UPDATES

സുധീരൻ ചെന്നിത്തല ആകുമ്പോൾ….

മെഹബൂബ്

അമൃതാനന്ദമയി ആശ്രമത്തിനു നേരെ ആരോപണം ഉയർന്നപ്പോൾ കെ പി സി സി അധ്യക്ഷൻ വി എം സുധീരന് പഠിക്കാൻ കുറച്ചു സമയം വേണ്ടി വന്നു. എൻ എസ് എസ് ജനറൽ സെക്രടറി സുകുമാരൻ നായർ സുധീരനെതിരെ കത്തി കയറിയപ്പോൾ നായർ നേതാവിനെ കോപ്പൻ എന്ന് വിളിച്ചപ്പോൾ സുധീരൻ ഊറി ചിരിച്ചു. ഈ പ്രോത്സാഹനം എല്ലാ ജാതിമത ശക്തികളെയും വിമർശിക്കാനുള്ള ലൈസെൻസ് ആണെന്ന് ബൽറാം തെറ്റിദ്ധരിച്ചു പോയി. 

വിമർശനം ക്രൈസ്തവ നേതൃത്വത്തിനു നേരെ ആയപ്പോൾ കളിമാറി. എം എം ഹസൻ മുതൽ സുധീരൻ വരെ ബൽറാമിനെതിരെ തിരിഞ്ഞു.ഇതേ കുറിച്ച് സൈബർ സ്പേസിൽ പ്രമുഖനായ വിഷ്ണു പദ്മനാഭൻ പറയുന്നത് ഇങ്ങനെ -ബിഷപ്പിനെതിരെ സംസാരിച്ചതിന് കെ പി സി സി പ്രസിഡണ്ട് സുധീരന്‍ യുവ തുര്‍ക്കിയായ വി ടി ബല്‍റാമിനെ ശാസിച്ചതില്‍ വലിയ അത്ഭുതമൊന്നുമില്ല.
 


സാമാന്യത്തിലധികം അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യപ്പെട്ടിട്ടുള്ള വര്‍ഗ്ഗീയതയാണ് ക്രിസ്ത്യന്‍ വര്‍ഗ്ഗീയത, അങ്ങനെയൊരു സംഗതി ഉണ്ടെന്നുള്ള പ്രതീതി പോലുമില്ലാത്ത വിധം നിശബ്ദമാണത്. മറ്റ് മതങ്ങളില്‍ നിന്നു വ്യത്യസ്ഥമായി വിശ്വാസി സമൂഹത്തെ സ്വാധീനിക്കാന്‍ തക്ക ഒരു ശ്രേണി ഘടന സഭകള്‍ക്കുണ്ട്. ആ അധികാര ഘടനയില്‍ തീരുമാനമെടുക്കാനുള്ള ശേഷി പൂര്‍ണ്ണമായും സഭയില്‍ കേന്ദ്രീകരിച്ചു കൊണ്ട് വലിയൊരു വിലപേശല്‍ ശക്തി അതത് സഭകള്‍ക്കുണ്ട്. അക്രമാസക്തരായ അണികളോ, താഴെക്കിടയിലുള്ള വികാര ഭരിതത്വമോ ഇല്ലാതെ തന്നെ അരമനയില്‍ വെച്ചു കാര്യങ്ങള്‍ക്കു ലളിതമായി തീര്‍പ്പുണ്ടാക്കാന്‍ സാധിക്കുന്നു. അതിനൊപ്പം ഇടയ ലേഖനങ്ങളിലൂടെയും മറ്റും വിശ്വാസ സമൂഹത്തെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഇപ്പോഴും സാധിക്കുന്നുണ്ട്. അത് രാഷ്ട്രീയക്കാരെ വല്ലാതെ ഭയപ്പെടുത്തുന്ന ഒന്നു തന്നെയാണ്.
 


ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയെ വിമോചന സമരമെന്ന ഗൂഡാലോചനയിലൂടെ പുറത്താക്കിയ, ഇപ്പോഴും ഏത് പാര്‍ട്ടി ഭരണത്തില്‍ വന്നാലും അദൃശ്യമായ നിയന്ത്രണ ശക്തിയാകാന്‍ കെല്‍പ്പ് സഭാ നേതൃത്വങ്ങള്‍ക്കുണ്ട് . പൊതുവില്‍ സഭകള്‍ വലത് പക്ഷാനുകൂലമാണെങ്കിലും അതിന്റെ സ്വാധീന ശക്തി ഇടതിനെയും ബാധിക്കുന്നുണ്ട്. ഒരു പാട് ആരോപണങ്ങള്‍ നേരിട്ട മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയ്ക്കു തന്നെ പിണറായി വിജയനെ പോലെ ഒരു വിപ്ലവകാരി നേരിട്ടു ഹാജരായി ധ്യാനകേന്ദ്രത്തിനു ക്ലീന്‍ ചിറ്റ് നല്‍കേണ്ടി വരുന്നതും, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായി തള്ളാന്‍ സഭയോടൊപ്പം കൂടേണ്ടി വരുന്നതും അത് കൊണ്ടു കൂടിയാണ്. ഏണിക്കു കുത്തുന്ന മാപ്ലമാരെന്ന ഫലിതം പോലെ പ്രചരിക്കാത്ത ഒരു സത്യമാണ് പള്ളിയില്‍ നിന്നു പറയുന്ന സ്ഥാനാര്‍ത്ഥിക്കു വോട്ടു കുത്തുന്ന നസ്രാണികള്‍. മധ്യതിരുവിതാം കൂറില്‍ അതിന് വലിയ വിലയുണ്ട് എന്ന് സുധീരനറിയാം, അതു കൊണ്ട് ബിഷപ്പിനെയും സഭയെയുമൊക്കെ ഒഴിവാക്കിയിട്ടുള്ള വിപ്ലവമൊക്കെ മതിയെന്നു പറഞ്ഞു കാണും. വിഷ്ണു പറഞ്ഞു നിർത്തുന്നു.
 


വോട്ട് ചോദിച്ചു എത്തിയ ഡീൻ കുര്യാക്കോസിനെ ശപ്പന്മാരിൽ ഒരാൾ ആണെന്ന് ബിഷപ്പ് അനികുഴിക്കാട്ടിൽ വിമർശിച്ചതിൽ അദേഹം ഒരു തെറ്റും കാണുന്നില്ല. ബിഷപ്പിന്റെ മുന്നിൽ കെട്ടിയ കൈ ഡീൻ എപ്പോഴാണ് അഴിച്ചത് എന്ന് ഡൽഹിയിൽ നിന്നും സന്ദീപ്‌ സോമനാഥ് ഫേസ് ബുക്കിലൂടെ ചോദിക്കുന്നു. ഏപ്രിൽ പത്തു വരെ എങ്കിലും അത് അഴിക്കില്ല, സന്ദീപ്‌ തുടരുന്നു.

കൊടുങ്കാറ്റു പോലെ ഇടുക്കിയിൽ ഓടി നടന്നു ഡീന് വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞ പി ടി തോമസിനെ നാടുകടത്താൻ ആണ് കെപിസിസി ആലോചന. ഒരു മുഴം നേരത്തെ എറിഞ്ഞു കൊണ്ട്, താൻ ചോദിച്ചു വാങ്ങിയതാണ് സ്ഥലം മാറ്റം എന്ന് പറഞ്ഞു ഒഴിയുകയാണ് പി ടി. ഈ നിര്‍ബന്ധിത സ്ഥലം മാറ്റത്തിന് പിന്നിലെ അത്ര അദൃശ്യമല്ലാത്ത ശക്തിയും ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.. വി ഡി സതീശന്‍ പറഞ്ഞത് ഓര്‍ക്കുക. നമ്മള്‍ കോണ്‍ഗ്രസുകാര്‍ സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവര്‍ ആകരുത്.
 


എന്തായാലും വി ടി ബലറാമിനെയും ടി എന്‍ പ്രതാപനെയും താക്കീത് ചെയ്യാന്‍ കെ പി സി സി എടുത്ത തീരുമാനം ചിലപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ അതിവേഗ തീരുമാനങ്ങളിലൊന്നായിരിക്കാം.

അതിവേഗം.. ബഹുദൂരം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍