോള്‍ തങ്കത്തിന്റെ കണ്ണുകള്‍ നിറയുന്നു. ' ഹരിഹരന്റെ ഒരു സിനിമയുടെ റെക്കോര്‍ഡിംഗിനിടെ കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു ആ പാട്ട് ചെയ്തത്. അദ്ദേഹം നാട്ടിലെത്തിയാല്‍ സ്ഥിരമായി കൂടാറുളള മിഠായിത്തെരുവിലെ ആര്യ ഭവനില്‍ വെച്ചായിരുന്നു കംപോസിംഗ്. രാവിലെ തുടങ്ങി ഏതാണ്ട് ഉച്ചയാവുമ്പഴേക്കും ബാബുക്കയ്ക്ക് ഏറെ പ്രിയപ്പെട്ട ഹിന്ദുസ്ഥാനിയില്‍ അതു ചിട്ടപ്പെടുത്തി. അദ്ദേഹം ആഗ്രഹിച്ചപോലെ പാടിയപ്പോള്‍ പറ്റിയാല്‍ ഞാനിത് സിനിമയിലാക്കുമെന്നു പറഞ്ഞ് ചുമലില്‍ തട്ടിയത് മറക്കാനാവുന്നില്ല. 
 


വിഷജന്തുക്കള്‍ എന്നൊരു നാടകത്തിലേക്കുവേണ്ടിയിട്ടായിരുന്നു അന്നത് ചെയ്തത്. പക്ഷെ അത് പിന്നീട് പുറത്തുവന്നില്ല. പാട്ടുകഴിഞ്ഞ ഉടനെ ഹരിഹരന്റെ പടത്തിന്റെ റീറെക്കോര്‍ഡിംഗുനെന്നുപറഞ്ഞ് അവിടുന്നു നേരെ മദ്രാസിലേക്ക് പോയി. രണ്ടാഴ്ചകഴിഞ്ഞ് മടിങ്ങിവരുമെന്നും കുറച്ചു പാട്ടുകൂടെ ചെയ്യാനുണ്ടെന്നും പറഞ്ഞായിരുന്നു യാത്ര. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത പാട്ടുപാടാനായുള്ള എന്റെ കാത്തിരിപ്പ് വെറുതെയായി. കൃത്യം രണ്ടാഴ്ചകഴിഞ്ഞ് 1978 ഒക്ടോബര്‍ ഏഴിന് ബാബുക്കയുടെ മരണവാര്‍ത്തയാണ് തേടിയെത്തിയത്. ഇപ്പോള്‍ വര്‍ഷം എത്രകഴിഞ്ഞു. എന്നിട്ടും കണ്‍മുമ്പില്‍ നിന്ന് അദ്ദേഹമോ ചുണ്ടില്‍ നിന്ന് അദ്ദേഹം പകര്‍ന്നു തന്ന  പാട്ടുകളോ വിട്ടു പോകുന്നില്ല. ഇന്നുണ്ടായിരുന്നെങ്കില്‍ നിങ്ങളിക്കാണുന്ന ദുരിതമെന്നും തങ്കത്തിനുണ്ടാവുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ അലകടലാവുന്നു.

'എന്റെ കൈവശമുള്ള അദ്ദേഹത്തിന്റെ പതിനഞ്ചുപാട്ടുകളില്‍ ഒന്നുപോലും റെക്കോര്‍ഡ് ചെയ്ത് കാസറ്റായിട്ടില്ല. മറ്റാര്‍ക്കെങ്കിലും ആ പാട്ടുകളുടെ ഉടമാവകാശം സ്ഥാപിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. ഇനി അങ്ങനെ ഉണ്ടായാലും കവിതകള്‍ മാത്രമാണ് രേഖയായിട്ടുള്ളത്. അദ്ദേഹം ആ വരികള്‍ക്ക് പകര്‍ന്ന മാസ്മരിക സംഗീതം എന്റെ നെഞ്ചിന്റെ പാട്ടു പെട്ടിയിലാണുള്ളത്. അത് പുറത്തെടുക്കണമെങ്കില്‍ ഞാന്‍തന്നെ വിചാരിക്കണം. എന്നെ സംബന്ധിച്ച് ഉറക്കത്തില്‍ വിളിച്ച് പറഞ്ഞാല്‍പോലും ഒരു വരിപോലും പിഴയ്ക്കാതെ ഞാനവ പാടും. പതിനഞ്ചും വ്യത്യസ്തങ്ങളായ ഈണങ്ങളിലാണ്. ഗസല്‍ മോഡലും, സെമിക്ലാസിക്കലും, അടിപൊളിയുമുണ്ട് കൂട്ടത്തില്‍. പാട്ടുകളെഴുതിയവരില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമാത്രമാണ് ഇപ്പോള്‍ ജീവനോടെ ഉള്ളതെന്നാണ് തോന്നുന്നത്. പാട്ടുപഠിപ്പിച്ചെന്നല്ലാതെ പലരുടേയും പേരുകള്‍ ബാബുക്ക പറഞ്ഞിരുന്നില്ല…'

കനിയുക നീ ഗോപാലകൃഷ്ണ
കാമിതമരുളുക കാര്‍മുകില്‍ വര്‍ണ (രചന പി.എം കാസിം)

കുരുവികുഞ്ഞിന് കൂട്ടിന്നെത്തിയ
ശശികലയെന്തേ മാഞ്ഞു (രചന-എഴുമംഗലം കരുണാകരന്‍)

തളിരിട്ട തേന്‍മാവ് പൂത്ത്
കിളിവാലന്‍ മാങ്ങ പഴുത്ത്
കളിവീടുവെച്ചു
കളിച്ചോരെന്‍ കിളിയേ
നീവന്നില്ലയിന്നും… (രചന അറിയില്ല) ഇങ്ങനെപോകുന്നു ബാബുരാജ് ഈണമിട്ട് ഇനിയും പുറത്തുവരാതെ കിടക്കുന്ന തങ്കത്തിന്റെ ജീവിത സമ്പാദ്യം.
 


പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിക്കു സമീപം പീറ്റര്‍ -ഗ്രേസ് ദമ്പതികളുടെ മകളായാണ് തങ്കത്തിന്റെ ജനനം. ആറു സഹോദരന്‍മാര്‍ക്ക് ഒറ്റ പെങ്ങള്‍. ഒന്നരവയസില്‍ അച്ഛന്‍മരിച്ചതിനുശേഷം തങ്കത്തിന്റെ സംഗീത വാസനയ്ക്ക് നിറം പകര്‍ന്നത് സഹോദരന്‍മാരാണ്. പക്ഷെ വിധിയുടെ വിളയാട്ടമോ എന്തോ അറിയില്ല ആറുപേരില്‍ ഇപ്പോള്‍ ഒരാളെ  ജീവിച്ചിരിപ്പുള്ളു. അയാളുടെ അവസ്ഥയും തങ്കത്തേക്കാള്‍ മെച്ചമല്ല. അനുജത്തിയുടെ പാട്ടുകമ്പം തിരിച്ചറഞ്ഞ സഹോദരന്‍മാര്‍ വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്രമറാഠെയുടെ അടുത്താണ്  സംഗീതം പഠിപ്പിക്കാന്‍ കൊണ്ടാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് എട്ടുവര്‍ഷത്തോളം മറാഠെയില്‍ നിന്നും സംഗീതം അഭ്യസിച്ചു. ഈ സമയങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ അല്ലറ ചില്ലറ കല്യാണ ഗാനമേളകളിലൊക്കെ പാടുമായിരുന്നു. അങ്ങനെയൊരുനാള്‍ ബാബുരാജിന്റെ ഇളയ സഹോദരന്‍ മജീദിനൊപ്പം കല്ലായിലെ ഒരുകല്യാണവീട്ടില്‍ വെച്ച് ഗാനമേളയ്ക്ക് പാടുമ്പോഴാണ് തങ്കമെന്ന കൊച്ചുപാട്ടുകാരി ബാബുരാജിന്റെ ശ്രദ്ധയില്‍പെട്ടത്. കല്യാണത്തിന് ബാബുരാജിനും ക്ഷണമുണ്ടായിരുന്നു.

കുട്ടിക്കുപ്പായത്തിനുവേണ്ടി  ഈണമിട്ട ' പുന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത് കണ്ണാരം പൊത്തിക്കളിക്കാന്‍വാ..' എന്ന പാട്ട് തന്റെ സംഗീത്തതിലെ എല്ലാ സാധ്യതകളും പരമാവധി പ്രയോഗിച്ച് പാടിയ ആ കൊച്ചുപാട്ടുകാരിയെ ബാബുരാജിന് ശരിക്കുമങ്ങിഷ്ടപ്പെട്ടു. ഉടന്‍ അനുജന്റെ കൈയ്യില്‍ നിന്നും ഹാര്‍മോണിയപെട്ടിവാങ്ങി കുറച്ച് ഈണമിങ്ങിട്ടുകൊടുത്ത് കുറേ പാടിച്ചു. ബോധ്യംവന്നപ്പോള്‍ പിന്നെ കൂടെക്കൂട്ടുകയായിരുന്നു.

' അതിനുശേഷം അദ്ദേഹത്തിനൊപ്പം എത്രയോ വേദികള്‍. നാടകം, ഗാനമേളകള്‍, ബാബുക്കയുടേതന്നെ സിനിമാഗാനങ്ങള്‍ അദ്ദേഹത്തിനൊപ്പവും യേശുദാസിനും ജയചന്ദ്രനുമൊക്കെയൊപ്പം…അതൊരു സുവര്‍ണകാലം തന്നെയായിരുന്നു.

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഖദീജയില്‍ പാടാനായി വിളിച്ചത്. സഹോദരനൊപ്പം മദ്രാസിലേക്ക് വണ്ടികയറുമ്പോള്‍ മനസുനിറയെ പേടിയായിരുന്നു. സ്റ്റുഡിയോയില്‍ ബാബുക്കയ്‌ക്കൊപ്പമിരിക്കുന്നവരെ പരിചയപ്പെടുത്തിയപ്പോള്‍ പേടി ഇരട്ടിയായി. ആര്‍.കെ ശേഖര്‍, പുകഴേന്തി, ചിദംബരനാഥ്… തലേന്നുതന്നെ പാട്ടിന്റെ സന്ദര്‍ഭം മനസിലാക്കിവെച്ചിരുന്നു. അറിഞ്ഞുപാടണം എന്നുമാത്രമാണ് ബാബുക്കപറഞ്ഞത്. 'കാണുവതെന്നിനി ഞാന്‍…' കൂട്ടുകാരിയുടെ കബറിനുമീതെ കിടന്നുകരയുന്ന പെണ്‍കുട്ടിയിടെ വേദന വരികളിലുടനീളവും നിഴലിച്ചുനിന്നിരുന്നെന്ന് പാട്ടിനുശേഷം അദ്ദേഹവും സഹപ്രവര്‍ത്തകരും പറഞ്ഞപ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു. രണ്ടാമത്തെ പാട്ട് എല്‍.ആര്‍. ഈശ്വരിക്കൊപ്പവും അന്നു തന്നെ പാടി റെക്കോര്‍ഡ് ചെയ്തു.  അതിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ആര്‍.കെ ശേഖറും പുകഴേന്തിയുമെല്ലാം നിര്‍ബന്ധിച്ചു, തങ്കം മദ്രാസില്‍ നില്‍ക്ക് കുട്ടിയെത്തേടി പാട്ടുകള്‍ ഒരുപാടു വരും. പക്ഷെ മദ്രാസുപോലൊരു നഗരത്തില്‍ പാട്ടിന്റെ ഊഴംകാത്തുനില്‍ക്കാന്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. മനസില്ലാമനസോടെയാണെങ്കിലും അങ്ങനെ ആ നഗരം വിട്ടു….'
 


ഖദീജയായിരുന്നു അദ്യത്തേതും അവസാനത്തേയും സിനിമയെങ്കില്‍ ബാബുരാജിന്റെ ശ്വാസം നിലയിക്കുന്നതിന് രണ്ടാഴ്ചമുമ്പുവരേയും തങ്കം അദ്ദേഹത്തിനൊപ്പം പാടി. തബലിസ്റ്റ് പ്രഭാകരനാണ് തങ്കത്തിന്റെ ഭര്‍ത്താവ്. അക്കാലത്ത് ബാബുരാജിനൊപ്പം പല പരിപാടികളിലും പ്രഭാകരനുമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തേയും ഉയരങ്ങള്‍ കീഴടക്കാന്‍ വിധി തുണച്ചില്ല.തബലയില്‍ വിരലിറങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം ഒരുപാടായി. ഒരു മകളുണ്ട്.

ബാബുരാജ് പോയശേഷവും കുറച്ചുകാലം നാടകവേദികളിലും ഗാനമേളകളിലുമെല്ലാം തങ്കമുണ്ടായിരുന്നെങ്കിലും പതുക്കെ പുതുക്കെ അവരെ കോഴിക്കോടും മറന്നു. ഇടക്കാലത്ത് ചിലവാര്‍ത്തകളില്‍ തങ്കം ഇടം തേടിയപ്പോള്‍ കോഴിക്കോട്ടെ ഒരു സംഘടന അവര്‍ക്ക് വീടു വെച്ചുകൊടുക്കാമെന്ന് വാഗ്ദാനത്തോടെ ടിക്കറ്റും സ്‌പോണ്‍സര്‍ഷിപ്പുകളുമൊക്കെയായി വലിയൊരു ഗാനമേള സംഘിപ്പിച്ചു. അതോടെ അവരുടെ ദുരിതം തീരുമെന്ന് എല്ലാരും പ്രതീക്ഷെച്ചെങ്കിലും കോഴിക്കോട് നഗരത്തില്‍ വീടുവെക്കാനായി 80,000രൂപയാണ് അവര്‍ പിന്നീട് നല്‍കിയത്. 80,000ത്തിന് ഒരു സ്‌ക്വയര്‍ഫീറ്റ് ഭൂമിപോലും കിട്ടാത്ത കോഴിക്കോട് നഗരത്തില്‍ ഇനിയും എത്രകാലം ഈ ഓടയ്ക്ക്മുകളിലെ വാടകവീട്ടില്‍ കഴിയണമെന്ന് അവര്‍ ചോദിക്കുന്നത്. ഇപ്പോള്‍ തന്റെ കൈയ്യിലുള്ള ബാബുരാജിന്റെ അപൂര്‍വ നിധിയില്‍ മാത്രമാണ് തങ്കത്തിന്റെ  പ്രതീക്ഷ. വരും..ആരെങ്കിലും ആ പാട്ടുകള്‍ തേടി വരാതിരിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍