UPDATES

വി ടി ബൽറാമിനെ ക്രൂശിക്കുന്നതിന് മുൻപ്…

ടിം അഴിമുഖം

കഴിഞ്ഞ ദിവസം കോണ്‍ഗ്രസുകാര്‍ ചര്‍ച്ച ചെയ്തത് മുഴുവന്‍ തങ്ങളുടെ ശബ്ദതാരാവലി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചായിരുന്നു. ‘നികൃഷ്ടജീവി’ എന്ന വാക്കിനെ മാത്രമല്ല ആ രോഷം പുരണ്ട വാക്കിലൂടെ പറയാന്‍ ശ്രമിച്ച ശരിയായ നിലപാടുകള്‍ക്കും കോണ്‍ഗ്രസിന്‍റെ നിഘണ്ടുവില്‍ ഇടമില്ലെന്ന സന്ദേശമായിരുന്നു തലനരച്ച നേതാക്കന്മാര്‍ മുതല്‍ ചില യുവ തുര്‍ക്കികള്‍ വരെ നല്കിയത്. ഈ പ്രസ്താവന കോലാഹലങ്ങള്‍ തെരഞ്ഞെടുപ്പ് ബഹളം എന്നതില്‍ കവിഞ്ഞു ഒരു കാര്യം അരക്കിട്ടുറപ്പിക്കുന്നുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതയ്ക്കും ധൈഷണികതയ്ക്കും രാഷ്ട്രീയ മുൻഗണകൾക്കുമപ്പുറം കേരള രാഷ്ട്രീയത്തിലെ നിർണായക ഘടകങ്ങൾ എന്നും മതം തന്നെയായിരുന്നു എന്ന യാഥാര്‍ഥ്യത്തിന്. 

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് ഈ അടുത്തകാലത്ത് അവരോധിക്കപ്പെട്ട വി എം സുധീരൻ ആദർശധീരനായ കറ പുരളാത്ത രാഷ്ട്രീയക്കാരൻ തന്നെയായിരിക്കാം. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. കോണ്‍ഗ്രസ്സ് ഒരു മുസ്ലീം-ക്രിസ്ത്യൻ പാർട്ടിയും സിപിഎം ഒരു ഹിന്ദു പാർട്ടിയും ആണെന്നുള്ളതാണ് വസ്തുത. 
 


സുധീരന്റെ പ്രതിച്ഛായ കണ്ടൊന്നും ആരുടേയും കണ്ണു മഞ്ഞളിക്കണ്ട. വിജയിക്കുമെന്ന് 100% ഉറപ്പുള്ള എ. സമ്പത്തിന് എതിരെ ബിന്ദുകൃഷ്ണയെ നിർത്തിയത് ബിന്ദുവിനോട് കാട്ടിയ പരിഗണനയല്ല, മറിച്ചു തോൽക്കുമെന്നുറപ്പുള്ള സീറ്റിൽ ബിന്ദുവിനെ നിർത്താനുള്ള കാരണം ബിന്ദു ഈഴവ ആണെന്നുള്ളത് മാത്രമാണ്. പത്തനംതിട്ടയിൽ ഫിലിപോസിനെയും ചാലക്കുടിയിൽ ഇന്നസെന്റിനെയും എറണാകുളത്ത് ക്രിസ്റ്റി ഫെർണാണ്ടസിനെയും സിപിഎം പരിഗണിച്ചതും അവരുടെ കൃസ്ത്യൻ വ്യക്തിത്വം കൊണ്ടാണ്. നാടാർ സമുദായത്തിന് മേൽകൈയുള്ള തിരുവനന്തപുരത്ത്  ഡോക്ടർ . ബെന്നറ്റ്‌ എബ്രഹാമിനെ നിർത്തിയതും  മറ്റു പാർട്ടികളുടെയെല്ലാം സ്ഥാനാർഥികൾ നായർ സമുദായത്തിൽ പെട്ടവർ ആണെന്നുള്ളത്‌ കൊണ്ടാണ്. നാടാർ വോട്ടുകൾ വരുതിയിലാക്കാമെന്ന സിമ്പിൾ ഐഡിയ. 
 


മതവിഭാഗങ്ങളുടെമേൽ അധികാരം പ്രയോഗിക്കാൻ എ കെ ആന്റണിക്കും കരുണാകരനും ശേഷം ആർക്കും ധൈര്യം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ശിവഗിരിയിലേക്ക് പോലീസിനെ അയച്ച് ആന്റണി അത് തെളിയിച്ചു. ഭൂരിപക്ഷവർഗീയത പോലെതന്നെ മോശം കാര്യമാണ് ന്യൂനപക്ഷവർഗീയതയും എന്ന ആന്റണിയുടെ പ്രസ്താവന ഒരുപക്ഷേ ഒരു സംസ്ഥാനകോണ്‍ഗ്രസ്സ് നേതാവിൽ നിന്നും ഉണ്ടായ ഏറ്റവും ഒടുവിലത്തെ അർഥവത്തായ പ്രസ്താവനയായിരിക്കും. സാമുദായികവിഭാഗങ്ങളെ സ്വന്തം നേട്ടങ്ങൾക്കായി അതിസമർഥമായി ഉപയോഗിച്ച കെ.കരുണാകരൻ പക്ഷെ, കാര്യങ്ങൾ തീരുമാനിക്കുന്നത് താൻ തന്നെയാണെന്നെങ്കിലും തെളിയിച്ചു. സർവ ശക്തനായ കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള സിംഗപ്പൂർ ഹൈ കമ്മിഷണർ ആയി പോയതിന്റെ പിന്നിലെ കഥ തന്നെ മതിയല്ലോ അതിന് തെളിവായിട്ട്. 

എന്നാൽ ഇന്ന്, ചില ബിഷപ്പുമാർ വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കുന്നതും അവരെ പ്രീണിപ്പിക്കാൻ ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കന്മാർ പെടാപ്പാടുപെടുന്നതുമായ കാഴ്ച അങ്ങേയറ്റം ലജ്ജാകരമായിരിക്കുന്നു. പിണറായി വിജയൻ ഉപയോഗിച്ച് 'കു'പ്രസിദ്ധമാക്കിയ അതേ വാക്കുതന്നെ ഒരു ബിഷപ്പിനെതിരെ ബൽറാമും ഉപയോഗിച്ചതിനെ ആരും അനുകൂലിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ, ബൽറാമിനെ കുറ്റപ്പെടുത്താനുള്ള വ്യഗ്രതയിൽ നഷ്ടപ്പെടുത്തുന്നത് മതനേതാക്കളെ അവരുടെ സ്വന്തം സ്ഥാനം മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരമാണ്.  സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നാണല്ലോ. 
 


കോണ്‍ഗ്രസ്സിലെ തിരുത്തൽ ശക്തിയായി വർത്തിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്സുകാർ പോലും അടുത്തിടെയായി മതനേതാക്കളുടെ അടിമകളാകുന്ന കാഴ്ചയാണ് കാണുന്നത്. പി ടി തോമസിന് ഒഴികെ ഒരു യൂത്ത് കോണ്ഗ്രസ് നേതാവിനു പോലും ബൽറാമിനെ പിന്തുണയ്ക്കാനുള്ള ചങ്കൂറ്റമുണ്ടായില്ല. മൂന്ന് ലോക്സഭാ സീറ്റുകളിൽ യൂത്ത് നേതാക്കന്മാർ മത്സരിക്കുന്നുണ്ട്. അവർക്കറിയാം, മതാധ്യക്ഷന്മാരെ എതിരിടുന്നത് കൊണ്ട് തങ്ങൾക്ക്  യാതൊരു തരത്തിലുള്ള ഗുണവും ഉണ്ടാക്കുകയില്ല എന്ന് . 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍