UPDATES

കേരളം

കേരളം എന്ന ഭ്രാന്താലയം

ടീം അഴിമുഖം 
 
സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചിട്ട് ഒന്നേകാല്‍ നൂറ്റാണ്ടാകുന്നു. ഇക്കഴിഞ്ഞ 125 വര്‍ഷം കൊണ്ട് കേരളം ഏറെ നേട്ടങ്ങള്‍ കൈവരിച്ചെന്ന് നാം അഭിമാനത്തോടെ പറയുന്നുണ്ട് – പാശ്ചാത്യ ലോകത്തിനൊപ്പം നില്‍ക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ നേട്ടങ്ങള്‍, ഉയര്‍ന്ന ജീവിതനിലവാരം, പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, അന്താരാഷ്ട്രതലത്തില്‍ തന്നെ വിജയകരമായി മാര്‍ക്കറ്റ് ചെയ്യപ്പെട്ട ദൈവത്തിന്റെ സ്വന്തം നാടെന്ന ടൂറിസം ബ്രാന്‍ഡ്…. ഇവയൊക്കെ ലോകത്തെവിടെ ചെന്നാലും വിളിച്ചു കൂവുക മലയാളിയുടെ സ്വഭാവമായും മാറിയിട്ടുണ്ട്.
 
പക്ഷേ, ഇക്കഴിഞ്ഞ ബുധനാഴ്ച മൂവാറ്റുപുഴ തെങ്ങനാകുന്നേല്‍ വീട്ടിലെ 48 വയസുള്ള സലോമി എന്ന വീട്ടമ്മ തൂങ്ങിമരിച്ചപ്പോള്‍ അവരുടെ മുഖത്ത് ഒരു ചിരി കൂടിയുണ്ടായിരുന്നിരിക്കണം. മലയാളിയുടെ കാപട്യത്തിനും അവസരവാദത്തിനും നേര്‍ക്കുള്ള ഒരു പരിഹാസച്ചിരി മാത്രമായിരിക്കില്ല അത്, മറിച്ച് മലയാളിയുടെ അന്തസില്ലാത്ത സാമൂഹിക ജീവിതത്തിനും പൊള്ളയായ രാഷ്ട്രീയവാദങ്ങള്‍ക്കും സംഘടിത മത, ജാതി, സാമുദായിക ബ്ലാക്‌മെയിലിംഗിനുമൊക്കെ നേര്‍ക്കുള്ള ഒരു കാര്‍ക്കിച്ചുതുപ്പല്‍ കൂടിയായിരുന്നു ആ വീട്ടമ്മയുടെ മരണം. 
 
 
സലോമിയുടെ ഭര്‍ത്താവ് നിര്‍മലാ കോളേജിലെ മലയാളം അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിന്റെ വലംകൈ തീവ്രവാദികള്‍ വെട്ടിക്കളഞ്ഞു എന്നത് വെറും യാദൃശ്ചികം! ജോസഫിനെ ഇത്രയും കാലം സസ്‌പെഷനില്‍ തന്നെ നിര്‍ത്തി എന്നതും യാദൃശ്ചികം! ജോലി ചെയ്യാനും അന്തസായി ജീവിക്കാനും ഏതൊരു മനുഷ്യനും ഭരണഘടനാപരമായി തന്നെ അവകാശമുണ്ടെന്നും അയാള്‍ക്ക് മനുഷ്യാവകാശമുണ്ടെന്നും ഓര്‍ക്കാനോ പരസ്യമായി പറയാനോ ആരും മുതിരാതിരുന്നതും യാദൃശ്ചികം! ജോസഫിന്റെ അഹങ്കാരം തീര്‍ന്നുവെന്നും, പാവം സ്ത്രീയുടെ വിധിയെന്നും, മക്കളുടെ ഗതികേട് എന്നുമൊക്കെ പിറുപിറുത്തുകൊണ്ട് സലോമിയെ ശവമടക്കി തിരിച്ചിറങ്ങി വരുന്ന മലയാളി ഒന്നോര്‍ക്കേണ്ടതുണ്ട്. ഈ വീട്ടമ്മയുടെ മരണത്തിന് നമുക്കെല്ലാം ഏതെങ്കിലും വിധത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന യാഥാര്‍ഥ്യവും ആ തിരിച്ചറിവും. 
 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങള്‍ അടക്കി ഭരിക്കുന്നത് ഇവിടുത്തെ സംഘടിത മത, ജാതി സംഘടനകളും ആള്‍ദൈവങ്ങളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രമുഖ ‘വ്യക്തിത്വ’ങ്ങളുമാണ്. ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കേരളത്തിലെ ഒരു കൊലകൊമ്പന്‍ നേതാവിനും ധൈര്യമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് എന്നറിയപ്പെടുന്ന ക്രമസമാധാന സംവിധാനത്തിനോ അതിലേറെ മിടുക്കരായ ബ്യൂറോക്രസിക്കോ ഈ സംഘടിത ചട്ടമ്പിത്തരത്തിനെ എതിര്‍ക്കാനുള്ള നട്ടെല്ലില്ല. പകരം അവരൊക്കെ ഈ പ്രസ്ഥാനങ്ങള്‍ വച്ചുനീട്ടുന്ന എച്ചില്‍ക്കഷ്ണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്കും ഗുണകരമാകും എന്ന് സ്വപ്നം കണ്ടു കഴിയുന്നവര്‍ മാത്രമാണ്. 
 
 
നിങ്ങള്‍ക്ക് സ്വാശ്രയ കോളേജ് നടത്തി കോഴ പിരിക്കുകയും ‘വിദഗ്ധ’ ചികിത്സയുടെ പേരില്‍ അക്ഷരാര്‍ഥത്തില്‍ താലിമാല പോലും കവര്‍ന്നെടുക്കുകയും ചെയ്യാം; സംരക്ഷിക്കാന്‍ സംഘടിതരായ വര്‍ഗീയ നേതാക്കളുണ്ട്. സ്ത്രീകളെ, കൊച്ചു കുട്ടികളെയടക്കം പീഡിപ്പിക്കാം; സംരക്ഷിക്കാന്‍ കൈനിറച്ചു പണമുള്ളവരും മതവും വരും. നിങ്ങള്‍ക്ക് സായുധ പ്രസ്ഥാനങ്ങള്‍ക്ക് മണ്ണെണ്ണ കള്ളക്കടത്തു നടത്തി കാശുണ്ടാക്കുകയും അതുവഴി സാമുദായിക സേവനം നടത്തി കഴിഞ്ഞ കാലത്തെ വെള്ളപൂശുകയും ചെയ്യാം. മനുഷ്യന്റെ അജ്ഞതയും അന്ധവിശ്വാസവും വിറ്റ് കോടികള്‍ കൊയ്യാനും ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനും നിങ്ങള്‍ക്ക് മേല്‍ത്തട്ട് മുതല്‍ സ്വാധീനവും അധികാരമുള്ളവരുടെ സേവനം ലഭിക്കും. നിങ്ങളുടെ രാഷ്ട്രീയ ഭാവി എങ്ങുമെത്തുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് ആശ്രയിക്കാന്‍ മത, ജാതി, വര്‍ഗീയ സംഘടനകളുണ്ട്. അവിടെ നിങ്ങളുടെ രാഷ്ട്രീയഭാവിയും ശോഭനമാകും. 
 
മൂവാറ്റുപുഴയില്‍ തൂങ്ങിമരിച്ച സലോമിയും പള്ളിയേയും പട്ടക്കാരേയും ചോദ്യം ചെയ്ത പി.ടി തോമസും സംഘടിത മത നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ വി.ടി ബല്‍റാമും എന്‍.എസ്.എസിന്റെ ഉഗ്രശാസനയ്ക്കു മുന്നില്‍ രാഷ്ട്രീയ ഭാവി ചോദ്യം ചെയ്യപ്പെടുന്ന വി.ഡി സതീശനുമൊക്കെ ഈ കേരളത്തിലെ വര്‍ഗീയ ഭ്രാന്തിന്റെ പല തലങ്ങളിലുള്ള ഇരകള്‍ മാത്രമാണ്. എന്നാല്‍ ജീവിച്ചിരിക്കുന്ന ഈ നേതാക്കളൊക്കെ തന്നെ തങ്ങളുടെ രാഷ്ട്രീയ ഭാവിക്കു വേണ്ടി മുകളില്‍ പറഞ്ഞവരുമായി ഭാവിയില്‍ സന്ധി ചെയ്യുമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ല. സലോമിയെ കേരളം അധികകാലം ഓര്‍ക്കാനും പോകുന്നില്ല. 
 
 
ഒരു പക്ഷേ മറ്റൊരു യാദൃശ്ചികതയാകാം, സലോമിയുടെ മരണമുണ്ടായ അന്നു തന്നെ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചവരുടെ പങ്കും അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി വന്നത്. ജോസഫ് കാണിച്ചത് ഒരു തെറ്റു തന്നെയായിരിക്കാം. പക്ഷേ ഒരുകൂട്ടം വര്‍ഗീയവാദികളല്ല അതിന് ശിക്ഷ വിധിക്കേണ്ടത്. നിയമം ലംഘിച്ച ആ വര്‍ഗീയ വാദികളെ പേടിച്ച് മറ്റുള്ളവര്‍ നിശബ്ദരാകുകയും ജോസഫിനെയും കുടുംബത്തെയും ഒറ്റപ്പെടുത്തുകയും അതുവഴി ജോസഫിന് ലഭിക്കേണ്ടിയിരുന്ന സ്വാഭാവിക നീതി നിഷേധിക്കുകയുമാണ് ഇവിടെ സംഭവിച്ചത്. കേരളം പലവിധത്തിലുള്ള വര്‍ഗീയവാദികളുടെ നിശബ്ദ ഗൂഡാലോചനയ്ക്കുള്ള അരങ്ങായി മാറിയിരിക്കുകയാണ്. അതുകൊണ്ട് കേരളത്തിന്റെ പുരോഗമന മുഖത്തെ കുറിച്ച് അധികം വാചകമടിക്കാതിരുന്നതായിരിക്കും എല്ലാവര്‍ക്കും നല്ലത്. യാഥാര്‍ഥ്യം അതുതന്നെയല്ലേ? 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍