UPDATES

കേരളം

കാട്ടുതീ വയനാട്ടിലെ ജനങ്ങള്‍ നിസംഗരായി നോക്കിനിന്നു

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡില്‍ വയനാട്ടില്‍ പ്രൊജെക്റ്റ് ഫെല്ലോ ആയി ജോലി ചെയ്യുന്ന പ്രോഫഷണല്‍ ഫോടോഗ്രാഫറായ അന്‍വര്‍ സി എസ്. ഫേണ്‍ എന്ന പരിസ്ഥിതി സംഘടനയുടെ പ്രവര്‍ത്തകനാണ്. പരിസ്ഥിതി പ്രശ്നങ്ങളായി ബന്ധപ്പെട്ട് കുറേ വര്‍ഷങ്ങളായി വയനാട്ടില്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ തലപ്പുഴ സ്വദേശിക്ക് കഴിഞ്ഞ ദിവസം വയനാട്ടില്‍ ഉണ്ടായ കാട്ടുതീയുടെ ഫോട്ടോ എടുക്കുന്നതിനിടയില്‍ പ്രദേശവാസികളുടെ മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. കടുവ സംരക്ഷണ വിഷയവും ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിഷയങ്ങളും വയനാട്ടിലെ ജനങ്ങളെ എത്രത്തോളം പരിസ്ഥിതി വിരുദ്ധരും ഗവണ്‍മെന്‍റ് വിരുദ്ധരും ആക്കിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് അന്‍വറിന്റെ വാക്കുകള്‍. കണ്‍മുന്‍പില്‍ പച്ച മരങ്ങളും ജീവജാലങ്ങളും നിന്ന് കത്തുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കുകയായിരുന്നു ജനക്കൂട്ടം. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്ന അന്‍വര്‍ സി എസ് അഴിമുഖത്തോട് സംസാരിക്കുന്നു. (തയ്യാറാക്കിയത്-സാജുകൊമ്പന്‍)

വനം വകുപ്പിന്‍റെ കാട്ടുതീക്കെതിരായ ബോധവത്ക്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് ഞാന്‍ തിരുനെല്ലിയില്‍ എത്തിയത്. അവിടെയുള്ള ആദിവാസി കോളനിയില്‍ കാട്ടു തീയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ നോട്ടീസുകളും മറ്റും വിതരണം ചെയ്യുകയും അതിനെക്കുറിച്ച് സംസാരിച്ചും കൊണ്ടിരിക്കുമ്പോഴാണ് ദൂരെ പുക പൊങ്ങുന്നത് കണ്ടത്. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചിലേക്കു വളരെപ്പെട്ടെന്ന് തന്നെ ഈ തീ പടര്‍ന്ന് പിടിച്ചു. ഞങ്ങള്‍ ഉടന്‍ തന്നെ ക്യാമ്പയിന്‍ നിര്‍ത്തി അവിടെക്കു തിരിച്ചു. ഞാനും രണ്ട് ഫോറസ്റ്റ് ഗാര്‍ഡ്മാരും കുറച്ച് കോളേജ് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത്.
 

ഞങ്ങള്‍ ബേഗൂര്‍ ഫോറെസ്റ്റ് സ്റ്റേഷനിലേക്കാണ് പോയത്. ഫോറസ്റ്റ് സ്റ്റേഷന്‍റെ തൊട്ട് പിറകില്‍ രണ്ട് നിലകെട്ടിടത്തിന്റെ ഉയരമുള്ള ഒരു മരം നിന്ന് കത്തുകയാണ്. എന്‍റെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നു. ഞാന്‍ കാട് കത്തുന്നതിന്റെ വിഷ്വല്‍ എടുത്തു. അത് കെടുത്താന്‍ വേണ്ടി രണ്ടുമൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുതിന്‍റെയും കാടിനകത്തേക്ക് പോയി കത്തിക്കിടക്കുന്നതിന്റെ ഫോടോ എടുത്തു. നൂറുകണക്കിനു ആളുകള്‍ അവിടെ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും തീ കെടുത്താന്‍ ഗാര്‍ഡുമാരെ സഹായിക്കാന്‍ എത്തിയില്ല. ഞങ്ങള്‍ അവരോട് നിങ്ങളെല്ലാവരും ഇറങ്ങിയാല്‍ കുറച്ച് സമയം കൊണ്ട് അണക്കാവുന്ന തീയല്ലേയുള്ളൂ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് “വനം വകുപ്പ് ഞങ്ങളെ പല കാര്യത്തിലും വെറുപ്പിച്ചിട്ടുണ്ട്. കസ്തൂരി രംഗന്‍റെ പേരിലും കടുവ പ്രശ്നത്തിന്‍റെ പേരിലുമൊക്കെ. കഴിഞ്ഞകൊല്ലം വരെ ഞങ്ങള്‍ തീ കെടുത്തിയിട്ടുണ്ട്. ഈക്കൊല്ലം വനം വകുപ്പ് കേടുത്തട്ടെ.” വനം വകുപ്പിലെ 18 ഗ്രാഡുമാര്‍ ഇത്രയും കിലോമീറ്റര്‍ നീളത്തില്‍ നിന്ന് കത്തുന്ന തീകെടുത്തുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. അപ്പോഴാണ് തിരുനെല്ലി അടുത്തുള്ള ഗുണ്ഡികപ്പറമ്പ് എന്ന സ്ഥലത്തു തീ കത്തുന്നുണ്ട് എന്നറിഞ്ഞു ഗാര്‍ഡുമാര്‍ അങ്ങോട്ട് പോകാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ അവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇവിടത്തെ തീ കെടുത്തിയിട്ട് പോയാല്‍ മതി എന്നാണ് നാടുകാര്‍ അവരോട് പറഞ്ഞത്. ഇത് കണ്ടിട്ട് ഞാന്‍ ഫോറസ്റ്റ് ഓഫീസിന്‍റെ കോമ്പൌണ്ടിന്‍റെ അകത്തു കയറി സംഭവത്തിന്‍റെ ഫോടോയെടുക്കാന്‍ തുടങ്ങി. ഞാന്‍ ഫോടോ എടുക്കുന്നത് കണ്ടയുടനെ ആള്‍ക്കൂട്ടം ഗാര്‍ഡുമാരെ വിട്ടിട്ട് എന്‍റെ അടുത്തേക്ക് വന്നു. എന്നെ മര്‍ദിച്ച അവര്‍ ക്യാമറ ചുമരിലടിച്ച് പൊട്ടിച്ച്. കഴുത്തിന് കുത്തിപ്പിടിച്ചിട്ട് മെമ്മറി കാര്‍ഡ് ഊറിക്കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞു. അവസാനം മെമ്മറി കാര്‍ഡ് ഊരി വാങ്ങിയിട്ടാണ് എന്നെ വിട്ടത്.
 

ഇത് ബോധപൂര്‍വം തീയിട്ടത് തന്നെയാണ്. 18 ഗാര്‍ഡുമാരെക്കൊണ്ട് തീ കെടുത്താന്‍ പറ്റില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് തീ ഇട്ടത്. ബേഗൂര്‍ റേഞ്ചിലെ കോട്ടിയൂരിലാണ് ആദ്യം തീയിട്ടത്. പിന്നീട് ഗുണ്ഡികപ്പറമ്പിലും നേട്ടറയിലും ഒരേ സമയം തീയിട്ടു. നാട്ടുകാര്‍ പറയുന്നത് മുളയൊക്കെ ഉണങ്ങിക്കിടക്കുകയല്ലേ. മുള തമ്മില്‍ കൂട്ടിയുരഞ്ഞിട്ടാണ് തീ ഉണ്ടായതെന്നാണ്. അതൊരു തെറ്റായ ധാരണയാണ്. ഒരിയ്ക്കലും രണ്ട് മുളകള്‍ തമ്മില്‍ എത്ര ശക്തിയില്‍ കൂട്ടിയുരഞ്ഞാലും തീ ഉണ്ടാകില്ല. ഇത് പണ്ട് മുതലേ നമ്മളെ പറഞ്ഞ് പറ്റിച്ചുള്ള കാര്യമാണ്. ഏത് പരിസ്ഥിതി ശാസ്ത്രഞാന്‍മാരോട് വേണമെങ്കിലും ചോദിച്ച് വ്യക്തത വരുത്താവുന്ന കാര്യമാണിത്.  വയനാട്ടില്‍ ഉണ്ടായിട്ടുള്ള കാട്ടു തീയെല്ലാം തന്നെ മനുഷ്യന്‍റെ ഇടപെടലിന്റെ ഭാഗമായിട്ടുണ്ടായിട്ടുള്ളതാണ്.
 

ഗാഡ്ഗില്‍ റിപ്പോര്‍ടും കടുവ പ്രശ്നവുമൊക്കെ ഉണ്ടായപ്പോള്‍ ആളുകള്‍ പറഞ്ഞത് വേനലാവട്ടെ കാണിച്ച് തരാമെന്നാണ്. അതിനോട് കൂട്ടി വായിക്കുമ്പോഴാണ് ഇതില്‍ ബോധപൂര്‍വമ്മയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കേണ്ടി വരുന്നത്. ക്വാറി-റിസോര്‍ട് മാഫിയ ഇതിന്‍റെ പിന്നിലുണ്ടോ എന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. എന്തായാലും ഈ മേഖലയിലെ വളരെ സാധാരണക്കാരായ ആദിവാസികള്‍ ഇത് ഒരിയ്ക്കലും ചെയ്യില്ല.
 

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്  ഇപ്പോള്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു ആന പ്രശ്നവുമായി ബന്ധപ്പെട്ട് പോയപ്പോള്‍ അവര്‍ ആദ്യം ചോദിച്ചത് നീ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആണോ എന്നാണ്. ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ അവിടെ നിന്ന് പോയത് പോലെ തിരിച്ചു പോരാന്‍ പറ്റുമായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍