UPDATES

സിനിമ

ഒരു സിനിമയെടുക്കാന്‍ എത്ര ഡിവിഡി കാണണം?

സഫിയ

കൊന്തയും പൂണൂലും എന്ന സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത് അതിന്‍റെ പേരായിരുന്നു. ന്യൂ ജനറേഷന്‍ പിള്ളേര്‍ ആംഗലേയ പേരുകള്‍ കൊണ്ട് അമ്മാനമാടുമ്പോള്‍ ആരാണീ ഓള്‍ഡ് ജനറേഷന്‍ എന്ന കൌതുകം മുന്‍ പിന്‍ നോക്കാതെ ഈ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ചു. മാത്രമല്ല മലയാള സിനിമയുടെ സോഷ്യല്‍ റിയലിസത്തിന്റെ കാലത്തിറങ്ങിയ സിനിമ പേരുകളുടെ ഓര്‍മ്മയും. അച്ഛനും ബാപ്പയും എന്നൊക്കെ പറയുന്നത് പോലെ. പക്ഷേ സിനിമ കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകന്‍റെ സ്ഥിര ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്.

സിനിമ പിടിക്കല്‍ അത്ര എളുപ്പപണിയാണോ? ഇപ്പോള്‍ വാളെടുത്തവന്‍ വെളിച്ചപ്പാട് എന്ന് പറയുന്നത് പോലെയാണ് മലയാള സിനിമയുടെ കാര്യം. ഒരു സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കുന്ന അത്ര ലാഘമേ സിനിമ പിടുത്തത്തിനുള്ളൂ. യഥാര്‍ഥത്തില്‍ ഇത് വളരെ പോസിറ്റീവായ കാര്യമാണ്. പുതിയ ടെക്നോളജിയുടെ വരവോടെ സിനിമ നിര്‍മ്മാണം/വീഡിയോ പിടുത്തം സംബന്ധിച്ചുണ്ടായിരുന്ന നിഗൂഢത വിട്ടൊഴിയുകയും ദൃശ്യ മാധ്യമ രംഗത്ത് ഒരു തരത്തില്‍ ഒരു വികേന്ദ്രീകരണം സാധിക്കുകയും ചെയ്തിട്ടുണ്ട്.നമ്മുടെ പല ടെലിവിഷന്‍ ചാനലുകളും ആകസ്മിക സംഭവങ്ങളുടെ ദൃശ്യ ഫൂടേജുകളായി സംപ്രേക്ഷണം ചെയ്യാറ് പലപ്പോഴും സംഭവസ്ഥലത്തെ ദൃസാക്ഷികള്‍ നല്‍കുന്ന മൊബൈല്‍ ക്ലിപ്പുകളാണ്. വാര്‍ത്തയുടെ തീവ്രത അനുസരിച്ച് ഇത് വലിയ ദൃശ്യാഘാതമായി മാറാറുമുണ്ട്. ഈ അടുത്ത കാലത്ത് മലപ്പുറത്ത് നടന്ന രാഷ്ട്രീയ സംഘട്ടനത്തിന്‍റെ മൊബൈല്‍ ദൃശ്യം ചാനലില്‍ സംപ്രേക്ഷണം ചെയ്തത് ഓര്‍ക്കുക. ആ ദൃശ്യങ്ങളൊന്നും പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറിയത് അതിന്‍റെ ചാരുത കൊണ്ടല്ല. മറിച്ച് അത് വിനിമയം ചെയ്യാന്‍ ശ്രമിച്ച ആശയം കൊണ്ടാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ എങ്ങനെ പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ് പ്രധാനം എന്ന് സിദ്ധാന്ത വത്ക്കരിച്ചാലും കൊന്തയും പൂണൂലും എന്ന സിനിമയെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല.
 

ഇതൊരു ഫാന്‍റസി സിനിമയാണ് എന്നതാണ് സംവിധായകന്‍റെ സങ്കല്‍പം. പ്രേതത്തെയും യക്ഷിയെയും ഒക്കെ കുറിച്ച് പറയുന്നുണ്ടെങ്കിലും കൂര്‍ത്ത നഖവും പല്ലുകളും ചുവന്നു തുടുത്ത കണ്ണുകളും ഉള്ള അത്തരം സാധനങ്ങള്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. സത്യത്തില്‍ പരമ്പരാഗത രീതിയില്‍ ഒരു പ്രേതകഥ പറയുന്നതിന് പകരം ഇത്തരം അതിഭൌതിക സാധനങ്ങളുടെ സാന്നിധ്യം നമുക്ക് ചുറ്റും എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. മരണപ്പെട്ടാലും കുറച്ച് സമയം ഒരാളുടെ ആത്മാവ് തന്‍റെ പ്രിയപ്പെട്ടവരുടെ അടുത്ത് കറങ്ങിതിരിഞ്ഞ് നില്‍ക്കും എന്നതാണ് ഈ സിനിമയുടെ ഒറ്റവരി കഥ.  
 

ഒരു സിനിമയെടുക്കാന്‍ എത്ര ഡിവിഡി കാണണം എന്ന ചോദ്യമായിരുന്നു സിനിമ കണ്ടിറങ്ങിയപ്പോള്‍ എന്‍റെയുള്ളില്‍ ഉയര്‍ന്നു വന്നത്. കുറേ ഹോളിവുഡ് സിനിമകളും ഫെസ്റ്റിവല്‍ പടങ്ങളും കണ്ട് നോണ്‍ ലീനിയര്‍ വിഭ്രാന്തി ബാധിച്ച ഒരു സംവിധായകനാണ് ഈ സിനിമയുടെ സൃഷ്ടാവ്. കൃഷ്ണന്‍ എന്ന ബേക്കറി തൊഴിലാളിയും അയാളുടെ ഭാര്യയും സുഹൃത്തും അടങ്ങുന്ന ഒരു കഥ, വൃദ്ധനായ ഫ്രെഡിയും അപകടത്തില്‍ കൊല്ലപ്പെടുന്ന അയാളുടെ മകളും പേരക്കുട്ടിയും കഥാപാത്രങ്ങളായിട്ടുള്ള മറ്റൊരു കഥ, ജോണി എന്ന സാങ്കല്‍പ്പിക പ്രേതത്തെ സൂത്രത്തില്‍ കൊണ്ട് നടക്കുന്ന സേതു എന്ന പലിശക്കാരന്‍റെ കഥ, ഓജോ ബോര്‍ഡ് കളിക്കുന്ന ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍, പാലത്തിന് കീഴെ മരിച്ച് കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കുന്ന ഡിജിറ്റല്‍ യുഗ വിരോധിയായ മയക്കു മരുന്നിന് അടിമയായ എസ് എല്‍ ആര്‍ ഫോടോഗ്രാഫര്‍, യക്ഷിയെ പരിഹസിക്കുകയും പിന്നീട് യക്ഷിയുണ്ടോ ഇല്ലയോ എന്ന പ്രശ്നത്തില്‍പ്പെട്ടുഴലുകയും ചെയ്യുന്ന ഒരു തരികിട പോലീസുകാരന്‍. ഇങ്ങനെ പോകുന്നു ഇതിലെ കഥാപാത്രങ്ങളും കഥയും. ഇവരുടെ കഥകള്‍ക്ക് തമ്മില്‍ എന്തെങ്കിലും ബന്ധം വേണം എന്ന യാതൊരു ശാഠ്യവും സംവിധായകനില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ യക്ഷിയുണ്ടോ എന്ന കേന്ദ്രാശയത്തില്‍ സൃഷ്ടിച്ച ഒരു ആന്തോളജി സിനിമ മാത്രമാണ് കൊന്തയും പൂണൂലും. 
 

ഭയം ജനിപ്പിക്കാനുള്ള കോപ്പി ബുക് ഷോട്ടുകള്‍ കൊണ്ട് സമൃദ്ധമാണ് സിനിമ. പക്ഷേ എന്നിട്ടും പ്രേക്ഷകര്‍ ഏതെങ്കിലും തരത്തില്‍ പേടിപ്പിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. ലക്ഷ്യമില്ലാതെ കറങ്ങി നടക്കുന്ന ക്ഷുദ്ര ഗ്രഹങ്ങള്‍ പോലെയുള്ള ഇതിലെ കഥാപാത്രങ്ങള്‍ ഒന്നും തന്നെ നമ്മളുടെ കൂടെ തിയറ്റര്‍ വിട്ടിറങ്ങി വരില്ല. ആകെ അലോസരപ്പെടുത്തുന്നത് എന്താണ് കൊന്തയും പൂണൂലും എന്ന പേരിന്‍റെ സാംഗത്യം എന്നത് മാത്രമാണ്. നായകന്‍ പൂണൂലിട്ട നമ്പൂതിരിയും സുഹൃത്ത് കൊന്തമാല കഴുത്തിലിട്ട് നടക്കുന്ന ക്രിസ്ത്യാനിയും ആയത് മാത്രമാണ് ഈ പേരിനുള്ള സാധൂകരണമായി എനിക്ക് കാണാന്‍ കഴിഞ്ഞത്. എന്തായാലും മൌലികതയെ കുറിച്ച് അഥവാ കോപ്പിയടി സിനിമകളെക്കുറിച്ച് വ്യത്യസ്ഥ വീക്ഷണങ്ങള്‍ ഉണ്ടെങ്കിലും വിദേശ സിനിമകളുടെ ഡി വി ഡി കണ്ടാല്‍ മാത്രം പോര സിനിമ പിടിക്കാന്‍ എന്ന് അരക്കിട്ടുറപ്പിക്കുന്നുണ്ട് ഈ സിനിമാനുഭവവും.

നവാഗതനായ ജിജോ ആന്‍റണിയാണ് സംവിധായകന്‍. കുഞ്ചാക്കോ ബോബന്‍, ഭാമ, ഷൈന്‍ ടോം ചാക്കോ, മനോജ് കെ ജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

തിയറ്ററില്‍ കേട്ടത്: സന്തോഷ് പണ്ഡിറ്റ് സിനിമ ഇതിലും നന്നായിരുന്നു എന്നാണ് ഒരാള്‍ പറഞ്ഞത്. മറ്റൊരാളാകട്ടെ കുറച്ച് കൂടി കടന്ന് ഇത്തരം സിനിമകള്‍ പ്രദര്‍ശിക്കാന്‍ തിയറ്റര്‍ കൊടുക്കരുതെന്നും പറഞ്ഞുകളഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍