UPDATES

ഇന്ത്യ

തെരഞ്ഞെടുപ്പ് സംവിധാനം പൊളിച്ചെഴുതണം

ടിം അഴിമുഖം

ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് കുഴപ്പം പിടിച്ച ഒരു തെരഞ്ഞെടുപ്പ് സംവിധാനമാണ് ഇന്ന് നിലവിലുള്ളത്. ഇപ്പോഴുള്ള ഫസ്റ്റ്- പാസ്റ്റ്- ദി- പോസ്റ്റ് തെരഞ്ഞെടുപ്പ് സംവിധാനത്തിന് പകരം എന്തുകൊണ്ട് കുറച്ചുകൂടി മെച്ചപ്പെട്ട തെരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കണം എന്നത് ഈ പൊതു തെരഞ്ഞെടുപ്പോടെ വ്യക്തമാവാന്‍ പോവുകയാണ്. നിലവിലുള്ള എഫ്പിടിപി സംവിധാനത്തില്‍ ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുത വോട്ട് നേടുന്ന സ്ഥാനാര്‍ഥിയാണ് വിജയിക്കുക.  അതായത് വിജയിക്കുന്ന സ്ഥാനാര്‍ഥിക്ക് കിട്ടുന്ന വോട്ട് 10 ശതമാനമായാലും 50 ശതമാനമായാലും അത് വിജയത്തെ ബാധിക്കില്ല.

അത്രതന്നെ മോശപ്പെട്ട മറ്റൊരു കാര്യം, സീറ്റുകള്‍ വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെ ദേശീയ തലത്തിലുള്ള  പ്രകടനം അളക്കാന്‍ വേറെ വഴിയില്ല എന്നതാണ്.  രാജ്യമാകെ ചിതറിക്കിടക്കുന്ന പാര്‍ടികളേക്കാള്‍ ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍ വോട്ടുകളുള്ള ചില പാര്‍ടികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും എന്നതാണ് നിലവിലുള്ള സംവിധാനത്തിന്‍റെ കുഴപ്പം. പിഴവുകളുള്ള ഈ തെരഞ്ഞെടുപ്പ് സംവിധാനത്തിന് പകരം വെയ്ക്കാവുന്ന ബദല്‍ സംവിധാനങ്ങളെക്കുറിച്ചാണ്  വരാന്‍ പോകുന്ന ആഴ്ചകളില്‍ അഴിമുഖം ചര്‍ച്ച ചെയ്യുന്നത്. എഫ്‌പി‌ടി‌പി സംവിധാനത്തിലെ പിഴവുകളെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച.
 

ഉത്തര്‍പ്രദേശിലെ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കുക.  മായാവതിയുടെ ബി എസ് പി 20 ലോക്സഭാ സീറ്റുകളോടെ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന പാര്‍ടിയായി മാറി. അവര്‍ക്ക് കിട്ടിയത് 27.42 ശതമാനം വോട്ടാണ്. എന്നാല്‍ സമാജ് വാദി പാര്‍ടിക്ക് കിട്ടിയതാകട്ടെ 23.26 ശതമാനം വോട്ടും 23 സീറ്റുമാണ്. ഏറ്റവും വിചിത്രമായത് 18.25 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 21 സീറ്റ് നേടി എന്നുള്ളതാണ്.  

കോണ്‍ഗ്രസും ബി എസ് പിയും തമ്മിലുള്ള ഈ വലിയ വ്യത്യാസം നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ തകരാറിനെ വിളിച്ച് പറയുന്നുണ്ട്. ബി എസ് പി യേക്കാള്‍ 9.17 ശതമാനം വോട്ട് കുറവ് നേടിയ കോണ്‍ഗ്രസിന് അവരെക്കാള്‍ സീറ്റു കൂടുതല്‍ കിട്ടിയിരിക്കുന്നു. ഇത് അസാധാരണം തന്നെയല്ലേ?

2004ല്‍ ആകയുള്ള 80 സീറ്റുകളില്‍ ബിഎസ്പിക്ക് 24.61 ശതമാനം വോട്ടും 19 സീറ്റുമാണ് കിട്ടിയത്. 68 സീറ്റുകളില്‍ മത്സരിച്ച സമാജ് വാദി പാര്‍ടിക്ക് 26.74 ശതമാനം വോട്ടും 35 സീറ്റും ലഭിച്ചു. രണ്ടു ശതമാനം വോട്ടിന്‍റെ വ്യത്യാസമാണ് 16 സീറ്റ് നേട്ടമായി എസ് പിക്ക് മാറിയത്.

2009ല്‍ എസ് പിയേക്കാള്‍ കൂടുതല്‍ വോട്ട് നേടിയ ബി എസ് പിക്ക് എങ്ങിനെയാണ് എസ് പിയേക്കാള്‍ കുറവ് സീറ്റു ലഭിച്ചത്? ബി എസ് പിയുടെ സ്വാധീനം സംസ്ഥാനമൊട്ടാകെയാണെങ്കില്‍ എസ്പിയുടെയും കോണ്‍ഗ്രസിന്‍റെയും സ്വാധീനം ബുന്ധേല്‍ഖണ്ട്, മധ്യ കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ഒതുങ്ങി നില്ക്കുന്നു എന്നുള്ളതാണ് ഇതിനുള്ള ഉത്തരം. 
 

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 48 മണ്ഡലങ്ങളില്‍ ബി എസ് പി രണ്ടാം സ്ഥാനത്ത് എത്തി എന്നു മാത്രമല്ല, പല സ്ഥാനാര്‍ഥികളും തോറ്റത് ചെറിയ വോട്ടിന്‍റെ വ്യത്യാസത്തിലാണ്. ഈ ഒരു കണക്കില്‍ തന്നെ ഏപ്രില്‍-മെയ് മാസങ്ങളിലെ തെരഞ്ഞെടുപ്പില്‍ യുപിയില്‍ എന്തു സംഭവിക്കും എന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്.

ബി എസ് പിയുടെ ദേശീയ തലത്തിലുള്ള പ്രകടനം പരിശോധിക്കുമ്പോഴും തെളിയുന്നത് എഫ്പിടിപി സംവിധാനത്തിന്റെ ഗുരുതരമായ പിഴവാണ്. ആ പാര്‍ടി 500 സീറ്റില്‍ മത്സരിക്കുകയും 18 സീറ്റും 6.18 ശതമാനം വോട്ട് നേടുകയും ചെയ്തു. വോട്ട് ശതമാനത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിനും (28.52), ബി ജെ പിക്കും (18.53) പിന്നിലാണ് ബി എസ് പിയുടെ സ്ഥാനം. ചില സംസ്ഥാനങ്ങളില്‍ ബി എസ് പിക്ക് നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്. ഹരിയാനയില്‍ 15.75 ശതമാനം വോട്ടും ഉത്തരാഖണ്ഡില്‍ 15.24 ശതമാനം വോട്ടും നേടിയെങ്കിലും സീറ്റ് നേടാന്‍  പാര്‍ടിക്കായില്ല. യുപിക്ക് പുറത്തു ബി എസ് പി നേടിയ ഏക സീറ്റ് മധ്യപ്രദേശിലെ രേവാ സീറ്റാണ്.
 

ബി എസ് പി ക്കും അതു പോലെ മറ്റ് പാര്‍ടികള്‍ക്കും അവരുടെ രാജ്യമൊട്ടാകെയുള്ള സ്വാധീനം പരിഗണിച്ചാല്‍ ലോക്സഭയില്‍ മെച്ചപ്പെട്ട പ്രതിനിധ്യം കിട്ടേണ്ടതല്ലേ? വിദഗ്ധരെ അലട്ടുന്ന പ്രധാന ചോദ്യമാണിത്. ഇത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ലോകത്തിന്റെ പല രാജ്യങ്ങളിലുള്ള തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും. അയല്‍ രാജ്യമായ നേപ്പാളില്‍ അടക്കം. ഇത്തരം സാധ്യതകള്‍ വളരെ വിശദമായി മറ്റൊരു ലേഖനത്തില്‍ നമുക്ക് വിശകലനം ചെയ്യാം.

2012 അസംബ്ലി തെരരഞ്ഞെടുപ്പിലെ ബി എസ് പിയുടെ പ്രകടനം കൂടി നമ്മള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ആ പാര്‍ടിക്ക് 80 സീറ്റുകള്‍ മാത്രം കിട്ടിയപ്പോള്‍ എസ്പി 224 സീറ്റുകള്‍ നേടി തൂത്തുവാരുകയായിരുന്നു. ബി എസ് പിയുടെ വോട്ട് ശതമാനം 4.52 ശതമാനം കുറഞ്ഞു 25.91 ശതമാനം ആയി മാറി. ബി ജെ പിക്ക് 15 ശതമാനം വോട്ട് മാത്രമാണു കിട്ടിയത്. എന്നാല്‍ 29.15 ശതമാനം വോട്ട് കിട്ടിയ എസ് പിക്ക് അവരുടെ വോട്ട് ശതമാനത്തിന് ആനുപാതികമല്ലാത്ത എണ്ണം സീറ്റുകള്‍ കിട്ടുകയും ചെയ്തു.
 

പുതിയ സൂചനകള്‍ കാണിക്കുന്നത് യുപിയിലെ മുസ്ലിംങ്ങള്‍ മായവതിക്ക് അനുകൂലമായി നീങ്ങുന്നു എന്നുള്ളതാണ്. കൂടാതെ അവരുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ നാടകീയമായ വലിയ മാറ്റങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിട്ടുമില്ല. തെരഞ്ഞെടുപ്പ് സര്‍വേകള്‍ പ്രവചിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി ചില അത്ഭുതങ്ങള്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ സംസ്ഥാനത്ത് നിന്നു ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എസ് പിയിലും കോണ്‍ഗ്രസിലും പ്രതീക്ഷ നഷ്ടപ്പെട്ട മുസ്ലിംങ്ങള്‍ തങ്ങളുടെ അത്താണിയായി കാണുന്നത് ബി എസ് പിയെയാണ്. അവര്‍ പരിഗണിക്കുന്ന മറ്റൊരു ബദല്‍ ആം ആദ്മി പാര്‍ടിയാണ്.

ഈ സാഹചര്യത്തില്‍ നരേന്ദ്ര മോഡിക്കേല്‍ക്കുന്ന ഏറ്റവും വലിയ പ്രഹരം ബി എസ് പിക്ക് കിട്ടുന്ന വോട്ടും സീറ്റും ആയിരിക്കും. വരാന്‍ പോകുന്ന സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിക്കുന്നത് മായവതിയായിരിക്കും. ഒപ്പം നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ തകരാറുകള്‍ പുറത്തു കൊണ്ടുവരുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍