UPDATES

വയനാട്ടിലെ കാട്ടുതീയും മരങ്ങള്‍ നട്ട മനുഷ്യനും

അനന്തര എസ്

 

എന്‍റെ സ്കൂള്‍ അടയ്ക്കാന്‍ ഇനി കുറച്ചു ദിവസമേയുള്ളൂ. അതുകൊണ്ട് തന്നെ എല്ലാ കൂട്ടുകാരെയും പോലെ ഞാനും അവധിക്കാല യാത്രകളെ കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നു. എല്ലാ അവധിക്കാലത്തും ഞങ്ങള്‍ ആദ്യം പോകുന്നത് വയനാട്ടിലെ വീട്ടിലേക്കായിരുന്നു. തിരുനെല്ലിയിലെ കാട്ടിക്കുളം എന്ന സ്ഥലത്താണ് ഞങ്ങളുടെ വീട്. വയനാട്ടിലേക്കുള്ള ഓരോ യാത്രയും എനിക്കേറെ പ്രിയപ്പെട്ടതാണ്. മഞ്ഞു പുതച്ച മലകള്‍ക്കിടയിലൂടെ ചുരം കയറിയും ഇറങ്ങിയുമുള്ള യാത്രയില്‍ ബസിനുള്ളില്‍ ഞങ്ങള്‍ തണുത്ത് വിറക്കും. റോഡിനിരുവശത്തും ചാടികളിക്കുന്ന കുരങ്ങന്‍മാരെ കാണാന്‍ നല്ല രസമാണ്. കുറച്ച് ദിവസമേ അവിടെ നില്ക്കാന്‍ കഴിയാറുള്ളൂവെങ്കിലും ഞങ്ങള്‍ കുറുവ ദ്വീപിലും തോല്‍പ്പെട്ടിയിലും തിരുനെല്ലിയിലുമൊക്കെ പോകാറുണ്ട്.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കാട്ടുതീ കത്തി പടരുന്നു എന്ന വാര്‍ത്ത ടി വി യില്‍ കണ്ടതാണ് ഈ കുറിപ്പ് എഴുതാന്‍ കാരണം. ഞാന്‍ പോയ കാട്ടിലാണ് തീ പിടുത്തം ഉണ്ടായത്. എനിക്ക് ഭയങ്കര സങ്കടം വന്നു. എത്ര മൃഗങ്ങളാവും വെന്ത് മരിച്ചിട്ടുണ്ടാവുക? കഴിഞ്ഞ ദിവസം മുഴുവന്‍ ഞാന്‍ ആ മൃഗങ്ങളെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. തീ കത്തുമ്പോള്‍ അവയ്ക്ക് പേടി തോന്നിയിരിക്കുമോ? അവരുടെ വീട് നശിച്ചു പോയിട്ടുണ്ടാവുമോ? അവയുടെ മക്കള്‍ മരിച്ചു പോയിട്ടുണ്ടാവുമോ?ആലോചിക്കുംതോറും എനിക്ക് സങ്കടം കൂടിക്കൂടി വന്നു.
 

പിറ്റേന്ന് ഞാന്‍ വാര്‍ത്ത വെച്ചപ്പോള്‍ കാട്ടുതീ സ്വാഭാവികമല്ലെന്നും ആരോ മനപൂര്‍വം വെച്ചതാണെന്നും അറിയാന്‍ കഴിഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ കാടാണ് കത്തി നശിച്ചത്. ഇതും കൂടി അറിഞ്ഞപ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു. എത്രമാത്രം ജീവജാലങ്ങളും മരങ്ങളും കത്തി നശിച്ചിട്ടുണ്ടാവും എന്നാലോചിച്ചിട്ട് എനിക്കൊരെത്തുംപിടിയും കിട്ടിയില്ല. ഈയിടെ ഞാന്‍ വായിച്ച 'തീ ജ്വാലകള്‍ക്കിടയിലൂടെ ഒരു സവാരി' എന്ന റസ്കിന്‍ ബോണ്ടിന്‍റെ കഥയാണ് എനിക്കോര്‍മ്മ വന്നത്. രണ്ടു കുട്ടികള്‍ കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ കാട്ടുതീ ഉണ്ടാവുന്നതും മൃഗങ്ങള്‍ നെട്ടോട്ടമോടുന്നതും കുട്ടികള്‍ സാഹസികമായി രക്ഷപ്പെടുന്നതുമാണ് കഥ.


മനുഷ്യന്‍റെ വീട് പോലെയാണ് മൃഗങ്ങള്‍ക്കും കാട്. ഒരു മനുഷ്യനെ വീട്ടിലിട്ട് തീ കൊളുത്തിയാല്‍ ഉണ്ടാവുന്ന അതേ നിസ്സഹായാവസ്ഥ തന്നെയല്ലേ മൃഗങ്ങളും അനുഭവിച്ചിട്ടുണ്ടാവുക. മനുഷ്യര്‍ എന്തുകൊണ്ടാണ് ഇത്രയും ക്രൂരന്‍മാരാകുന്നത്? ഞാന്‍ ഒരു മനുഷ്യനായിപ്പോയതില്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. പുതു വൈപ്പിന്‍ എന്ന സ്ഥലത്തു ഏക്കര് കണക്കിന് കണ്ടല്‍ക്കാടുകള്‍ ചെളിയൊഴിച്ച് നശിപ്പിക്കുന്നതും തലശ്ശേരി പാറപ്പുറം എന്ന സ്ഥലത്ത് കണ്ടല്‍ക്കാടുകള്‍ തീ വെച്ച് നശിപ്പിക്കുന്നതും കഴിഞ്ഞ ദിവസം ടി വിയില്‍ കണ്ടിരുന്നു. മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ സ്വന്തം നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് എന്തുകൊണ്ടാണ് ചിന്തിക്കാത്തത്? വയനാട്ടിലെ കാട് മുഴുവന്‍ നശിച്ചാല്‍ അവിടെ എങ്ങനെ മഴ പെയ്യും? എങ്ങനെ കൃഷി ചെയ്യും? എല്ലാവരും അവിടെ നിന്ന് വേറെ സ്ഥലത്തേക്ക് പോകേണ്ടി വരില്ലേ? ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്, കസ്തൂരി രംഗന്‍ റിപ്പോര്‍ട് എന്നൊക്കെ ഞാന്‍ വാര്‍ത്തയില്‍ കേള്‍ക്കാറുണ്ട്. അതിനെക്കുറിച്ച് കൃത്യമായൊന്നും അറിയില്ലെങ്കിലും പ്രകൃതിയെ സംരക്ഷിക്കാനാണ് അതില്‍ പറയുന്നത് എന്നെനിക്കറിയാം. പ്രകൃതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ല.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനൊരു പുസ്തകം വായിച്ചിരുന്നു. ജീന്‍ ഗിയാനോ എന്ന പ്രശസ്തനായ എഴുത്തുകാരന്‍റെ 'മരങ്ങള്‍ നട്ട മനുഷ്യന്‍'. 55 വയസുകാരനായ എല്‍സിയാര്‍ഡ് ബോഫിയര്‍ എന്ന കൃഷിക്കാരനാണ് അതിലെ കഥാപാത്രം. തന്‍റെ ഭാര്യയും മക്കളും നഷ്ടപ്പെട്ടതിന് ശേഷം കുന്നിന്‍ മുകളില്‍ ആടുകളും നായ്ക്കളുമൊപ്പം ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അയാള്‍. മരങ്ങളില്ലാതെ ഈ ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണെന്ന് വിശ്വസിച്ച അയാള്‍ എല്ലാ ദിവസവും ആയിരക്കണക്കിന് ഓക്ക് മരങ്ങളും പീച്ച് മരങ്ങളും നട്ടു പിടിപ്പിച്ചു കൊണ്ടേയിരുന്നു. 87-ആം വയസില്‍ മരിക്കുന്നതു വരെ അയാള്‍ ഈ പ്രവൃത്തി തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ മരങ്ങളില്‍ പലതും വളര്‍ന്ന് അവിടെ വലിയ കാടുണ്ടായി. അവിടെ നീര്‍ച്ചാലുകളുണ്ടായി. ക്രമേണ ആളുകള്‍ അവിടെ താമസിക്കാന്‍ തുടങ്ങുകയും അത് പഴയത് പോലെ ആള്‍ താമസമുള്ള ഗ്രാമമായി മാറുകയും ചെയ്തു. പ്രകൃതിയെ നശിപ്പിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

 

പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്.

 

(തിരുവനന്തപുരം സരസ്വതി വിദ്യാലയത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനന്തര)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍