UPDATES

കേരളം

ദൈവത്തിന്റെ സ്വന്തം നാട്; പൊങ്ങച്ചമല്ലെന്ന് വിദേശ സഞ്ചാരികള്‍

ഡാവിന്‍ ഓ’ഡ്വെയര്‍ (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഗംഭീരമായ പരസ്യവാചകം തന്നെയാണ് കേരളത്തിനുള്ളത്: “ദൈവത്തിന്റെ സ്വന്തം നാട്” സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള അനേകം സൈൻപോസ്റ്റുകളിലും വാഹനത്തിന്റെ ബമ്പറുകളിലും ദൈവത്തിന്റെ ഈ സാന്നിദ്ധ്യം അവർ  വിളിച്ചു പറയുന്നുണ്ട്. ലോകത്തിന്റെ വേറെയെവിടെയെങ്കിലുമാണെങ്കിൽ ഈ പൊങ്ങച്ചം സഹിക്കാൻ പറ്റാത്ത സ്വയംഭോഗമായും,  വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് പടച്ചുവിട്ട പെരും നുണയുമായേ തോന്നുകയുള്ളൂ. പക്ഷെ ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ കടൽത്തീരത്തെ സമ്പന്ന സംസ്ഥാനത്തെത്തിയാൽ നിങ്ങൾക്കത് എത്രമാത്രം സത്യമാണെന്ന് മനസ്സിലാവും.”ഞങ്ങളുടെ പകിട്ടാര്‍ന്ന പ്രകൃതിയെ നിങ്ങളൊന്നു നോക്കുക, അതിനു ശേഷം വിശ്വസിച്ചാൽ മതി” എന്നുറക്കെ വെല്ലു വിളിക്കാൻ കേരളത്തിനാകും. 

ദൈവത്തിന്റെ സ്വന്തം നാടെന്ന തിലകക്കുറി കേരളത്തിലെ പ്രകൃതിക്കാണ് നാം സാധരണ ചാർത്തിക്കൊടുക്കാറുള്ളത്, പക്ഷെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനവാസം കുറഞ്ഞ കുന്നിൻ പുറങ്ങളിലും ആരേയും കൂസാതെ ആകാശം നോക്കി അയവിറക്കുന്ന പള്ളി മിനാരങ്ങളും ദേവാലയ ഗോപുരങ്ങളും മുസ്ലിം,ഹിന്ദു, ക്രിസ്ത്യാനി, ജൈനർ എന്നിങ്ങനെ മതത്തിന്റെ മേല്‍ വിലാസക്കുറിയില്ലാതെ ഒത്തൊരുമിച്ച് കഴിയുന്ന ജനങ്ങളുമുള്ള  ദേശത്തിനും ആ പേര് നല്ലോണം ചേരും. അതുമല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടെന്ന ലേബലിനു മുകളിൽ പുഞ്ചിരി വിതറുന്ന തന്റെ മുഖം വരാൻ വേണ്ടി മത്സരിക്കുന്ന ഒരു പാട് ദൈവങ്ങളുള്ളതുകൊണ്ടായിരിക്കാം  ഈ പേര് ലഭിച്ചതെന്നു കരുതി നമുക്ക് സമാധാനിക്കാം.
 

ഡച്ചുകാരന്റേയും പോർച്ചുഗീസുകരന്റെയും ബ്രിട്ടീഷുകാരന്റെ അധിനിവേശ കാല ചിഹ്നങ്ങള്‍ പേറി നിൽക്കുന്ന ഫോർട്ട്‌ കൊച്ചിയിലാണ് ക്രിസ്തുമസിനു തൊട്ടു മുന്പ് ഞാനും എന്റെ കൂട്ടുകാരിയും എത്തിയത്. ഒരു വൈകുന്നേരം വിസ്‌മയം ജനിപ്പിക്കുന്ന വെളുത്ത മുന്‍വശവും ആകാശം തൊടുന്ന ഇരട്ട ഗോപുരങ്ങളുമുള്ള സാന്റാ ക്രൂസ് ബസിലിക്ക പള്ളിയിലെ വേദപുസ്‌തകപാഠശാല സദസ്സിന്റെ മുന്നിൽ ഞങ്ങൾ സ്തബ്ദരായി നിന്നുപോയി. അത്രയ്ക്കും മനോഹരമായിരുന്നു ധവള വര്‍ണ്ണത്തിലുള്ള മുന്‍ഭാഗത്തെ ആര്‍ച്ചും ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ഇരട്ട ഗോപുരങ്ങളും.

തിളങ്ങുന്ന കടലാസ് നക്ഷത്രങ്ങളാൽ അലങ്കരിച്ച വേദിയിൽ കുഞ്ഞ് സ്കൂൾ കുട്ടികളുടെ ഗായകസംഘം മാലാഖമാരായി വേഷമിട്ട്  ക്രിസ്‌തുമസ്‌ കരോൾ അവതരിപ്പിക്കുന്നത് നൂറുകണക്കിനാളുകൾ ലയിച്ചിരുന്നു കാണുന്നു – അതൊരു മനോഹര രാത്രിയായിരുന്നു. 

” സൈലന്റ് നൈറ്റ്‌” അത്രമാത്രം ഭംഗിയായി ഞാൻ മുന്‍പൊരിക്കലും കണ്ടിട്ടില്ല. അതിനു ശേഷം വര്‍ണശബളമായ ഇന്ത്യൻ വസ്ത്രങ്ങളണിഞ്ഞ കൗമാരപ്രായക്കാരായ പെണ്‍കുട്ടികൾ കൈകളും ഉടലും സങ്കീര്‍ണ്ണമായ രീതിയിൽ വായുവിൽ പറത്തി ഗഭീരമായൊരു നാടോടിനൃത്തം അവതരിപ്പിച്ചു. ക്രിസ്ത്യൻ സങ്കീര്‍ത്തനങ്ങളും ആഡംബരപൂര്‍ണ്ണമായ ഇന്ത്യൻ പ്രദര്‍ശനവും  തമ്മിലുള്ള അന്തരം സാധാരണക്കാരന്റെ കാഴ്ച്ചപ്പാടിൽ കര്‍ണ്ണകഠോരമായി തോന്നാമെങ്കിലും ബഹുസ്വരതയുടെ അടയാളമായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്.
 

ഈ വൈവിധ്യത്തിന്റെ പ്രകാശനം കേരളത്തിലെ നാട്ടിന്‍പുറങ്ങളിലേക്ക് നീളുന്നു. മലബാറിന്റെ തീരപ്രദേശത്ത് മലർന്നു കിടന്ന് ആകാശം നോക്കുന്ന ബീച്ചുകളും, പരന്നു കിടക്കുന്ന നെൽപ്പാടങ്ങളെ തൊട്ടുരുമ്മി മുന്നോട്ടു നടക്കുന്ന കായലുകളും, പശ്ചിമഘട്ടത്തിലെ തേയിലത്തോട്ടങ്ങളും അടങ്ങുന്ന ഭൂപ്രകൃതി ഇവിടുത്തെ ജനങ്ങളെപ്പോലെത്തന്നെ വൈവിധ്യം നിറഞ്ഞതാണ്.    

ഹരിതവർണ്ണാഭമായ ശരീരം തുറന്ന് തന്റെ ഫലപുഷ്‌ടിയും ധാരാളിത്തവും കാട്ടി കാഴ്ച്ചക്കാരെ കൈയിലെടുക്കാൻ ഈ ഭൂപ്രദേശം മടികാട്ടാറില്ല.

കേരളമെന്ന പേര് വന്നത്  തേങ്ങ/നാളികേരം എന്നർത്ഥമാക്കുന്ന ‘കേര’ എന്ന മലയാളം വാക്കിൽ നിന്നാണ്. സൂര്യന്റെ തീക്ഷ്ണതയിൽ നിന്നും സംരക്ഷണം നല്‍കുന്ന സ്വഭാവിക കുടകളാണ് തെങ്ങുകൾ. വെറും പേരും രക്ഷയും മാത്രമല്ല തന്റെ കുട്ടികൾക്ക് ജീവിക്കാൻ വേണ്ടതെല്ലാം ഈ പ്രകൃതി വിഭവം നൽകുന്നുണ്ട്.

മറ്റൊരു പാനീയത്തിന്റെ പിന്നിലെ ചെടിയാണ് കേരളത്തിന്റെ കിഴക്കൻ മലമ്പ്രദേശമായ മൂന്നാറിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബ്രിട്ടീഷുകാർ പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങിയ തേയില കൃഷി ഇന്നും ഈ പശ്ചിമഘട്ട പ്രദേശത്തെ 60,000 ഏക്കർ ഭൂമിയെ സമ്പന്നമാക്കി നിലനിർത്തുന്നു.
 

ദൂരെ നിന്ന് നോക്കിയാൽ തേയിലച്ചെടികൾ കുന്നിൻ മുകളിൽ വിരിച്ച പച്ചപ്പരവതാനി പോലെ തോന്നും. തേയിലയറുക്കാൻ വന്നവർ നടന്നുപോയ കാലടിപ്പാതകൾ ഏതോ ദൈവം കുഞ്ഞുറുന്പിന് മലഞ്ചെരിവിലേക്കുള്ള പല വഴികൾ വരച്ചു കാണിച്ചത് പോലെയും തോന്നിപ്പിക്കും. 

അധിനിവേശത്തിന്റെ അടയാളം നഗരങ്ങളിലെ വാസ്‌തു വിദ്യകളിലാണ് നാം സാധാരണ കണ്ടു വരിക, പക്ഷെ ഇവിടെ മൂന്നാറിൽ ബ്രിട്ടീഷുകാർ നൂറ്റാണ്ടുകൾക്ക് മുന്പ് ഭൂപ്രകൃതിയിൽ വരുത്തിയ കാതലായ മാറ്റം ഇപ്പോഴും കേടു കൂടാതെ നിലനിൽക്കുന്നു.  

കുന്നിന്‍ ചെരിവുകളിലെ ഈ മരതക കാന്തി ചായയോടുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടങ്ങാത്ത  അർത്തിയുടെ ബാക്കി പത്രമാണ്‌. സാഹസികരായ കുടിയേറ്റക്കാരായി അറിയപ്പെടുന്ന ജോണ്‍ ഡാനിയൽ മണ്‍റോ (John Daniel Munro), എ ഡബ്ല്യു ടേണര്‍ ( A.W. Tuner) എന്നിവരെപ്പോലുള്ളവർ സമുദ്രനിരപ്പില്‍നിന്നുളള ഉയരവും കുന്നുകളുടെ ചരിവും കിടപ്പും തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി.  

അവരുടെ സ്വാധീനം ഇവിടം കൊണ്ടൊന്നും തീരുന്നില്ല. തേയില സംസ്ക്കരണത്തിനു വേണ്ട ഇന്ധനത്തിനായി അവർ ഓസ്ട്രേലിയയിൽ നിന്നും യൂകാലിപ്‌റ്റസ്‌ വിത്തുകൾ കള്ളക്കടത്തു നടത്തി കൊണ്ടുവന്നു.  ഇന്നിവിടുത്തെ കുന്നിൻ പുറങ്ങൾ ഇടതൂർന്നു വളരുന്ന യൂകാലിപ്‌റ്റസ്‌ മരങ്ങളാൽ നിറഞ്ഞിരിക്കയാണ്.      

ചിന്തയില്ലാത്ത വികസനത്തിന്റെ ഇരയാണ് മൂന്നാറിലെ ചെറു നഗരം, ഒരുപാട് ഹോട്ടലുകളും നിരവധി മറ്റു കെട്ടിടങ്ങളും. പക്ഷെ ഇപ്പോഴും ബ്രിട്ടീഷ് അവശിഷ്ടങ്ങളെന്ന പരിഗണനയിൽ കഴിയുന്ന ചുരുക്കം ചില ക്രിസ്ത്യൻ ദേവാലയങ്ങളും ക്ലബ്ബുകളും ഈ പഴയ അധിനിവേശ മലമ്പ്രദേശത്തുണ്ട്.
 

എന്തിനെയും കൈ നീട്ടി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.  പിന്നെ കുടിപ്പാര്‍പ്പുകാരൻ-മുഗളര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെ-  കെട്ടിയേൽപ്പിച്ച ശീലങ്ങള്‍ നമ്മുടെ സ്വന്തമെന്ന് കരുതി കൂടെക്കൊണ്ട് നടക്കും. ഇന്ത്യക്കാർ ചായ ധാരാളമായി കുടിക്കുന്ന കൂട്ടരാണ്, തേയിലത്തോട്ടങ്ങളും അവരുടെ പാരമ്പര്യത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.  

ക്രിസ്‌തുമസ് പുലരിയിൽ ഞങ്ങൾ മൂന്നാറിൽ നിന്നും എട്ട് മൈൽ അകലെയുള്ള ഇരവികുളം നാഷണൽ പാർക്കിലേക്ക് തിരിച്ചു. പച്ചപ്പ്‌ മഞ്ഞപ്പുല്ലുകൾക്ക് വഴി മാറുന്നത് ഞങ്ങൾ വ്യക്തമായിത്തന്നെ തിരിച്ചറിഞ്ഞു. 

ഇവിടെ നിന്ന് നോക്കിയാൽ എല്ലാം വ്യക്തമാണ്‌,  താഴെ മലഞ്ചെരുവിലെ തേയിലത്തോട്ടങ്ങളും ഇടതൂർന്നു വളരുന്ന മരങ്ങളും ഇടയ്ക്കിടെ മലകളെ തൊടാൻ ശ്രമിക്കുന്ന മൂടല്‍മഞ്ഞു കുട്ടികളും എന്തോ തിരയുന്ന മേഘമുത്തശ്ശിമാരും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ (8,842 അടി)  ആനമുടി മലയാണ് ഇതിനു മുകളിൽ. ആനയുടെ തലയുമായുള്ള സാദൃശ്യമാണ് ഈ പേരിനു പിറകിലെന്ന കാര്യം ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. 

ഇരവികുളത്തിന്റെ പ്രധാന പ്രത്യേകത നീലഗിരി താർ എന്ന അപൂര്‍വയിനം മലയാടാണ്, ഒരു നൂറ്റാണ്ട് മുന്പ് വംശ നാശത്തിന്റെ വക്കിലെത്തിയ ഇവയിൽ പകുതിയും (മൊത്തം 3000) ഈ സംരക്ഷണ മേഖലയിലാണ്. ഇടയ്ക്കിടെ മാത്രം കാണാൻ സാധിക്കുന്ന കാട്ടാനകളെപ്പോലെയല്ല നീലഗിരി താറുകൾ, അവ നിങ്ങൾ നടക്കുന്ന വഴിയെത്തന്നെ  നിങ്ങളെ തൊട്ടുരുമ്മി കടന്നു പോകും. 
 

പ്രധാന പാതയിൽ നിന്നും വ്യതിചലിക്കരുതെന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അപകട സൂചനകള്‍ ഇടയ്ക്കിടെ കാണാം. ഇവിടുത്തെ പ്രകൃതിയെപ്പോലെത്തന്നെ  വളഞ്ഞും പുളഞ്ഞും പോകുന്നതാണ് മലയാളം ലിപിയും, മലയാളമെന്ന പേര് അർഥമാക്കുന്നത് തന്നെ “മലമ്പ്രദേശം” എന്നാണ്. 

പന്ത്രണ്ടു വർഷത്തിലൊരിക്കൽ കുറിഞ്ഞി പൂക്കുമ്പോൾ ഈ മലയോരം നീലപ്പട്ടു വസ്ത്രമുടുക്കും. പ്രകൃതി താൻ സാധാരണ പുതക്കാറുള്ള പച്ചക്കമ്പിളി മാറ്റി സുന്ദരിയാവുന്നതാണെന്നാണ് ഇവിടുത്തെ പഴമക്കാർ പറയുന്നത്.    

കടല്‍ തീരത്തിനടുത്ത കായലുകളാണ് പച്ചപ്പട്ടുടുത്ത മറ്റൊരു സുന്ദരൻ. തേയിലത്തോട്ടങ്ങളാണ് മരതകവുമായി കൂടുതൽ സാമ്യമുള്ളതെങ്കിലും  കരയിൽ തന്റെ ഇരു വശത്തും തെങ്ങുകളും വാഴത്തോപ്പുകളുമായി  കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേജോമയമായ നെൽപ്പാടങ്ങളും നിങ്ങളുടെ കണ്ണഞ്ചിപ്പിക്കും. കുട്ടനാടിലെ ചതുപ്പുപ്രദേശങ്ങൾ കൈത്തോടുകളാലും പുഴകളാലും കായലിനാലും ചുറ്റപ്പെട്ടതാണ്.  പ്രധാനമായും ഇന്ത്യയിലെ ഏറ്റവും വലിയ കായലുകളിലൊന്നായ വേമ്പനാട് കായലിന്റെ തെക്കു ഭാഗത്താൽ. വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ തന്റെ മഴു എറിഞ്ഞപ്പോഴാണ് കരയും ജലാശയങ്ങളും ഇടകലർന്ന പ്രത്യേകതരം ദേശം ഉണ്ടായതെന്നാണ് ഐതിഹ്യം പറയുന്നത്.       

പണ്ടുകാലത്ത് അരിയും മറ്റു സാധങ്ങളും യാത്രക്കാരേയും കയറ്റാൻ വേണ്ടി ഉപയോഗിച്ചിരുന്ന കെട്ടുവള്ളം എന്നറിയപ്പെടുന്ന മേൽക്കൂരയുള്ള  തോണികൾ ഇന്ന് ഹൗസ്‌ബോട്ടാക്കി മാറ്റി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നുണ്ട്, പല രൂപത്തിലും വലിപ്പത്തിലുമുള്ള ഈ ആഡംബരം നൌകകളിൽ ജലാശയങ്ങളിലൂടെയുള്ള യാത്ര കേരളാനുഭാവങ്ങളിൽ  ഒഴിവാക്കാന്‍ പറ്റാത്തതാണ്. 

ഒരു രാത്രി മുഴുവനുള്ള  യാത്രയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്, തിരക്കുള്ള തീരദേശ നഗരമായ ആലപ്പുഴയിൽ ഞങ്ങളുടെ മൂന്ന് വഞ്ചിക്കാരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.  മറ്റേതൊരു ഇന്ത്യൻ നഗരത്തേയും പോലെ വീര്‍പ്പുമുട്ടിക്കുന്ന നിരത്തുകളും മരണ വെപ്രാളത്തിലെന്നവണ്ണം പാഞ്ഞു പോകുന്ന ഓട്ടോറിക്ഷകളും ബൈക്കുകളും ഇടയ്ക്കിടെ ആരേയും കൂസാതെ നടന്നു പോകുന്ന ആനകളുമുള്ള നഗരമായിരുന്നു ആലപ്പുഴയും. 

കായലിലെത്തിയാൽ നഗരത്തിന്റെ ഭ്രാന്തൻ മുഖം നിങ്ങളോട് യാത്ര പറയും. പിന്നെ നിങ്ങൾക്ക് കൂട്ട് നഗ്നമായ നിശ്ശബ്ദത മാത്രം. കായലിൽക്കൂടിയുള്ള യാത്ര നിങ്ങളുടെ മനസ്സിൽ ധ്യാനത്തിന്റെ വിത്തുകൾ പാകും. കരയിൽ കെട്ടിയിട്ടുണ്ടെങ്കിലും ഓളങ്ങളിൽ പതുക്കെ ചാഞ്ചാടിക്കളിക്കുന്ന വഞ്ചിക്കുഞ്ഞുങ്ങളും ഒന്നാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത്‌ വന്നിട്ടുണ്ടെന്ന് പറയപ്പെടുന്ന തോമാശ്ലീഹയുടെ കാലത്തോളം പഴക്കമുള്ള ദേവാലയങ്ങളും കുഞ്ഞു കുടിലുകളും കള്ള് ഷാപ്പുകളും നിങ്ങളുടെ മനം നിറയ്ക്കും.
 

കെട്ടുവള്ളം നീങ്ങുമ്പോള്‍ അലക്കു കല്ലിൽ സ്ത്രീകള്‍ വസ്ത്രമലക്കുന്ന ശബ്ദം ഇടയ്ക്കിടെ കേൾന്നുണ്ടായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിൽ ചിലർ കളി നിറുത്തിവെച്ച് ഞങ്ങൾക്കു നേരെ കൈ വീശിക്കാണിച്ചു. 

ഉച്ച ഭക്ഷണം കഴിക്കാൻ വേണ്ടി കെട്ടുവള്ളം കരയിലെ തേങ്ങുകൾക്കടിയിൽ കെട്ടിയിട്ടപ്പോഴാണ്‌ അസാധാരണമായ  ആ കാഴ്ച്ച  ഞങ്ങൾ കണ്ടത്. വഞ്ചിയിൽ ഒരു നീളൻ വടിയുമായി നൂറുകണക്കിന് താറാവുകളെ മേയ്ച്ചുകൊണ്ടും കരയിലിരിക്കുന്ന തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടും ഒരാൾ വരുന്നു, എങ്ങനെയാണ് ഒരു മനുഷ്യൻ ഇത്രമാത്രം കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നതെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി.

കുറച്ചു സമയത്തിന് ശേഷം തെങ്ങുകള്‍ക്കടിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം കുട്ടികളെ ഞങ്ങൾ കണ്ടു. അവരും ഞങ്ങളെ നോക്കി ബാറ്റ് വീശി ആതിഥ്യമര്യാദ അറിയിച്ചു. 

സന്ധ്യ മയങ്ങിത്തുടങ്ങി, ചെറു വഞ്ചിയിൽ ഇടുങ്ങിയ കൈത്തോടിലൂടെ സുന്ദരമായ കുടിലുകൾ പിന്നിട്ട് നെൽപ്പാടങ്ങൾക്കരികിലുള്ള ചെറിയ അണക്കെട്ടുകൾക്കരികിൽ ഞങ്ങളെത്തി. സൂര്യൻ അസ്തമിക്കാറായിരിക്കുന്നു, നെൽക്കതിരുകള്‍  സ്വർണ്ണനിറമണിഞ്ഞു നിൽക്കുന്ന കാഴ്ച്ച ഞങ്ങളുടെ കണ്ണുകൾക്ക് വിരുന്നു നൽകി. 

ഇരുട്ട് കാഴ്ച്ചയെ ഇല്ലാതാക്കിയപ്പോൾ ഞങ്ങൾ കെട്ടുവള്ളത്തിലേക്ക് തിരിച്ചു. ചീവീടുകൾ മിനാരങ്ങളിൽക്കൂടി പുറത്തു വരുന്ന ബാങ്കുവിളികളേയും മറ്റു ദേവാലയങ്ങളിൽ നിന്നുള്ള ഗാനങ്ങളേയും വെല്ലു വിളിച്ചു. 

ദൈവത്തിന്റെ സ്വന്തം നാട്, ഞാൻ പതുക്കെ കണ്ണടച്ചു, തണുത്ത കാറ്റ് എന്റെ തലമുടിയിൽ തലോടി.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍