UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

അപ്പോള്‍ പ്രായമാകുക എന്നാല്‍ എന്താണ്?

സ്റ്റാന്‍ ഹേവാര്‍ഡ്‌ (സ്ലേറ്റ്)

എനിക്ക് ഷോണ്‍ കോണറിയുടെയും ക്ലിന്റ് ഈസ്റ്റ് വുഡിന്റെയും അതെ പ്രായമാണ്. ഞാന്‍ ഇവരെ രണ്ട്പേരെക്കാള്‍ ഉയരം കുറഞ്ഞയാളാണ്, എന്നാല്‍ എനിക്ക് തൂക്കം കൂടുതലുണ്ട്. അതത്ര നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

ഞാന്‍ ഒരിക്കല്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. എന്നാല്‍ അത് യു കെയിലായിരുന്നു, അന്ന് ചിയര്‍ലീഡര്‍ സുന്ദരികള്‍ ഉണ്ടായിരുന്നില്ല.

ഇതാ ഇറ്റലിയിലെ ഈ ഡൈവിംഗ് ബോട്ടില്‍ ഇരിക്കുന്നത് ഞാനാണ്. താടിയുള്ള ആളാണ് റെഗ് വാലിന്‍ടിന്‍. ബ്രിട്ടീഷ് സ്പിയര്‍ഫിഷിംഗ് ചാപ്യനായിരുന്നു റെഗ്. പിന്നീട് അദ്ദേഹം ഒരു പരിസ്ഥിതിവാദിയായി. BSAC എന്ന ഡൈവിംഗ് സൊസൈറ്റിയുടെ തലവനുമായി. ഒറ്റശ്വാസത്തില്‍ മുപ്പതുമീറ്റര്‍ നീന്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. എനിക്ക് ഇരുപതുമീറ്റര്‍ ആണ് നീന്താന്‍ പറ്റിയിരുന്നത്. ഒരിക്കല്‍ അഴിമുഖത്തിനടുത്ത് ഞങ്ങള്‍ ഒരു ഫിനീഷ്യന്‍ കപ്പല്‍ കണ്ടെത്തി. രണ്ടായിരം വര്ഷം പഴക്കമുണ്ടായിരുന്നു അതിന്. ഇന്നുവരെ കണ്ടെത്തിയിട്ടുള്ള കപ്പല്‍ അവശിഷ്ടങ്ങളില്‍ ഏറ്റവും പഴയത് അതാവും. അവര്‍ അതിനെപ്പറ്റി ഒരു ടിവിഷോ ചെയ്തു.
 

പിറകില്‍ ഉള്ള വാല്‍ഡിവിയോ എന്ന മനുഷ്യനാണ് ഞങ്ങളെ ബോട്ട് ഓടിക്കാന്‍ സഹായിച്ചത്. അയാള്‍ നല്ല ഒരു സുഹൃത്തായിമാറി. ഒരുദിവസം ബോട്ടില്‍ ഇന്ധനം നിറച്ചപ്പോള്‍ പണം കൊടുക്കാഞ്ഞത് റെഗ് ശ്രദ്ധിച്ചു. ചോദിച്ചപ്പോള്‍ വാല്‍ഡിവിയോ പറഞ്ഞു അത് അയാളുടെ ഗ്യാസ് സ്റ്റേഷന്‍ ആണ്, പണം വേണ്ട എന്ന്. പിന്നീടാണ് അയാള്‍ ഒരു കോടീശ്വരനായിരുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞത്.
 

നോര്‍ത്ത് ആഫ്രിക്കയിലെ മരുഭൂമിദ്വീപായ സെമ്പ്രയില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. ഞാന്‍ അവിടെ സ്കൂബാ ഡൈവിംഗ് പഠിപ്പിച്ചിരുന്നു. എന്നെ രണ്ടുവട്ടം സ്രാവ് ആക്രമിച്ചിട്ടുണ്ട്. എന്റെ ഒരു സുഹൃത്തിനെ ഒരു സ്രാവാണ് കൊന്നത്. ഞാന്‍ ഡൈവിംഗ് പഠിപ്പിച്ച ഒരു വിദ്യാര്‍ഥിനിയാണ് ഇത്. അവളുടെ പേര് ഡൊമിനിക്ക്. അവള്‍ പല ഭാഷകള്‍ സംസാരിക്കും. ഒരു പൈലറ്റ്‌ ആണ്, റേസ് കാര്‍ ഡ്രൈവറും. അവള്‍ വേഗം ഡൈവിംഗ് പഠിച്ചു.

ഒരിക്കല്‍ ഒരു ഡൈവിംഗ് അപകടത്തിനുശേഷം ഞാന്‍ പൂര്‍ണ്ണമായി ബധിരനായി. ഹിയറിംഗ് എയിഡ് ഉപയോഗിച്ച് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും.

ഒരിക്കല്‍ ഞാന്‍ ഓസ്ട്രേലിയയിലെ ഒരു ആടുവളര്‍ത്തല്‍ ഫാമില്‍ താമസിച്ചിട്ടുണ്ട്. ഒരു കോഴികൂട്ടിലായിരുന്നു എന്റെ ഉറക്കം. കാവല്‍പ്പട്ടികള്‍ക്ക് വേണ്ടി മുയലുകളെ വെടിവയ്ക്കാന്‍ ഞാന്‍ പഠിച്ചു. എനിക്ക് നല്ല ഉന്നമുണ്ടായിരുന്നു.

ഞാന്‍ അവിടെ റെയില്‍വേ പണിക്കാരനായും ജോലി ചെയ്തു. പിന്നീട് ഞാന്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിച്ചു. അതിനുശേഷം സെന്റുകളോട് എനിക്ക് അലര്‍ജിയുണ്ടായി. സെന്റ്‌ പൂശുന്ന സ്ത്രീകളെയും ഞാന്‍ ഒഴിവാക്കി. എനിക്ക് തുമ്മല്‍ വന്നിരുന്നു. അതിനും ശേഷം ഞാന്‍ ക്ലേ മിനറലുകളുടെ എക്സ്റെയെടുക്കുന്ന ഒരു ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തു.
 

ഇതാണ് എന്റെ ലാബ് ടെക്നീഷ്യന്‍ രൂപം.

അത്ര നല്ല ഫോട്ടോയല്ല. എന്നാല്‍ 1954ല്‍ എടുത്ത ഫോട്ടോയാണെന്നുകൂടി ഓര്‍ക്കണം. ലാബില്‍ ഏറ്റവും പുതിയ സയന്‍സ് മാസികകള്‍ വരുത്തിയിരുന്നു. അങ്ങനെയാണ് ഞാന്‍ കമ്പ്യൂട്ടറിനെപ്പറ്റി അറിയുന്നത്.

ഒരിക്കല്‍ കുറച്ചുനാള്‍ ഞാന്‍ ന്യൂയോര്‍ക്കില്‍ ഒരു പെന്റ്ഹൌസില്‍ താമസിച്ചിരുന്നു. എന്റെ അടുത്താണ് ചാള്‍ട്ടന്‍ ഹെസ്ടന്‍ താമസിച്ചിരുന്നത്. ഒരിക്കല്‍ പോലും ഞാന്‍ അയാളെ കണ്ടിട്ടില്ല. മാഡിസന്‍ അവന്യൂവില്‍ ഞാന്‍ ഒരു തിരക്കഥാകൃത്തായിരുന്നു അപ്പോള്‍. ഞാന്‍ അവിടെവെച്ച് ഒരു നല്ല ജൂത പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അവള്‍ എനിക്ക് ജൂതചരിത്രം പറഞ്ഞുതന്നു.

ന്യൂയോര്‍ക്കില്‍ വെച്ച് ഞാന്‍ ഗ്രീന്‍വിച്ച് വില്ലേജിലെ ജാസ് ക്ലബ്ബില്‍ പോയി. ഒരുദിവസം മൈല്‍ ഡേവിസ് എന്റെ മേശയില്‍ അയാളുടെ വിസ്ക്കി ഗ്ലാസ് വെച്ചു. ഒരു നിമിഷം ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു.
 

ഒരിക്കല്‍ ഞാന്‍ പാരീസില്‍ വെച്ചു ഒരു ഫ്രഞ്ച് സിനിമയില്‍ സൂപ്പര്‍മാനായി അഭിനയിച്ചു.
 

രാജ്യസേവനാര്‍ത്ഥം ഞാന്‍ സെയിലറായി ജോലി ചെയ്തു. കപ്പിത്താനുമായി വാഗ്വാദമുണ്ടായപ്പോള്‍ ഞാന്‍ ഓസ്ട്രേലിയയില്‍ വെച്ച് കപ്പലില്‍ നിന്ന് ചാടി. രണ്ടുവര്ഷം എന്നെ അറസ്റ്റ് ചെയ്യാന്‍ വാറന്റ് ഉണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ പിടികൊടുത്തു. അപ്പോള്‍ പോലീസ് പറഞ്ഞു ഞാന്‍ ഇവിടെയുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു, അവര്‍ എന്നെ വിട്ടുകളഞ്ഞതാണെന്ന്. വലതുവശത്ത് താഴത്തെ നിരയില്‍ ഇരിക്കുന്നതാണ് ഞാന്‍.
 

ഒരിക്കല്‍ ഞാന്‍ മോണ്‍ട്രിയലില്‍ ജീവിച്ചു. ഫ്രഞ്ച് പഠിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെയുള്ളവര്‍ ശരിയായ ഫ്രഞ്ച് അല്ല പറയുന്നത് എന്ന് എന്റെ ഫ്രഞ്ച് സുഹൃത്തുക്കള്‍ പറഞ്ഞു. അവര്‍ അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിച്ചിരുന്നു എന്തായാലും.
 

ഇവിടെ എന്നോട് സംസാരിക്കുന്നത് ഒരു ഫ്രഞ്ച്-കനേഡിയന്‍ പെണ്‍കുട്ടിയാണ്. 1962 ആയിരുന്നു കാലം. എന്റെ സിനിമയ്ക്ക് ഒരു അവാര്‍ഡ് കിട്ടിയിരുന്നു. ഫ്രഞ്ച് കനേഡിയന്‍ പെണ്‍കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ നേടുന്നവരെ ഇഷ്ടമാണ്. അവര്‍ക്ക് മറ്റുള്ളവരെയും ഇഷ്ടമാണ്.

കാനഡയിലെ നാഷണല്‍ ഫിലിം ബോര്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് ഞാന്‍ നോര്‍മന്‍ മക്ലാറനെ പരിചയപ്പെടുന്നത്. അയാള്‍ എന്റെ വലിയ ഹീറോ ആയിരുന്നു. ആളുകളെ സിനിമയിലൂടെ ഹിപ്നോട്ടൈസ് ചെയ്യാമോ എന്ന് ഞാന്‍ ചോദിച്ചു. നിറങ്ങളും വലയങ്ങളും ഒക്കെ ഉപയോഗിച്ചു അദ്ദേഹം ചില പരീക്ഷണചിത്രങ്ങള്‍ എടുത്തിരുന്നു. ഞാന്‍ അതില്‍ ഒരു ഹിപ്നോട്ടിസ്റ്റിന്‍റെ ശബ്ദം കൂട്ടിച്ചേര്ത്തു. ഞങ്ങള്‍ അത് സ്ക്രീന്‍ ചെയ്തപ്പോള്‍ കടല്‍ ചൊരുക്ക് വന്നവരെപ്പോലെ കാഴ്ചക്കാര്‍ എണീറ്റുപോയി. അത് അവരുടെ ബാലന്‍സ് തെറ്റിച്ചുവെന്നാണ് ഒരു ഹിപ്നോട്ടിസ്റ്റ് എന്നോട് പറഞ്ഞത്.

ഒരിക്കല്‍ ഞാന്‍ ഇറ്റലിയിലെ ഗിഗ്ലിയോ എന്ന ചെറിയ ഒരു ദ്വീപില്‍ താമസിച്ചു. ഐസ്ക്രീമിന്റെ ഇറ്റാലിയന്‍ വാക്ക് ജെലാറ്റോ എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ഐസ്ക്രീമാണ് അത്. എനിക്ക് പതിനൊന്നു ഭാഷകളില്‍ ഐസ്ക്രീം എന്ന് പറയാനറിയാമായിരുന്നു. ചൈനീസില്‍ മാത്രം അറിയില്ല. എന്തായാലും ഞാന്‍ ചൈനയില്‍ പോയിട്ടില്ല.

ഒരിക്കല്‍ ഞാന്‍ ന്യൂസിലന്‍റിലെ ഒരു ബാന്‍ഡില്‍ വായിച്ചിട്ടുണ്ട്. ഞങ്ങള്‍ പാടുന്നതിനിടെ ഒരിക്കല്‍ സ്റ്റേജ് ഇടിഞ്ഞു വീണിട്ടുണ്ട്. എന്നാല്‍ വായന തുടരാന്‍ ഞങ്ങളോട് ലീഡര്‍ പറഞ്ഞു. നേപ്പിള്‍സിലെ ഒരു ബാന്‍ഡില്‍ ഞാന്‍ വായിക്കുന്നതിന്റെ ചിത്രമാണിത്. അത്തവണ സ്റെജ് വീണില്ല. എനിക്ക് ഇന്ഷുറന്സ് ഉണ്ടായിരുന്നില്ല.
 

ഒരിക്കല്‍ ഞാന്‍ ലണ്ടനില്‍ ഒരു ബോട്ടില്‍ താമസിച്ചു. തിര വരുമ്പോള്‍ ബില്ജ് പ്ലഗ് അടയ്ക്കാന്‍ ആരെങ്കിലും മറന്നാല്‍ ബോട്ട് ലീക്കുചെയ്തിരുന്നു. ലീക്ക് ചെയ്യുമ്പോള്‍ അതിലെ പൂച്ചകള്‍ എന്റെ ബങ്കിലാണ് കിടന്നിരുന്നത്. അതു മാത്രമായിരുന്നു ഉണങ്ങിയ ഏക സ്ഥലം. ഞങ്ങള്‍ക്ക് ഒന്‍പത് പൂച്ചകളുണ്ടായിരുന്നു.

ഒരിക്കല്‍ കത്തിചൂണ്ടി എന്നെ പിടിച്ചുപറിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ കള്ളനോട് സംസാരിച്ചു, അയാളുടെ മകളെ സംരക്ഷിക്കണം എന്ന് പറഞ്ഞു. പിന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞ് അയാള്‍ പിടിക്കപ്പെട്ടു. അയാളുടെ മകളെ ആര് സംരക്ഷിച്ചുവെന്നറിയില്ല.
 

ഒരു ചിത്രകാരനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്ക് ഓപ്പ്- ആര്ട്ട് ഇഷ്ടമായിരുന്നു. എന്നാല്‍ അറുപതുകളില്‍ എല്ലാവരും ഇത് ചെയ്തിരുന്നു. ഞാന്‍ ചെയ്ത ചില ചിത്രങ്ങളാണിവ. നഗ്നമോഡലുകള്‍ക്ക് പണം കൊടുക്കാന്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. മോഡലുകളല്ലാത്ത സ്ത്രീകള്‍ക്ക് ഞാന്‍ വരച്ചത് ഇഷ്ടപ്പെട്ടില്ല.

ഒരിക്കല്‍ വെനീസില്‍ വെച്ച് എനിക്ക് കാറപകടമുണ്ടായി. കാര്‍ തലകുത്തിമറിഞ്ഞ് അടുത്തുള്ള ചതുപ്പില്‍ വീണു. എന്നാല്‍ മുട്ടില്‍ ഒരു മുറിവുമായി ഞാന്‍ രക്ഷപെട്ടു. ഞങ്ങളെ സഹായിച്ചത് ഒരു മുന്‍ഇറ്റാലിയന്‍ പട്ടാളക്കാരനാണ്. ഓസ്ട്രേലിയക്കാര്‍ അയാളെ യുദ്ധത്തടവുകാരനാക്കിയിരുന്നുവെന്നും അയാള്‍ ആ സമയം ശരിക്ക് ആസ്വദിച്ചുവെന്നും തിരികെ ഓസ്ട്രേലിയയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

ഒരിക്കല്‍ ഞാന്‍ ഒരു സ്ത്രീയെ പരിചയപ്പെട്ടു. ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി. പക്ഷെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. എന്റെ മകള്‍ സുന്ദരിയാണ്. അവളുടെ അമ്മ ഒരു സൌന്ദര്യറാണിയായിരുന്നു. അവള്‍ ചരിത്രം പഠിപ്പിക്കുന്നു, ഒരു സ്ത്രീ ബാന്‍ഡില്‍ വായിക്കുന്നു. എന്റെ മകളുടെ ഒന്നാം പിറന്നാളിന്റെ ചിത്രമാണിത്. 82ലേത്. 
 

മായ എന്നാണ് അവളുടെ പേര്. അവള്‍ ഓസ്ട്രേലിയയിലാണ്. മായ എന്നാല്‍ യാഥാര്‍ഥ്യമായ ഒരു സ്വപ്നം എന്നാണ് ഞാന്‍ ഒരിടത്ത് വായിച്ചത്. എന്നാല്‍ സത്യത്തില്‍ ഒരു കണ്കെട്ട് എന്നാണ് അതിന്റെ അര്‍ഥം എന്ന് തോന്നുന്നു.

ഒരിക്കല്‍ ഞാന്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. അതിനു എനിക്കൊരു അവാര്‍ഡ് കിട്ടി. അന്ന് ടോണി ബ്ലെയര്‍ ആയിരുന്നു പ്രധാനമന്ത്രി. ഞങ്ങള്‍ രണ്ടുസെക്കന്റ് മാത്രമേ കണ്ടുള്ളൂ. ആന്‍ഡി വാര്‍ഹോള്‍ പറഞ്ഞ പതിനഞ്ചുമിനിട്ടിന്റെ പ്രശസ്തി അതായിരുന്നില്ല. ചിലപ്പോള്‍ ഇനി വരുമായിരിക്കും.

അപ്പോള്‍ പ്രായമാകുക എന്നാല്‍ എന്താണ്?

ഇങ്ങനെയൊക്കെയാണ് അത്. തിളങ്ങുന്ന കണ്ണുള്ള ഒരു പൂച്ച, ഉറക്കച്ചടവ്. 
 

ഇടയ്ക്കിടെ നിങ്ങള്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കും, പഴയ നല്ല കാര്യങ്ങള്‍.

വെറുതെ പഴയകാര്യങ്ങള്‍ ഇങ്ങനെ ഓര്‍ത്തും മിണ്ടിയും ഇരിക്കും പ്രായമായവര്‍. ആരെങ്കിലും കേള്‍ക്കുന്നോ വായിക്കുന്നോ കാര്യമാക്കുന്നോ എന്നറിയില്ല.

പ്രായമാകുമ്പോള്‍ ഇനി ആരും ശല്യപ്പെടുത്തരുത് എന്ന് തൊന്നും. പ്രായമായാല്‍ പിന്നെ ഒന്നും നിങ്ങളെ ബാധിക്കില്ല. പണ്ടത്തെയത്ര എന്തായാലുമില്ല. ഒരിക്കലും ഒന്നും നിങ്ങളെ ബാധിക്കാന്‍ പാടില്ലായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഇത് മനസിലായിരുന്നെങ്കില്‍ എന്ന് തോന്നുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍