UPDATES

ചിത്രം വരയ്ക്കാന്‍ 25000 രൂപ ബാങ്ക് ലോണെടുത്ത ശാന്തേടത്തി

കെ.പി.എസ്.കല്ലേരി

പട്ടിണികൂടാതെ ജീവിക്കണം, കൈവിരലുകള്‍ക്കിടയില്‍നിന്ന് ബ്രഷ് ഊര്‍ന്നുപോകുന്ന കാലം വരെ വരച്ചുകൊണ്ടിരിക്കണം, പൊട്ടിപ്പൊളിഞ്ഞ കൂരയുടെ മേല്‍ക്കുര നന്നാക്കണം, പിന്നെ ചിത്രം വരയ്ക്കാന്‍ മാത്രമായി കടമെടുത്ത ബാങ്ക് ലോണ്‍ തിരിച്ചടക്കണം…….വരച്ചുകൂട്ടിയ ചിത്രങ്ങള്‍ അടുക്കളയോട് ചേര്‍ന്ന കുടുസുമുറിയില്‍ നിന്ന് മാറാല തട്ടിവൃത്തിയാക്കുമ്പോള്‍ ശാന്തേടത്തി പറഞ്ഞ് തുടങ്ങിയത് ഇങ്ങനെ. കഷ്ടപ്പാട് കണ്ട് ആരും ഒന്നും തരേണ്ട. കൊള്ളാവുന്നതാണെന്ന് തോന്നിയാല്‍ മാത്രം ഒരു പെയിന്റിംങ് എടുത്ത് അതിന് മാന്യമായൊരു തുക തന്നാല്‍മതി. ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല. ഒരു ഓട്ടോറിക്ഷയില്‍കൂടി സഞ്ചരിക്കാത്തതിനാല്‍ കാറുവാങ്ങണമെന്നൊന്നും ആഗ്രഹമില്ല. കോഴിക്കോട് നഗരത്തില്‍ നിന്ന് ഈ കല്ലായിലെ വീട്ടിലേക്ക് നടന്ന് നടന്ന് തേഞ്ഞുതീര്‍ന്നതാണ് എന്റെ കാലുകള്‍. അങ്ങനെയൊക്കെതന്നെ ഇനിയുള്ള കാലവും കഴിയും. പക്ഷെ മുകളില്‍ പറഞ്ഞതുപോലെ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രശ്‌നങ്ങളുണ്ട്. അത് തീര്‍ത്തു തരാന്‍മാത്രം ചിലസഹായങ്ങള്‍ വേണം. അതും വെറുതെയല്ല. എന്റെ ചിത്രങ്ങളുടെ പേരില്‍ മാത്രം…….
 


കഴിഞ്ഞ മാസം കോഴിക്കോട്ടെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ ശാന്തേടത്തിയുടെ ഒരു ചിത്രം സ്വന്തമാക്കിയത് കോഴിക്കോട്ടെ ഒരു പ്രമുഖ ചിത്രകാരന്‍. ആളുടെ പേരുപറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടുമെന്നാണ് ഇതു സംബന്ധിച്ച് അവര്‍ പറഞ്ഞത്. വെറും 3000രുപയ്ക്ക് അദ്ദേഹം ആ ചിത്രം വാങ്ങിയത് എന്റെ കഷ്ടപ്പാട് കണ്ടിട്ടില്ലെന്ന് നന്നായിട്ടറിയാം. പക്ഷെ കൊടുക്കാതിരിക്കാന്‍ ആ സമയത്തെ എന്റെ ബുദ്ധിമുട്ടുകള്‍അനുവദിച്ചില്ല. മൂന്ന് ചിത്രങ്ങള്‍ക്ക് 10,000രൂപ തരാമെന്ന് പറഞ്ഞാണ്  അദ്ദേഹം സമീപിച്ചത്.  പക്ഷെ ഞാന്‍ തയ്യാറായില്ല. നിങ്ങള്‍ക്കറിയാമോ ആചിത്രം വരച്ച കാന്‍വാസിന് മാത്രമാവും 1000രൂപ. പിന്നെ ആക്രലിക് ഒരു ട്യൂബിന്റെ വില നിങ്ങള്‍ക്കറിയാവുന്നതല്ലേ. ഇതെല്ലാം അദ്ദേഹത്തിന് എന്നെക്കാളും നന്നായി അറിയാം. പക്ഷെ മുകളില്‍ പറഞ്ഞപോലുള്ള എന്റെ ദുരിതത്തിന്റെ ആഴവും അദ്ദേഹത്തിനറിയാം. അത് മുതലാക്കുകയായിരുന്നു. ആ ചിത്രം എന്തായാലും അദ്ദേഹത്തിന് വീട്ടില്‍ തൂക്കാനല്ല. എത്രരൂപയ്ക്ക് മറിച്ച് വിറ്റിട്ടുണ്ടാവും എന്നും അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ആര്‍ട് ഗ്യാലറിയില്‍ ഒരാഴ്ച നടത്തിയ പ്രദര്‍ശനത്തിന്റെ വാടകയെങ്കിലും കൊടുക്കാമെന്നു കരുതിയാണ് 3000രൂപയ്ക്ക് ഒരു ചിത്രം നല്‍കിയത്…ശാന്തേടത്തി പറഞ്ഞു തുടങ്ങുകയാണ്. കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറായ് നില്‍ക്കുക.
 


സഖാവ് ശാന്തയെന്ന ശാന്തേടത്തിയെ കോഴിക്കോട്ടുകാര്‍ക്ക് നന്നായറിയാം. 60പതിലെത്തിനില്‍ക്കുന്ന ശാന്തേടത്തി കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി നഗരത്തിന്റെ ഓരോ ചെറുചലനങ്ങളുടേയും ഭാഗമാണ്. നഗരത്തിലെ പാര്‍ട്ടി വേദികള്‍, ജാഥകള്‍, പരിപാടികള്‍, കലാസാസംസ്‌കാരിക സംഗമങ്ങള്‍, സമരങ്ങള്‍ അവിടെയെല്ലാം ശാന്തേടത്തിയെ നാം പലതവണ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ അറിയാത്തത് ഒന്നുമാത്രം. ചെരിപ്പിടാത്തതിനാല്‍ തേഞ്ഞുതീര്‍ന്ന കാലും നിറംമങ്ങിയ കോട്ടന്‍സാരിയുമായി നഗരത്തിലെത്തുന്ന ശാന്തേടത്തിയിലെ ചിത്രകാരിയുടെ ഭാവപ്പകര്‍ച്ച, പിന്നെ ദുരിതത്തിന്റെ ആഴം. കോഴിക്കോട്ടെ ആര്‍ട് ഗ്യാലറിയില്‍ കഴിഞ്ഞമാസം നടന്ന ചിത്രപ്രദര്‍ശനത്തിനിടയിലാണ് ശാന്തേടത്തിയിലെ കലാകാരിയെ അടുത്തറിയുന്നത്. നവീകരിച്ച ആര്‍ട് ഗ്യാലറിയില്‍ അന്ന് നാല് ചിത്ര പ്രദര്‍ശനം നടക്കുന്നുണ്ട്. ശാന്തേടത്തി കഴിഞ്ഞാല്‍ ബാക്കി മൂന്നുപേരും ശീതികരിച്ച മുറിയിലിരുന്ന് ചില്ലുജാലകക്കാഴ്ചയിലൂടെ പ്രകൃതിയുടെ നിറങ്ങള്‍ ഒപ്പിയെടുക്കുന്നവര്‍. പിറ്റേദിവസത്തെ പത്രങ്ങളിലൊക്കെ ചിത്രപ്രദര്‍ശനങ്ങളുടെ വാര്‍ത്തയും ചിത്രകാരന്‍മാരുടെ അഭിമുഖങ്ങളും വന്നു. പക്ഷെ ശാന്തേടത്തിയും ചിത്രങ്ങളും ഒറ്റകോളത്തിനുപോലും ഇടമാകാതെ പുറംന്തള്ളപെട്ടു. എന്നിട്ടും ശാന്തേടത്തി ആരോടും പരിഭവം പറഞ്ഞില്ല. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളും പൊയ്ക്കാല്‍സാന്നിധ്യങ്ങളും തെരുവിലെ കുഞ്ഞുനിലവിളികളും പ്രകൃതിയുടെ രോദനങ്ങളുമെല്ലാം നിറഞ്ഞു നിന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ആ ചിത്രകാരിയെ അടുത്തറിയാന്‍ ശ്രമിച്ചു. അപ്പഴാണവര്‍ പറഞ്ഞത്. 'മോനറിയോ…ഈ ചിത്രങ്ങളിങ്ങനെ ഇവിടെ പ്രദര്‍ശനത്തിനെത്തിക്കാന്‍ വേണ്ടിമാത്രം കല്ലായിലെ ഒരു ബാങ്കിന് ഞാനിപ്പോള്‍ 25000രൂപ കടക്കാരിയാണ്. ഇവിടുന്ന് വിറ്റുപോകുന്ന ചിത്രങ്ങളുടെ പണം ഉപയോഗിച്ചുവേണം ആ കടം വീട്ടാന്‍…'
 


അങ്ങനെയാണ് ശാന്തേടത്തിയുടെ കല്ലായിലെ വീട്ടിനെ തേടിപ്പോയത്. കല്ലായി റെയ്ല്‍വേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ മുനങ്ങാട്ടു വയലിലെ ചീനിക്കല്‍ വീട്ടെലെത്തിയപ്പോള്‍ എങ്ങിനെയാണ് ഒരിടത്ത് ദുരിതം പെയ്തിറങ്ങുന്നതെന്ന് കാണാന്‍ കഴിഞ്ഞു. നാലുഭാഗത്തും നഗരത്തിലെ മാലിന്യം കുത്തിയൊഴുകുന്ന ഓട. ചുറ്റും വീടുകള്‍, അതിനിടയിലൂടെ ഒരിടുങ്ങിയ വഴി. ഒറ്റമഴ പെയ്താല്‍ അടുക്കളവരെ മാലിന്യം കുത്തിയൊഴുകാന്‍ പാകത്തില്‍ പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഒരു കൂര. അവിടെ ശാന്തേടത്തിയും സഹോദരി പത്മാവതിയും. രണ്ടുപേരേയും കണ്ടാലറിയാം ആ വീട്ടില ദാരിദ്ര്യം. ശാന്തേടത്തിയുടെ അച്ഛന്‍ ചിദംബരന് കുടികിടപ്പവകാശമായി കിട്ടിയ മൂന്നരസെന്റിലാണ് വീട്. അന്ന് അച്ഛന്‍ ഒരു വീടുണ്ടാക്കിതന്നതുകൊണ്ട് ഇന്ന് റോഡില്‍കിടക്കേണ്ട അവസ്ഥയില്ലെന്ന് പറഞ്ഞത് ചേച്ചി പത്മാവതി. വീടിന് അവകാശികളായി മൂന്നു സഹോദരങ്ങള്‍ വേറേയുമുണ്ട്. ആരും ഭാഗത്തിനൊന്നും ഇതുവരെ ചോദിച്ചിട്ടില്ല. ചോദിച്ചാലും കൊടുക്കാനാവില്ല. മരിക്കുന്നതുവരെ ഇവിടെ ഇങ്ങനെ കഴിഞ്ഞുകൂടാമെന്ന് ആശിക്കുന്നു. നിത്യ ചെലവ് എങ്ങിനെ പോകുന്നു എന്നുചോദിച്ചപ്പഴും മറുപടി പറഞ്ഞത് ചേച്ചി. അതൊന്നു പറയേണ്ട. കുറച്ച് കോഴികളുണ്ട്, പിന്നൊരു പശുവും. പശു ഇപ്പഴില്ല കെട്ടോ എന്ന പറഞ്ഞപ്പോള്‍ അവരുടെ കണ്ണു നിറഞ്ഞു. 18,000രൂപ ലോണെടുത്ത് വാങ്ങിയതാണ് പശു. അവള്‍ ഇവിടുന്ന് രണ്ടു പ്രസവിച്ചു. അതിന്റെ പാലും ചാണകവും വലിയ ആശ്വാസമായിരുന്നു. പക്ഷെ കഴിഞ്ഞാഴ്ച അത് ചത്തുപോയി. പ്രസവിച്ചപ്പോള്‍ പിന്നെ എഴുനേല്‍ക്കാനായില്ല. എല്ലാശ്രമവും നടത്തി. ഡോക്ടര്‍മാരെ കൊണ്ടുവന്നു. ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് അവര്‍ വിധിയെഴുതിയപ്പോള്‍ ഇറച്ചികച്ചവടക്കാര്‍ ചുറ്റും കൂടി. അവര്‍ അതിനെ ഇറച്ചിക്കായി ചുമന്നുകൊണ്ടുപോവുമ്പോള്‍ ഒരു നൂറുരൂപയെങ്കിലും തരാന്‍ ഞങ്ങള്‍ കെഞ്ചി നോക്കി. പക്ഷെ അവര്‍ തന്നില്ല. പിന്നെതോന്നി കൊണ്ടുപോയത് നന്നായി. അല്ലെങ്കില്‍ ഈ മൂന്നരസെന്റില്‍ ജീവിക്കുന്ന ഞങ്ങള്‍ ഇത്രയുംവലിയ പശുവിനെയും കൊണ്ട് എന്തു ചെയ്യും… അത്രയും പറഞ്ഞ് നിര്‍ത്തുമ്പോള്‍ ആ കണ്ണുകള്‍നിറഞ്ഞൊഴുകി. അപ്പോള്‍ ശാന്തേടത്തി ഇടപെട്ടു. അവള്‍ ഇങ്ങനെയാ എന്തെങ്കിലും പറഞ്ഞാല്‍ ഒടുക്കം കരയാന്‍ തുടങ്ങും. ഞാനൊരിടത്തും എന്റെ കഷ്ടപ്പാട് പറയാറില്ല. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നാണ് കഴിഞ്ഞ കാലങ്ങളിലെ ഞങ്ങളുടെ ജീവിതാനുഭവം. ഇരക്കുന്നവനെ തുരന്ന് ജീവിക്കുന്നവരുടെ നാട്ടില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ചിത്രം വര. ചെറുപ്പം മുതല്‍ കൂടെയുണ്ട് ചിത്രം വര. അന്നൊക്കെ പെയിന്റും ബ്രഷുമെല്ലാം അച്ഛന്‍ വാങ്ങിത്തരും. അച്ഛനു പിന്നാലെ അമ്മയും പോയപ്പോള്‍ ഞങ്ങള്‍ ഒറ്റയ്ക്കായി. കല്യാണം കഴിക്കാന്‍പോലും രണ്ടുപേരും മറന്നു. ഇപ്പള്‍ അവള്‍ക്ക് കുറച്ച് കോഴികളും എനിക്ക് ഈ നിറങ്ങളുമാണ് കൂട്ട്. അരിവാങ്ങാന്‍ ഞാന്‍ ആരോടും കടംവാങ്ങാറില്ല. പക്ഷെ പെയിന്റും കാന്‍വാസും തീര്‍ന്നുപോയാല്‍ പിന്നൊരു വിറയലാണ്. മനസ്സ് വല്ലാതെ പിടയും.അങ്ങനെയാണ് അടുത്തുള്ള ബാങ്കുകാര്‍ കുറച്ച് പണം തന്ന് സഹായിച്ചത്. എന്നെകൊണ്ട് വീട്ടാനാവില്ലെന്ന് മനസിലായപ്പോള്‍ രണ്ട് ചിത്രങ്ങള്‍ വാങ്ങാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ കടമങ്ങ് തീരും. പിന്നെ ഒരു രണ്ട് ചിത്രം കൂടി വിറ്റുപോയാല്‍ ചിലവിനുള്ള പണം ആവും. അതുകഴിഞ്ഞാല്‍ അടുത്തു മഴയ്ക്ക മുമ്പേ പുരയൊന്ന് നന്നാക്കണം.  അതൊക്കെ നടക്കുമോ എന്നറിയില്ല. നടന്നാലും ഇല്ലെങ്കിലും ആരോടും പരാതിയില്ല. ആരോ ഒഴുക്കിവിട്ട കടലാസുതോണികള്‍പോലെ ഞങ്ങളിങ്ങനെയങ്ങ് കഴിഞ്ഞു കൂടും…ശാന്തേടത്തി പറഞ്ഞ് നിര്‍ത്തി.
 


മടങ്ങുമ്പോള്‍ മനസ്സ് നിറയേ ശാന്തേടത്തിയിലെ കലാകാരി പലവുരു പറഞ്ഞ ഉറച്ച വാക്കുകള്‍ മുഴങ്ങി നിന്നു. 'വെറുതേ ആരുടേയും സഹായം വേണ്ട, കടമായിട്ടും വേണ്ട. ഇഷ്ടപ്പെട്ടാല്‍ മാത്രം ഒരു ചിത്രം വാങ്ങാന്‍ ആരെങ്കിലും വന്നാല്‍ മതിയായിരുന്നു…..അത്രയ്ക്കുള്ള പ്രശ്‌നങ്ങളേ ഞങ്ങള്‍ക്കുള്ളൂ…..'.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍