UPDATES

ഓഫ് ബീറ്റ്

കുഞ്ഞുങ്ങള്‍ മനുഷ്യരാകാന്‍ പഠിക്കുന്നതെങ്ങനെ

 

നിക്കോളാസ്‌ ഡേ

 

ഒരു കുഞ്ഞായിരിക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. നിങ്ങള്‍ക്ക്‌ അറിയുന്ന കാര്യങ്ങള്‍ അറിയില്ല എന്ന് സങ്കല്‍പ്പിക്കുന്നതാണ് അതിലേറെ എളുപ്പം. നിങ്ങള്‍ ഒരു കാപ്പി വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണെന്ന് കരുതുക. കടക്കാരന്‍ ഒരു കപ്പു കാപ്പി തയ്യാറാക്കി കൌണ്ടറില്‍ വയ്ക്കും. അതിനെ മുതിര്‍ന്ന ഒരാള്‍ എന്ന നിലയില്‍ നിങ്ങള്‍ മനസിലാക്കുന്നത് ഇങ്ങനെയാണ്. അയാള്‍ ഒരു ഉപഭോക്താവിന് വേണ്ടി ഒരു കപ്പു കാപ്പി എടുത്തു കൌണ്ടറില്‍ വച്ചു. എന്നാല്‍ ഒരു കുഞ്ഞ്, കുറഞ്ഞപക്ഷം ഒരു നവജാതശിശുവെങ്കിലും എന്ന നിലയില്‍ അതിനെ മനസിലാക്കുക ഇവ്വിധമായിരിക്കും. അയാള്‍ ആ ഇടത്തിലൂടെ ഒരു വസ്തു പിടിച്ചുകൊണ്ട് തന്റെ കൈ നീട്ടി. അതിനു ശേഷം പിടി വിട്ടു. അത്ര മാത്രം!

 

ഉദ്ദേശങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത ഒരു സമയം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്ന് ചുരുക്കിപ്പറയാം. ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ട്- അവര്‍ എന്തോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ചുറ്റും കാണുന്ന ഓരോരുത്തരെയും നിങ്ങള്‍ മനസിലാക്കുന്നത് ഇതിന്‍പ്രകാരമാണ്. ഈ അറിവാണ് ഒരു സാമൂഹിക ലോകത്തിനു അര്‍ഥം നല്‍കുന്നത്. ഒരാള്‍ നിങ്ങള്‍ക്ക് നേരെ കൈ നീട്ടുമ്പോള്‍ അത് ഷേക്ക്‌ഹാന്‍ഡിനായാണെന്ന് നിങ്ങള്‍ അറിയുന്നത് ഇങ്ങനെയാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ ഈ അറിവുമായല്ല ജനിക്കുന്നത്. അവര്‍ക്ക് ഈ അറിവ് നേടിയെടുക്കേണ്ടതുണ്ട്. അത് കിട്ടുന്നത് വരെ ഒരു കാപ്പിക്കടയും പ്രവര്‍ത്തിക്കുന്നതിലെ സാംഗത്യം അവര്‍ക്ക് മനസിലാകില്ല.

 

ഉദ്ദേശങ്ങളെ പ്രവര്‍ത്തികളുമായി കുട്ടികള്‍ ബന്ധിപ്പിച്ചുതുടങ്ങുന്നത് എങ്ങനെയെന്നും എപ്പോള്‍ മുതലെന്നും കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെവലപ്മെന്റല്‍ സൈക്കോളജിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ട്. (ഒരേപോലെ പ്രധാനപ്പെട്ട മറ്റ് അറിവുകള്‍ ഇവയാണ്: എന്തിനാണ് ഒരാള്‍ ശ്രദ്ധ കൊടുക്കുന്നത് എന്നതിലൂടെ അവരുടെ ഉദ്ദേശം മനസിലാക്കാനാകും; ഓരോ തരം ഉദ്ദേശങ്ങള്‍ ഉള്ളത് ഓരോ തരം വ്യക്തികള്‍ക്കാണ്- എല്ലാവരും കൈ നീട്ടുന്നത് കാപ്പിക്കപ്പു മേശപ്പുറത്ത് വയ്ക്കാന്‍ വേണ്ടിയല്ല.) അവര്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ അത്ഭുതകരങ്ങളാണ്: അവരുടെ തന്നെ പ്രവര്‍ത്തികളുടെ ഫലം നിരീക്ഷിച്ചാണ് കുഞ്ഞുങ്ങള്‍ സാമൂഹികലോകത്തെ കുറെയൊക്കെ മനസിലാക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കുഞ്ഞിനെ കാപ്പി വിതരണം ചെയ്യുന്ന ജോലിക്കെടുക്കുകയും ആ കുഞ്ഞിനു കാപ്പിക്കപ്പു കൌണ്ടറില്‍ വയ്ക്കുന്ന അനുഭവം ഉണ്ടാവുകയും ചെയ്‌താല്‍ അതിനു മറ്റുള്ള ജോലിക്കാരുടെ പ്രവര്‍ത്തികള്‍ വേഗം മനസിലാകും.

 

അമാന്ട വുഡ്വാര്‍ഡ്‌ എന്നാ ചിക്കാഗോ സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റിന്റെ ലാബില്‍ നിന്നാണ് കൂടുതല്‍ രസകരങ്ങളായ പഠനങ്ങള്‍ ഉണ്ടായത്. ഭാഷ എങ്ങനെ വികസിക്കുന്നു എന്നതായിരുന്നു അവരുടെ വിഷയം. അവര്‍ ഭാഷയെപ്പറ്റി കുറച്ചുമാത്രം വേവലാതിപ്പെട്ടു ഭാഷയ്ക്ക്‌ മുന്‍പുള്ള കാലത്തെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചു. അവള്‍ കണ്ട കുട്ടികള്‍ക്ക് വളരെയധികം സാമൂഹിക ധാരണകള്‍ അപ്പോള്‍ തന്നെ ഉണ്ടായിരുന്നു. അവരുടെ പക്കല്‍ നിന്നും വാക്കുകള്‍ പഠിച്ച ആ കുട്ടികള്‍  അവരുടെ ഉദ്ദേശത്തെ ചോദ്യം ചെയ്തു: എന്താണ് വിചിത്രയായ ഈ ബിരുദക്കാരി ചെയ്യുന്നത്? അങ്ങനെ കുഞ്ഞുങ്ങള്‍ എങ്ങനെ അവിടെ വരെ എത്തുന്നു എന്ന ചോദ്യത്തില്‍ വുഡ്‌വാര്‍ഡ്‌ എത്തി. ഉദ്ദേശങ്ങള്‍ എന്നാ ആശയം ഒരുവയസുള്ള കുഞ്ഞുങ്ങള്‍ എങ്ങനെയാണ് മനസിലാക്കുന്നത്?

 

ഈ ലോകത്ത് വെറും അര വര്‍ഷം ജീവിക്കുമ്പോള്‍ തന്നെ ലോകം എങ്ങനെയാണെന്ന് കുറെയൊക്കെ കുട്ടികള്‍ മനസിലാക്കിയിട്ടുണ്ടാകും. പുതുതായി കാണുന്ന സംഭവങ്ങളെ കുട്ടികള്‍ കൂടുതല്‍ നേരം നോക്കും എന്ന തത്വം ഉപയോഗിച്ച് അവര്‍ ഒരു പരീക്ഷണം നടത്തി. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ ഒരാള്‍ വ്യത്യസ്തമായ ഒരു വസ്തു എടുക്കാന്‍ തുനിഞ്ഞപ്പോഴെല്ലാം കൂടുതല്‍ നേരം നോക്കി, എന്നാല്‍ വ്യത്യസ്ത ദിശയിലേയ്ക്ക് കൈ നീട്ടിയപ്പോള്‍ അങ്ങനെ നോക്കിയതില്ല. വസ്തുവാണ് ആംഗ്യമല്ല പ്രധാനം എന്നവര്‍ മനസിലാക്കിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു യന്ത്രക്കൈ ഇങ്ങനെ ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ നേരം നോക്കിയില്ല. മനുഷ്യര്‍ക്ക്‌ മാത്രമാണ് ലക്ഷ്യങ്ങള്‍ ഉള്ളതായി അവര്‍ കരുതിയത്. യന്ത്രക്കൈകള്‍ക്ക് അവര്‍ അങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല.

അവര്‍ എങ്ങനെയാണ് ഇത് മനസിലാക്കിയത്? കുട്ടികള്‍ നിലത്ത് കിടന്നു കളിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് അവര്‍ ഇത് തീരുമാനിക്കുന്നത്. “സ്ടിക്കി മിട്ടന്‍സ്‌” എന്ന് പേരിട്ട ഒരു പരീക്ഷണത്തിലൂടെയാണ് ഇത് തെളിഞ്ഞത്. കുട്ടികളുടെ കൈകളില്‍ വെല്‍ക്രോയുള്ള കയ്യുറകള്‍ ധരിപ്പിക്കുകയും വെല്‍ക്രോയുള്ള പാവകള്‍ ഉയര്‍ത്തിയെടുക്കാന്‍ അവരെ അനുവദിക്കുകയും ചെയ്തു. മൂന്നുമാസമെത്തുമ്പോള്‍ വസ്തുക്കള്‍ കയ്യെത്തിച്ചു എടുക്കുന്നതില്‍ കുട്ടികള്‍ അത്ര മികവ് കാണിക്കില്ല. ആളുകള്‍ കൈ എത്തിച്ചു ചെയ്യുന്നതെന്താണെന്ന് അവര്‍ക്ക് മനസിലാക്കാനും കഴിയില്ല. എന്നാല്‍ “സ്ടിക്കി മിട്ടന്‍സ്‌”ധരിച്ച് വസ്തുക്കള്‍ ഉയര്‍ത്തുന്ന അനുഭവം ഉണ്ടായിക്കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ അവര്‍ കൈ എത്തിക്കുന്നതിന്റെ കാരണം മനസിലാക്കുന്നു. ഇതിനുശേഷം ഒരാള്‍ വ്യത്യസ്ത വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക് വ്യത്യസ്ത ലക്ഷ്യങ്ങള്‍ ഉണ്ടെന്നു കുട്ടികള്‍ തിരിച്ചറിയുന്നു. (ഇത് ആദ്യം കാണുകയും പിന്നീട് മിട്ടന്‍സ്‌ ധരിക്കുകയും ചെയ്ത കുട്ടികള്‍ അത് ശ്രദ്ധിച്ചില്ല.) മിട്ടന്‍സ്‌ ഉപയോഗിച്ച് കൂടുതല്‍ കളിക്കും തോറും അതിന്റെ ഫലം ഏറിവന്നു. വെറും നിമിഷങ്ങള്‍ നീണ്ട അനുഭവം കുട്ടികളുടെ ലോകത്തെപ്പറ്റിയുള്ള ധാരണയെ മാറ്റിമറിച്ചു. കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങളിലും ഇത് തുടര്‍ന്നു. പത്തുമാസം പ്രായമെത്തുമ്പോള്‍ കുട്ടികള്‍ വസ്തുക്കള്‍ കൈ എത്തിച്ച് എടുക്കാന്‍ പഠിക്കുമെങ്കിലും ഉയരത്തില്‍ വച്ചിരിക്കുന്ന വസ്തുക്കള്‍ അപ്പോഴും അവര്‍ക്ക് അപ്രാപ്യമാണ്. എന്നാല്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ ഒരു ആയുധത്തിന്റെ ഉപയോഗം പഠിച്ചാല്‍- ഉദാഹരണത്തിന് ഒരു വടി ഉപയോഗിച്ച് ഒരു പാവ എടുത്താല്‍- പിന്നീട് മുതിര്‍ന്നവര്‍ അതുപയോഗിക്കുമ്പോള്‍ അവര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് കുട്ടികള്‍ മനസിലാക്കും. അവര്‍ അന്ത്യഫലത്തില്‍ (പാവ) ആണ് ശ്രദ്ധ വയ്ക്കുക, മാര്‍ഗത്തിലല്ല (വടി).

 

 

ആളുകള്‍ക്ക് ലക്ഷ്യങ്ങളുണ്ടെന്നു മനസിലാക്കിയാല്‍ പിന്നെ എവിടെ നോക്കിയാലും കുഞ്ഞുങ്ങള്‍ ലക്ഷ്യങ്ങള്‍ കാണാന്‍ തുടങ്ങും. വുഡ്വാര്‍ഡ്‌ പറയുന്നു: “ഏഴുമാസമായ ഒരു കുഞ്ഞ് ഒരാള്‍ ഒന്നോ രണ്ടോ വസ്തുക്കള്‍ എടുക്കുന്നത് കാണുന്നു എന്ന് വിചാരിക്കുക. അതിനു ശേഷം ഒരവസരം കിട്ടിയാല്‍ അതെ വസ്തുക്കള്‍ തന്നെയാവും കുട്ടിയും എടുക്കാന്‍ ശ്രമിക്കുക. എന്നാല്‍ മുതിര്‍ന്ന വ്യക്തി കൃത്യതയില്ലാതെ പെരുമാറിയാല്‍, അതായത് ഒരു പാവയെ തൊടുകയോ മറ്റോ ചെയ്‌താല്‍ കുട്ടി ഏതെങ്കിലുമൊക്കെ പാവയായിരിക്കും ചെന്നെടുക്കുക.  മുതിര്‍ന്നയാളുടെ നീക്കങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷ്യമുള്ളതായി അപ്പോള്‍ അവര്‍ മനസിലാക്കില്ല. മനുഷ്യപ്രവര്‍ത്തികളുടെ സൂക്ഷ്മമായ മനസിലാക്കലാണിത്.

 

കുട്ടികള്‍ ഇത് നേടിയെടുക്കുന്നതാവട്ടെ അത്ഭുതകരമാം വിധം വളരെ ചെറിയ സമയത്തിനുള്ളിലുമാണ്. കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതില്‍ എത്ര മിടുക്കരാനെന്നാണ് വുഡ്‌വാര്‍ഡിന്റെ പഠനം സൂചിപ്പിക്കുന്നത്. അവരുടെ നേട്ടങ്ങള്‍ അത്ഭുതകരം തന്നെയാണ്. പരീക്ഷണം നടത്തുമ്പോള്‍ വുഡ്‌വാര്‍ഡ്‌ പോലും ഇതിലും കുറച്ചു ഫലങ്ങള്‍ മാത്രമാണ് പ്രതീക്ഷിച്ചത്. ഇന്‍ഫന്‍സി റിസേര്‍ച് നടത്തുന്ന എലിസബത്ത്‌ സ്പെല്‍കെയുടെ കൂടെയാണ് വുഡ്വാര്‍ഡ്‌ പോസ്റ്റ്‌ ഡോക്ടറല്‍ ജോലികള്‍ ചെയ്തത്. സ്പെല്‍കെയുടെ ഇന്‍ഫന്‍റ് കോര്‍ അറിവിനെ പറ്റിയുള്ള സിദ്ധാന്തം ഈ പഠന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചിരുന്നു. നാമെല്ലാം കുറെ സഹജമായ അറിവുകളോടെയാണ് ജനിച്ചതെന്നതാണ് ഈ സിദ്ധാന്തം. “സാമൂഹിക അറിവിനെപ്പറ്റിയുള്ള ഈ പഠനവും മറ്റ് ഇന്‍ഫന്‍റ് കോര്‍ അറിവുകളോടൊപ്പം ചേരുമെന്നാണ് ഞാന്‍ കരുതിയത്‌. അനുഭവത്തിന് ഇതില്‍ പങ്കുണ്ടാവുമെന്നു ഞാന്‍ കരുതിയാതെയില്ല.”, വുഡ്വാര്‍ഡ്‌ പറയുന്നു. “മുതിര്‍ന്ന കുട്ടികള്‍ മാത്രം എന്റെ ടെസ്റ്റുകള്‍ പാസാകുന്നതെന്താണ് എന്നോര്‍ത്ത് ഞാന്‍ തുടക്കത്തില്‍ വിഷമിച്ചിരുന്നു.” പാസാകുന്നതിനു മുന്‍പ് അവര്‍ പഠിച്ചിരുന്നു എന്നതാണ് സത്യം. അവരുടെ പക്കലുണ്ടായിരുന്ന ചുരുങ്ങിയ സമയം പഠിക്കാനാണ്‌ അവര്‍ ഉപയോഗിച്ചത്.

 

കുഞ്ഞുങ്ങള്‍ മിടുക്കരായിരിക്കുകയും എന്നാല്‍ പഠിക്കേണ്ട ആവശ്യം ഉണ്ടാവുകയും ചെയ്യുന്നത് അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ അത് സത്യമാണ്. “വിചിത്രമെന്നു പറയട്ടെ, ഈ പഠനമേഖലയിലെ വിചാരം ഇത് വരെ ഇങ്ങനെയായിരുന്നു: പഠനം പ്രധാനമെങ്കില്‍ കുഞ്ഞുങ്ങള്‍ അത്ര മിടുക്കരായിരിക്കില്ല. കുഞ്ഞുങ്ങള്‍ മിടുക്കറാണെങ്കില്‍ പഠനം അത്ര പ്രധാനമല്ല.”, വുഡ്വാര്‍ഡ്‌ പറയുന്നു. “എന്നാല്‍ ഇതൊരു മണ്ടത്തരമാണ്.” അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പഠിക്കണമെങ്കില്‍ കുഞ്ഞുങ്ങള്‍ മിടുക്കരായിരിക്കണം.

 

കുഞ്ഞുപ്രായത്തെപ്പറ്റിയുള്ള ഏറ്റവും പ്രചാരത്തിലുള്ള വിശ്വാസം സഹജാവബോധത്തെപ്പറ്റിയാണ്. സത്യമാണ്, കുഞ്ഞുങ്ങള്‍ക്ക്‌ അസാധാരണമായ സഹജാവബോധമുണ്ട്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ കുഞ്ഞുങ്ങള്‍ക്ക്‌ വളരെ സങ്കീര്‍ണ്ണമായ രീതികളില്‍ ചിന്തിക്കാന്‍ കഴിയും. എന്നാല്‍ എല്ലാം നമുക്ക്‌ വെറുതെ കിട്ടുന്നതല്ല. ഒരു രക്ഷിതാവ് എന്ന നിലയില്‍ ഈ വേഗത്തിലുള്ള പഠനം സഹജാവബോധത്തെക്കാള്‍ അത്ഭുതകരമായി എനിക്ക് തോന്നുന്നു. എന്റെ ചെറിയ മകനെ നോക്കിയിരിക്കുമ്പോള്‍ അവന്‍ പല കാര്യങ്ങള്‍ ഒരേ സമയം ചെയ്യുകയാണ് എന്ന് ചിന്തിക്കല്‍ അത്ഭുതകരമാണ്: അവന്‍ വായില്‍ നിന്ന് വെള്ളമൊലിപ്പിക്കുന്നു, ഒപ്പം മനുഷ്യന്റെ സാമൂഹികജീവിതത്തിന്റെ അടിത്തറ മനസിലാക്കുന്നു. എനിക്ക് അറിയുമെന്ന് എനിക്കുപോലും അറിയാതിരുന്ന കാര്യങ്ങള്‍ അവന്‍ പഠിക്കുകയാണ്. ആ പഠനം നിഷ്ക്രിയമല്ല, അങ്ങേയറ്റം ഉത്സാഹത്തോടെയുള്ളതാണ്. തങ്ങളുടെ കൈകള്‍ കൊണ്ട് സാമൂഹികലോകത്തെ കുഞ്ഞുങ്ങള്‍  ചേര്‍ത്ത് വയ്ക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ കണ്ടുകൊണ്ടിരിക്കാം.

 

(സ്ളേറ്റ് മാഗസിന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍