UPDATES

ഇന്ത്യ

നാം വഴി\’യാധാര്‍\’ ആകുന്നതിന് മുമ്പ്

ടീം അഴിമുഖം
 
1920-കളില്‍ അന്നത്തെ അസം സെന്‍സസ് കമ്മീഷണറായിരുന്ന സി.എസ് മുള്ളനാണ് ആദ്യമായി അസമിലേക്കുള്ള ബംഗാളികളുടെ കുടിയേറ്റത്തെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്നത്. “ഇവിടേക്കുള്ള കുടിയേറ്റത്തെ എനിക്ക് താരതമ്യപ്പെടുത്താന്‍ പറ്റുന്നത് ഉറുമ്പുകളുടെ വലിയൊരു കൂട്ടം സഞ്ചരിക്കുന്നതു പോലെയാണ്”- മുള്ളന്‍ പറയുന്നു. പാക്കിസ്ഥാനും പിന്നീട് ബംഗ്ലാദേശും ഉണ്ടായെങ്കിലും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റത്തിന് കാര്യമായ കുറവൊന്നുമുണ്ടായില്ല. 1931-ലെ അസം സെന്‍സസില്‍ മുള്ളന്‍ പറഞ്ഞത് “ഈ കുടിയേറ്റ പട്ടാളം (അസമിലെ) നൗഗോംഗ് ജില്ലയെ ഏറ്റെടുത്തു കഴിഞ്ഞു” എന്നാണ്. 
 
സ്വാതന്ത്ര്യാനന്തരം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം ഇന്ത്യക്ക് എന്നും ഒരു തലവേദനയാണ്. അസം ഗണ പരിഷത്ത് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍ഫ അടക്കമുള്ള സായുധ സംഘങ്ങളും ഒക്കെ ഈ കുടിയേറ്റത്തോടുള്ള എതിര്‍പ്പില്‍ മുളച്ചവയാണ്. ബി.ജെ.പി, ശിവസേന, ആര്‍.എസ്.എസ് ഒക്കെ ബംഗ്ലാദേശികള്‍ക്കെതിരെ എല്ലായ്‌പ്പോഴും നിലപാടെടുക്കുകയും തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഇതൊരു അടിത്തറയാക്കിയിട്ടുമുണ്ട്. ഒരു കോടിക്കു മുകളിലാണ് ഇന്ത്യയിലുള്ള അനധികൃതരും അല്ലാത്തവരുമായിട്ടുള്ള ബംഗ്ലാദേശികളുടെ കണക്ക്. എന്നാല്‍ കൃത്യമായ കണക്ക് ആര്‍ക്കുമറിയില്ല. തെക്കനേഷ്യന്‍ മേഖലയിലെ താരതമ്യേനെ മെച്ചപ്പെട്ട സാമ്പത്തിക ശക്തിയായ ഇന്ത്യയിലേക്ക് ബംഗ്ലാദേശ്, നേപ്പാള്‍ അടക്കമുള്ള പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തുടരുക തന്നെ ചെയ്യും. പക്ഷേ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളാണ് പലപ്പോഴും ഈ കുടിയേറ്റത്തിന് കാരണമാകുന്നതെങ്കില്‍ ഈ സാഹചര്യം ദേശവിരുദ്ധ ശക്തികള്‍ മുതലെടുക്കാനുള്ള സാധ്യതയും ഏറെയാണ്. അത് ഒരു ഭരണകൂടത്തിനും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. 
 
 
ഇവിടെയാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച ആധാര്‍ പദ്ധതിയിലെ മണ്ടത്തരങ്ങള്‍ വെളിവാകുന്നത്. നന്ദന്‍ നിലകാനി എന്ന ഇന്‍ഫോസിസ് കോടീശ്വരനെ കൊണ്ടുപോയിരുത്തിയതു കൊണ്ടോ ഇതിനെ ബാങ്ക് അക്കൗണ്ടുകളോ എല്‍.പി.ജി സബ്‌സിഡിയോ ഒക്കെക്കൊണ്ട് ബന്ധപ്പെടുത്തയതു കൊണ്ടോ ആധാര്‍ ഇന്ത്യയില്‍ ശാശ്വതമായ ഒരു പരിഹാരമല്ല. ഇന്ത്യന്‍ പൗരത്വവുമായി യാതൊരു ബന്ധവുമില്ലാതെ തന്നെ ആധാര്‍ നേടിയെടുക്കാമെന്നത് വളരെ ഗൗരവമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആധാറുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടും റേഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ടും വരെ നേടിയെടുക്കാമെന്നുളള യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. 
 
ആധാറിലുള്ള ഈ ഭീഷണിയാണ് കോബ്രാ പോസ്റ്റ് തങ്ങളുടെ ഒളിക്യാമറയിലൂടെ തിങ്കളാഴ്ച പുറത്തു കൊണ്ടുവന്നത്. 500 രൂപ മുതല്‍ 2500 രൂപ വരെ നല്‍കിയാല്‍ യാതൊരു അഡ്രസ് പ്രൂഫുമില്ലാതെ ആധാര്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ഏജന്റുമാരുണ്ടെന്നാണ് കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഉള്ള തീവ്രവാദിയാണെങ്കില്‍ പോലും ഇന്ത്യയില്‍ നിങ്ങള്‍ക്ക് സുരക്ഷിതനാകാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായി ആധാര്‍ മാറിയിരിക്കുകയാണ്. ഈ വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും ആധാര്‍ വിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 
 
 
രാജ്യസുരക്ഷ മാത്രമല്ല ആധാറിന്റെ പ്രശ്‌നം. ആധാറിനുള്ള വിവരശേഖരണവും വിവരങ്ങള്‍ സൂക്ഷിക്കലും ഇന്ത്യയില്‍ നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്. നൂറുകോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ വിവരങ്ങളും സ്വകാര്യ ഏജന്‍സികളില്‍ എത്തുന്നത് വഴി നമ്മുടെയൊക്കെ സ്വകാര്യത ഭീഷണിയിലാണ്. 
 
മുകളില്‍ പറഞ്ഞതും മറ്റുചില കാരണങ്ങളും മുന്‍നിര്‍ത്തിയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് അവരുടെ ദേശീയ ഐഡന്റിറ്റി കാര്‍ഡ് പദ്ധതി നിര്‍ത്തലാക്കിയത്. ആധാര്‍ ബില്ലിനെ തള്ളിക്കൊണ്ട് 2011-ല്‍ പാര്‍ലമെന്റിന്റെ ധനകാര്യ സമിതി ഇതു സംബന്ധിച്ച് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിന്റെ ഒരു പഠനം ഉദ്ധരിക്കുന്നു. “പുറത്തേക്കു കാണാന്‍ കഴിയാത്ത ഒരുപാട് പ്രശ്‌നങ്ങള്‍ ഈ ഐഡന്റിറ്റി പ്രോജക്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പൊതുതാത്പര്യത്തിനും വ്യക്തികളുടെ അവകാശങ്ങള്‍ക്കും ഈ പദ്ധതി കടുത്ത ഭീഷണിയാണ്”. 
 
ഇന്നുവരെ 3,500 കോടി രൂപ ചെലവഴിച്ചിരിക്കുന്ന ആധാര്‍ പദ്ധതി ഇന്ത്യ മുഴുവന്‍ നടപ്പാക്കിക്കഴിയുമ്പോള്‍ 45,000 കോടി രൂപയിലേറെ ചെലവു വരുമെന്നാണ് കണക്ക്. ഇന്ത്യന്‍ പാര്‍ലമെന്റ് ആധാര്‍ നിയമത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെറും എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ മാത്രം ബലത്തിലാണ് പെതുഖജനാവില്‍ നിന്നുളള ഇത്രയേറെ കോടികള്‍ ചെലവഴിച്ചിട്ടുള്ളതെന്നും ഓര്‍ക്കണം. 
 
 
ആധാറില്‍ നിന്ന് നിലകാനിക്ക് ഇനിയൊരു പ്രശസ്തിയുണ്ടായിട്ടുമില്ല, ഉണ്ടാകാന്‍ ഇടയുമില്ല. നേരെ മറിച്ച് നേരാംവണ്ണം ആധാര്‍ പദ്ധതിയെ കുറിച്ച് അന്വേഷണം നടത്തിയാല്‍ ചീത്തപ്പേരിന് സാധ്യതയുണ്ട് താനും. നിലകാനിയെന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ഹീറോയായ ടെക്‌നോക്രാറ്റ് ബാംഗ്ലൂരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തി സഭാ നടപടികളില്‍ പങ്കെടുത്ത് നല്ലൊരു പാര്‍ലമെന്റേറിയന്‍ എന്ന ലെഗസി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. കാരണം, ആധാറിന്റെ നേതൃത്വത്തില്‍ ഇരുന്നുകൊണ്ട് നിലകാനി കാണിച്ച മര്‍ക്കടമുഷ്ടിയോ ‘ഇമാജിനിംഗ് ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ തടിയന്‍ പുസ്തകമോ ഇന്ത്യ എന്ന കുഴഞ്ഞുമറിഞ്ഞ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതല്ല. മന്‍മോഹന്‍ സിംഗിനെ സംബന്ധിച്ചിടത്തോളം താന്‍ മുന്നോട്ടുവച്ച ഒരുപാട് അബദ്ധ പദ്ധതികളില്‍ ഒന്നു മാത്രമായിരിക്കാം ആധാര്‍. എന്നാല്‍ ക്യാബിനറ്റ് പദവിയുണ്ടായിരുന്ന നിലകാനിയെങ്കിലും കുറച്ച് വകതിരിവോടെ പെരുമാറണമായിരുന്നു. 
 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍