UPDATES

ഇന്ത്യ

ബ്രാഹ്മണര്‍ മോഡിക്ക് പണി കൊടുക്കുമോ?

ടിം അഴിമുഖം

1992ല്‍ അന്നത്തെ ബി ജെ പി പ്രസിഡന്‍റ് ഡോ: മുരളി മനോഹര്‍ ജോഷി കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ നടത്തിയ ഏകതാ യാത്ര ജമ്മു ആന്‍ഡ് കാശ്മീര്‍ തലസ്ഥാനത്ത് എത്തിയപ്പോള്‍ കടന്നുപോയ പ്രക്ഷുബ്ദമായ മണിക്കൂറുകളെക്കുറിച്ച് അന്ന് ജോഷിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഒരു സീനിയര്‍ പോലീസ് ഓഫീസര്‍ പിന്നീട് ഇങ്ങനെ പറയുകയുണ്ടായി. 

ജമ്മു ആന്‍ഡ് കാശ്മീരില്‍ ഇന്ത്യയുടെ അവകാശ വാദത്തിന്‍റെയും ബിജെപിയുടെ അക്രമണോത്സുക ദേശീയത ബ്രാന്‍ഡിന്‍റെയും പ്രതീകമായി 1992ലെ റിപ്പബ്ലിക് ദിനത്തില്‍ ലാല്‍ ചൌകില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും എന്ന് പ്രതിജ്ഞ ചെയ്ത ഡോ: ജോഷിയുടെ സുരക്ഷയ്ക്കായി ശ്രീനഗര്‍ പുതച്ച സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചായിരുന്നു ഈ ഓഫീസര്‍ ആഴിമുഖം റിപ്പോര്‍ടറോട് പറഞ്ഞത്.
 

ബി ജെ പി യെ സംബന്ധിച്ചിടത്തോളം ആവേശകരങ്ങളായ ദിവസങ്ങളായിരുന്നു അത്. നേരത്തെ തന്നെ രാമജന്മഭൂമി വിവാദം ബി ജെ പി ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. പിന്നീട് 1992 ഡിസംബര്‍ 6നു ഡോ: ജോഷി, എല്‍ കെ അദ്വാനി, ഉമാ ഭാരതി എന്നിവരുടെ നേതൃത്വത്തില്‍ അലച്ചെത്തിയ ജനക്കൂട്ടം 500 വര്ഷം പഴക്കമുള്ള ആ മസ്ജിദ് തകര്‍ക്കുക തന്നെ ചെയ്തു.

ലാല്‍ ചൌകിലേക്ക് ഡോ: ജോഷിയെ അനുഗമിക്കുന്നതിന് വേണ്ടി പോലീസ് ഓഫീസറും സംഘവും ജനുവരി 26നു രാവിലെ തന്നെ ജോഷിയുടെ താമസ സ്ഥലത്തെത്തി. എന്നാല്‍ കലാപ കലുഷിതമായ ശ്രീനഗറില്‍ തന്‍റെ ധീരത പ്രകടിപ്പിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ബി ജെ പി നേതാവ്. ഡോ: ജോഷി പ്രത്യക്ഷത്തില്‍ തന്നെ അസ്വസ്ഥനായി കാണപ്പെട്ടു എന്നാണ് ആ പോലീസ് ഓഫീസര്‍ പറഞ്ഞത്. തന്‍റെ മുറിയില്‍ നിന്നു പുറത്തു വരാന്‍ പോലും അദ്ദേഹം തയ്യാറായിരുന്നില്ല. അവര്‍ക്ക് വളരെ നേരം ജോഷിയോട് അഭ്യര്‍ഥിക്കേണ്ടതായി വന്നു ചടങ്ങിലേക്ക് വരാന്‍. ഒടുവില്‍ പൂര്‍ണ്ണമായും ആളൊഴിഞ്ഞ ശ്രീനഗറിലായിരുന്നു ബി ജെ പി പ്രസിഡന്‍റ് ദേശീയ പതാക ഉയര്‍ത്തിയത്.
 

ചടങ്ങ് അവസാനിക്കാറായപ്പോള്‍ തീവ്രവാദികള്‍ തൊടുത്തു വിട്ട ഒരു റോക്കറ്റ് ലാല്‍ ചൌകിലെ ക്ലോക് ടവറിന്റെ വളരെയടുത്താണ് വന്നു പതിച്ചത്. ഒട്ടും താമസിയാതെ ജോഷി സ്ഥലം കാലിയാക്കുകയും ചെയ്തു. 1940ല്‍ കമ്യൂണിസ്റ്റുകള്‍ അന്നത്തെ ഭരണാധികാരി ഹരി സിംഗിനെതിരായി നടത്തിയ പോരാട്ടത്തിന്റെ ഓര്‍മ്മയ്ക്ക് നാമകരണം ചെയ്യപ്പെട്ട ലാല്‍ ചൌകില്‍ കാശ്മീര്‍ താഴ്വരയുടെ മേലുള്ള ഇന്ത്യയുടെ അവകാശ വാദത്തെ ഒന്നു കൂടി ഉറപ്പിക്കുന്നതായിരുന്നു ഈ പതാക ഉയര്‍ത്തല്‍. ബി ജെ പിയെ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കുന്നതില്‍ ബാബരി മസ്ജീദ് തകര്‍ക്കല്‍ പോലെ ശക്തമായി സഹായിച്ച പ്രതീകാത്മക നടപടിയായിരുന്നു ലാല്‍ ചൌകിലേതും. 1996ല്‍ 13 ദിവസത്തെ വാജ്പേയി ഗവണ്‍മെന്‍റിലെ ആഭ്യന്തര മന്ത്രിയായിരുന്നു ഡോ: ജോഷി. 1998ല്‍ എന്‍ ഡി എ മുന്നണിയായി ബി ജെ പി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ മുരളി മനോഹര്‍ ജോഷി മാനവ വിഭവ ശേഷി മന്ത്രിയായി. നിര്‍ബന്ധിത സംസ്കൃത പഠനം, പെണ്‍കുട്ടികള്ക്ക് അടുക്കല് ശീലങ്ങള്‍ പഠിപ്പിക്കല്‍ തുടങ്ങി വിചിത്രമായ പല പരിഷ്കാരങ്ങളും ഡോ: ജോഷി ഈ കാലത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുകയുണ്ടായി.
 

ബി ജെ പി യെ കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളിയായി ഉയര്‍ത്തിക്കൊണ്ട് വന്നതില്‍ വാജ്പേയ്, അദ്വാനി എന്നിവരോടൊപ്പം മുഖ്യ പങ്ക് വഹിച്ചയാളാണ് ജോഷി. ശ്രീനഗറില്‍ കണ്ട ജോഷിയുടെ ഭയ ചകിതമായ മാനസികാവസ്ഥയില്‍ നിന്നും വിഭിന്നമായി ആര്‍ എസ് എസിന്‍റെ പിന്തുണയും ഹൈന്ദവ പ്രത്യശാസ്ത്രത്തിലുള്ള വിശ്വാസവും നല്‍കുന്ന ഉറച്ച പോരാളിയുടെ പ്രതിച്ഛായയായിരുന്നു അദ്ദേഹത്തിന്നുണ്ടായിരുന്നത്. 1940ല്‍ സംഘ് പരിവാറിലേക്ക് നീങ്ങിയവരാണ് ഇവരെല്ലാവരും. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ നിരോധിച്ചതില്‍ പ്രതിഷേധ ശബ്ദം ഉയര്‍ത്തിയവരായിരുന്നു ഇവരില്‍ പലരും.

ഇന്ന് ഏറെക്കുറെ കോമ അവസ്ഥയിലാണ് വാജ്പേയി. നരേന്ദ്ര മോഡി, രാജ്നാഥ് സിംഗ്, അരുണ്‍ ജെറ്റ്ലി തുടങ്ങിയ പുതു തലമുറ നേതാക്കള്‍ പാര്‍ടിയുടെ തലപ്പത്തേക്ക് കടന്നു വന്നതോടെ ബി ജെ പിക്കുള്ളില്‍ അത്ര സുഖകരമായ അവസ്ഥയിലല്ല അദ്വാനിയും ജോഷിയും ഇന്ന് നില്‍ക്കുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയത്തിക്കാണിക്കുന്നതിനെതിരെ അദ്വാനി ഉയര്‍ത്തിയ പ്രതിഷേധം അവഗണിക്കപ്പെടുകയായിരുന്നു. കൂടാതെ അദ്വാനി ഗുജറാത്തിലെ ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നല്ല സ്ഥാനാര്‍ഥിയല്ല എന്നാണ് മോഡി അനുകൂലികള്‍ പറയുന്നത്. ഡോ: ജോഷിയാണെങ്കില്‍ വാരണാസി സീറ്റില്‍ നിന്ന് കാണ്‍പൂര്‍ സീറ്റിലേക്ക് മാറ്റപ്പെടുകയും ചെയ്തിരിക്കുന്നു.
 

വാരണാസി മണ്ഡലത്തില്‍ നിന്ന് ജോഷിയെ മാറ്റിയതാണ് കൂടുതല്‍ ദുഖകരവും ഒരു പരിധി വരെ ബി ജെ പിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകവും. പ്രത്യേകിച്ചും പുതിയ കോര്‍പ്പറേറ്റ് ചങ്ങാത്തത്തിന്റെയും രാഷ്ട്രീയത്തില്‍ ആഴത്തില്‍ വേര് പിടിച്ചിരിക്കുന്ന അഴിമതിയുടെയും കാലത്ത്. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട് കമ്മിറ്റിയെ ശക്തമായ ഒരു തിരുത്തല്‍ സംവിധാനമായി ഉയര്‍ത്തിക്കൊണ്ട് വന്നത് ജോഷിയാണ്. ഇന്ത്യയിലെ പ്രമുഖ വ്യവസായികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍, ശക്തരായ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി ആളുകള്‍ 2ജി തുടങ്ങിയ അഴിമതികളുമായി ബന്ധപ്പെട്ട് പി എ സി യുടെ ചോദ്യങ്ങള്‍ക്ക് മുന്പില്‍ ഉത്തരം പറയാന്‍ നിന്നത് ഇന്ത്യന്‍ ജനാധിപത്യം അതിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ മികച്ച ലക്ഷണമായിരുന്നു.  അതുകൊണ്ടു തന്നെ ഈ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഡോ: ജോഷിയുടെ രാഷ്ട്രീയ ജീവിതത്തിനു ഒരു തിരശീലയിടാന്‍ ശ്രമിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജോഷി കോര്‍പ്പറേറ്റുകളെ എതിരിട്ടു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ അദ്ദേഹത്തോട് നല്ല രീതിയില്‍ ഇടപെടാന്‍ ബി ജെ പി തയ്യാറാവുകയും മോഡി മറ്റൊരു മണ്ഡലം അന്വേഷിച്ചു പോവുകയും ചെയ്യണമായിരുന്നു. 

ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള തിരിച്ചടിയാണ് ബി ജെ പി നേരിടാന്‍ പോകുന്ന മറ്റൊരു പ്രതിസന്ധി. സംഘില്‍ ഇപ്പൊഴും നല്ല നിയന്ത്രണമുള്ള ആര് എസ് എസ്- ബി ജെ പി ബ്രാഹ്മണിക്കല്‍ പ്രത്യശാസ്ത്ര ധാരയെ ആണ് മുരളി മനോഹര്‍ ജോഷി പ്രതിനിധീകരിക്കുന്നത്. ഒരു ബഹുജന നേതാവിന്‍റെ സ്വഭാവവും രീതികളുമായിരുന്നില്ല ജോഷിക്ക് ഉണ്ടായിരുന്നത്. ആനുകൂല്യങ്ങള്‍ക്കായി തന്‍റെ ഓഫീസില്‍ വരരുതു എന്ന പ്രശസ്തമായ ബോര്‍ഡ് തന്‍റെ അലഹബാദിലെ ഓഫീസിന് മുന്പില്‍ തൂക്കിയ ആളാണ് ജോഷി. അതുകൊണ്ടു തന്നെ 2004ല്‍ അലഹബാദിലെ ജനങ്ങള്‍ 2004ല്‍ ജോഷിയെ തോല്‍പ്പിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. അതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷിതമായ മണ്ഡലം അന്വേഷിച്ച് ജോഷി വാരണാസിയില്‍ എത്തിയത്. ഈ മണ്ഡലത്തില്‍ 15ശതമാനം ബ്രാഹ്മണ സമുദായക്കാരാണ്. ബ്രാഹ്മണര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കാണ്‍പൂരും. എന്നാല്‍ കല്‍ക്കരി മന്ത്രിയായ ശ്രീപ്രകാശ് ജെയ്സ്വാളിനെതിരെ ഭേദപ്പെട്ട മത്സരം കാഴ്ചവെക്കാന്‍ ജോഷിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ബ്രാഹ്മണര്‍ക്ക് യാതൊരു സ്ഥാനവുമില്ലാത്ത പാര്‍ടിയാണ് ബി ജെ പി എന്ന പ്രചരണം കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ തന്‍റെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മോഡി ഈ ജാതി സമവാക്യം കൂടി പരിഗണിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍