UPDATES

കേരളം

അച്യുതാനന്ദന്‍റെ ഇമേജിനെക്കുറിച്ച് ആര്‍ക്കാണ് വേവലാതി?

ശോഭന

തൊണ്ണൂറുകളുടെ അവസാനത്തില്, ആഗോളവല്ക്കരണാനന്തര കാലഘട്ടത്തിലാണ് കേരളം അച്യുതാനന്ദനെ ശ്രദ്ധിക്കുന്നത്. കോണ്‍ഗ്രസുകാരുടെ ഇടയില് പോലും ജൂബ കാലഹരണപെട്ട ഒരു കാലത്താണ് ജൂബ വസ്ത്രധാരിയായ ഈ കമ്യുണിസ്റ്റുകാരന്‍ പൊതു സമൂഹത്തില് പൊന്തി മുളച്ചു വന്നത്. ഇ കെ നായനാരെ പോലെ തമാശക്കാരനല്ലാത്ത, ഇ എം എസ്സിനെ പോലെ താത്വിക ജ്ഞാനം ഇല്ലാത്ത, പൊതു ജനസമ്മതി ഒട്ടുമില്ലാത്ത വരണ്ട മൂരാച്ചി കമ്യുണിസ്റ്റുകാരന്‍റേതായിരുന്നു അച്യുതാനന്ദന്റെ ഇമേജും. ഒറ്റ വാക്യത്തില് പറഞ്ഞാല് പാര്‍ടി ജയിക്കുമ്പോള് താന് തോല്ക്കുകയും താന് ജയിക്കുമ്പോള് പാര്‍ടി തോല്ക്കുകയും ചെയ്യുന്ന പാരമ്പര്യത്തിന്‍റെ ഉടമ. അധികാര മോഹിയായ കമ്യുണിസ്റ്റുകാരന് ചേരുന്ന ഇമേജിന്റെ പുറകിലെ ഈ തമാശ നമ്മള് മനസ്സറിഞ്ഞു ആസ്വദിച്ചു. 

വളരെ സാവധാനത്തിലായിരുന്നു എങ്കിലും ശക്തമായിട്ടു തന്നെ ഈ ഇമേജിന് വിള്ളലുകള് വരുകയും അച്യുതാനന്ദന് ജനസമ്മതി നേടുകയും ചെയ്തു.

നമ്മുടെ   മുഖ്യധാര രാഷ്ട്രീയ കക്ഷികള് എതിര് പാര്‍ടിക്കാരുടെ അഴിമതികളെ പറ്റി പുറമേ നിശിതമായി വിമര്‍ശിച്ചതിനു ശേഷം ഉള്ളില് ഒരു പരസ്പരം സഹായസഹകരണ സംഘം നടത്തുകയാണല്ലോ പതിവ്. ഈ സഹായ സഹകരണ സംഘത്തിനു വെളിയില് ഒന്നും വന്നിരുന്നില്ല. ഭൂമി ഉരുണ്ടതു പോലെ തന്നെ ഇതിനു ഒരു മാറ്റവും ഉണ്ടാകിലെന്നും പ്രായോഗിക രാഷ്ട്രീയത്തില് ആദര്‍ശപരമായ നിലപാടുകൾക്ക് ഏത് അളവ് വരെ പോകാം എന്നുമുള്ള യാഥാര്‍ഥ്യം ഉത്തമ പൊതുജനങ്ങളായ നാം എന്നേ അംഗീകരിച്ചു കഴിഞ്ഞതാണ്. ആദര്‍ശം എന്നത് അധികാരത്തിന്റെ ഏഴു അയലത്തു വരാത്തവര്‍ നടത്തുന്ന പ്രഭാഷണമാണല്ലോ. ഈയൊരു കാലഘട്ടത്തിലാണ് സൂര്യനെല്ലി വിഷയത്തില് പി.ജെ.കുര്യനെ സംരക്ഷിച്ച, ഐസ് ക്രീം വിഷയത്തില് കുഞ്ഞാലികുട്ടിയെ സംരക്ഷിച്ച കോണ്‍ഗ്രസ് പാര്‍ടിക്കും സ്വന്തം പാര്‍ടിയായ സി പി എമ്മിനും എതിരെ അച്യുതാനന്ദന് രംഗത്ത്‌ വരുന്നത്. പാര്‍ടിയിലെ ശത്രുക്കളെ നേരിടാനും വ്യക്തിപരമായ ഇമേജിനും വേണ്ടിയായിരുന്നു അദ്ദേഹം ഈ  നിലപാട് സ്വീകരിച്ചതെന്ന് രാഷ്ട്രീയ നിരിക്ഷകരും  കോണ്‍ഗ്രസും  പാര്‍ടിക്കാരും ആരോപിച്ചു.

അത് പാര്‍ടിക്കാരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും കാര്യം! പക്ഷെ  ദൈനംദിന ജീവിതം ഒരു സമരമാക്കി ജീവിച്ചവര്‍ക്ക്  ഈ നിലപാട് വലിയ പ്രതീക്ഷയാണ് നല്കിയത്. ബാലകൃഷ്ണ പിള്ളയെ ജയിലിലടച്ചതിനു യു ഡി എഫിന് മാത്രമായിരിക്കില്ല എതിര്‍പ്പ്, എല്‍ ഡി എഫുകാര്‍ക്കും പേടി തോന്നിയിരിക്കും. ഇങ്ങനെ പോകുകയാണെങ്കില് രാഷ്ട്രീയം വളരെ അപകടം പിടിച്ച പണിയാകുമല്ലോ. ഡിസ്കവറി ചാനലിലെ മോസ്റ്റ്‌ റിസ്ക് ജോബിലെ ഒരെണ്ണം ആയി മാറും.    അഴിമതിയെ ആരോപണം എല്ലാം ആകാം. പക്ഷെ നടപടി എടുക്കുന്നത് വ്യക്തി ഹത്യയായി കണക്കാക്കും. (യഥാര്‍ഥത്തില്‍ കെ എസ ആര് ടി സി യുടെ സാമ്പത്തിക നഷ്ടത്തിനു ഒരു പാട് കാലം അതിന്റെ മന്ത്രി ആയിരുന്ന ബാലകൃഷ്ണ പിള്ളയുടെ അടക്കം സ്വത്തുക്കള്‍ കണ്ടു കെട്ടുകയാണ് വേണ്ടത്). ഈ  അഴിമതി സമരങ്ങളുടെ അവസാനം എന്തുണ്ടായി എന്നത് പ്രസക്തമാണെങ്കിലും സ്ത്രീ പീഡന വിഷയങ്ങള്, പരിസ്ഥിതി വിഷയങ്ങള് എന്നിങ്ങനെ പാര്‍ശ്വവൽക്കരിക്ക പെട്ട വിഷയങ്ങള് മുഖ്യ ധാരയില് കൊണ്ടുവരാന്‍  അച്യുതാനന്ദന് കഴിഞ്ഞിട്ടുണ്ട്. പത്തു പതിനഞ്ചു വര്‍ഷമായി കേരളം ചര്‍ച്ച ചെയ്യുന്നത്, ജഗരൂകരായിരുക്കുന്നത് അച്യുതാനന്ദന് മുന്നോട്ടു വെച്ച ഈ വിഷയങ്ങള് മാത്രമാണ് എന്ന വസ്തുത നിഷേധിക്കാന് കഴിയില്ല.   ലാവലിന് ഒരു വലിയ അഴിമതിയാക്കിയതു അച്യുതാനന്ദനാണ്. കോണ്‍ഗ്രസ്കാര്‍ പോലും പറയുന്നത് ഞങ്ങളല്ല നിങ്ങളുടെ നേതാവ് തന്നെയാണ് ആരോപണം ഉയര്‍ത്തുന്നത് എന്നാണ്. ഈ വിഷയം ഉന്നയിക്കുന്നതിലൂടെ അഴിമതിയുടെ സൂക്ഷ്മ വശങ്ങള് കേരളീയ സമൂഹം ചര്‍ച്ച ചെയ്യുകയുണ്ടായി. ഇത് സമാനമായ എല്ലാ കേസുകളിലും സംഭവിക്കുകന്നുണ്ട്. ഇനി ഈ വിഷയങ്ങളില്‍ നിന്നെല്ലാം അദ്ദേഹം പിന്നോട്ട് പോയാലും ആ വിഷയങ്ങളും അതിന്റെ വിശദാംശങ്ങളും അവിടെ നിലനില്ക്കുക തന്നെ ചെയ്യും. മുഖ്യധാരയില് ഈ ചര്‍ച്ചകള്‍ നടക്കുന്നു എന്നത് തന്നെയാണ് പ്രധാന കാര്യം 

മൂന്നാറിലെ വന്‍കിട റിസോർട്ടുകള് ജെ സി ബി വെച്ച് തകര്‍ക്കുന്ന കാഴ്ച കേരള സമൂഹത്തിനു നല്കിയത്, നിലനില്‍ക്കുന്ന സംവിധാനത്തില്‍ തന്നെ പല തരത്തിലുള്ള അഴിമതികളേയും എതിര്‍ക്കാനുള്ള ഇടം ഉണ്ട് എന്ന തിരിച്ചറിവായിരുന്നു. അത് പലരും പല വിധത്തില് മൂന്നോട്ടു കൊണ്ട് പോയി. രാഷ്ട്രീയമായി ടി പി ചന്ദ്രശേഖരനെയും  എം ആര്‍ മുരളിയെയും  ടി എന്‍ സന്തോഷിനെയും പോലെയുള്ളവരെ പോലെ തന്നെ സര്‍ക്കാര്‍ സംവിധാനത്തിലും അതിന്റെ അനുരണനങ്ങള് ഉണ്ടായിട്ടുണ്ട്. 

ടി പി ചന്ദ്രശേഖരന്റെ വധവുമായി നടന്ന ചര്‍ച്ചകളിലും തുടര്‍ന്നുള്ള സംഭവങ്ങളിലും പാര്‍ടിയെ പ്രതി സ്ഥാനത്ത് നിര്ത്തുന്ന നിലപാട് അച്യുതാനന്ദന്‍ സ്വീകരിച്ചു. ഇനി അദ്ദേഹം ഇതെല്ലം നിഷേധിച്ചാല് തന്നെയും ഈ കാര്യങ്ങള് നിരാകരിക്കാന് ആര്‍ക്കും സാധിക്കുകയില്ല. 

ഇതിനൊക്കെ മുൻപ് അദ്ദേഹത്തിന്റെ ഇത്തരം വിഷയത്തിലുള്ള നിലപാടുകളെന്തായിരുന്നു?  പാര്‍ടി ഫോറങ്ങളില് ഒതുങ്ങി തന്റെ നിലപാട് അവിടെ മാത്രം വെയ്ക്കാനെ അച്യുതാനന്ദന് കഴിയുമായിരുന്നുള്ളൂ. പൊതു സമൂഹത്തില് അദ്ദേഹം അദൃശ്യനായിരുന്നു. ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത സി പി എമ്മിലെ വടവൃക്ഷമായിരുന്ന ഇ എം എസ് ഉള്ളപ്പോള് മറ്റാരുടെയും നിലപാടുകള് പ്രസക്തവും പ്രാധാന്യവും ഉള്ളതായിരുന്നില്ല എന്നതാണ്. അദേഹത്തിന്റെ ബ്രാഹ്മണിക്കലായ നിലപാടുകളും അപ്രമാദിത്വവും ആരും ചോദ്യം ചെയ്യുമായിരുന്നില്ല. വികസന കാര്യങ്ങളില് രാഷ്ട്രീയം പാടില്ല എന്ന പിന്തിരപ്പന്‍ ആശയം കേരളത്തില് ആദ്യം അവതരിപ്പിച്ചത് ഇ എം എസ ആയിരുന്നു. വികസന കാര്യത്തിലല്ലാതെ പിന്നെ ഏത് കാര്യത്തിലാണ് സഖാവേ നമുക്ക് രാഷ്ട്രീയ വ്യത്യാസം വേണ്ടതെന്നു അന്ന് ആരും ചോദിച്ചില്ല . വികസനത്തില് നിന്ന് രാഷ്ട്രീയം മാറ്റിനിര്‍ത്തിയതിന്‍റെ വികലഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. വികസന വിഷയത്തിലെ തന്‍റെ ഗുരു ഇ എം  എസ് ആണെന്ന് പറയാറുള്ളത് ഏ കെ ആന്‍റണി ആണല്ലോ. 

ഇ എം എസിന്റെ പ്രസിദ്ധമായ കാലഘട്ടത്തിനു ശേഷം മാത്രമാണ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ നിലപാടുകള് പുറത്തു വരുന്നത്. അച്ചടക്കമുള്ള ഒരു പാര്‍ടി പ്രവര്‍ത്തകനായി നിന്നു കൊണ്ട് ഇത്തരത്തിലുള്ള നിലപാടുകള് അവതരിപ്പിക്കുകയും പിന്‍വാങ്ങുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ രീതി ആയിരിക്കാം. സ്വന്തമായ രീതിയില് കാര്യങ്ങള് പഠിച്ചു അവതരിപ്പിക്കുന്നതാണ് അച്യുതാനന്ദന്‍റെ ശൈലി.

അദ്ദേഹത്തിന്‍റെ ഇമേജിന് പൊതു സമൂഹം നല്കുന്ന പ്രാധാന്യം വ്യക്തിപരമായി അദ്ദേഹം നല്കുന്നുണ്ടോ? പൊതു സമൂഹത്തില് അച്യുതാനന്ദന്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകേണ്ട ദൗത്യം അദ്ദേഹത്തിന്‍റെതാണ് എന്ന ധാരണയാണ് ഇപ്പോഴത്തെ പ്രശ്നം. എന്നാല്‍ അച്യുതാനന്ദനെവരെ ചോദ്യം ചെയ്യാനുള്ള ഒരു ഇടം പൊതുസമൂഹത്തില്‍ സൃഷ്ടിച്ചു എന്നതായിരിക്കും അച്യുതാനന്ദന്‍റെ സംഭാവനയായി പില്‍ക്കാലം വിലയിരുത്താന്‍ പോകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍